Get Updates
Get notified of breaking news, exclusive insights, and must-see stories!

വായാടികളേ.. വിപ്ലവ വായാടികളേ...

രണ്ടാം ഭൂപരിഷ്കരണം, വിപ്ലവവായാടിത്തം, തീവ്രവാദി, അവസരവാദി തുടങ്ങിയ പ്രയോഗങ്ങള്‍ കൊടുമ്പിരിക്കൊളളുന്നതിനിടെ, ചെങ്ങറയിലെ ആദിവാസി ഭൂസമരം വയസ് ഒന്ന് പിന്നിട്ട് മുന്നേറുന്നു.

തങ്ങളെ എതിര്‍ക്കുന്ന എല്ലാ സമരക്കാരും എല്ലാ കാലത്തും സിപിഎമ്മുകാര്‍ക്ക് സാമ്രാജ്യത്വ ഗൂഡാലോചനക്കാരും അമേരിക്കന്‍ ചാരന്മാരും തീവ്രവാദികളും ഫാസിസ്റ്റുകളുമൊക്കെയാണ്. ഇവിടെയും സംഗതി മറിച്ചല്ല. അക്കാര്യത്തില്‍ എന്തെങ്കിലും സംശയം അവശേഷിക്കുന്നവര്‍ക്ക് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നേരിട്ടു തന്നെ ജ്ഞാനം പകര്‍ന്നു നല്‍കിയിട്ടുണ്ട്.

കൊല്ലം ജില്ലയിലെ കുണ്ടറയില്‍ സിപിഎം ഏരിയാ കമ്മിറ്റി ഓഫീസിന് ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കവെ, 2008 മാര്‍ച്ച് 19നാണ് സഖാവ് പിണറായി ആ ഞെട്ടിക്കുന്ന സത്യം വെളിപ്പെടുത്തിയത്.

ചെങ്ങറയിലെ ആദിവാസിപ്പെണ്ണുങ്ങള്‍ക്ക് തലവഴിയൊഴിച്ച് കത്തിക്കാന്‍, കന്നാസു കണക്കിന് മണ്ണെണ്ണ വാങ്ങാന്‍ സഹായം നല്‍കുന്നത് അമേരിക്കയിലെ സാമ്രാജ്യത്വ ഫണ്ടിംഗ് ഏജന്‍സികള്‍! റബര്‍ മരങ്ങളില്‍ കെട്ടിത്തൂങ്ങാന്‍ തയ്യാറെടുത്തിരുന്ന പുരുഷസേനാനികളുടെ വശമുളള കയറുകള്‍ വാങ്ങാനും സഹായം കിട്ടിയത് മറ്റെവിടെയും നിന്നല്ല.

സമരത്തിനു പിന്നില്‍ അമേരിക്കന്‍ ചാര ഏജന്‍സികളുടെ പങ്ക് വിശ്വസനീയമായ കേന്ദ്രങ്ങള്‍ പുറത്തു കൊണ്ടുവന്ന കാര്യവും പിണറായി പ്രസ്തുത പൊതുയോഗത്തില്‍ വെളിപ്പെടുത്തി. ഇന്ത്യയിലെ ഇടതുപക്ഷ സര്‍ക്കാരുകളുടെ സല്‍പ്പേരു തകര്‍ക്കാനുളള ജോര്‍ജു ബുഷിന്റെ ഗൂഡാലോചനയാണ് ചെങ്ങറ സമരം. ആണവകരാറിന്റെ കാര്യത്തില്‍ ഇടതുപക്ഷം നടത്തിയ ചെറുത്തുനില്‍പ്പില്‍ അരിശം കൊണ്ടാണത്രേ, പത്തനംതിട്ട ജില്ലയിലെ കുമ്പഴ എസ്റ്റേറ്റില്‍ അമേരിക്ക കന്നാസു കണക്കിന് മണ്ണെണ്ണയും നയന്‍ വണ്‍ സിക്സ് കയറുകളും സപ്ലൈ ചെയ്തത്.

