Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ ബേബിയില്‍ നിന്ന് നമ്മുടെ ബേബിമാരെ രക്ഷിക്കുക!

ആരോട് ആലോചിച്ചിട്ടാണ് ഉച്ചയ്ക്കു ശേഷം മതിയെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ തീരുമാനിച്ചത്? ഏതെങ്കിലും ചര്‍ച്ച, പഠനം എന്നിവ നടന്നോ? വിദ്യാഭ്യാസ വകുപ്പിലെ ചില വേഷങ്ങളുടെ ഇച്ഛയ്ക്കപ്പുറം കേരളത്തില്‍ ഒന്നും നടക്കേണ്ടെന്നാണ് ധിക്കാരമെങ്കില്‍, ഏതെങ്കിലും ദിവസം നാളെയിവിടെ പരീക്ഷ നടക്കുമോ? വെളളിയും ശനിയും ഞായറും അവധി കൊടുക്കാമായിരുന്നു. ആരു ചോദിക്കാന്‍. മൂന്നു ദിവസത്തെ അവധിയുടെ ആലസ്യം മൂലം പഠിക്കാന്‍ കഴിയുന്നില്ലെങ്കില്‍, തൊട്ടടുത്ത തിങ്കളാഴ്ചയും കൊടുത്തുകൂടേ ഒരവധി?

തിങ്കളാഴ്ച വ്രതം നോക്കുന്ന ഹിന്ദുപ്പെണ്‍കുട്ടികള്‍ക്ക് അതൊരു സൗകര്യമാവില്ലേ. അവധി ഒരു ദിവസം കൂടി നീട്ടിയാല്‍ ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷം രാഹുകാലമായതിനാല്‍ ആ പരീക്ഷ ഒഴിവായിക്കിട്ടില്ലേ വിശ്വാസികളായ പാവം കുട്ടികള്‍ക്ക്?

വെളളിയാഴ്ച മുസ്ലിങ്ങള്‍ക്കും ശനിയാഴ്ച ജൂതര്‍ക്കും നല്‍കിയിരിക്കുന്ന ആനുകൂല്യം തങ്ങള്‍ക്കും വേണമെന്നും ഇതു തങ്ങളുടെയും വിശ്വാസത്തിന്റെ പ്രശ്നമാണെന്നും സമുദായങ്ങള്‍ക്ക് വാദിച്ചു കൂടേ?

എവിടെ നിന്നോ പറന്നിറങ്ങി പ്രൈവറ്റ് സെക്രട്ടറിമാരുടെ കസേരകളില്‍ അമര്‍ന്നിരിക്കുന്ന രാമകൃഷ്ണന്മാര്‍ കൂട്ടിയാല്‍ കൂടുന്നതാണോ ഇതിന്റെ പേരില്‍ നാളെ കേരളത്തില്‍ അരങ്ങേറാനിരിക്കുന്ന അസംബന്ധ നാടകങ്ങളുണ്ടാക്കുന്ന തലവേദനകള്‍?

മന്ത്രിയാഫീസിലെ പരിഷത്തുകാര്‍ വിചാരിച്ചപ്പോള്‍ ഏതായാലും ഒരു കാര്യം നടന്നു. "ആന കയറിയ കരിമ്പിന്‍ തോട്ട"മെന്ന ചൊല്ലിന്, "ബേബി ഭരിച്ച വിദ്യാഭ്യാസ വകുപ്പു പോലെ" എന്നൊരു പാരഡിയുണ്ടായി. ഏതുവിധേനെയും ചരിത്രത്തില്‍ കയറാനാഗ്രഹിക്കുന്ന മന്ത്രിക്ക് അതും ആസനത്തിലെ ആലില്‍ എഴുതിത്തൂക്കാന്‍ ഒരു അപദാന വാചകം.

നേരും നെറിയുമുണ്ടായിരുന്നു നമ്മുടെ പല വിദ്യാഭ്യാസ മന്ത്രിമാര്‍ക്കും. അവരില്‍ ചിലര്‍ക്ക് വിദ്യാഭ്യാസ യോഗ്യതയും അറിവും അലങ്കാരമായിരുന്നു. ഡിഗ്രിയുടെ പത്രാസൊന്നുമില്ലെങ്കിലും ഭരിക്കാനുളള കഴിവുകൊണ്ടും ദീര്‍ഘവീക്ഷണം കൊണ്ടും അതികായന്മാരായി വിലസിയ വേറെയും വിദ്യാഭ്യാസ മന്ത്രിമാരുണ്ടായിട്ടുണ്ട് കേരളത്തില്‍. ഇതു രണ്ടും ഇല്ലാത്ത ഒരു മന്ത്രി ഇതാദ്യമാണ് വിദ്യാഭ്യാസ വകുപ്പ് ഭരിക്കുന്നത്. ഓര്‍ത്തു നോക്കൂ, ടി എം ജേക്കബൊക്കെ എത്രയോ മെച്ചം!

