Get Updates
Get notified of breaking news, exclusive insights, and must-see stories!

കുഴിയാനയുടെ ചിന്നം വിളി

Pro. T J Chandra Choodanകാള്‍ മാര്‍ക്സിന്റെ പ്രശസ്തമായ സങ്കല്‍പനമാണ് "from each according to his capacity and to each according to his needs" എന്നത്. ലോകത്തെ ഏറ്റവും വലിയ വിപ്ലവപ്പാര്‍ട്ടിയായ ആര്‍എസ്‍പിയുടെ ഭരണഘടന പറയുന്നത് വിശ്വസിക്കാമെങ്കില്‍ ആ പാര്‍ട്ടിയുടെയും ലക്ഷ്യം ഈ ആപ്തവാക്യം അച്ചട്ടായി പുലരുന്ന ലോകമാണ്. "from each according to his capacity and to each according to his needs".

ലോകമെങ്ങും മാര്‍ക്സിസ്റ്റ് പാര്‍ട്ടികള്‍ ഉണ്ടാകുമെന്നും, പരസ്പരമുളള പകയുടെ നെരിപ്പോട് ഉളളിലെരിയുന്ന ഇന്ത്യയിലെ പാര്‍ട്ടികള്‍ ഒറ്റയ്ക്ക് ഒന്നും ചെയ്യാനാവാത്ത ഗതികേടുകൊണ്ട് ഇടതുമുന്നണിയുണ്ടാക്കുമെന്നും ത്രികാലജ്ഞാനിയായ കാറല്‍ മാര്‍ക്സ് മുന്നേ ഗണിച്ചിരിക്കണം. മേല്‍പറഞ്ഞ വാചകം ഒന്നുകൂടി വായിക്കൂ, ഇടതുമുന്നണിയിലെ ഘടകകക്ഷികളെക്കുറിച്ചല്ലേ മാര്‍ക്സ് അത് പറഞ്ഞത്, From each according to his capacity and to each according to his needs!

1940ല്‍ ബംഗാളില്‍ രൂപപ്പെട്ട അതിവിപ്ലവപ്പാര്‍ട്ടിയായ ആര്‍എസ്‍പിക്ക് 1952ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഇന്ത്യയിലാകെ കിട്ടിയത് മൂന്നു സീറ്റും 0.44 ശതമാനം വോട്ടും. കൃത്യം 52 വര്‍ഷം നീണ്ട സ്തുത്യര്‍ഹമായ വളര്‍ച്ച കഴിഞ്ഞ് 2004ല്‍ മത്സരിച്ചപ്പോഴും കിട്ടിയത് മൂന്നു സീറ്റ്. ആകെ വോട്ടാകട്ടെ 0.15 ശതമാനവും. From each according to his capacity and to each according to his needs!.

അതിവിപ്ലവപ്പാര്‍ട്ടിയുടെ ദേശീയ സമ്മേളന വാര്‍ത്തകള്‍ ശ്രദ്ധിച്ചാല്‍, പാര്‍ട്ടി കൂടുതല്‍ തീവ്ര വിപ്ലവമാണ് ആഗ്രഹിക്കുന്നതെന്ന് ബോധ്യപ്പെടും. ഇന്ത്യയൊട്ടാകെ ഇടതുമുന്നണി കെട്ടിപ്പെടുക്കുന്നതിനാണ് താന്‍ ശ്രമിക്കുകയെന്ന് പുതിയ ദേശീയ ജനറല്‍ സെക്രട്ടറി സഖാവ് ടി ജെ ചന്ദ്രചൂഢന്‍ തുറന്നു പറഞ്ഞിട്ടുമുണ്ട്. പറഞ്ഞാല്‍ പറഞ്ഞതു പോലെ ചെയ്യുന്ന ഉഗ്രമൂര്‍ത്തിയാണ് സഖാവ്. ദേശീയ തലത്തില്‍ ഇടതു ജനാധിപത്യ മുന്നണി രൂപപ്പെടാന്‍ ഇനി വലിയ താമസമില്ല. നാവു വാടകയ്ക്ക് കൊടുക്കരുത് എന്ന പിണറായീ വചനം ദേശീയ തലത്തിലും അലയടിക്കുമെന്നും ഉറപ്പിക്കാം.