ചെങ്ങറയെ മുത്തങ്ങയാക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്നുവെന്ന വിവരം മന്ത്രിസഭയിലെ വേറൊരു പ്രസംഗ പ്രതിഭ പിണറായിക്കും മുമ്പേ ജനത്തെ അറിയിച്ചിരുന്നു. ഭാഗ്യമോ നിര്‍ഭാഗ്യമോ, അതും കൊല്ലം ജില്ലക്കാരുടെ തലയില്‍ തന്നെ പതിച്ചു. കൊട്ടിയം ശ്രീനാരായണ പോളിടെക്നിക്കിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തിയ സാക്ഷാല്‍ ബിനോയ് വിശ്വം മാര്‍ച്ച് പതിമൂന്നിനാണ് ഞെട്ടിപ്പിക്കുന്ന ഈ വിവരം പുറത്തു വിട്ടത്.

സര്‍ക്കാരിന്റെ ക്ഷേമപ്രവര്‍ത്തനങ്ങളെ തകിടം മറിക്കാന്‍ നിക്ഷിപ്ത താല്‍പര്യക്കാര്‍ നടത്തുന്ന കളികളാണ് ചെങ്ങറ സമരമെന്നും മന്ത്രി ഉവാച. മറന്നിട്ടാണോ, അറിയാഞ്ഞിട്ടാണോ എന്നറിയില്ല, അമേരിക്കന്‍ ചാരന്മാരുടെ വിവരം പക്ഷേ, ബിനോയ് വിശ്വം മിണ്ടിയില്ല. തലയിരിക്കുമ്പോള്‍ വാലാടേണ്ടെന്നു കരുതിയതുമാകാം.

ഭൂരഹിതര്‍ക്ക് ഭൂമി നല്‍കാന്‍ പ്രപഞ്ച നാഥന്‍ കേരളത്തില്‍ നേരിട്ട് നിയോഗിച്ചിരിക്കുന്ന സഖാവ് വിഎസ് അച്യുതാനന്ദനുമായി ചെങ്ങറ സമര മുന്നണി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതും പിണറായിയുടെ വെളിപ്പെടുത്തല്‍ നടന്ന ദിവസം തന്നെയായിരുന്നുവെന്നത് യാദൃശ്ചികമല്ല.

അമേരിക്കയിലെ ചാരന്മാരുമായി ളാഹ ഗോപാലനും സംഘത്തിനും നേരിട്ട് ഇടപാടുളള വിവരം പൊതുയോഗത്തില്‍ പറയുന്നതിനു പകരം പിണറായി സംസ്ഥാന മുഖ്യമന്ത്രിയെ രേഖാമൂലം അറിയിച്ചിരുന്നുവെങ്കില്‍ എന്തായേനെ അവസ്ഥ!! ളാഹ ഗോപാലന്‍ ഉണ്ട തീറ്റി തുടങ്ങിയിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാക്കിയേനെ ഇപ്പോള്‍. ഇടതുഭരണം പൊടിപാറവെ അമേരിക്കന്‍ ചാരന്മാര്‍ കേരളത്തില്‍ അഴിഞ്ഞാടുന്ന വിവരം പാര്‍ട്ടി സെക്രട്ടറി മുഖ്യമന്ത്രിയെ അറിയിക്കില്ല. പകരം, മൈക്ക് വെച്ചു കെട്ടി മാലോകരെ കേള്‍പ്പിക്കും. അത്രയ്ക്കുണ്ട് ഒരുമയും സ്നേഹവും.

ജനകീയ ജനാധിപത്യ വിപ്ലവം തന്റെ ജീവിതകാലത്ത് സാധ്യമാകില്ലെന്ന് തിരിച്ചറിഞ്ഞാകാം, പത്ര സമ്മേളന വിപ്ലവങ്ങളിലാണ് സഖാവ് വിഎസ് ഇപ്പോള്‍ സ്പെഷ്യലൈസ് ചെയ്തിരിക്കുന്നത്. എല്ലാം പത്രസമ്മേളനത്തില്‍ തുടങ്ങി പത്ര സമ്മേളനത്തില്‍ തീരും. സമരമുന്നണിയുമായുളള ചര്‍ച്ച അലസിയതിനെ തുടര്‍ന്ന് അദ്ദേഹം പത്രക്കാരോട് പറഞ്ഞത് ഭൂരഹിതര്‍ക്ക് ഭൂമി ഏപ്രില്‍ മാസത്തില്‍ കിട്ടിയിരിക്കും എന്നാണ്, കൂടിയാല്‍ മെയ്.. അതിനപ്പുറം പോകില്ലെന്ന് കട്ടായം.

