രാഹുലകാലങ്ങളില്‍ കലാവതിമാര്‍!!!
2008 ജൂലൈ 18നാണ് മഹാരാഷ്ട്രയിലെ യാവട്മാള്‍ ജില്ലയിലുളള ജല്‍ക്ക വില്ലേജിലെ കലാവതി ബണ്ഡുര്‍ക്കര്‍ എന്ന 45കാരിയുടെ വീട്ടിലേയ്ക്ക് ഒരു വന്‍വാഹനവ്യൂഹം ഇരമ്പിയെത്തിയത്. ആണവക്കരാറിന്റെ പേരില്‍ വിശ്വാസ വോട്ടെടുപ്പ് നടക്കുന്നതിന് കൃത്യം നാലു ദിവസം മുമ്പ്.
അപ്രതീക്ഷിതമായി സ്വന്തം വീട്ടുമുറ്റത്തൊരു ഖദര്‍പ്രളയം കണ്ട പാവം സ്ത്രീ വല്ലാതെ വിരണ്ടിരിക്കണം. കൂട്ടത്തിലുളളവരില്‍ തന്നെ നോക്കി തൊഴുത വെളുത്ത പൈജാമയും കുര്‍ത്തയുമണിഞ്ഞ സുന്ദര സുസ്മേര കളേബരനെ അടുത്തു നിന്ന ആരോ ഇങ്ങനെ പരിചയപ്പെടുത്തി. ഹെ രാഹുല്‍ ഗാന്ധി ആഹെ. ഇന്ദിരാ ഗാന്ധിച നാചു (ഇത് രാഹുല്‍ ഗാന്ധി, ഇന്ദിരാഗാന്ധിയുടെ ചെറുമകന്‍).
വീട്ടിത്തീര്‍ക്കാത്ത കടവും ഒമ്പതു മക്കളെയും കലാവതിയെ ഏല്‍പ്പിച്ചാണ് 2005 ഡിസംബര്‍ 23ന് കലാവതിയുടെ ഭര്‍ത്താവ് പര്‍ഷുറാം ബണ്ഡുര്‍ക്കര്‍ വിഷം കഴിച്ച് മരിച്ചത്. കലാവതി - പര്‍ഷുറാം ദമ്പതികളുടെ മക്കളില്‍ ഏഴ് പെണ്ണും രണ്ടാണും.
ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബത്തിനുളള നാമമാത്രമായ സഹായം പോലും പര്‍ഷുറാമിന്റെ വിധവയ്ക്കും കുടുംബത്തിനും കിട്ടിയില്ല. കാരണം ഇയാള്‍ കൃഷി ചെയ്തത് സ്വന്തം കൃഷിഭൂമിയിലല്ല. നിയമങ്ങളില്‍ പര്‍ഷുറാമിന് കര്‍ഷകനെന്ന് നിര്‍വചനമില്ല. നിസഹായതയുടെ കാര്യത്തില്‍ അയാളെക്കാള്‍ ദയനീയമാണ് സര്‍ക്കാരിന്റെ സ്ഥിതി.
മന്‍മോഹന്‍ സിംഗ് ആണവക്കരാര്‍ ഒപ്പിടുന്നതു വരെയോ, നോക്കുന്നിടത്തൊക്കെയും ന്യൂക്ലിയാര്‍ റിയാക്ടറുകള്‍ പ്രവര്‍ത്തനം തുടങ്ങുന്നതു വരെയോ കാത്തിരിക്കാന്‍ ഒമ്പതു മക്കളുളള ആ വീട്ടമ്മയ്ക്ക് കഴിയുമായിരുന്നില്ല. ഭര്‍ത്താവിന്റെ ചിതയില്‍ നിന്ന് അണയാത്ത രണ്ടു കനലുകളെടുത്ത് സ്വന്തം കരളിലിട്ട് അവര്‍ അതിജീവനത്തിനുളള വഴികള്‍ തേടി.
ആണവക്കരാര്‍ ചര്‍ച്ചയില്‍ ഭാവി പ്രധാനമന്ത്രിയുടെ നാവില്‍ കലാവതിയെന്ന നാമം തത്തിക്കളിക്കും മുമ്പ്, ഒരു റിയാക്ടറിന്റെയും സഹായമില്ലാതെ തന്റെ അഞ്ചാമത്തെ മകളുടെ വിവാഹവും അവര്‍ നടത്തി. ഇപ്പോള്‍ ആകെ കടം 90,000 രൂപ.
