ഇപ്പോള്‍ കയറെടുക്കേണ്ടത് പിണറായി സഖാവാണ്!

പരിപൂര്‍ണ പരാജയം നേരിട്ട പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, ഈ ഘട്ടത്തിലെങ്കിലും ആ കസേരയൊഴിയുകയാണ് യഥാര്‍ത്ഥത്തില്‍ വേണ്ടത്. കൂട്ടത്തില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റും. സി പി എം ഔദ്യോഗിക പക്ഷത്തിന്റെ വാക്കുകളില്‍ പറഞ്ഞാല്‍ ഇത്രയേറെ പാര്‍ട്ടിവിരുദ്ധപ്രവര്‍ത്തനവും പാര്‍ട്ടി ദ്രോഹ പ്രവര്‍ത്തനങ്ങളും നടത്തിയ ഒരാളെ പുറത്താക്കാന്‍ കഴിഞ്ഞില്ലെന്നത് പോയിട്ട് പാര്‍ട്ടി ഘടനയില്‍ ഒരുപടി താഴ്ത്തി നിര്‍ത്താന്‍ പോലും കഴിവില്ലാത്ത ഒരു സെക്രട്ടറി എന്തിനാണീ പാര്‍ട്ടിക്ക്? എന്തിനാണ് ഇങ്ങനെയൊരു സെക്രട്ടേറിയറ്റ്്?
കേരളത്തിലെ പാര്‍ട്ടി പ്രവര്‍ത്തകരെയും മാധ്യമപ്രവര്‍ത്തകരെയും രാഷ്ട്രീയ നിരീക്ഷകരെയും ഇടതുപക്ഷ വിശ്വാസികളെയും സാധാരണ പൗരന്മാരെയും കഴിഞ്ഞ ഏതാനും ആഴ്ചകള്‍ സി പി എം ഔദ്യോഗികപക്ഷം വല്ലാതെ ആശിപ്പിച്ചുകളഞ്ഞു. എന്തിനേറെ പറയുന്നു. ഒഞ്ചിയത്തെ കുലംകുത്തികള്‍ പോലും സംഗതി വിശ്വസിച്ചു. പാര്‍ട്ടി നടപടിയുണ്ടായാല്‍ വി എസ് അച്യുതാനന്ദന്‍ സി പി എം വിട്ട് പുറത്തുവരുമെന്നും സി പി എം വിമതരുടെ കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കി പുതിയ പാര്‍ട്ടിയുണ്ടാക്കുമെന്നുമാണ് റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കാര്‍ മനപ്പായസമുണ്ടത്.
കോഴിക്കോട് മുതലക്കുളം മൈതാനം ആഴ്ചകള്‍ക്ക് മുമ്പ് തന്നെ ആര്‍ എം പിക്കാര്‍ ബുക്ക് ചെയ്തത് സഖാവ് വി എസിന് സ്വീകരണം നല്‍കാനാണ്. മുതലക്കുളത്തെ അലക്കുകാര്‍ക്ക് അത്രയെങ്കിലും ആശ്വാസം. പരിപാടി നടന്നാല്‍ അവരുടെ രണ്ടുദിവസത്തെ പണി മുടങ്ങിയേനേ!
സി പി എം മേഖലാ റിപ്പോര്‍ട്ടിംഗുകളിലും താഴെത്തട്ടിലും ആഴ്ചകളായി പാര്‍ട്ടി നേതൃത്വം അണികളെ സജ്ജരാക്കുന്ന തിരക്കിലായിരുന്നു. ഒന്നുകില്‍ വി എസിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കും. അല്ലെങ്കില്‍ കടുത്ത നടപടിയുടെ ആഘാതം നേരിടാനാകാതെ അദ്ദേഹം സ്വയമേവ പാര്‍ട്ടി വിടും. ഈ ഘട്ടത്തില്‍ പാര്‍ട്ടിക്ക് കനത്ത ഉലച്ചിലുണ്ടാകാതെ സൂക്ഷിക്കാനുള്ള മുന്നൊരുക്കങ്ങള്‍ ബ്രാഞ്ച് തലം വരെ നടത്തുന്നതില്‍ പാര്‍ട്ടി സജ്ജമായിക്കഴിഞ്ഞിരുന്നു.