ടെലിവിഷന്‍ ചാനലുകളിലും മാധ്യമങ്ങളിലും നിറഞ്ഞാടുന്ന അച്യുതാനന്ദന്‍ ഫാന്‍സ് അസോസിയേഷന്‍കാരെക്കാളും ബുദ്ധിയുളളവരാണ് ആദിവാസികള്‍. അവര്‍ കയ്യോടെ സഖാവിന്റെ നിര്‍ദ്ദേശം തളളി. ഭൂമി കിട്ടിയില്ലെങ്കില്‍ സമരം തുടരുമെന്ന് സമരക്കാരും തീരുമാനിച്ചു.

2005 ആഗസ്റ്റ് നാലിനാണ് ഹാരിസണ്‍ മലയാളം പ്ലാന്റേഷന്റെ ഉടമസ്ഥതയിലുളള കുമ്പഴ എസ്റ്റേറ്റില്‍ അയ്യായിരത്തിലധികം ആദിവാസി ദളിത് കുടുംബങ്ങള്‍ ഭൂമിക്കു വേണ്ടി കയ്യേറ്റസമരം ആരംഭിച്ചത്. സമരക്കാരില്‍ പലര്‍ക്കും സ്വന്തമായി ഭൂമിയുണ്ടെന്നും മൂവായിരം മുതല്‍ അയ്യായിരം രൂപ വരെ സാധുജന വിമോചന മുന്നണിക്കാര്‍ രജിസ്ട്രേഷന്‍ ഫീസ് വാങ്ങിയാണ് സമരഭൂമിയില്‍ ആളെ നിറച്ചതെന്നുമാണ് സമരത്തെ എതിര്‍ക്കുന്നവര്‍ പറയുന്നത്. ശരിയോ തെറ്റോയെന്ന് നമുക്കറിയില്ല.

പക്ഷേ, അവര്‍ പറയുന്ന വേറൊരു കാര്യത്തെക്കുറിച്ചുളള സത്യം സര്‍ക്കാര്‍ നമ്മെ അറിയിക്കേണ്ടതുണ്ട്. സമരം നടക്കുന്ന എസ്റ്റേറ്റ് ഭൂമിക്കു മേല്‍ ഹാരിസണ്‍ കമ്പനിയുടെ അവകാശം സംബന്ധിക്കുന്നതാണ് ആ ഗുരുതരമായ ആരോപണം. അതുന്നയിക്കപ്പെട്ടിട്ട് വര്‍ഷം ഒന്നു തികയുന്നു. കുമ്പഴയിലെ എസ്റ്റേറ്റ് ഭൂമിയുടെ ഇപ്പോഴത്തെ അവകാശി ആരാണ്? സര്‍ക്കാരോ, ഹാരിസണോ, സമരത്തിന് ഒരു വയസ് പിന്നിടുമ്പോഴും ഉത്തരമില്ല.

1996ല്‍ തന്നെ ഹാരിസണിന്റെ പാട്ടക്കാലാവധി പൂര്‍ത്തിയായത്രേ! 1985 മുതല്‍ സംസ്ഥാന ഖജനാവിലേയ്ക്ക് പാട്ട നികുതി അടയ്ക്കുന്നില്ലെന്നും സമരക്കാര്‍ ആരോപിക്കുന്നു. വാഴകൃഷിക്ക് ഒരു കുടുംബത്തിന് 34 വര്‍ഷത്തേയ്ക്ക് ഏതോ ഭൂസ്വാമി പാട്ടത്തിനു കൊടുത്ത വസ്തു, 99 വര്‍ഷത്തെ പാട്ടത്തിന് അവര്‍ ഹാരിസണിന് മറിച്ചു നല്‍കുകയായിരുന്നുവെന്നും ളാഹ ഗോപാലന്‍ ആരോപിക്കുന്നുണ്ട്. സത്യമറിയാന്‍ ജനത്തിന് അവകാശമില്ലേ, സാര്‍!

