വന്തേന്‍ട പാല്‍ക്കാരാ... അടടാ........

രഞ്ജി പണിക്കരുടെ അടുത്ത സിനിമയില്‍ ഒരു മന്ത്രിസഭാ യോഗ രംഗമുണ്ടെങ്കില്‍ അതിന്റെ തിരക്കഥ എങ്ങനെയായിരിക്കും? ഏപ്രില്‍ 23 ബുധനാഴ്ചത്തെ പ്രമുഖ പത്രങ്ങള്‍ വായിച്ചാല്‍ അതിന്റെ ഏകദേശ രൂപം കിട്ടും. വല്യേട്ടനും ചെറിയേട്ടനും ചേരിതിരിഞ്ഞ് തകര്‍പ്പന്‍ ഡയലോഗുകളുമായി കൊണ്ടും കൊടുത്തും മുന്നേറിയ മന്ത്രിസഭാ യോഗം ഒരു രഞ്ജി പണിക്കര്‍ തിരക്കഥയെയാണ് അനുസ്മരിപ്പിച്ചത്.

തങ്ങളാണ് ജയിച്ചതെന്ന് പ്രഖ്യാപിക്കാന്‍ വാചകമേള വളളിപുളളി വിടാതെ സിപിഐ സഖാക്കള്‍ മാധ്യമങ്ങളെ അറിയിച്ചു. "മുല്ലക്കര തിരിച്ചടിച്ചു", "ദിവാകരന്‍ ആഞ്ഞടിച്ചു" മുതലായ പദപ്രയോഗങ്ങള്‍ ബൂര്‍ഷ്വാ മാധ്യമങ്ങളില്‍ ആവര്‍ത്തിച്ച് വായിച്ച് എംഎന്‍ സ്മാരകം പുളകം കൊളളുന്നു.

ഭക്ഷ്യസുരക്ഷാ പദ്ധതിയെച്ചൊല്ലിയാണ് ഏട്ടനും അനിയനും കൊമ്പുകോര്‍ത്തിരിക്കുന്നത്. 36,000 ഹെക്‌ടര്‍ തരിശ്‌ ഭൂമി കൃഷിയോഗ്യമാക്കുക, സംസ്‌ഥാനത്തു ഭക്ഷ്യ സുരക്ഷിതത്വം ഉറപ്പുവരുത്തുക, നെല്‍കര്‍ഷകരെ ഇന്‍ഷുര്‍ ചെയ്യുക തുടങ്ങിയ ലക്ഷ്യങ്ങളാണ് പദ്ധതിയിലുളളത്. പദ്ധതി ആസൂത്രണം ചെയ്തത് ആസൂത്രണ ബോര്‍ഡ്.

ആസൂത്രണ ബോര്‍ഡെന്നാല്‍ തോമസ് ഐസക്ക്. തോമസ് ഐസക്കെന്നാല്‍ ആഗോളീകരണം. അതുകൊണ്ട് ആസൂത്രണ ബോര്‍ഡ് കൊണ്ടുവരുന്ന ഭക്ഷ്യ സുരക്ഷാ പദ്ധതിയില്‍ സാമ്രാജ്യത്വത്തെ ഒളിച്ചുകടത്താനുളള പഴുതുകളുണ്ടായിരിക്കുമെന്ന് തീര്‍ച്ച. കമ്മ്യൂണിസം വെളളം ചേര്‍ക്കാതെ സേവിക്കുന്ന സഖാവ് ദിവാകരന്‍ ഇതെങ്ങനെ സഹിക്കും, അനുവദിക്കും?

ആസൂത്രണ ബോര്‍ഡിന്റെ നിര്‍ദ്ദേശം കഴിഞ്ഞ മന്ത്രിസഭാ യോഗത്തില്‍ തന്നെ എല്ലാ മന്ത്രിമാര്‍ക്കും വിതരണം ചെയ്തിരുന്നു. പദ്ധതി നടപ്പാക്കാന്‍ മന്ത്രിസഭാ ഉപസമിതിക്ക് രൂപം നല്‍കണമെന്നും മുഖ്യമന്ത്രി ചെയര്‍മാനാകണമെന്നും ഒരു നിര്‍ദ്ദേശം. തദ്ദേശസ്വയഭരണം, സഹകരണം, ഭക്ഷ്യം, കൃഷി, ധനകാര്യം, ജലവിഭവം, ഫിഷറീസ്‌ വകുപ്പ്‌ മന്ത്രിമാര്‍ അംഗങ്ങളായ ഈ സമിതിക്കാണ് ആസൂത്രണ ബോര്‍ഡ് ഭക്ഷ്യ സുരക്ഷാ പദ്ധതിയുടെ നടത്തിപ്പ് ചുമതല നല്‍കിയിരിക്കുന്നത്.

