സി പി എമ്മിന് വേണ്ടിയൊരു തുറന്ന കത്ത്

പണ്ടെങ്ങോ ഒഞ്ചിയത്ത് നിന്ന് സി പി എം വിട്ടുപോയ ആളാണെന്ന് ആരൊക്കെയോ പറഞ്ഞറിഞ്ഞിട്ടുണ്ട്. അങ്ങനെ ജനമറിയേണ്ട വലിയ ആളൊന്നുമായിരുന്നില്ലല്ലോ ഈ ടി പി ചന്ദ്രശേഖരന്‍! എന്തോ അതിരുതര്‍ക്കമോ അയല്‍പക്കവഴക്കോ ഭൂമിക്കച്ചവടപ്രശ്‌നമോ മൂത്ത് എതിര്‍കക്ഷിയില്‍ പെട്ട ചില ഗുണ്ടകള്‍ റോഡിലിട്ട് വെട്ടിക്കൊന്ന ടി പിയുടെ കൊലപാതകം തല്‍പ്പരകക്ഷികളും കോണ്‍ഗ്രസും സിന്‍ഡിക്കേറ്റ് മാധ്യമങ്ങളും സി പി എമ്മിന്റെ തലയില്‍ വച്ചുകെട്ടുകയാണ്. നൂറുവട്ടം സത്യം പറഞ്ഞിട്ടും എത്ര സി പി എം നേതാക്കളെയാണ് യു ഡി എഫിന്റെ പൊലീസ് പിടിച്ച് അകത്തിട്ടിരിക്കുന്നത്. ഇത് യഥാര്‍ത്ഥത്തില്‍ കടുത്ത മനുഷ്യാവകാശ ലംഘനം തന്നെയല്ലേ!
സി പി എമ്മിന് ടി പി ചന്ദ്രശേഖരന്‍ വധത്തില്‍ ഒരു പങ്കുമില്ലെന്ന് പാര്‍ട്ടി ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയും ദേശീയ ജനറല്‍ സെക്രട്ടറിയും ആണയിട്ട് പറഞ്ഞിട്ടും വിശ്വാസമായില്ലെങ്കില്‍ പാര്‍ട്ടിയും പാര്‍ട്ടി നേതാക്കളും എന്ത് ചെയ്യും? ഇനി ഫിഡല്‍ കാസ്‌ട്രോയുടെ സത്യവാങ്മൂലം അങ്ങ് ക്യൂബയില്‍ പോയി കൊണ്ടുവരണമോ! ചങ്കെടുത്ത് കാണിച്ചാല്‍ ചെമ്പരത്തിപ്പൂവാണെന്ന് പറയുന്ന മാധ്യമങ്ങളെ നിരോധിക്കുകയും മാധ്യമപ്രവര്‍ത്തകരെ ജയിലിലിടുകയുമാണ് വേണ്ടത്. ഒരാളെ കൊല്ലുന്ന കാര്യം ആലോചിക്കാന്‍ പോലും ത്രാണിയുള്ള പാര്‍ട്ടിയല്ല ഈ പാര്‍ട്ടി. സത്യം പറഞ്ഞാല്‍ ആര്‍ക്കും ഈ പാര്‍ട്ടിയെക്കുറിച്ച് ഒരു ചുക്കും ചുണ്ണാമ്പുമറിയില്ല. പാര്‍ട്ടിയുടെ വിമര്‍ശകരേ, നിങ്ങള്‍ അരിയാഹാരം കഴിക്കുന്നവരല്ലേ! എന്നിട്ടും സത്യം എത്രതവണ പറഞ്ഞിട്ടും നിങ്ങള്‍ക്കത് സത്യമാണെന്ന് ബോധ്യപ്പെടാത്തതെന്തേ!