1048 ഏക്കര്‍ സ്ഥലമാണത്രേ കാലാവധി കഴിഞ്ഞ പാട്ടക്കരാറിന്റെ മറവില്‍ ഹാരിസണ്‍ ഉടമകള്‍ കൈവശം വെച്ചിരിക്കുന്നത്. ഭൂമി സംബന്ധമായ ഇത്തരം കാര്യങ്ങളില്‍ നടപടിയെടുക്കേണ്ടതും പരിഹാരം തേടേണ്ടതും റവന്യൂ വകുപ്പാണ്. പ്രസ്തുത വകുപ്പിന്റെ മേല്‍ സിപിഐ കെട്ടിത്തൂക്കിയ മന്ത്രിക്കുരിശ്, നിയമസഭയില്‍ അടൂര്‍ പ്രകാശിന്റെ സബ് മിഷനുളള മറുപടിയില്‍ ഇങ്ങനെ അരുളിച്ചെയ്തിട്ടുണ്ട്.

"ഹാരിസണ്‍ മലയാളം ലിമിറ്റഡിന്റെ കൈയിലുളള ഭൂമി തിരിച്ചു പിടിക്കുന്നതിന് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചു വരുന്നു". മൊഴി മുത്തുകള്‍ നിയമസഭയില്‍ വീണു പരന്നത് 2008 മാര്‍ച്ച് 13 വ്യാഴാഴ്ച. ഇതെഴുതുന്നത് 2008 ആഗസ്റ്റ് 25 തിങ്കളാഴ്ച. നടപടിയേതു വരെയായെന്ന് വായനക്കാര്‍ അന്വേഷിച്ച് കണ്ടുപിടിച്ചാലും.

സിപിഐയുടെ കക്ഷത്തിരിക്കുന്ന വകുപ്പിന്റെ പിടിപ്പുകേടു കാരണമാണ് സമരം നീളുന്നതെങ്കിലും, സമരത്തിന്റെ സര്‍വ പഴിയും വന്നു വീഴുന്നത് സിപിഎമ്മിന്റെ തലയില്‍. ചെങ്ങറയെ എന്തുവില കൊടുത്തും മറ്റൊരു നന്ദിഗ്രാമാക്കാന്‍ കച്ച കെട്ടിയിറങ്ങിയ "മനുഷ്യാവകാശ" പ്രവര്‍ത്തകര്‍ ഒരു ഭാഗത്ത്. സമരത്തിന്റെ മറവില്‍ ഇല്ലാത്ത ബലാത്സംഗ വാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ ചാനല്‍ പരുന്തുകള്‍ വേറൊരു ഭാഗത്ത്. തൊഴില്‍ നഷ്ടപ്പെട്ട തോട്ടം തൊഴിലാളികളുടെ മുറുമുറുപ്പും പ്രതിഷേധവും വേറൊരു ഭാഗത്ത്. ഇവയെല്ലാം രാഷ്ട്രീയമായി തരണം ചെയ്യേണ്ട ബാധ്യത സിപിഎമ്മിനും.

കവലയോഗങ്ങളിലും പത്ര ദൃശ്യമാധ്യമങ്ങളിലും പോരാഞ്ഞ് ഇന്റര്‍നെറ്റ് വഴി ലോകമെമ്പാടും നിന്ന് ചെങ്ങറ സമരത്തിന്റെ പഴി മുഴുവന്‍ സിപിഎമ്മിനു മേല്‍ വീഴുന്നു. വെളിയം ഭാര്‍ഗവനും സംഘവും ഇതുകണ്ട് ഊറിച്ചിരിക്കുന്നു.