ജനകീയാസൂത്രണം പോലെ ബൃഹത്തായതാണ് ഭക്ഷ്യസുരക്ഷാ പദ്ധതിയും. നാടും നാട്ടാരും ഇളകും. ത്രിതല പഞ്ചായത്തുകള്‍ക്ക് പിടിപ്പതു പണിയുണ്ടാകും. കൃഷിക്കാരും കര്‍ഷകത്തൊഴിലാളികളും പദ്ധതിക്ക് കീഴില്‍ വരും. ചുരുക്കത്തില്‍ പാര്‍ട്ടിക്കാരുടെ ചാകരയായി മാറാന്‍ പോകുന്നതാണ് ഭക്ഷ്യസുരക്ഷാ പദ്ധതി.

അതിന്റെ നേതൃത്വം എകെജി സെന്ററിലായിരിക്കണോ എംഎന്‍ സ്മാരകത്തിലായിരിക്കണോ
എന്നതാണ് തര്‍ക്കത്തിന്റെ പൊരുള്‍. പദ്ധതിയുടെ മിശിഹ വെളിയം ഭാര്‍ഗവന്‍, ഇസ്മായില്‍ ആശാന്മാരായിരിക്കണമെന്ന് ദിവാകരനും മുല്ലക്കരയും. അത് നടപ്പില്ലെന്ന് അച്യുതാനന്ദനും തോമസ് ഐസക്കും.

ഈ പദ്ധതിയുടെ പേരില്‍ പാര്‍ട്ടി വളര്‍ത്താമെന്ന് സിപിഐ വ്യാമോഹിക്കുന്നു. സിപിഐ അങ്ങനെ വളരേണ്ടെന്ന് സിപിഎം തീരുമാനിക്കുന്നു.

കൃഷി, ഭക്ഷ്യ വകുപ്പുകള്‍ക്ക് കീഴില്‍ പദ്ധതി നടത്തുക എന്നു പറഞ്ഞാല്‍ അതിനര്‍ത്ഥം, പദ്ധതിയുടെ ഓരോ ഘട്ടത്തിലും സിപിഐയുടെ പ്രാദേശിക നേതാക്കന്മാര്‍ക്ക് കീഴില്‍ സിപിഎം പ്രമാണിമാര്‍ തല ചൊറിഞ്ഞ് നില്‍ക്കേണ്ടി വരുമെന്നാണ്. ഉയിരു പോയാല്‍ വിഎസും പിണറായി വിജയനും അത് അനുവദിക്കില്ല. ഈ തര്‍ക്കത്തില്‍ സിപിഎമ്മിന്റെ ഭാഗത്ത് നില്‍ക്കുന്നതാണ് നല്ലതെന്ന തിരിച്ചറിവും ബോധവും പ്രേമചന്ദ്രനുളളത് അതുകൊണ്ടാണ്.

വിഎസിനെയും ഐസക്കിനെയും അനുകൂലിച്ച് മന്ത്രിസഭാ യോഗത്തില്‍ സംസാരിച്ച ജലസേചന മന്ത്രി പ്രേമചന്ദ്രനോട് അതിബുദ്ധിയുടെ ആശാനെന്ന് സ്വയം അവകാശപ്പെട്ട സി ദിവാകരന്‍ പറഞ്ഞ മറുപടിയിലുണ്ട് തര്‍ക്കത്തിന്റെ കാമ്പും കഴമ്പും. പ്രേമചന്ദ്രന് ഒന്നും നഷ്ടപ്പെടാനില്ലാത്തു കൊണ്ടാണ് സിപിഎമ്മിനെ അനുകൂലിക്കുന്നതെന്നായിരുന്നു ബുദ്ധിമാന്റെ മറുപടി.