തോല്‍ക്കാന്‍ മനസില്ലാത്ത കലാവതി ജീവിതത്തോട് പൊരുതുമ്പോഴൊന്നും ആ വഴിയിലെങ്ങും ഖദറിന്റെ എഐസിസി തണലുണ്ടായിരുന്നില്ല അവര്‍ക്ക്.
വിശ്വാസപ്രമേയ ചര്‍ച്ച പാര്‍ലമെന്റില്‍ തുടങ്ങിയ ജൂലൈ 21ന് കൃത്യം മൂന്നു ദിവസം മുമ്പ് സ്വന്തം വീട്ടില്‍ ഉച്ചഭക്ഷണം പാകം ചെയ്തു നില്‍ക്കവെ, വെളുത്ത പൈജാമയും കുര്‍ത്തയും ധരിച്ച ഊര്‍ജസുരക്ഷയുടെ ദൈവം അപ്രതീക്ഷിതമായി അവരുടെ വീട്ടുമുറ്റത്ത് അവതരിച്ചു. ഒട്ടേറെ വാഹനങ്ങളുടെ അകമ്പടിയോടെ. തന്റെ വീടിനു മുന്നിലുദിച്ച ഈ പൂനിലാവിന്റെ നാവിലൂടെ തന്റെ നാമം ലോകമറിയുമെന്നും കലാവതി അപ്പോള്‍ കരുതിയിട്ടുണ്ടാവില്ല.
രാഹുലിന് മറുപടിയായി അവര്‍ക്കു പറയാനുളളതും ലോകമറിഞ്ഞു, ഇക്കഴിഞ്ഞ വെള്ളിയാഴ്ച. യാവട് മാളില്‍ അന്ന് നടന്ന ആയിരത്തി അഞ്ഞൂറോളം കര്‍ഷകര്‍ പങ്കെടുത്ത റാലിയില്‍ ഒരാഴ്ച കൊണ്ട് ഇന്ത്യയുടെ ശ്രദ്ധാകേന്ദ്രമായി വളര്‍ന്ന കലാവതിയുമുണ്ടായിരുന്നു പ്രസംഗിക്കാന്‍.
പ്രമാണിമാരുടെ സന്ദര്‍ശനമല്ലാതെ തനിക്കോ, തന്നെപ്പോലുളള വിധവകള്‍ക്കോ സര്‍ക്കാരില്‍ നിന്നും ഒരു സഹായവും ഇതുവരെ ലഭിച്ചില്ലെന്ന് അവര്‍ തുറന്നു പറഞ്ഞു. ജീവിതം തളളിനീക്കാന്‍ വല്ലാതെ കഷ്ടപ്പെടുന്ന തനിക്കും ചിലപ്പോള്‍ ഭര്‍ത്താവിന്റെ വഴി തിരഞ്ഞെടുക്കേണ്ടി വരുമെന്നും തടിച്ചു കൂടിയ ജനത്തെ സാക്ഷിയാക്കി രാഹുലിന്റെ പ്രിയപ്പെട്ട കലാവതി വിളിച്ചു പറഞ്ഞു.
അവര്‍ക്കും അവരെപ്പോലുളളയവര്‍ക്കും ആവശ്യം, പന്ത്രണ്ടു കൊല്ലത്തിനു ശേഷം പ്രവര്‍ത്തനക്ഷമമാകുന്ന റിയാക്ടറുകളിലെ വൈദ്യുതിയല്ല. വേറെ ചിലതാണ്. അവരുടെ വെളിപ്പെടുത്തല്‍ രാഹുലിന്റെ ഹൃദയത്തില്‍ എന്തു ചലനമാണ് ഉണ്ടാക്കിയതെന്ന് നമുക്കറിയില്ല. മുതലെടുപ്പിനുളള അവസരം നോക്കിപ്പറക്കുന്ന രാഷ്ട്രീയക്കഴുകന്മാര്‍ക്ക് കൊത്തിപ്പറിക്കാനുളളതാണല്ലോ കലാവതിമാരുടെ ജീവിതവും ദുരന്തവും.