തങ്ങള്‍ പറയുന്നത് ഇടതുമുന്നണിയിലെ മുഖ്യഘടകകക്ഷിയായ സിപിഎം അനുസരിക്കുന്നില്ലെന്നത്രേ പാര്‍ട്ടിയുടെ പരാതി. കോണ്‍ഗ്രസ് സര്‍ക്കാരിന് നല്‍കുന്ന പിന്തുണ പിന്‍വലിക്കണമെന്ന് ആര്‍എസ്‍പി അന്ത്യശാസനം നല്‍കിയിട്ടും വല്യേട്ടന്‍ കേട്ട ഭാവം നടിച്ചില്ലത്രേ!

സിപിഎമ്മില്ലാത്ത ഇടതുമുന്നണി സൃഷ്ടിക്കാന്‍ ആര്‍എസ്‍പി മുന്‍കൈയെടുക്കണമെന്നാണ് സമ്മേളനത്തില്‍ പ്രതിനിധികള്‍ ആവശ്യപ്പെട്ടത്. മൂന്നു സീറ്റും ഒരു ശതമാനം തികച്ചില്ലാത്ത വോട്ടു ബാങ്കുമായി എന്തെന്ത് സ്വപ്നങ്ങളാണ് ആര്‍എസ്‍പിക്കാര്‍ കാണുന്നതെന്നോര്‍ത്താല്‍ ആരും അന്തിച്ചു പോകും. From each according to his capacity and to each according to his needs എന്ന വാചകം ഓര്‍ത്താല്‍ പ്രത്യേകിച്ചും!

എന്താണ് ആര്‍എസ്‍പിയുടെ ലക്ഷ്യമെന്ന് പാര്‍ട്ടി വെബ് സൈറ്റില്‍ വിശദീകരിച്ചിട്ടുണ്ട്. അതിങ്ങനെയാണ്. The aim of the Party shall be the complete abolition of class differences in Society and the establishment of classIess society on a world scale where the ideal, "from each according to his capacity and to each according to his needs", would be realised on the basis of the social ownership of the means of production and common co-operative enjoyment of all wealth.

സമൂഹത്തിലെ വര്‍ഗവൈരുദ്ധ്യങ്ങള്‍ സമൂലം അവസാനിപ്പിക്കാതെ ആര്‍എസ്‍പിക്കാര്‍ അടങ്ങുകില്ലോമനേ, അടങ്ങുകില്ല! വൈരുദ്ധ്യം അവസാനിച്ചാലും അവര്‍ വിശ്രമിക്കുകയുമില്ല. വര്‍ഗ വിഭജനമില്ലാത്ത ആദര്‍ശ സമ്പന്നത വഴിഞ്ഞൊഴുകുന്ന മാതൃകാ സമൂഹം കെട്ടിപ്പെടുക്കുന്നതു വരെ പ്രൊഫസര്‍ ടി ജെ ചന്ദ്രചൂഡനും സംഘവും കൊണ്ടുപിടിച്ച പോരാട്ടത്തിലുമായിരിക്കും. ആ സമൂഹത്തിന്റെ പ്രത്യേകതയോ, "from each according to his capacity and to each according to his needs" എന്നുമായിരിക്കും.

ഈ സമൂഹത്തിന്റെ സൃഷ്ടിക്ക് എന്താണ് പാര്‍ട്ടി ചെയ്യുക എന്ന് പിന്നാലെ പറയുന്നു. മുതലാളിത്ത വര്‍ഗത്തിന്റെ ഭരണം അവസാനിപ്പിക്കുക. ആ സ്ഥാനത്ത് തൊഴിലാളി വര്‍ഗത്തിന്റെ സമ്പൂര്‍ണാധിപത്യമുളള ഭരണം, കര്‍ഷകരുടെയും മറ്റദ്ധ്വാനിക്കുന്ന ജനവിഭാഗത്തിന്റെയും സഹായത്തോടെ നിലവില്‍ വരുത്തുക. എന്നു വെച്ചാല്‍ തീവ്ര വിപ്ലവമാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. ഇത് വായിച്ചാല്‍ ഏത് മാരീചനും ഒന്നുമാലോചിക്കാതെ ആര്‍എസ്‍പിയായിപ്പോവും!!

