കര്‍ഷകര്‍ക്ക് സിപിഐയുടെ വയാഗ്ര
ഭക്ഷ്യ സുരക്ഷാ പദ്ധതി നിലവില്‍ വന്നാല്‍ കൃഷി വകുപ്പില്‍ നടക്കുന്ന തീവെട്ടിക്കൊളള കയ്യോടെ പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ സ്വന്തം പദ്ധതിയുമായി സിപിഐ രംഗത്തെത്തി.
കൃഷി വകുപ്പില്‍ ചെലവിടുന്ന തുക കൊണ്ട് നയാപൈസയുടെ ഉപയോഗം കേരളത്തിലെ ജനങ്ങള്‍ക്കില്ലെന്ന് തിരിച്ചറിഞ്ഞാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഭക്ഷ്യ സുരക്ഷാ പദ്ധതിയ്ക്ക് സിപിഎം ഇറങ്ങിത്തിരിച്ചത്. പഞ്ചായത്തും മുനിസിപ്പാലിറ്റിയും കോര്‍പറേഷനുമൊക്കെ കൃഷി ഭവനുകള്‍ കൊണ്ട് സമ്പന്നമാകുമ്പോഴും ഈ ഓഫീസുകള്‍ കൊണ്ട് ജനത്തിനോ കര്‍ഷകര്‍ക്കോ പറയത്തക്ക പ്രയോജനങ്ങള്‍ ഒന്നുമില്ലെന്ന്, കേരളപ്പിറവിയ്ക്കു ശേഷം പ്രമുഖ ഭരണകക്ഷിക്ക് ഇപ്പോഴാണ് ബോധ്യപ്പെട്ടത്.
കഴിഞ്ഞ രണ്ടുവര്‍ഷവും സമ്പൂര്‍ണ കുംഭകര്‍ണ സേവയിലായിരുന്ന കൃഷി മന്ത്രി, സ്വയം പര്യാപ്തമായ 100 കാര്‍ഷിക ഗ്രാമങ്ങള്‍ സൃഷ്ടിക്കുമെന്ന ബദല്‍ ബഡായിയുമായി ഇതാ രംഗപ്രവേശം ചെയ്യുന്നു. അഴിമതി പിടിക്കപ്പെടുമെന്ന, കയ്യിട്ടു വാരാനുളള അക്ഷയഖനി വറ്റാന്‍ പോകുന്നുവെന്ന ഉദ്യോഗസ്ഥപ്പരിഷകളുടെ വെപ്രാളത്തിന് ഒരു കമ്മ്യൂണിസ്റ്റ് വിപ്ലവകാരിയുടെ വിടുപണി.
ഗതിയില്ലാതെ അലയുന്ന കര്‍ഷകരെ ചിരിപ്പിച്ച് കൊല്ലാന്‍ ഒരു പ്രഖ്യാപനമുണ്ട് കൃഷി മന്ത്രിയുടെ വകയായി. പത്തോ ഇരുപതോ രൂപ വാടക ഈടാക്കി കര്‍ഷകര്‍ക്ക് താമസിക്കാന്‍ തിരുവനന്തപുരത്ത് കര്‍ഷക ഭവന്‍ ഉണ്ടാക്കുമെന്ന് സഖാവ് പ്രഖ്യാപിച്ചു കളഞ്ഞു.
ആത്മഹത്യ ചെയ്യാന്‍ ടിക് ട്വെന്റി അന്വേഷിക്കുന്ന കര്‍ഷകര്‍ക്ക് ഇനി കാര്യങ്ങള്‍ എളുപ്പം. ഈ പ്രസ്താവന വായിച്ചാല്‍ ചിരിച്ചുകൊണ്ട് പരലോകത്തെത്താം.
ഇതില്‍ പരം എന്ത് സഹായമാണ് അധ്വാനിക്കുന്ന തൊഴിലാളിക്കു വേണ്ടി പിറന്നു വീണ ഒരു മന്ത്രിപുംഗവന്‍ കര്‍ഷകന് ചെയ്തു തരേണ്ടത്?