കലാവതിയുടെ കഥ രാഹുല്‍ പാര്‍ലമെന്റില്‍ പറഞ്ഞതിന് ഫലമുണ്ടായില്ലെന്ന് തീര്‍ത്തും പറഞ്ഞുകൂടാ. രാജ്യത്തിന്റെ ആണവോര്‍ജ ആവശ്യതകയുടെ ജ്വലിക്കുന്ന പ്രതീകമാണ് ഇന്ന് കലാവതി. വരാനിരിക്കുന്ന തിരഞ്ഞെടുപ്പു കോലാഹലത്തില്‍ എം ഐ ഷാനവാസും ഷാനിമോള്‍ ഉസ്മാനുമൊക്കെ കേരളത്തിന്റെ നാല്‍ക്കവലയില്‍ പോലും കലാവതി നായികയായ കഥാപ്രസംഗം അവതരിപ്പിക്കും. അത് മുന്നില്‍ കണ്ട് ഉണര്‍ന്നു പ്രവര്‍ത്തിച്ചു, വിദര്‍ഭയിലെ കോണ്‍ഗ്രസുകാര്‍. വൈകിയുദിച്ച നല്ല മനസുകള്‍ക്കു മുന്നില്‍ കൈകൂപ്പുക നാം.
നാലുതവണ രാജ്യസഭാ എംപിയായിരുന്ന ദത്താ മേഘ 21,000 രൂപയുടെ സഹായം പ്രഖ്യാപിച്ചു കഴിഞ്ഞു. കോണ്‍ഗ്രസുകാരുടെ വക തയ്യല്‍ മെഷീനും സൈക്കിളും വീടുമേയാല്‍ കുറെ തകരഷീറ്റുകളും.
കുഴിഞ്ഞു താണ കണ്ണുകളും ഒട്ടിമടങ്ങിയ വയറുകളുമായി തന്നെ മാത്രം ആശ്രയിച്ചു കഴിയുന്ന ഒമ്പതു മക്കളെയും കൊണ്ട് 2005 ഡിസംബര്‍ മുതല്‍ ജീവിതപ്പാതയിലെ കത്തുന്ന വെയിലേയ്ക്കിറങ്ങിയ കലാവതിയ്ക്ക് ഇപ്പോഴെങ്കിലും ഒരു വലിയ പ്രസ്ഥാനത്തിന്റെ കണ്‍നോട്ടവും സഹായവും കിട്ടിയെങ്കില്‍ നല്ലതു തന്നെ.
കലാവതിമാരെപ്പോലുളളവര്‍ക്ക് ജീവിത സുരക്ഷ നല്‍കാന്‍, പര്‍ഷുറാമുമാര്‍ ആത്മഹത്യ ചെയ്യാതിരിക്കാന്‍, ഗ്രാമഗ്രാമാന്തരങ്ങളില്‍ വെളിച്ചത്തിന്റെ വിപ്ലവമുണ്ടാകാന്‍ ആണവക്കരാര്‍ കൂടിയേ തീരൂവെന്ന് പാര്‍ലമെന്റില്‍ പ്രസംഗിച്ച രാഹുലിന് പഴയ ഗരീബീ ഹഠാവോയെക്കുറിച്ച് അറിയുമോ ആവോ? ജയ് ജവാന്‍ ജയ് കിസാന്‍ എന്ന മുദ്രാവാക്യത്തെക്കുറിച്ചും!
1971ല്‍ രാഹുലിന്റെ മുത്തശി ഇന്ദിരാഗാന്ധിയാണ് ഗരീബിയെ ഹതം ചെയ്യാന്‍ ആദ്യം തീരുമാനിച്ചത്. നീണ്ട പതിനഞ്ചു വര്‍ഷത്തിനു ശേഷം 1986 ല്‍ രാഹുലിന്റെ പിതാവ് രാജീവ് ഗാന്ധി ഭൂതക്കണ്ണാടി വെച്ചു നോക്കിയപ്പോഴും ദുഷ്ടന്‍ ഗരീബി ഇന്ത്യയുടെ സിരാപടലങ്ങളില്‍ കുളയട്ടപോലെ പറ്റിപ്പിടിച്ചു കിടക്കുന്നു. കലി കയറിയ രാജീവും നടത്തി, "ഗരീബി ഹഠാവോ" ഭജന. പക്കമേളവുമായി ചെങ്കീരികള്‍ ആര്‍ കെ ധവാനും സംഘവും കൂടെയുണ്ടായിരുന്നു.