ആര്‍എസ്‍പിയും മറ്റ് ഇടതു പാര്‍ട്ടികളും തമ്മിലുളള വ്യത്യാസം ശരിക്കറിയണമെങ്കില്‍ പാര്‍ട്ടി സെക്രട്ടറിയായിരുന്ന തൃദീപ് ചൗധരി എഴുതിയ "വൈ ആര്‍എസ്‍പി" (Why RSP) എന്ന നയരേഖ വായിക്കണം. തങ്ങളാണ് യഥാര്‍ത്ഥ വിപ്ലവത്തിന്റെ അവകാശികളെന്നും സിപിഎം, സിപിഐ പോലുളള പാര്‍ട്ടികളുടെ സോഷ്യലിസ്റ്റ് പ്രേമം വെറും ചപ്പടാച്ചിയാണെന്നും സഖാവ് അക്കമിട്ട് സ്ഥാപിച്ചിട്ടുണ്ട് ഈ രേഖയില്‍.

"ദേശീയ ബൂര്‍ഷ്വാസിയുമായി ജനാധിപത്യ സഖ്യത്തിനുളള സിപിഎം പരിപാടി" (CPM Programme for the Democratic Alliance with the National Bourgeoisie) എന്ന തലക്കെട്ടില്‍ സിപിഎമ്മിനെ ആര്‍എസ്‍പി നേതാവ് കണക്കിന് പരിഹസിക്കുന്നുണ്ട്. പാര്‍ലമെന്ററി ജനാധിപത്യത്തിലൂടെ ഇന്ത്യയില്‍ സോഷ്യലിസം നടപ്പിലാക്കാമെന്ന് സിപിഎം അടക്കമുളള ഇടതുപാര്‍ട്ടികള്‍ വൃഥാ കിനാവു കാണുകയത്രേ! ലവന്മാരുടേത് വെറും കിനാവും ഞങ്ങളുടേത് സൊയമ്പന്‍ ശാസ്ത്രീയ സോഷ്യലിസവും.

തൊഴിലാളിവര്‍ഗം നേതൃത്വനിരയിലേയ്ക്ക് ഉയര്‍ന്നുവരുന്നതിനെയോ ജനകീയ ജനാധിപത്യ വിപ്ലവത്തില്‍ മുതലാളിത്തവുമായി അധികാരം പങ്കുവെയ്ക്കുന്നതിനെയോ സിപിഎം അനുകൂലിക്കുന്നില്ല. എന്നാല്‍ ആര്‍എസ്‍പിയോ? തൊഴിലാളിവര്‍ഗത്തിനു വേണ്ടി ഉഴിഞ്ഞുവെച്ചതാണ് ആ പാര്‍ട്ടി നേതാക്കളുടെ കരളും കാമ്പും. ചാനല്‍ ചര്‍ച്ചയ്ക്ക് വരുമ്പോള്‍ ചന്ദ്രചൂഡന്‍ സഖാവിന്റെ ഹൃദയമിടിപ്പും നാഡീസ്പന്ദനവും ഒന്നു സൂക്ഷ്മമായി ശ്രവിച്ചു നോക്കൂ. ഒരു പാറ ക്വാറിയുടെ പ്രകമ്പനമില്ലേ സഖാവിന്റെ വാക്കുകള്‍ക്ക്. പ്രോലിറ്റേറിയന്മാരുടെ നേതാവെന്നാല്‍ അങ്ങനെയിരിക്കണം.

സോഷ്യലിസം എന്ന ആദര്‍ശം ഇന്നത്തെ ഇന്ത്യന്‍ ഭരണഘടനയുടെ ചട്ടക്കൂടില്‍ നിന്ന് നടപ്പാവില്ലെന്ന് സഖാവ് തൃദീപ് ചൂണ്ടിക്കാട്ടുന്നു. സ്വകാര്യ സ്വത്തവകാശം മൗലികാവകാശമായി കരുതുന്ന ഭരണഘടനയെവിടെ, എല്ലാ സ്വത്തും ലോക്കല്‍ കമ്മിറ്റിക്ക് കീഴില്‍ കൊണ്ടുവരുന്ന തൊഴിലാളി വര്‍ഗ സാര്‍വദേശീയതയെവിടെ?

