Get Updates
Get notified of breaking news, exclusive insights, and must-see stories!

റബ്ബേ,, ഈ റബ്ബിനെ കാത്തോളണേ...

PK Abdurabb
നാലകത്ത് സൂപ്പിയുടെ മൂത്താപ്പയാകാനാണ് അബ്ദുറബ്ബിന്റെ പോക്ക്. സൂപ്പിയുടെ മണ്ടത്തരങ്ങള്‍ എന്ന പേരില്‍ നാനൂറ് പേജിന്റെ അഞ്ച് നോട്ടുബുക്കുകള്‍ മുഴുവന്‍ എഴുതാനുള്ള കഥകളാണ് അദ്ദേഹം ചുരുങ്ങിയകാലം വിദ്യാഭ്യാസമന്ത്രിയായിരുന്നപ്പോള്‍ ചെയ്തുകൂട്ടിയത്. ഇപ്പോള്‍ അബ്ദുറബ്ബും അതേവഴിക്കാണ്. തനിക്ക് ശരിക്ക് ഭരിക്കാനറിയാം, തന്നെ ആരും പിന്നില്‍ നിന്ന് നിയന്ത്രിക്കുന്നില്ല എന്ന് ഇടയ്ക്കിടെ അദ്ദേഹം പറയുന്നുണ്ട്. അതെ റബ്ബ് ഭരിക്കുകയാണ്, ഭരിച്ചുഭരിച്ച് വിദ്യാഭ്യാസം ഒരു വഴിയ്ക്കാക്കുകയാണ്.

യു ഡി എഫിന് ഭരണം കിട്ടിയാല്‍ മുസ്ലീം ലീഗ് വിദ്യാഭ്യാസവകുപ്പ് ആര്‍ക്കും വിട്ടുകൊടുക്കില്ല. സമുദായനേതാക്കള്‍ക്ക് വിദ്യാഭ്യാസം കുറഞ്ഞതിന്റെ കോംപ്ലക്‌സുകൊണ്ടാണോ അതോ സമുദായത്തിന് മൊത്തം വിദ്യാഭ്യാസപരമായ ഉന്നതി കിട്ടട്ടെ എന്ന് വിചാരിച്ചാണോ ഈ വിദ്യാഭ്യാസ പ്രേമം എന്ന് കണ്ടെത്താന്‍ ഒരു ഗവേഷണത്തിന് തന്നെ സ്‌കോപ്പുണ്ട്.

വിദ്യാഭ്യാസം ലീഗ് ഏറ്റെടുത്ത് കഴിഞ്ഞാല്‍ ആദ്യം ചെയ്യുക വിദ്യാഭ്യാസം എന്ന് മലയാളത്തില്‍ 'കൂട്ടിയെഴുതാന്‍' ബുദ്ധിമുട്ടുള്ള ഒരാളെ ആ വകുപ്പ് അങ്ങ് ഏല്‍പ്പിക്കും. അങ്ങോര് തട്ടിയും മുട്ടിയും വിറ്റും പെറുക്കിയും അഞ്ചുകൊല്ലം വകുപ്പ് കൊണ്ടുനടക്കും. ലീഗിനും ലാഭം വിദ്യാഭ്യാസ മുതലാളിമാര്‍ക്കും ലാഭം. മുസ്ലീം ലീഗില്‍ ഡോ. എം കെ മുനീറിനെപ്പോലെ പഠിച്ച പിള്ളേര്‍ ഒത്തിരിയുണ്ടെങ്കിലും വിദ്യാഭ്യാസം ഭരിക്കാന്‍ യോഗ്യത സൂപ്പിക്കും റബ്ബിനുമൊക്കെയാണ്. ഇടക്കാലത്ത് ഇ ടി മുഹമ്മദ് ബഷീറിന്റെ കയ്യില്‍ ഈ വകുപ്പെത്തിയന്നത് മാത്രമാണ് ഒരപവാദം. പ്രൈമറി സ്‌കൂള്‍ ഹെഡ്മാസ്റ്ററായ ലീഗുകാരനെ കാലിക്കറ്റ് സര്‍വ്വകലാശാല വൈസ് ചാന്‍സിലറാക്കാന്‍ നോക്കിയ വിദ്വാന്മാര്‍ ഇതല്ല ഇതിനപ്പുറവും ചെയ്യും.

ലീഗിന് കിട്ടുന്ന പരമ്പരാഗത വകുപ്പുകള്‍ വിദ്യാഭ്യാസം കൂടാതെ വ്യവസായം, പൊതുമരാമത്ത്, സാമൂഹികക്ഷേമം, തദ്ദേശസ്വയംഭരണം എന്നിവയാണ്. ഇതില്‍ സാമൂഹികക്ഷേമം ഒഴികെ ബാക്കിയെല്ലാം കച്ചവടമാക്കാന്‍ ഇവര്‍ക്കറിയാം. സാമൂഹികക്ഷേമം ചോദിച്ചുവാങ്ങുന്നതാണ്. കൊന്നാല്‍ പാപം തിന്നാല്‍ തീരുമെന്ന പ്രമാണം അനുസരിക്കാന്‍ വേണ്ടി മാത്രം. മുന്നണിക്ക് ഭരണം കിട്ടിയാല്‍ വിദ്യാഭ്യാസമെന്ന തലവേദന ആര്‍ക്കുകൊടുക്കാനും കോണ്‍ഗ്രസും തയ്യാറാണ്. സമുദായസംഘടനകളും മതസംഘടനകളും മുന്തിയ പണക്കാരും കടിപിടി കൂട്ടുന്ന ഊ സാധനം തലയില്‍ നിന്ന് ഒഴിക്കാനാണ് കോണ്‍ഗ്രസുകാര്‍ നോക്കുന്നത്. ഇനി ആരും ഏറ്റെടുത്തില്ലെങ്കില്‍ ഈയൊരു വകുപ്പേ വേണ്ടെന്ന് വെക്കാനും കോണ്‍ഗ്രസ് ചിലപ്പോള്‍ തയ്യാറാകും. അപ്പോഴാണ് കെ എസ് യുക്കാരും പണിയൊന്നുമില്ലാതെ പ്രസ്താവനമാത്രമായി നടക്കുന്ന കെ പി സി സി വക്താവ് എം എം ഹസ്സനും പറയുന്നത് വിദ്യാഭ്യാസം കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന്. വേലിയില്‍ കിടക്കുന്നത് കോണ്‍ഗ്രസിന്റെ ഖദര്‍ മുണ്ടിനകത്ത് വയ്ക്കാനാണ് ഇവരുടെ ശ്രമം.