കിത്താബു കെട്ടിലെ നെടുങ്കന്‍ വാചകങ്ങള്‍ കാണാപ്പാഠം പഠിച്ച് 1975ലെ മൂന്നാം വര്‍ഷ ഡിഗ്രി പരീക്ഷയ്ക്ക് ഉത്തരക്കടലാസിലെഴുതിയിരുന്നെങ്കില്‍ അന്ന് സഖാവ് എം എ ബേബിയ്ക്ക് ബിഎ എങ്കിലും ജയിക്കാമായിരുന്നു. അന്ന് തലയില്‍ കയറാത്ത ദാര്‍ശനിക സമസ്യകള്‍ ബുദ്ധിജീവി പദം നിലനിര്‍ത്താന്‍ ഉപയോഗിക്കുന്നത് മനസിലാക്കാം. എന്നാല്‍ അത് കേരളത്തിലെ വിദ്യാഭ്യാസ രംഗം കുളന്തോണ്ടാനാവരുത് എന്ന് തിരിച്ചറിയാനുളള സാമാന്യ വിവരമെങ്കിലും സഖാവ് എം എ ബേബി കാണിക്കണം.

പത്രങ്ങളിലും ടെലിവിഷന്‍ ചാനലുകളിലും കാറുകളെക്കുറിച്ചും ബൈക്കുകളെക്കുറിച്ചും പംക്തികളും പരിപാടികളുമുണ്ട്. നമ്മുടെ യുവാക്കളില്‍ പലര്‍ക്കും അത് ഹരവുമാണ്. അത്തരം പരിപാടികള്‍ സ്ഥിരമായി കാണുന്നവര്‍ വാഹനങ്ങളെക്കുറിച്ച് വാചാലമായി സംസാരിക്കുന്നത് കേട്ടാല്‍ നാമൊക്കെ വാ പൊളിച്ചു നിന്നു പോകും.

എന്നാല്‍ മനോരമയിലെയും മാതൃഭൂമിയിലെയും വാഹന പംക്തികള്‍ വായിച്ചും എന്‍ഡിടിവിയിലെയും സിഎന്‍എന്‍ ഐബിഎന്നിലെയും മോട്ടോര്‍ഷോ പരിപാടി കണ്ടും ഒരാള്‍ അംബാസഡര്‍ കാറിന്റെ എഞ്ചിനഴിച്ച് പണിയാന്‍ തീരുമാനിച്ചാല്‍? പുതിയൊരു കാറിന് രൂപം നല്‍കാന്‍ പത്രവായനയും ചാനല്‍ പരിപാടിയും മതിയെന്ന് തീരുമാനിച്ചാല്‍. നടക്കുമോ എന്ന ചോദ്യം ഇവിടെ ഉന്നയിക്കുന്നില്ല. എന്നാല്‍, ഏതാണ്ട് അങ്ങനെയൊരു പരിപാടിയാണ് വിദ്യാഭ്യാസ വകുപ്പും മന്ത്രിയും ചെയ്തു കൊണ്ടിരിക്കുന്നത്.

വായിച്ചു വളരാന്‍ നാം കുട്ടികളെ ഉപദേശിക്കുന്നു. വായനയും കാണാതെ പഠിപ്പും കാരണം സമനില തെറ്റിയ മന്ത്രി അവരെ നോക്കി കൊഞ്ഞനം കാണിക്കുന്നു. താന്‍ കുറെ പുസ്തകങ്ങള്‍ എഴുതിയതിന്റെ പേരില്‍ കേരളത്തിലെ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും തീക്കനല്‍ വിഴുങ്ങി, നക്ഷത്രക്കാലെണ്ണുകയാണെന്ന് പാവം ചോംസ്കി അറിയുന്നുണ്ടോ, ആവോ!!

വിദ്യാഭ്യാസ വകുപ്പിലെ കമ്പ്യൂട്ടറുകളില്‍ ചെഗുവേരയുടെ സ്ക്രീന്‍ സേവറുകള്‍ മാത്രം ഉപയോഗിച്ച് വിപ്ലവകാരി ചമയുന്നതിനോ, പൊതുയോഗങ്ങളില്‍ ചോംസ്കിയെ മുട്ടിന് മുട്ടിന് ഉദ്ധരിക്കുന്നതിലോ ഇവിടെ ആര്‍ക്കും ഒരു ചേതവുമില്ല. ഇടയ്ക്കിടയ്ക്ക് മൃഗശാല സന്ദര്‍ശിച്ച് പുലിക്കുട്ടിയെ മാറോട് ചേര്‍ത്ത് ഫോട്ടോയ്ക്ക് പോസു ചെയ്താല്‍ ബൊളീവിയന്‍ വനാന്തരങ്ങളുടെ ഓര്‍മ്മയും തികട്ടി വരും. ഇതൊക്കെ ചെയ്യുന്ന സഖാവ് ബേബി, അത്യുഗ്രന്‍ സൈദ്ധാന്തികനും ഊക്കന്‍ വിപ്ലവകാരിയും തന്നെയെന്ന് സമ്മതിച്ചു കൊടുക്കാന്‍‍ കേരളത്തിന് സമ്മതമേയുളളൂ.

കാരണം, "പൊട്ടക്കുളത്തില്‍ പുളവന്‍ ഫണീന്ദ്രന്‍, കാട്ടാളരില്‍ കാപ്പിരി കാമദേവന്‍" എന്ന വരികള്‍ മലയാളി കാണാതെ പഠിച്ചത് അദ്ദേഹം വിദ്യാഭ്യാസ മന്ത്രിയാകുന്നതിനും എത്രയോ മുമ്പാണ്!

മുന്‍പേജില്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+