സിപിഐയ്ക്ക് നഷ്ടപ്പെടാനുണ്ട്. അതി ബൃഹത്തായ പദ്ധതി നടപ്പാക്കാനുളള ചോദ്യം ചെയ്യപ്പെടാനാകാത്ത അധികാരവും കണക്കില്ലാത്ത പണവും കൈയില്‍ കിട്ടിയാല്‍, മണ്ഡലം കമ്മിറ്റികളില്‍ ആളു കൂടും. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ അത് വെച്ച് വില പേശാം. നാല്‍ക്കവലകളിലും പഞ്ചായത്ത് ഓഫീസുകളിലും സിപിഎമ്മുകാരുടെ മുന്നില്‍ കാലിന്മേല്‍ കാലും കയറ്റിയിരിക്കാം.

ചുരുക്കത്തില്‍ വല്യേട്ടനെ ഒരു പാഠം പഠിപ്പിക്കാന്‍ കൊച്ചേട്ടന്‍ മോഹിക്കുന്ന ആയുധമാകുന്നു, ഭക്ഷ്യ സുരക്ഷാ പദ്ധതി. എങ്ങനെ കളയും ഈ സുവര്‍ണാവസരം?

സിപിഐക്കാര്‍ ചോര്‍ത്തിക്കൊടുത്ത് പത്രങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന തര്‍ക്ക വാര്‍ത്തകള്‍ അരിച്ചു പെറുക്കിയെടുത്താലും, പദ്ധതി നടപ്പാക്കുന്നതില്‍ അവരുടെ ഭാവനയോ വേറിട്ട ചിന്തയോ കാണാനാവില്ല. മൂപ്പിളമത്തര്‍ക്കത്തിന്റെയും വൃത്തികെട്ട ഈഗോയുടെയും പുളിച്ചു നാറുന്ന ഓടവെളളത്തിന്റെയും ദുര്‍ഗന്ധമുളള വാചകങ്ങളാണ് മുല്ലക്കരയും ദിവാകരനും മന്ത്രിസഭാ യോഗത്തില്‍ ഒരുളുപ്പുമില്ലാതെ വാരിവീശിയത്.

ഐസക്കിന്റെ സര്‍വകലാശാല ഡിഗ്രി കൈയില്‍ വെച്ചേക്കാനും താന്‍ ജനങ്ങളില്‍ നിന്ന് കുറെ പഠിച്ചിട്ടുണ്ടെന്നുമാണ് മുല്ലക്കര വെച്ചു കീറിയത്. സര്‍വകലാശാല ഡിഗ്രിയുളളവരോട് സഖാവ് മുല്ലക്കരയ്ക്ക് പണ്ടേ പുച്ഛമാണ്.

1971ല്‍ കിളിമാനൂര്‍ രാജാ രവിവര്‍മ്മ ഹൈസ്ക്കൂളില്‍ നിന്ന് എസ്എസ്എല്‍സി കഴിഞ്ഞിറങ്ങിയതോടെ ദിവ്യജ്ഞാനം കിട്ടുകയും സര്‍വകലാശാലയിലൊന്നും വലിയ കാര്യമില്ലെന്ന് തിരിച്ചറിയുകയും ചെയ്ത സഖാവാണ് മുല്ലക്കര. സ്ക്കൂളിലും കോളെജിലുമൊക്കെ പോയി നേരം കളയുന്നവര്‍ മണ്ടന്മാരാണെന്നാണ് അദ്ദേഹത്തിന്റെ സുചിന്തിതമായ അഭിപ്രായം. എല്ലാമറിയുന്ന ജനത്തിന്റെ അടുത്ത് പോയാല്‍ പച്ചത്തെറി മുതല്‍ പരമമായ തത്ത്വജ്ഞാനം വരെ പഠിച്ചെടുക്കാം. കാശും സമയവും ലാഭം. എന്നെങ്കിലും മന്ത്രിയുമാകാം.