കര്‍ഷകര്‍ക്ക് കുറഞ്ഞ വാടകയ്ക്ക് താമസിക്കാന്‍ തിരുവനന്തപുരത്ത് ഇടമില്ലാതെ പോയതാണ് കാര്‍ഷിക മേഖല അനുഭവിക്കുന്ന പ്രതിസന്ധിക്ക് കാരണമെന്ന് രണ്ടുവര്‍ഷത്തെ ഭരണത്തിനു ശേഷം കൃഷി മന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും തിരിച്ചറിയുന്നു. ചിരിക്കേണ്ടവര്‍ക്ക് ചിരിക്കാം. കരയാനോ കാര്‍ക്കിച്ച് തുപ്പാനോ തോന്നുന്നവര്‍ക്ക് അതുമാകാം.
(വഴിക്ക് പറയട്ടെ, കുറഞ്ഞ വാടകയ്ക്ക് താമസിക്കാന്‍ ഇടവും കുറഞ്ഞ നിരക്കില്‍ ഭക്ഷണവും നല്‍കി കര്‍ഷകരെ കൂട്ടത്തോടെ തിരുവനന്തപുരത്തെത്തിച്ച് പഴയ പുത്തരിക്കണ്ടത്ത് വന്‍തോതില്‍ കൃഷി നടത്തുകയാണോ മന്ത്രിയുടെ ലക്ഷ്യമെന്ന് അറിവായിട്ടില്ല. അതാണ് ഉദ്ദേശമെങ്കില്‍ നാം മുല്ലക്കരയെ വെറുതേ പരിഹസിക്കാന്‍ പാടില്ല.
കേന്ദ്രീകൃത ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന പാര്‍ട്ടി ഭരിക്കുമ്പോള്‍ കൃഷിയും കേന്ദ്രീകൃതമാകണം. എന്നുവെച്ചാല്‍ തലസ്ഥാനത്തു തുടങ്ങി കാസര്‍കോടു വരെ വ്യാപിക്കണം. കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ ഘടനയും മന്ത്രിയുടെ ലക്ഷ്യത്തെ സാധൂകരിക്കുന്നുണ്ട്).
കൃഷി വകുപ്പിന് ലഭിക്കുന്ന ബജറ്റ് വിഹിതം വര്‍ഷം തോറും വര്‍ദ്ധിക്കുമ്പോള്‍, കേരളത്തിലെ കൃഷിയിടങ്ങളുടെ വിസ്തൃതി അമ്പരപ്പിക്കുന്ന വേഗതയില്‍ ചുരുങ്ങുന്നു. കാര്‍ഷിക മേഖല തകരുന്നു, നാണ്യവിള കൃഷിയാകട്ടെ കൃഷി വകുപ്പിന്റെ കാരുണ്യത്തിലോ സഹായത്തിലോ അല്ല നടക്കുന്നതും.
പിന്നെന്തിന്, എവിടെയാണ് ഈ പണം ചെലവിടുന്നതെന്ന ചോദ്യത്തിന്റെ ഉത്തരത്തിലാണ് ഭക്ഷ്യസുരക്ഷാ പദ്ധതിയോടുളള സിപിഐയുടെ എതിര്‍പ്പിന്റെ മര്‍മ്മം കിടക്കുന്നത്.
കൃഷി വകുപ്പിന് വന്‍തുക ചെലവിടുമ്പോഴും സംസ്ഥാനം ഭക്ഷ്യോല്‍പനങ്ങള്‍ക്ക് അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്നു. ആയിനത്തിലും കോടികള്‍ ഖജനാവിന് ചെലവ്. കൃഷി വകുപ്പ് വഴി ചെലവിട്ട കോടികള്‍ ഏതുവഴിയാണ് ഒലിച്ചു പോയത് എന്ന ചോദ്യം ഉയരും മുമ്പ് മന്ത്രിക്കും പാര്‍ട്ടിക്കും രക്ഷപെടേണ്ടേ.