വിദ്യാഭ്യാസ വകുപ്പ് കോണ്‍ഗ്രസ്സിന് കിട്ടിയിരുന്നുവെങ്കില്‍ നന്നായിരുന്നുവെന്നും വിദ്യാഭ്യാസ വകുപ്പില്‍ കോണ്‍ഗ്രസ്സിന് താല്‍പ്പര്യവും ആഗ്രഹവുമുണ്ടെന്നുമാണ് ഹസന്റെ അഭിപ്രായം. വിദ്യാഭ്യാസ മേഖലയെ കുറിച്ച സ്വന്തമായ കാഴ്ചപ്പാടും വീക്ഷണങ്ങളുമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്സെന്നും ഹസന്‍ പറയുന്നു. ഭരണത്തിന്റെ പിന്നാമ്പുറത്തുകൂടി അലഞ്ഞുതിരിഞ്ഞുതടക്കുന്ന ഹസന് എന്തും പറയാമല്ലോ!

മലപ്പുറത്ത് കേന്ദ്രസഹായത്തോടെ ഏരിയ ഇന്റന്‍സീവ് പ്രോഗ്രാമില്‍പ്പെടുത്തി ആരംഭിച്ച 35 സ്‌കൂളുകള്‍ എയ്ഡഡ് ആക്കുമെന്ന് വിദ്യാഭ്യാസമന്ത്രിയുടെ പ്രസ്താവനയാണ് ഈ നിയമസഭാ സമ്മേളനത്തില്‍ സര്‍ക്കാരിനെതിരെയുള്ള പ്രതിപക്ഷത്തിന്റെ പ്രധാനായുധം. മുസ്ലീംലീഗ് കോടികളുടെ അഴിമതി നടത്താനുള്ള നീക്കമാണ് നടത്തുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ വാദമെങ്കില്‍ മലപ്പുറത്തെ സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കാനുള്ള തീരുമാനം സാമുദായിക ധ്രുവീകരണത്തിനു വഴിതെളിക്കുമെന്നാണ് കെ പി സി സി പ്രസിഡന്റിന്റെയും കെ എസ് യുവിന്റെയും മറ്റ് കോണ്‍ഗ്രസ് നേതാക്കളുടെയും എതിര്‍പ്പ്. അഞ്ചാം മന്ത്രിപ്രശ്‌നത്തില്‍ എന്‍ എസ് എസും എസ് എന്‍ ഡി പിയും ഉറഞ്ഞുതുള്ളി നില്‍ക്കുമ്പോള്‍ മുസ്ലീം സമുദായത്തിനു മാത്രം പ്രയോജനം കിട്ടുന്ന തീരുമാനം ഇപ്പോഴത്തെ നിലയില്‍ സ്വീകാര്യമല്ലെന്നാന്ന് കെ പി സി സി പ്രസിഡന്റിന്റെ അഭിപ്രായം.

നിയമസഭയില്‍ പ്രതിപക്ഷം ഈ വിഷയം ഏറ്റെടുക്കുകയും വന്‍പ്രതിഷേധം ഉയര്‍ത്തുകയും ചെയ്തു. ഈ മാസം 13ന് ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ ഈ സ്‌കൂളുകള്‍ എയ്ഡഡ് ആക്കണമെന്ന നിര്‍ദേശമാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്തുനിന്ന് വന്നത്. ഇത് ധനകാര്യ വകുപ്പിന്റെ പരിഗണനയ്ക്ക് വിടുകയും ചെയ്തു. എല്ലാ കാര്യങ്ങളും പരിഗണിച്ച ശേഷമാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുകയെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു. എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്തു തന്നെ ഈ സ്‌കൂളുകള്‍ എയ്ഡഡ് ആക്കാനുള്ള നീക്കം ആരംഭിച്ചിരുന്നതായും മുന്‍ വിദ്യാഭ്യാസമന്ത്രി എം എ ബേബിയാണ് ഇത് സംബന്ധിച്ച ഫയലുകള്‍ നീക്കിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

തര്‍ക്കം മൂത്ത് കെ എസ് യുക്കാരും എം എസ് എഫുകാരും റോഡില്‍കിടന്നടിക്കുന്ന സ്ഥിതി വരെയെത്തിയിട്ടുണ്ട് കാര്യങ്ങള്‍. എയ്ഡഡ് സ്‌കൂള്‍ പ്രശ്‌നം മൂത്തുകഴിഞ്ഞാല്‍ അബ്ദുറബ്ബിന്റെ കാര്യം കട്ടപ്പൊകയാകും. ലീഗിന് ഇനിയും 15 എം എല്‍ എമാര്‍കൂടി മന്ത്രിമാരാകാന്‍ കാത്തിരിപ്പുണ്ട്. ഇനി റബ്ബിന്റെ കാര്യം സാക്ഷാല്‍ റബ്ബ് തന്നെ നോക്കേണ്ടിവരുമെന്ന് സാരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+