കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എങ്ങനെ അന്തിയ്ക്ക് വിരിയുന്ന ബുദ്ധിജീവിയാവാം

  • By Staff
Google Oneindia Malayalam News

അന്തിയ്ക്ക് വിരിയുന്ന ബുദ്ധി / ജീവികള്‍ - II

ഇതിനായി പല രീതികളുണ്ട്. ഏറ്റവും എളുപ്പ രീതിയാണ് ഇവിടെ വിശദീകരിയ്ക്കുന്നത്. നിങ്ങള്‍ നേരത്തേ തന്നെ ഇപ്പോള്‍ തന്നെ മുന്‍ നക്സലൈറ്റെന്നോ പ്രഖ്യാത ഭരണ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയവനോ വനിതാ വിമോചന ആശയക്കാരോ, ഹിന്ദി വാണിജ്യ ചലച്ചിത്ര ലോകത്തെ 'ബുദ്ധിജീവി'യോ ഇതൊന്നുമല്ലെങ്കില്‍ അല്ലെങ്കില്‍ അഡ്വക്കേറ്റ്, ഡോക്ടര്‍, മാധ്യമ പ്രവര്‍ത്തകന്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍ എന്നിവയില്‍ പെട്ടയാളോ ആണെങ്കില്‍ കാര്യങ്ങള്‍ എളുപ്പമായി. ഇതൊന്നുമല്ലെങ്കിലും പ്രശ്നമല്ല.

ഇനിപ്പറയുന്ന വഴികള്‍ സ്വീകരിച്ചാല്‍ മതി. മേല്‍പ്പറഞ്ഞ മേല്‍വിലാസമുണ്ടാങ്കില്‍ പെട്ടെന്ന് ഈ വര്‍ഗ്ഗത്തിലേയ്ക്ക് കയറി പറ്റാമെന്ന് മാത്രം.

ഏതെങ്കിലും ആനുകാലിക പ്രസിദ്ധീകരണത്തില്‍ സമകാലീന സംഭവങ്ങളെ ആര്‍ക്കും മനസ്സിലാകാത്ത തരത്തില്‍ വിശദീകരിയ്ക്കുന്ന ഒന്നോ രണ്ടോ ലേഖനം എഴുതുക. ഇതിലും ജാക് ദറിദ, നോം ചോംസ്കി തുടങ്ങിയവരെ ഉദ്ധരിയ്ക്കാന്‍ മറക്കരുത്. ചാനലില്‍ നിന്നുള്ള വിളി താനേ വന്നോളും. ഇല്ലെങ്കില്‍ ഈ പ്രസിദ്ധീകരണങ്ങളുടെ കോപ്പികള്‍ ചാനലുകളില്‍ നിങ്ങള്‍ക്ക് അറിയാവുന്നവര്‍ക്ക് വേണ്ട കുറിപ്പോടെ വിതരണം ചെയ്യുക.

മേല്‍പറഞ്ഞതിനൊപ്പം വേണ്ട ചില കാര്യങ്ങള്‍ കൂടി ഉണ്ട്.

തേച്ച് മിനുക്കിയ ഉടുപ്പ് (വസ്ത്രം ഖാദിയോ സാധാരണ പരുത്തിയോ ആണ് നല്ലത്. വേഷം പരുക്കന്‍ പരുത്തി കുര്‍ത്തയാണെങ്കില്‍ കൊള്ളാം. സാധാരണ ഉടുപ്പോ സാരിയോ ആയാലും തരക്കേടില്ല). കുറച്ച് ആധുനിക മുഖം സ്വീകരിയ്ക്കണമെങ്കില്‍ നമ്മുടെ ധനമന്ത്രി തോമസ് ഐസക്ക് ഇടുന്നപോലുള്ള കുര്‍ത്തകള്‍ നന്ന്. ഇതിനോടൊപ്പം ഒരു വടക്കേ ഇന്ത്യന്‍ മേല്‍മുണ്ട് (സ്റ്റോള്‍ എന്ന് ആംഗലേയം) കൂടി ആവാം.

വൈകുന്നേരമായാല്‍ മറ്റെല്ലാ പരിപാടികളും മാറ്റിവച്ച് ടെലിവിഷന്‍ വാര്‍ത്താ ചാനലുകള്‍ നിര്‍ദ്ദേശിയ്ക്കുന്ന സ്ഥലത്തെത്താന്‍ തയ്യാറായിരിയ്ക്കുക. അതിനായ കുളിച്ച് സുന്ദരി - സുന്ദരന്‍ ആവുക. ചാനലുകാര്‍ ഒരു മേക്കപ്പ് നടത്തുമെന്നതുകൊണ്ട് സ്വന്തമായി അത് ചെയ്യണമെന്ന് നിര്‍ബന്ധമില്ല. ചെയ്താലും ചാനലുകാര്‍ പിണങ്ങില്ല.

