എന്‍ഡിഎഫ്, ജമാത്തെഇസ്ലാമി അയിത്തം മാറിയോ?

തൊട്ടുകൂടായ്മയും തീണ്ടി കൂടായ്മയും പ്രഖ്യാപിച്ച് ദൂരെ മാറ്റിനിര്‍ത്തിയിരുന്ന ജമാത്തെ ഇസ്ലാമി, എസ്ഡിപിഐ പോലുള്ള സംഘടനകളെയെല്ലാം ഈ കൂട്ടായ്മയില്‍ എത്തിക്കാനുള്ള 'ഹൃദയവിശാലത' ലീഗ് നേതൃത്വം ഇപ്പോള്‍ കാണിക്കുന്നു. ലീഗിന്റെ ഈ മനം മാറ്റത്തിനു കാരണം എന്താണ്?
ഏതുവിധേനയും സമുദായത്തിന്റെ പിന്തുണ ആര്‍ജ്ജിച്ചേ മതിയാകൂ എന്ന തീരുമാനത്തിനു പിന്നിലെ അടിയൊഴുക്കുകള്‍ എന്തെല്ലാമാണ്? സമുദായ താല്‍പ്പര്യം സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധരാണെന്നും ലീഗിന്റെ നിലപാടുകള്‍ സമുദായത്തിന്റെ നിലപാടുകളാണെന്നും പ്രസംഗവേദികളില്‍ കസറുന്നതില്‍ ഒരു ലീഗ് നേതാവും പിന്നിലല്ല.
എന്നാല്‍ സമുദായത്തിനുള്ളിലെ മുന്നോക്കക്കാരുടെയും പ്രമാണിമാരുടെയും താല്‍പ്പര്യമനുസരിച്ചാണിവര്‍ പ്രവര്‍ത്തിക്കുന്നതെന്ന് സാധാരണക്കാരായ പ്രവര്‍ത്തകര്‍ പോലും പരസ്യമായി വിളിച്ചുപറയുന്ന സ്ഥിതിയാണിപ്പോള്‍ ഉള്ളത്. നേതൃത്വത്തിനെതിരേയുള്ള ഈ അസംതൃപ്തി പാര്‍ട്ടി ഓഫിസുകളില്‍ നിന്നും തെരുവീഥികളിലെത്തി നില്‍ക്കുന്നു.
ജില്ലാ നേതാക്കന്മാരെ കൈയേറ്റം ചെയ്യുന്നു. സംസ്ഥാന നേതാക്കന്മാരെ സമ്മേളനഹാളിനു മുന്നില്‍ തടഞ്ഞുവെയ്ക്കുന്നു. അഖിലേന്ത്യാനേതാവിന്റെ കോലം തെരുവില്‍ കത്തിക്കുന്നു. അനിഷേധ്യ നേതാവായ പാണക്കാട്ടെ തങ്ങളുടെ മുന്നിലേക്ക് പ്രതിഷേധപ്രകടനം നടത്തുന്നു.
പാര്‍ട്ടിക്കുള്ളിലെ സ്ഥിതി ഇതാണെങ്കില്‍ സ്വന്തം മുന്നണിക്കുള്ളിലാവട്ടെ ഇതിലും വലിയ പടയൊരുക്കമാണ്. ഭരണത്തെ പച്ച പുതപ്പിക്കുകയാണെന്നും സര്‍ക്കാറിന്റെ പ്രതിച്ഛായയെ തകര്‍ക്കുകയാണ് ചെയ്യുന്നതെന്നും തുറന്നടിച്ച് കോണ്‍ഗ്രസിലെ പ്രമാണിമാര്‍ തന്നെ രംഗത്തുവന്നുകഴിഞ്ഞു.
അഞ്ചാം മന്ത്രിവിഷയത്തില്‍ സ്വീകരിച്ച അക്രമോത്സുക നിലപാട് ഇത്രവലിയ വിനയാകുമെന്ന് സാക്ഷാല്‍ കുഞ്ഞാലിക്കുട്ടി പോലും വിചാരിച്ചിരുന്നില്ല. എല്ലാം സ്വകാര്യവത്കരിക്കുകയാണ് ശരിയെന്ന് കരുതുന്ന വ്യവസായവകുപ്പ്, അതിനു പിറകെ കെട്ടഴിഞ്ഞു പോയി പട്ടം പോലെ വിദ്യാഭ്യാസവകുപ്പ്. ഭൂമികൈമാറ്റം, മാര്‍ക്ക് ദാനം, സ്വന്തക്കാരുടെ സ്വകാര്യ സ്‌കൂളിന് എയിഡഡ് പദവി, അങ്ങനെ അങ്ങനെ .