സഖാവിന്റെ തന്നെ വാക്കുകള്‍ കേള്‍ക്കുക. There can be no Socialism and no radical transformation of the existing social and economic order unless we are prepared to go beyond the limits of the present Constitution, abolish the rights of private property and make social ownership of all the means of production the basis of the country"s economic order.

ഭരണഘടന തിരുത്തിയെഴുതാതെ ഇവിടെയെങ്ങനെ വിപ്ലവം വരും? നമുക്കാണെങ്കില്‍ ആകെയുളളത് മൂന്ന് എംപിമാരും 0.15 ശതമാനം വോട്ടും. പോരെങ്കില്‍ കാറല്‍ മാര്‍ക്സ് ഇങ്ങനെ പറയുകയും ചെയ്തു, from each according to his capacity and to each according to his needs"!

സ്വകാര്യ സ്വത്തിനെ മുച്ചൂടും എതിര്‍ക്കുന്ന ആര്‍എസ്‍പിയുടെ ദേശീയ സെക്രട്ടറിയായി സഖാവ് ടി ജെ ചന്ദ്രചൂഡന്‍ തിരഞ്ഞെടുക്കപ്പെട്ട നിലയ്ക്ക്, അദ്ദേഹത്തിന്റെ സ്വന്തം പേരിലുളള, KLV 345 നമ്പര്‍ 68 മോഡല്‍ അമ്പാസിഡര്‍ കാര്‍, തിരുവന്തപുരം പേട്ടയില്‍ 369/1, 396/1-2 എന്നീ സര്‍വെ നമ്പരുകളിലായുളള ഏഴു സെന്റ് ഭൂമി (സര്‍ക്കാര്‍ കണക്കില്‍ മതിപ്പുവില 12 ലക്ഷം രൂപ), 1800 ചതുരശ്ര അടിയുളള വീട് എന്നിവ ഉടന്‍ കോര്‍പറേഷന് കൈമാറുമെന്ന് കരുതാം. ചുരുങ്ങിയ പക്ഷം ആര്‍എസ്‍പി ജില്ലാകമ്മിറ്റിയെ എങ്കിലും ഏല്‍പിച്ച് സ്വന്തം പാര്‍ട്ടിയുടെ ആദര്‍ശം സഖാവ് വാനോളം ഉയര്‍ത്തിപ്പിടിക്കുക തന്നെ ചെയ്യും. സ്വകാര്യ സ്വത്തവകാശം തുലയട്ടെ!

കോണ്‍ഗ്രസിനെയും നെഹ്രുവിയന്‍ സോഷ്യലിസത്തെയും ആര്‍എസ്‍പി നേതാവ് നിശിതമായി ആക്രമിക്കുന്നുണ്ട്. എന്തുചെയ്താലും അത് ഭരണഘടനയ്ക്കുളളില്‍ നിന്ന് ചെയ്യേണ്ടി വരുന്ന സ്വന്തം ഗതികേടിനെ ശപിക്കുന്നുമുണ്ട് ഈ രേഖ. രേഖയില്‍ Congress Socialism = Capitalism + State Capitalism = State Monopoly Capitalism എന്നിങ്ങനെയൊരു സമവാക്യം സഖാവ് തൃദീപ് ഡിറൈവ് ചെയ്തിട്ടുണ്ട്. ഐന്‍സ്റ്റീന്റെ "ഇ സമം എം സി സ്ക്വയേര്‍ഡ്" നിഷ്പ്രഭമല്ലേ ഈ വാക്യത്തിനു മുന്നില്‍!

സോഷ്യലിസത്തിന്റെ കടയ്ക്ക് കത്തിവെയ്ക്കുന്നതാണ് കോണ്‍ഗ്രസ് നയങ്ങളെന്ന് ഈ സമവാക്യത്തോടെ എല്ലാ ഇടതുപക്ഷ അവന്മാര്‍ക്കും ബോധ്യമാവേണ്ടതാണ്. എന്നിട്ടും കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന ഇടതു പാര്‍ട്ടികളെ ചമ്മട്ടിയ്ക്ക് തല്ലണ്ടേ.

അടുത്ത പേജില്‍

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+