ഇനി ക്യാമറയ്ക്ക് മുന്നിലെത്തിയാല്‍ - ചോദ്യം ചോദിയ്ക്കുന്ന ആളോ ചര്‍ച്ചയില്‍ പങ്കെടുക്കുന്നവരോ പറയുന്നതൊന്നും തന്നെ ശ്രദ്ധിയ്ക്കാതിരിയ്ക്കുക. എപ്പോള്‍ സംസാരിയ്ക്കാന്‍ ആവശ്യപ്പെട്ടാലും തനിയ്ക്ക് പറയാന്‍ ഉള്ളത് മാത്രം പറഞ്ഞുകൊണ്ടേയിരിയ്ക്കുക. (ശ്രദ്ധിയ്ക്കുക - നിങ്ങള്‍ പറയുന്നത് കണ്ട്-കേള്‍ക്കുന്നവര്‍ക്ക് ബുദ്ധി ഉണ്ടെന്ന കാര്യം സമ്പൂര്‍ണമായി മറക്കുക). ബുദ്ധി ജീവി സ്വഭാവം കളയാതിരിയ്ക്കാനായി, ക്യാമറയിലേയ്ക്ക് നോക്കാതിരിയ്ക്കുക. പകരം എപ്പോഴും അനന്തതയിലേയ്ക്ക് നോക്കുക. ആകാശ ലക്ഷ്യത്തിലേയ്ക്കാവുന്നതാണ്.

എങ്കില്‍ ടെലിവിഷന്‍ വാര്‍ത്ത/ചര്‍ച്ച എന്ന ആവാസ വ്യവസ്ഥ നിലനില്‍ക്കുന്നടത്തോളം കാലം നിങ്ങള്‍ക്ക് അന്തിയ്ക്ക് വിരിയുന്ന ബുദ്ധിജീവിയായി വിലസാം.

ഇത്രയൊക്കെ ചെയ്താല്‍ എന്ത് കിട്ടും?

നിങ്ങള്‍ തെരുവില്‍ തിരിച്ചറിയപ്പെടും.

കൂടുതല്‍ ചാനലുകള്‍ നിങ്ങളെ വീണ്ടും വീണ്ടും വിളിയ്ക്കും. ചില ചാനലുകളില്‍ നിന്ന് നിങ്ങളുടെ ബുദ്ധി വിളമ്പുന്നതിന് പണം കിട്ടിയേയ്ക്കാം. മറ്റ് ഒരു പണിയുമില്ലാതെ ഈ അന്തിബുദ്ധിജീവി ആയി മാത്രം സേവനം അനുഷ്ടിയ്ക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് ചാനലുകളോട് അതുപറഞ്ഞ് പണം ആവശ്യപ്പെടാം. പക്ഷേ അവര്‍ പിന്നെ വിളിയ്ക്കാതിരിയ്ക്കാനുള്ള സാദ്ധ്യത ഉണ്ട്. കാരണം ഇത്തരം ബുദ്ധിജീവികള്‍ക്ക് പണം കൊടുക്കുന്ന പരിപാടി നമ്മുടെ ചാനലുകള്‍ക്കില്ല - ദൂരദര്‍ശനൊഴിച്ച്.

അഡ്വക്കേറ്റോ ഡോക്ടറോ ആണെങ്കില്‍ കൂടുതല്‍ ആളുകള്‍ നിങ്ങളുടെ സേവനത്തിനായി വരും. ആ പണി നിങ്ങള്‍ക്ക് അറിയാമോ എന്ന് അവര്‍ നോക്കില്ല. പകരം നിങ്ങള്‍ അറിയപ്പെടുന്ന ആളാണെന്നതായിരിയ്ക്കും വരുന്നവരുടെ പരിഗണന. നിങ്ങളുടെ സ്വന്തം പണിയില്‍ കാര്യമായി തിരക്കില്ലാത്തതുകൊണ്ടാണി അന്തിബുദ്ധിജീവിയാകാന്‍ ഇറങ്ങുന്നതെന്ന് ഇവര്‍ക്ക് അറിയില്ല. അവര്‍ക്ക് ബുദ്ധി ഇല്ലെന്നത് നമുക്ക് അറിയാമല്ലോ.

നിങ്ങളുടെ സേവനത്തിന് ശേഷം അവര്‍ക്ക് എന്ത് ഫലം കിട്ടുന്നു എന്ന് ചിന്തിയ്ക്കരുത്, നിങ്ങള്‍ക്ക് കിട്ടുന്നതിനെക്കുറിച്ച് മാത്രം ചിന്തിയ്ക്കൂ.

അന്തിയ്ക്ക് വിരിയുന്ന ബുദ്ധി / ജീവികള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X