കുറെക്കാലം പ്രീഡിഗ്രി പഠിക്കാന്‍ ശ്രമിച്ചെങ്കിലും പരീക്ഷയെഴുതുക, ജയിക്കുക എന്നിവ കടുത്ത പ്രത്യയശാസ്ത്ര വ്യതിയാനങ്ങളാകയാല്‍ ആ ശ്രമം ഉപേക്ഷിച്ച് പരിപൂര്‍ണ ജനസേവകനായി. കാലാന്തരേ "പ്രീഡിഗ്രിയും ഒരു ഡിഗ്രിയാണ് ദാസാ" എന്ന ശ്രീനിവാസ വചനം തിരിച്ചറി‍ഞ്ഞ് സഖാവ്, തന്റെ നിയമസഭാ ബയോഡേറ്റയില്‍ വിദ്യാഭ്യാസ യോഗ്യത പ്രീഡിഗ്രിയാണെന്ന് എഴുതിച്ചേര്‍ത്തിട്ടുണ്ട്.

ഇലക്ഷന്‍ കമ്മിഷനു കൊടുത്ത സത്യവാങ്മൂലത്തില്‍ കൃത്യം കൃത്യമായി 1971ലെ എസ്എസ്എല്‍സിക്കാര്യം മാത്രമേ പറഞ്ഞിട്ടുളളൂ. അവിടെയും പ്രീഡിഗ്രിയെന്നെഴുതിയാല്‍ വ്യാജസത്യവാങ് മൂലത്തിന്റെ പേരില്‍ കേസു വരും. എംഎല്‍എ സ്ഥാനം പോകും. ബുദ്ധിമാനാണ് മുല്ലക്കര. എവിടെ എന്തെഴുതണമെന്നും പറയണമെന്നും അദ്ദേഹത്തിന് നന്നായി അറിയാം.

ജീവിതത്തില്‍ ഒരു പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പോലും മത്സരിച്ചിട്ടില്ലെങ്കിലും മുല്ലക്കരയെ സിപിഐ മന്ത്രിയാക്കി. പ്രത്യേകിച്ചൊരു ഔദ്യോഗിക സ്ഥാനവും ഇതുവരെ കൈകാര്യം ചെയ്തിട്ടില്ലാത്ത വിഎസിന് മുഖ്യമന്ത്രിയാകാമെങ്കില്‍ മുല്ലക്കരയ്ക്ക് മന്ത്രിയുമാകാം. ആര്‍ക്കുണ്ട് പരാതി?

സര്‍വകലാശാലാ ബിരുദവും ഡോക്ടറേറ്റും ജൂബയുമുളള ബുദ്ധിജീവി തോമസ് ഐസക്കും മന്ത്രി, പത്താം ക്ലാസും കണിയാപുരം രാമചന്ദ്രന് പേറ്റന്റുളള വാചകങ്ങള്‍ മനപ്പാഠമാക്കി പ്രസംഗിക്കുന്ന പൊതുപ്രവര്‍ത്തന പരിചയവുമുളള മുല്ലക്കരയും മന്ത്രി. ആരാണ് ഹേ ബുദ്ധിമാന്‍?

ജനങ്ങളില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിച്ച വേറൊരു മഹാനാണ് സി ദിവാകരന്‍. പാലും മുട്ടയും കോഴിയിറച്ചിയും തിന്നാല്‍ ജനത്തെ ഉദ്ബോധിപ്പിച്ചതു വഴി നാട്ടിന്‍പുറത്തെ സിപിഐ സഖാക്കള്‍ക്കു വരെ ഇദ്ദേഹത്തെക്കുറിച്ച് നല്ല മതിപ്പാണ്. നോക്കിലും വാക്കിലും ഇരിപ്പിലും നടപ്പിലും ഒന്നാന്തരം കമ്മ്യൂണിഷ്ടാണ് ഇഷ്ടന്‍‍. ഭക്ഷ്യ സുരക്ഷാ പദ്ധതി നടപ്പാക്കാനുളള ഉപസമിതിയില്‍ സിപിഎം മന്ത്രിമാരുടെ എണ്ണം കൂടിയതിലുളള അനിഷ്ടം ദിവാകരനും മറച്ചു വെച്ചില്ല.

