ഇടതിനും വലതിനും പ്രിയപ്പെട്ട കളരി അഭ്യാസി

വനിതാ വികസന കോര്‍പ്പറേഷന്‍ എംഡി സനീഷ് മുഹമ്മദിന്റെ തുരുപ്പ് ശീട്ട് ഈ മെയ്‌വഴക്കം തന്നെയാണ്. എംഡിയുടെ ഓതിരം, കടകം മറച്ചിലുകള്‍ കളരിവട്ടങ്ങളെയും കടത്തിവെട്ടി മുന്നേറിയപ്പോഴാണ് ചെയര്‍പേഴ്‌സണ് ഇടയേണ്ടി വന്നത്.
മാനസപുത്രനെ തൊട്ടാന്‍ വിവരമറിയുമെന്ന് പ്രഖ്യാപിക്കുക മാത്രമല്ല, പ്രാവര്‍ത്തികമാക്കി കാണിച്ചുകൊടുക്കുക തന്നെ ചെയ്തു എംകെ മുനീറും കൂട്ടരും. എംഡിക്കെതിരായ അഴിമതി കേസുകള്‍ അക്കമിട്ടു നിരത്തിയപ്പോള്‍ പന്തിക്ക് പുറത്തായത് സാക്ഷാല്‍ ചെയര്‍പേഴ്‌സണ്‍ തന്നെ.
വിവിധ പദ്ധതികളും അതിന്റെ നടത്തിപ്പും ഒക്കെയായി കോടിക്കണക്കിനു രൂപ മറയുന്ന വകുപ്പാണ് സാമൂഹ്യക്ഷേമം. അക്കാര്യം അതിവിദഗ്ധമായി കൈകാര്യം ചെയ്യുന്നതില്‍ 'മിടുക്ക'നായതിനാലാണ് മാറി മാറി വരുന്ന സര്‍ക്കാരുകള്‍ക്ക് എംഡി ഇത്രമാത്രം പ്രിയപ്പെട്ടവനായത്.
12 വര്‍ഷമായി വനിതാ വികസന കോര്‍പ്പറേഷന്റെ എംഡി സ്ഥാനത്തിരിക്കുന്ന സനീഷ് മുഹമ്മദിനെ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരാണ് ഈ സ്ഥാനത്ത് അവരോധിച്ചത്. പിന്നീട് എല്‍ഡിഎഫ് വന്നപ്പോള്‍ ഇദ്ദേഹം എല്‍ഡിഎഫിന്റെ സ്വന്തമാളായി. വീണ്ടും യുഡിഎഫ് വന്നപ്പോള്‍ യുഡിഎഫിന്റെയും പ്രിയപ്പെട്ടവനായി.
അധികാരകേന്ദ്രങ്ങളിലെ സ്വാധീനം മറയാക്കി നടത്തിയ 'അഴിമതിയുടെ ആഴം' ബോധ്യപ്പെട്ടപ്പോഴാണ് ചെയര്‍പേഴ്‌സണ്‍ കമറുന്നീസ അന്‍വറിന് പൊട്ടിത്തെറിക്കേണ്ടി വന്നത്. സംഭവം വിവാദമായപ്പോള്‍ എംഡിയെ മാറ്റാന്‍ തീരുമാനമെടുത്തിട്ടുണ്ടെന്ന് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദ് പരസ്യപ്രസ്താവനയിറക്കി. എന്നാല്‍ തൊട്ടുപിറകെ ജനറല്‍ സെക്രട്ടറിയുടെ നിലപാട് തിരുത്തികൊണ്ട് മന്ത്രി മുനീര്‍ രംഗത്തുവന്നു. എംഡിയെ മാറ്റുന്ന കാര്യം തീരുമാനിച്ചിട്ടില്ല എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
കമറുന്നീസ ഉന്നയിച്ച വിഷയങ്ങള്‍ ഇപ്പോള്‍ ലീഗിനുള്ളില്‍ തന്നെ ചേരിതിരിവുണ്ടാകുന്ന വിധത്തില്‍ രൂക്ഷമായി വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ഒരു മാസത്തേക്ക് അവധിയെടുത്ത് മാറിനില്‍ക്കുകയാണ് എംഡി അദ്ദേഹം. വിവാദങ്ങള്‍ കെട്ടടങ്ങി കഴിയുമ്പോഴേക്ക് അദ്ദേഹം വീണ്ടുമെത്തും. പഴയ ലാവണത്തില്‍, പഴയ കസേരയില്‍. ഗോഡ്ഫാദര്‍മാര്‍ ഏറെയുള്ളപ്പോള്‍ ഇത്തരം പ്രമാണിമാര്‍ക്ക് ആരെ പേടിക്കാന്‍.












Click it and Unblock the Notifications