"ജയ് ജവാന്‍, ജയ് കിസാന്‍" എന്ന് ലാല്‍ ബഹദൂര്‍ ശാസ്ത്രി സംഗീത സാന്ദ്രമായി പാടിയിട്ടും മേല്‍ഗതിയില്ലാതെ കഷ്ടപ്പെടുന്ന കര്‍ഷകനെ കണ്ട് കരളലിഞ്ഞാണ് ഇന്ദിരാ പ്രിയദര്‍ശിനി മുദ്രാവാക്യം മാറ്റിപ്പണിതത്.
തകര്‍ന്ന് തരിപ്പണമായ കാര്‍ഷിക മേഖലയുടെ നേര്‍ചിത്രമായ വിദര്‍ഭയ്ക്ക് ഈ രണ്ട് മുദ്രാവാക്യങ്ങളും തുണയായില്ലെന്ന്, പ്രിയപ്പെട്ട രാഹുല്‍ താങ്കള്‍ അറിയണം. ആകര്‍ഷകമായ മുദ്രാവാക്യങ്ങള്‍ക്ക് പാര്‍ട്ടിയുടെ പ്രചരണ വിഭാഗം കൊണ്ടുപിടിച്ച് ബ്രെയിന്‍ സ്റ്റോമിംഗ് നടത്തുമ്പോള്‍, വിദര്‍ഭയിലെ കര്‍ഷകര്‍ കൂട്ടത്തോടെ ആത്മഹത്യയില്‍ അഭയം തേടുകയായിരുന്നു.
2005 ജൂണ്‍ മുതലുളള കണക്കുകള്‍ പറയുന്നത് വിദര്‍ഭയില്‍ ഇതുവരെ ആറായിരത്തിലധികം കര്‍ഷക ആത്മഹത്യ നടന്നിട്ടുണ്ടെന്നാണ്. കടത്തിന്റെ ബാധ്യതയും ദുരിതങ്ങളുടെ ഭാണ്ഡവും പേറി ജീവിക്കുന്ന കുടുംബങ്ങളോട് താങ്കളുടെ പാര്‍ട്ടിയും സര്‍ക്കാരും എങ്ങനെയാണ് പ്രതികരിച്ചതെന്ന് കൂടി അറിയണം.
കൊട്ടിഗ്ഘോഷിക്കപ്പെട്ട വിദര്‍ഭ പാക്കേജ് എത്രപേര്‍ക്കാണ് ആശ്വാസമായതെന്ന് രാഹുല്‍ അന്വേഷിച്ചോയെന്ന് നമുക്കറിയില്ല. യഥാര്‍ത്ഥ കര്‍ഷകര്‍ക്ക്, ദുരിതങ്ങളെ നേര്‍ക്കുനേര്‍ നേരിടുന്നവര്‍ക്ക് കിട്ടിയ സഹായം വെറും 507 കോടി രൂപ.
കേന്ദ്ര കൃഷിമന്ത്രി ശരദ്പവാറിന്റെ ശക്തികേന്ദ്രമായ നാസിക്കിലെയും പൂനെയിലെയും ധനിക കര്‍ഷകര്‍ക്ക് 5700 കോടി രൂപ സഹായം കിട്ടിയ സ്ഥാനത്താണിത്. മുന്തിരിത്തോട്ടങ്ങളും വന്‍കിട ഫാമുകളും സ്വന്തമായുളളവരെ നിയമം കര്‍ഷക നിര്‍വചനത്തില്‍ പെടുത്തി സഹായിച്ചു. കാരുണ്യമുളള ഒരു നോട്ടം പോലും കിട്ടിയില്ല കലാവതിമാര്‍ക്ക്.