ഇത്ര സത്യസന്ധരും നിഷ്‌കളങ്കരും തെറ്റുകുറ്റങ്ങളെ തീണ്ടാപ്പാടകലെ നിര്‍ത്തുന്നവരുമായ സി പി എമ്മുകാരെ അവിശ്വസിക്കുന്നത് ഇനിയെങ്കിലും മാലോകര്‍ അവസാനിപ്പിക്കണം. നിങ്ങള്‍ക്ക് വിശ്വാസമില്ലെങ്കില്‍ വേണമെങ്കില്‍ പാര്‍ട്ടി ഒന്നുകൂടി ടി പി വധത്തെക്കുറിച്ച് അന്വേഷണം നടത്താം. ഒന്നല്ല നൂറുവട്ടം അന്വേഷണം നടത്തിയിട്ടും കാര്യമില്ല, ചെയ്തിട്ടില്ലെന്ന് പറഞ്ഞാല്‍ പിന്നെ ചെയ്തിട്ടില്ല. ഒഞ്ചിയത്തെയെങ്ങാനും പാര്‍ട്ടിപ്രവര്‍ത്തകര്‍ ടി പിയെക്കൊന്ന ഗുണ്ടാസംഘത്തിലുണ്ടോ എന്ന് ഒന്നുകൂടി പരിശോധിക്കാം. അങ്ങനെ ആരെങ്കിലും പെട്ടിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ പാര്‍ട്ടി തന്നെ നടപടിയെടുക്കാം, പാര്‍ട്ടിയില്‍ നിന്ന് തന്നെ പുറത്താക്കാം. എന്താ പോരേ!
അല്ലാതെ ടി പി വധം, ഷുക്കൂര്‍ വധം, ഫസല്‍ വധം എന്നൊക്കെപ്പറഞ്ഞ് പാര്‍ട്ടിക്കാരെയും നേതാക്കളെയും പിടിച്ച് ജയിലിലിടുന്നത് മനപൂര്‍വ്വം ഈ പാര്‍ട്ടിയെ തകര്‍ക്കാനാണ്.
മനപ്പൂര്‍വ്വം പാര്‍ട്ടിയെ തകര്‍ക്കാന്‍ പാര്‍ട്ടി ശത്രുക്കള്‍ക്കൊപ്പം സംസ്ഥാന കേന്ദ്ര-സര്‍ക്കാരുകള്‍ കൂട്ടുനില്‍ക്കുകയാണ്. ചന്ദ്രശേഖരന്‍ മരിച്ചതില്‍ അദ്ദേഹത്തിന്റെ ഭാര്യയും ബന്ധുക്കളും ചന്ദ്രശേഖരന്റെ പാര്‍ട്ടിക്കാരും കടുത്ത ദുഖത്തിലാണ്. അവര്‍ ദുഖം സഹിക്കാനാവാതെ പലതും പുലമ്പും. സമനില തെറ്റിയവരുടെ ജല്‍പ്പനങ്ങളായി മാത്രം അതിനെ കണ്ടാല്‍ മതി.
സി ബി ഐ അന്വേഷിക്കേണ്ടെന്ന് പാര്‍ട്ടി ആവശ്യപ്പെട്ട സ്ഥിതിക്ക് തുടരന്വേഷണം വേണമെങ്കില്‍ അത് പാര്‍ട്ടിയെത്തന്നെ ഏല്‍പ്പിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപടിയെടുക്കുകയാണ് യഥാര്‍ത്ഥത്തില്‍ വേണ്ടത്. സി ബി ഐയെ വെല്ലുന്ന അന്വേഷണസംഘം ഉള്‍പ്പെടെ പാര്‍ട്ടിക്ക് എല്ലാവിധ സംവിധാനങ്ങളും ഉണ്ട്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി നേരിട്ട് തന്നെ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ നേതൃത്വത്തില്‍ എളമരം കരീമും പി ജയരാജനും നേരിട്ട് പോയി വധത്തെക്കുറിച്ച് അന്വേഷിക്കും. അപ്പോള്‍ മനസിലാകും യഥാര്‍ത്ഥ സത്യം. എന്നിട്ടും സത്യം മനസിലാകുന്നില്ലെങ്കില്‍ പോയി വേറെ പണി നോക്ക്, ഞങ്ങള്‍ക്കൊരു ചുക്കുമില്ല.












Click it and Unblock the Notifications