മുസ്ലീം സമുദായത്തിന്റെ കുത്തക ലീഗ് ഏറ്റെടുക്കേണ്ട എന്ന വാദവുമായി ജമാത്തെ ഇസ്ലാമിക്കാരും എസ്ഡിപിഐക്കാരും അരയും തലയും മുറുക്കി രംഗത്തുണ്ടുതാനും. വയലേലകള്‍ക്ക് മരണമണി മുഴങ്ങുമ്പോള്‍ പ്രതിപക്ഷത്തേക്കാള്‍ ഭയക്കേണ്ടത് ഭരണപക്ഷത്തെ ചില സിംഹങ്ങളെയാണെന്നും ലീഗ് നേതൃത്വത്തിന് നല്ലതുപോലെ അറിയാം. വിഎം സുധീരനെയും സതീശനെയും പ്രതാപനെയും അത്രവേഗം ഒതുക്കാനുമാവില്ല.
വെള്ളാപ്പള്ളി നടേശന്‍ ഹിന്ദു ഐക്യം എന്ന പേരില്‍ ഹിന്ദു ലീഗിന് ഒരുക്കം കൂട്ടുന്നു. സംവരണസമുദായമുന്നണിക്കാര്‍ ഗോകുലംഗോപാലനെ ഒപ്പം കൂട്ടി സമാന്തരശക്തി സംഭരിക്കാനും നീക്കം നടക്കുന്നു. ഹിന്ദു ഐക്യവും പിന്നോക്ക ന്യൂനപക്ഷ കൂട്ടായ്മയും ഉയര്‍ത്തി ഇത്തരം കൂട്ടായ്മകള്‍ രൂപം കൊള്ളുമ്പോള്‍ അത് ദോഷകരമായി മാറുക ലീഗിനു തന്നെയായിരിക്കും. ഇത്തരം വിലപേശലുകളെ പ്രതിരോധിക്കേണ്ടത് ലീഗിന്റെ ആവശ്യവുമാണ്.
ഇത്തരമൊരു സാഹചര്യം ഉയര്‍ന്നു വന്നപ്പോഴാണ് സാമുദായിക പിന്‍ബലം തേടി പ്രതിരോധമുയര്‍ത്താന്‍ ലീഗ് നേതൃത്വം ശ്രമിക്കുന്നത്. അല്ലെങ്കിലും പ്രതിസന്ധി ഘട്ടങ്ങളില്‍ പെടുമ്പോള്‍ മാത്രമാണല്ലോ ലീഗ് സമുദായത്തെ ഓര്‍ക്കുന്നത്. തീവ്രവാദികളെന്ന് മുദ്രകുത്തി മാറ്റി നിര്‍ത്തിയവരെയും ഒപ്പം കൂട്ടി ന്യൂനപക്ഷവിദ്യാഭ്യാസ സമിതി യോഗം ചേര്‍ന്നുവെങ്കിലും ഉയര്‍ന്നുവരുന്ന പ്രതിസന്ധികളെ നേരിടാനാവാതെ കുഴങ്ങുകയാണ് ലീഗ് നേതൃത്വം.
കുഞ്ഞാലിക്കുട്ടിയും കൂട്ടരും എസ്ഡിപിഐക്കാരെയും ജമാത്തെ ഇസ്ലാമിക്കാരെയും സ്വന്തം വണ്ടിയില്‍ കൂട്ടികെട്ടാന്‍ നോക്കുമ്പോള്‍ എന്തു ചെയ്യണമെന്നറിയാതെ തരിച്ചുനില്‍ക്കുകയാണ് മന്ത്രി മുനീറും കൂട്ടാളി ഷാജിയും മറ്റ് സെക്കുലര്‍ ലീഗ് ബുദ്ധിജീവികളുമെല്ലാം.
നേരത്തെ ലീഗുമായി ബന്ധപ്പെ ഒരു യോഗത്തിലും എസ്ഡിപിഐ, ജമാത്തെ ഇസ്ലാമി എന്നീ സംഘടനകളെ പങ്കെടുപ്പിക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു.രണ്ടു പാര്‍ട്ടികളും വര്‍ഗ്ഗീയ കക്ഷികളാണെന്നതാണ് അതിനു കാരണമായി പറഞ്ഞത്. ന്യൂനപക്ഷ വിദ്യാഭ്യാസ സമിതിയെന്നത് പരിപൂര്‍ണമായും ലീഗ് നിയന്ത്രണത്തിലുള്ള സംഘടനയാണ്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് യോഗത്തില്‍ അധ്യക്ഷത വഹിച്ചത്. ഇതോടെ വ്യക്തമാകുന്നത് ലീഗിന്റെ കപടമതേതര മുഖം തന്നെയാണ്.












Click it and Unblock the Notifications