ഇന്ദിരയും രാജീവും ചെയ്തതു പോലെ ഗരീബിയെ ഓടിക്കാന്‍ എന്തുകൊണ്ടോ നരസിംഹ റാവുവിന് മനസു വന്നില്ല. അന്നത്തെ ധനകാര്യമന്ത്രി മന്‍മോഹനും. അധികാരത്തിന്റെ ചെങ്കോലും കിരീടവും ഒരിടവേളയ്ക്കു ശേഷം വീണ്ടും നമ്പര്‍ ടെന്‍ ജന്‍പഥിലാണ്. പ്രധാനമന്ത്രിയുടെ തലപ്പാവ് മാത്രമാണ് മന്‍മോഹന്‍ സിംഗിന്റെ തലയില്‍. പേരില്‍ ഗാന്ധി വാല് എവിടെയുണ്ടോ അവിടെയാണ് അധികാരം. അന്റോണിയോ മെയിനോ ഇപ്പോള്‍ സോണിയാ ഗാന്ധിയെന്നാണ് അറിയപ്പെടുന്നത്.
ഗരീബികള്‍ക്കു വേണ്ടി ഉഴിഞ്ഞുവെച്ചതാണ് പുതിയ ഗാന്ധിമാരുടെ ജീവിതവും. പഴയ മുദ്രാവാക്യം "ഗരീബി ഉന്മൂലന്‍" എന്ന പേരില്‍ വീണ്ടും പൊടി തട്ടിയെടുക്കാന്‍ തീരുമാനിച്ചത് അതുകൊണ്ടാണ്. ചരിത്രം പ്രഹസനമായിത്തന്നെ ആവര്‍ത്തിച്ചേ മതിയാവൂ. 2006 ഒക്ടോബര്‍ അഞ്ച് വ്യാഴാഴ്ച പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭയുടെ പ്രത്യേക യോഗം സുപ്രധാനമായ ഒരു തീരുമാനമെടുത്തിന്റെ കാരണം മറ്റൊന്നല്ല.
"ഗരീബി ഉന്മൂലന്‍" എന്നത് സംസ്കൃതീകരിക്കപ്പെട്ട പേരാണ്. ഇതുകേട്ടാല്‍ ഗരീബി ചിലപ്പോള്‍ വിരണ്ടുപോകും. പാവം കര്‍ഷകനും. അതുകൊണ്ട് പേര് പഴയതു തന്നെ മതി." ഗരീബി ഹഠാവോ".
അന്നത്തെ ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് മിനിസ്റ്റര്‍ ശ്രീമാന്‍ പ്രിയരഞ്ജന്‍ ദാസ് മുന്‍ഷി പത്രക്കാരോട് വിശദീകരിച്ചത് തൊട്ടുപിറ്റേന്ന് ടൈംസ് ഓഫ് ഇന്ത്യ ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
"Explaining the re-introduction of Garibi Hatao , I&B minister P R Dasmunsi said: "Since people do not understand Sanskritised expressions like 'unmoolan' which do not have an equivalent English translation, it has been changed to Garibi Hatao" .
ദാരിദ്ര്യം പോയാല്‍ മാത്രം പോര, എങ്ങനെ പോയെന്നും ജനം അറിയുക തന്നെ വേണം. സംസ്കൃതമൊക്കെ പറഞ്ഞാല്‍ ഏതു വഴിയാണ് ദാരിദ്ര്യം പോയതെന്നറിയാതെ അക്ഷരാഭ്യാസമില്ലാത്തവന്‍ കുഴയും. മാത്രമല്ല, പദ്ധതിയുടെ പേര് ഇംഗ്ലീഷ് തര്‍ജമയ്ക്ക് വഴങ്ങുകയും വേണം. ഇല്ലെങ്കില്‍ നമ്മളീ ചെയ്യുന്നതു വല്ലതും മന്‍മോഹന്‍സിംഗിന്റെ ആത്മമിത്രം ബുഷ് അവര്‍കള്‍ അറിയുമോ?
"ജയ്‍ ജവാന്‍ ജയ് കിസാന്‍" എന്ന പാവം ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ സ്വപ്നം സ്വപ്നമായി തുടര്‍ന്നതു പോലെ, ഇന്ദിരയുടെയും രാജീവിന്റെയും "ഗരീബി ഹഠാവോ" ഗംഭീരത്തട്ടിപ്പായി മാറിയതു പോലെ, കലാവതിമാരെ മുന്‍നിര്‍ത്തി രാഹുലും ഊര്‍ജസുരക്ഷയെക്കുറിച്ചുളള ബഡായികള്‍ തട്ടി വിടുന്നു.