സമരക്കാരുമായി ചര്‍ച്ച ചെയ്യാമെന്നതിനപ്പുറം ഈ വിഷയത്തില്‍ സിപിഎമ്മിന് ഒന്നും ചെയ്യാനില്ല. ഭൂമി ആരുടേത് എന്ന് കണ്ടുപിടിക്കേണ്ടത് റവന്യൂ വകുപ്പ്. അളന്ന് തിരിച്ച് അതിരിടേണ്ടത് റവന്യൂ വകുപ്പ്. അതിനെ നയിക്കുന്ന മന്ത്രിയും പാര്‍ട്ടിയും സമരം കൊഴുക്കുന്തോറും കുംഭകര്‍ണ സേവയില്‍ ആണ്ടു മുഴുകുന്നു.

ചെങ്ങറയില്‍ ഒരു വര്‍ഷമായി തുടരുന്ന സമ്പൂര്‍ണ അരാജകത്വം വരുന്ന രണ്ടു വര്‍ഷത്തിനുളളില്‍ കേരളം മുഴുവന്‍ പടരുമെന്നും അങ്ങനെ സഖാക്കളുടെ അവതാര ലക്ഷ്യം പൂര്‍ത്തിയാകുമെന്നും കാറല്‍ മാര്‍ക്സിന്റെ പേരില്‍ പ്രത്യാശിക്കാം.

സംസ്ഥാന തലസ്ഥാനത്ത്, സെക്രട്ടേറിയറ്റിന് സമീപം 25 ഏക്കര്‍ സ്ഥലം ഏതോ മാധവന്‍ നായര്‍ ഏതോ കാലത്ത് കയ്യേറിയ സ്ഥലത്ത് ഉദ്യോഗസ്ഥരും പരിവാരങ്ങളും കുടിച്ചു കൂത്താടുന്നത് നിര്‍ലജ്ജം നോക്കിയിരിക്കുന്നവര്‍, ദയവായി ചെങ്ങറയിലെ ആദിവാസികളെ പഴിക്കരുത്. അടിമത്തത്തിന്റെ ചാപ്പ ആത്മാവിന്റെ ആഴങ്ങളില്‍ ഇന്നും അവശേഷിക്കുന്ന ആദിവാസികളും ദളിതരും കുറേ ഭൂമി കയ്യേറിയെന്നുവെച്ച് ആകാശമൊന്നും ഇവിടെ ഇടിഞ്ഞു വീഴില്ല. ഭൂമി കയ്യേറി കുടില്‍ കെട്ടാനുളള അവകാശം സിപിഎമ്മിന്റെ നിയന്ത്രണത്തിലുളള ആദിവാസി ക്ഷേമ സമിതിയ്ക്കു മാത്രം ആരും തീറെഴുതി നല്‍കിയിട്ടുമില്ല.

പ്രസംഗിക്കുമ്പോലെ എളുപ്പപ്പണിയല്ല, ഭരിക്കുന്നത്. നാവിന് എല്ലില്ലാതിരുന്നാല്‍ മൈക്കിനു മുന്നില്‍ എന്തും വിളിച്ചു പറയാം. പറയുന്ന കാര്യം നടത്തിക്കണമെങ്കില്‍ ഇച്ഛാശക്തിയും നേതൃഗുണവും ജന്മനാകിട്ടണം. കമ്മ്യൂണിസ്റ്റ് ഹൃദയങ്ങളില്‍ കുടിയിരിക്കുന്നുവെന്ന് അവകാശപ്പെടുന്ന സാധുജന സ്നേഹവും അധ്വാനിക്കുന്നവനോടുളള ഐക്യദാര്‍ഢ്യവും നാക്കിലൂടെ മൈക്കു വഴി ആകാശത്തേയ്ക്ക് മാത്രം പടരാനുളളതല്ല. ഫയലുകള്‍ വഴി ഉത്തരവായി അത് പ്രവൃത്തി പഥത്തിലെത്തണം. അവശേഷിക്കുന്ന ഭരണകാലത്ത് അങ്ങനെയെത്ര ഉത്തരവുകള്‍ സെക്രട്ടേറിയറ്റില്‍ നിന്ന് പുറത്തിറങ്ങുമെന്ന് നമുക്ക് കാത്തിരുന്നു കാണാം.

വിപ്ലവ വായാടിത്തം ഒളിമ്പിക്സില്‍ മത്സരയിനമാക്കിയാല്‍, സ്വര്‍ണം ആര്‍ക്കു കിട്ടും സഖാക്കളേ...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+