മന്ത്രിസഭാ ഉപസമിതിയ്ക്ക് പുറമേ, കാര്‍ഷികോത്പാദന കമ്മിഷണര്‍ കണ്‍വീനറും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരും ഉദ്യോഗസ്ഥരും അംഗങ്ങളുമായി മറ്റൊരു സമിതിയും ആസൂത്രണ ബോര്‍ഡിന്റെ നിര്‍ദ്ദേശത്തിലുണ്ട്. അരി, പച്ചക്കറി, പാല്‍, മുട്ട എന്നിവയുടെ ഉല്‍പാദം കൂട്ടാനുളള ജനകീയ പ്രചാരണ പരിപാടി നടപ്പാക്കുകയാണ് ഈ കമ്മിറ്റികളുടെ ലക്ഷ്യം.

ഭക്ഷ്യ മൃഗസംരക്ഷണ മന്ത്രി സി ദിവാകരന്റെ നേതൃത്വത്തിലല്ലേ ഈ പദ്ധതി നടപ്പാക്കേണ്ടത്. ദിവാകരന്‍ ഒരു വാക്കു പറയേണ്ട താമസം, ഏത് പശുവും രണ്ട് ലിറ്റര്‍ പാല്‍ കൂടുതല്‍ ചുരത്തും. ഏതു കോഴിയും രണ്ടു മുട്ട കൂടുതലിടുകയും ചെയ്യും. അരിയുടെയും പച്ചക്കറിയുടെയും കാര്യത്തില്‍ സമാനമായ സ്വാധീനം സഖാവ് മുല്ലക്കരയ്ക്കും ഉണ്ട്. അവിടെയെന്തിന് മന്ത്രിസഭാ ഉപസമിതിയുടെ പേരില്‍ അച്യുതാനന്ദനും ഐസക്കും പാലൊളിയും ശര്‍മ്മയും ജി സുധാകരനും കടന്നു വരണം?

ഏതായാലും മന്ത്രിസഭാ യോഗത്തിലെ വെടിക്കെട്ട് തീര്‍ന്നു. വെളിയം ആശാനും ഇസ്മായില്‍ ശിഷ്യനും പങ്കെടുക്കുന്ന ഇടതമുന്നണിപ്പൂരമാണ് അടുത്ത ഘട്ടം. അമിട്ടും മാലപ്പടക്കും ഗുണ്ടുമൊക്കെ എടുത്തെറിഞ്ഞ് വെളിയം തുളളിയുറയും. വിഎസും പിണറായിയും കണ്ടിരുന്ന് ചിരിക്കും. വെളിയം അഴി‍ഞ്ഞാടിയെന്ന് മാധ്യമങ്ങള്‍ വാര്‍ത്തയെഴുതും.

സിപിഎം ഉദ്ദേശിക്കുന്നതു പോലെ പദ്ധതി മുന്നോട്ടു പോകും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉപസമിതി ഉണ്ടാകും. അതില്‍ ഐസക്കും പാലൊളിയും സുധാകരനും ശര്‍മ്മയും അംഗങ്ങളാകും. അതിബുദ്ധിമാന്മാരായ മുല്ലക്കര ദിവാകര സഖാക്കള്‍, അടുത്ത തവണ കാണിച്ചു തരാമെന്ന് പിറുപിറുത്ത് സമിതിയില്‍ അംഗങ്ങളായി ചേരും.

സംസ്ഥാനത്താകമാനം ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ പേരില്‍ സിപിഎമ്മുകാര്‍ തറ്റും താറുമുടുത്ത് തെരുവിലിറങ്ങും. നാടെമ്പാടും വയലുകളില്‍ സ്വര്‍ണക്കതിരുകള്‍ വിളഞ്ഞു പഴുക്കും. മന്ത്രിസഭാ ഉപസമിതിയിലെ എണ്ണത്തിന് തുല്യം എണ്ണം മുട്ടകള്‍ ഓരോ കോഴിയും പ്രതിദിനം റിലീസ് ചെയ്യും. പ്രഭാതം മുതല്‍ പ്രദോഷം വരെ ആട്, പശു, എരുമ എന്നിവയുടെ അകിടുകള്‍ നിലയ്ക്കാതെ ചുരക്കും. സംസ്ഥാനത്ത് മുട്ട, പാല്‍ പ്രളയം ഉണ്ടാകും.

ഒരു വേള ഈ മന്ത്രിസഭ തന്നെ ആ പ്രളയത്തില്‍ ഒലിച്ചു പോയെന്നും വരാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+