ഒരു തരികിട പരിപാടി തല്ലിക്കൂട്ടി ജനത്തിന്റെ കണ്ണിലിട്ടാല്‍ പണി തീരും. ബുദ്ധിക്ക് ആരുടെയും പുറകിലല്ല എംഎന്‍ സ്മാരകത്തിലെ വിപ്ലവ കേസരികള്‍.
ചിരിക്കരുത്. സ്വയം പര്യാപ്തമായ 100 ഹരിത സുന്ദര ഗ്രാമങ്ങള്‍ സൃഷ്ടിക്കുമത്രേ ഈ വര്‍ഷം! ആറുമാസം കൂടിയേ വര്‍ഷത്തില്‍ ഇനി ശേഷിക്കുന്നുളളൂ. വരുന്നത് മണ്‍സൂണ്‍ കാലം. രണ്ടുമാസം മഴയിലൊലിച്ചു പോകും. ഇടവപ്പാതിയ്ക്കു ശേഷം നെല്ലു വിതച്ച് കൊയ്ത് അരിയാക്കി തിരഞ്ഞെടുക്കപ്പെട്ട 100 ഗ്രാമങ്ങളിലെ ജനത ഉണ്ടുറങ്ങാന്‍ പോകുകയാണ്.
ശ്രീനിവാസനെ ഓര്‍മ്മിക്കരുത്. എത്ര സുന്ദരമായ നടക്കാത്ത സ്വപ്നങ്ങള്‍ എന്ന ഡയലോഗും.
തരിശായി കിടക്കുന്ന 35000 ഏക്കര്‍ ഭൂമിയില്‍ കൃഷിയിറക്കിക്കളയും എന്നൊരു ഭീഷണിയുമുണ്ട്, മുല്ലക്കരയുടെ വകയായി. ആരോടാണെന്ന് വ്യക്തം. മുല്ലക്കരയും സിപിഐയും തരിശായി കിടക്കുന്ന ഇത്രയും ഭൂമിയില്‍ കൃഷി തുടങ്ങിയാല്‍, പഞ്ചായത്തില്‍ അധികം 10 ഏക്കറില്‍ കൃഷിയെന്ന മറ്റേ പദ്ധതി എവിടെ കൊണ്ട് നടപ്പാക്കും? ഫീനിക്സ് ചൊവ്വയിലിറങ്ങിയിട്ടുണ്ടെന്നതു മാത്രമാണ് ഒരാശ്വാസം.
കര്‍ഷകര്‍ക്ക് പെന്‍ഷന്‍ പദ്ധതി, വിവിധ കാര്‍ഷികോല്‍പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ദേശീയ കര്‍ഷകോത്സവം. അന്തര്‍ദേശീയ കാര്‍ഷിക സെമിനാര്‍. സ്വപ്നങ്ങളുടെ പട്ടിക നീളുന്നു.
ആര്‍ക്കോ വേണ്ടി ഉല്‍പന്നങ്ങള്‍ ഉല്‍പാദിപ്പിച്ചതും വിദേശ വിപണി ലക്ഷ്യമിട്ടതുമാണത്രേ കേരളം നേരിടുന്ന കാര്‍ഷിക പ്രതിസന്ധിക്ക് കാരണം. മന്ത്രി സഖാവ് മൊഴിഞ്ഞതാണ്. തെറ്റാന്‍ വഴിയില്ല. 1930 വരെ നമ്മുടെ ഗ്രാമങ്ങള്‍ സ്വയം പര്യാപ്തമായിരുന്നുവെന്ന് അദ്ദേഹം കണ്ടു പിടിച്ചിട്ടുണ്ട്.