വിദര്‍ഭയില്‍ കൂട്ടകര്‍ഷക ആത്മഹത്യ നടക്കുമ്പോള്‍ എവിടെയായിരുന്നു രാഹുല്‍ എന്ന് ചോദിക്കാതിരിക്കുക. ഓരോ എട്ടു മണിക്കൂറിലും ഒരു കര്‍ഷകന്‍ വീതം വിദര്‍ഭയില്‍ ജീവനൊടുക്കിയപ്പോള്‍ അദ്ദേഹം എന്തെടുക്കുകയായിരുന്നുവെന്ന് ചോദിക്കാതിരിക്കുക. സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായത്തിന്റെ സിംഹഭാഗവും പൂനെയിലെയും നാസിക്കിലെയും ധനിക കര്‍ഷകര്‍ കയ്യടക്കിയപ്പോള്‍ അദ്ദേഹം പാര്‍ലമെന്റില്‍ എന്തു ചെയ്യുകയായിരുന്നുവെന്നും ചോദിക്കാതിരിക്കുക.
കാര്‍ഷിക ലോണിന്റെ താങ്ങാനാവാത്ത പലിശയും ബ്ലേഡുകാരുടെ കൊളളപ്പലിശയും ജനിതക വ്യതിയാനം വരുത്തിയ വിലകൂടിയ വിത്തുകളും ദിനംപ്രതി കുതിച്ചുയരുന്ന വളം, കീടനാശിനി വിലയുമാണ് വിദര്‍ഭയില്‍ കര്‍ഷകരെ ആത്മഹത്യയിലെത്തിക്കുന്നതെന്ന് പലരും ചൂണ്ടിക്കാട്ടിയപ്പോള്‍ സുമുഖനായ എഐസിസി സെക്രട്ടറി പ്രതികരിക്കാത്തത് എന്ത് എന്നു ചോദിക്കാതിരിക്കുക. പരിഹാരക്രിയകള്‍ക്ക് യുപിഎയുടെ മഹാദേവതയായ സ്വന്തം മാതാവു വഴി സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താത്തതെന്ത് എന്ന് ചോദിക്കാതിരിക്കുക.
എന്നാലും അദ്ദേഹം എത്തിയല്ലോ കലാവതിയെത്തേടി. ആണവക്കരാറിന്റെ ഏറ്റവും വലിയ ഗുണഭോക്താവ് തങ്ങളാരുമല്ല, കലാവതിയും ശശികലയുമാണെന്ന് അദ്ദേഹം പറഞ്ഞില്ലേ പാര്‍ലമെന്റില്‍? കലാവതി അതൊന്നും വിശ്വസിച്ചില്ലെങ്കിലെന്ത്, ഇന്ത്യാ മഹാരാജ്യത്തിലെ ദരിദ്രകോടികള്‍ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുകയല്ലേ ആണവക്കരാര്‍ ഒപ്പിട്ടു കിട്ടാന്‍.
കപ്പലേറി വരുന്ന യുറേനിയത്തില്‍ തങ്ങളുടെ ജീവിതദുരിതങ്ങള്‍ക്ക് പരിഹാരമുണ്ടാകുമെന്ന അറിവ് ഒരുപക്ഷേ, ഇനിയുളള കര്‍ഷക ആത്മഹത്യകളുടെ എണ്ണം ഗണ്യമായി കുറച്ചേക്കാം.
ഇന്ദിരയും രാജീവും കൊണ്ടു പിടിച്ച് ശ്രമിച്ചിട്ടും വിട്ടുപോകാന്‍ വിസമ്മതിച്ച ഗരീബിയെന്ന ഭീകരനെ ആണവ റിയാക്ടറുകളിലെ യുറേനിയം ഉപയോഗിച്ച് രാഹുല്‍ ഗാന്ധിയെന്ന് നാം സ്നേഹത്തോടെ വിളിക്കുന്ന റോബര്‍ട്ടോ റൗള്‍ മെയിനോ ഉന്മൂലനം ചെയ്യുന്ന നാളുകള്‍ക്കായി കാത്തിരിക്കുക.












Click it and Unblock the Notifications