കടുത്ത വി എസ് പക്ഷക്കാര്‍ പോലും ഈ പടയൊരുക്കങ്ങള്‍ കണ്ട് സംഗതി സത്യമാകുമെന്ന് തന്നെ വിശ്വസിക്കുകയും ചെയ്തു. എന്നിട്ടെന്തായി.... പവനായി ശവമായി എന്ന് ദാസനും വിജയനും പട്ടണപ്രവേശമെന്ന സിനിമയില്‍ പറയുന്നപോലെ പാര്‍ട്ടി സെക്രട്ടറി മുതല്‍ താഴോട്ടുള്ള കൊമ്മിസാറുമ്മാര്‍ എല്ലാവരും ഇപ്പോള്‍ ശവതുല്യരായി. പരസ്യശാസന എന്ന് കേട്ടപ്പോള്‍ തന്നെ വി എസ് ഊറിച്ചിരിച്ചിരിക്കും. ''നടപടികളെയൊന്നും വകവയ്ക്കുന്നവനല്ല ഞാനെന്ന് നിങ്ങള്‍ക്കറിയാമല്ലോ'' എന്ന് പറഞ്ഞ് ഇത്തവണ തിരുവനന്തപുരത്തുനിന്ന് ഡല്‍ഹിക്ക് വിമാനം കയറിയ വി എസിന് വ്യക്തമായി അറിയാമായിരുന്നു പാര്‍ട്ടി പരമോന്നത സമിതി പോലും തന്റെ വിരട്ടലില്‍ വീണുപോവുമെന്ന്. അത് തന്നെ സംഭവിക്കുകയും ചെയ്തു.
കയറെടുക്കേണ്ട മറ്റൊരു കൂട്ടര്‍ കേരളത്തിലെ ചാനല്‍ വാര്‍ത്താ അവതാരകരും സി പി എം ബീറ്റുകാരായ റിപ്പോര്‍ട്ടര്‍മാരുമാണ്. എല്ലാ പുലികളും വി എസിനെതിരെയുള്ള നടപടികള്‍ കാലേക്കൂട്ടി പ്രവചിക്കുകയും ആ സ്‌ഫോടനാത്മക നിമിഷം പ്രതീക്ഷിച്ച് കോള്‍മയിര്‍കൊണ്ടിരിക്കുകയുമായിരുന്നു. കൈരളി-പീപ്പിള്‍ ചാനലില്‍ പാര്‍ട്ടിക്കാശ് വാങ്ങുന്നവരൊഴികെ കേരളത്തിലെ സകലമാന വാര്‍ത്താച്ചാനല്‍ റിപ്പോര്‍ട്ടര്‍മാരും വാര്‍ത്താ അവതാരകരും ആണുപെണ്ണടക്കം വി എസ് പക്ഷക്കാരും വി എസ് ആരാധകരുമാണെന്ന് പരസ്യമായ കാര്യമാണ്.
വി എസ് ആരാധന മൂത്ത് കൈരളി വിട്ട് മറ്റ് വി എസ് പക്ഷ ചാനലുകളില്‍ ചേക്കേറിയ സാധുക്കളുമുണ്ട്. ഇതിനിടെ കടുത്ത വി എസ്് ആരാധകരായ മാധ്യമക്കാരില്‍ ചിലര്‍ ആരാധന മൂത്ത് വി എസിന്റെ മണ്ഡനവിമര്‍ശകരായി മാറി. എന്തിനാണ് വി എസ് പാര്‍ട്ടി വിടാന്‍ അമാന്തിക്കുന്നതെന്നാണ് ഇക്കൂട്ടരുടെ ആവര്‍ത്തിച്ചുള്ള ചോദ്യം. വി എസ് മരിക്കുന്നതുവരെ പാര്‍ട്ടിയിലുണ്ടാകും, ഈ ചൊങ്കൊടി പുതച്ചേ മൂപ്പിലാന്‍ വലിയ ചുടുകാട്ടിലേക്ക് പോവുകയുള്ളൂ. മാര്‍ക്‌സിനെ മാര്‍ക്‌സിസം പഠിപ്പിക്കുന്നതിന് തുല്യമാണ് വി എസിനെ പാര്‍ട്ടി അച്ചടക്കം പഠിപ്പിക്കാനുള്ള ശ്രമമെന്ന് വി എസ് വിരുദ്ധരും വി എസ് അനുകൂലികളും ഇനിയെങ്കിലും അറിയുന്നത് നന്ന്!
വാല്‍ക്കഷണം: ഈ സിപിഎം രാഷ്ട്രീയകളിയ്ക്ക് നേരെ ലൈവ് ക്യാമറപിടിച്ച ഒട്ടുമിക്ക മലയാളം ചാനലുകളും ഇന്ത്യയുടെ രാഷ്ട്രപതിയായി പ്രണാബ് മുഖര്‍ജി തിരഞ്ഞെടുക്കപ്പെട്ട വിവരം കൃത്യസമയത്ത് പ്രേക്ഷകരെ അറിയിക്കാന്‍ മറന്നു പോയി. ഇംഗ്ലീഷ് ചാനലുകളിലും ഒട്ടുമിക്ക വെബ്‌സൈറ്റുകളിലും വാര്‍ത്തവന്ന് ഏറെ കഴിഞ്ഞതിനുശേഷമാണ് ഈ സംഗതിയെ കുറിച്ച് നമ്മുടെ ചാനലുകള്‍ക്ക് ബോധം വന്നത്.












Click it and Unblock the Notifications