അതായത് സഖാവ് ജനിക്കുന്നതിനും 25 വര്‍ഷം മുമ്പേ ഗ്രാമങ്ങളുടെ കഷ്ടകാലം തുടങ്ങിയിരുന്നു. നീണ്ട 78 വര്‍ഷങ്ങള്‍ക്കു ശേഷം ആ ഗ്രാമങ്ങള്‍ക്കിതാ ശാപമോക്ഷം കിട്ടാന്‍ പോകുന്നു. കൊടിവെച്ച കാറില്‍ പറക്കുന്ന മുല്ലക്കരയുടെ പിന്നാലെ കേരളീയ ഗ്രാമങ്ങള്‍ 1930നും മുമ്പുളള അവസ്ഥയിലേയ്ക്ക് വെച്ചടി വെച്ചടി മുന്നേറും.
ഇമ്മാതിയൊരു വിഴുപ്പിനെ ചുമലിലേറ്റാന്‍ ഈ നാട് എന്ത് മുജ്ജന്മ പാപമാണാവോ ചെയ്തത്? രാഷ്ട്രീയ പ്രബുദ്ധതയ്ക്കും സമ്പൂര്‍ണ സാക്ഷരതയ്ക്കും ഇതാണ് ശിക്ഷയെന്ന് തമിഴ്‍നാടും ആന്ധ്രയുമൊക്കെ എത്ര പണ്ടേ തിരിച്ചറിഞ്ഞിരിക്കണം. അവരുടെ ആ തിരിച്ചറിവാണ് വാളയാര്‍, അമരവിള ചെക്ക് പോസ്റ്റുകള്‍ താണ്ടി വരുന്ന നാഷണല്‍ പെര്‍മിറ്റ് ലോറികളിലെ അരിയും പച്ചക്കറിയും പലവ്യജ്ഞനങ്ങളുമായി മാറിയത്. അത് മൃഷ്ടാന്നം തിന്നും കുടിച്ചും മലയാളി ഇതുപോലുളള ജന്മങ്ങളെ ചുമക്കുന്നു.
ഇനിയുളള കാലത്ത് അരി തിന്നരുതെന്നും വിലക്കയറ്റം തടയാന്‍ പാലും മുട്ടയും കോഴിയിറച്ചിയും ശീലമാക്കണമെന്നും ഉപദേശിച്ച മന്ത്രിയും തന്നാലാവുന്ന ദര്‍ശനങ്ങള്‍ തട്ടിവിട്ടിട്ടുണ്ട്. ലോകത്താകെ കാര്‍ഷിക ഉത്പാദനത്തില്‍ മുന്നേറ്റമുണ്ടായപ്പോള്‍ എവിടെ വെച്ചോ നമുക്ക് ആലസ്യം വന്നെന്നാണ് സഖാവ് സി ദിവാകരന്‍ കണ്ടുപിടിച്ചു കളഞ്ഞത്.
കര്‍ഷകരുടെ ആ ആലസ്യമകറ്റാനുളള വയാഗ്രയാണ് എംഎന്‍ സ്മാരകത്തില്‍ ഉരുത്തിരിഞ്ഞ ഈ ബദല്‍ ബഡായി.
ഒരു കാര്യം ഉറപ്പാണ്. സ്വയം പര്യാപ്ത ഗ്രാമങ്ങള്‍ ഉണ്ടായില്ലെങ്കിലും 35000 ഏക്കറില്‍ കൃഷി നടന്നില്ലെങ്കിലും തിരുവനന്തപുരത്ത് കര്‍ഷക ഭവന്‍ ഉയരും. തലസ്ഥാനത്തുളളവര്‍ക്കും അവിടെയെത്തുന്നവര്‍ക്കും "കൃഷി" നടക്കണം, അതിന് "കൃഷി ഭൂമി" വികസിക്കണം....
ഖജനാവിലെ പണം, മുല്ലക്കരയുടെ ഭരണം...............വലിയെടാ വലി...................ഒടുക്കത്തെ വലി...












Click it and Unblock the Notifications