Get Updates
Get notified of breaking news, exclusive insights, and must-see stories!

മുണ്ടൂരിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്

CPM
പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുതെന്ന് സന്ദേശം സിനിമയില്‍ വിപ്ലവപാര്‍ട്ടിയുടെ ഛോട്ടാ നേതാവായ ശ്രീനിവാസന്‍ അവതരിപ്പിക്കുന്ന ജ്യേഷ്ഠകഥാപാത്രം ജയറാം അവതരിപ്പിക്കുന്ന അനുജനായ എതിര്‍പാര്‍ട്ടിയുടെ നേതാവിനോട് പറയുന്ന രംഗം സമകാലിക രാഷ്ട്രീയത്തിലെ ചില എപ്പിസോഡുകള്‍ കാണുമ്പോള്‍ തികട്ടിവരും. ഇപ്പോള്‍ സി പി എം നേതാക്കള്‍ ഉള്ളില്‍ മുറുമുറുക്കുന്നത് ഇതിന് സമാനമായ വാചകമാണ്. മുണ്ടൂരിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്. അഥവാ മുണ്ടൂരെന്ന് പറയുകപോലുമരുത്.

ഒഞ്ചിയത്ത് കൊലവിളി മുഴക്കിയ സി പി എം സംസ്ഥാന സെക്രട്ടറി മുണ്ടൂരിനെക്കുറിച്ച് എന്തെങ്കിലുമൊക്കെ പറയുമെന്നാണ് വെള്ളിയാഴ്ച കോഴിക്കോട്ടെ മാധ്യമപ്രവര്‍ത്തകര്‍ പ്രതീക്ഷിച്ചത്. സി പി എം കോഴിക്കോട് ജില്ലാ സെക്രേട്ടറിയറ്റ് യോഗത്തിനെത്തിയപ്പോഴാണ് മുണ്ടൂര്‍ വിഷയം സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകര്‍ പിണറായിയുടെ അഭിപ്രായം ആരാഞ്ഞത്. മുണ്ടൂരിലെ പ്രതിസന്ധി സംബന്ധിച്ച ചോദ്യം കേട്ടഭാവമേ പിണറായി നടിച്ചില്ല. മുണ്ടൂര്‍ പ്രശ്‌നത്തില്‍ എല്ലാ കാര്യങ്ങളും പാര്‍ട്ടി പഠിച്ച ശേഷമേ അന്തിമതീരുമാനം എടുക്കുകയുള്ളൂവെന്ന വി എസിന്റെ പ്രസ്താവന സംബന്ധിച്ചുള്ള ചോദ്യത്തിനും പിണറായി പ്രതികരിച്ചില്ല.

മുണ്ടൂരുകാര്‍ കുലംകുത്തികളാണെന്ന പ്രസ്താവനയൊന്നും ഇനി പിണറായി വിജയനില്‍ നിന്ന് പ്രതീക്ഷിക്കുന്നില്ലെങ്കിലും പാര്‍ട്ടി നേതൃത്വത്തെ പരസ്യമായി വെല്ലുവിളിക്കുകയും ശക്തമായ സമാന്തരപ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്ന മുണ്ടൂരില്‍ എന്താണ് പാര്‍ട്ടി ചെയ്യാന്‍ പോകുന്നതെന്ന കാര്യമെങ്കിലും സി പി എം നേതൃത്വം വ്യക്തമാക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ മുണ്ടൂരിനെക്കുറിച്ച് ഒരക്ഷരം പോലും മിണ്ടില്ലെന്ന നിലപാടാണ് പിണറായി വിജയന്‍ അടക്കമുള്ള നേതാക്കള്‍ സ്വീകരിച്ചിരിക്കുന്നത്.

സമവായത്തിന്റെയും അനുരഞ്ജനത്തിന്റെയും പേരില്‍ മുണ്ടൂരുകാരെ കുപ്പിയിലിറക്കാനുള്ള ശ്രമമാണ് കോടിയേരിയെ കൂക്കിവിളിച്ച് ഗോകുല്‍ദാസ് അനുകൂലികള്‍ പൊളിച്ചത്. ഒന്നുകില്‍ മുണ്ടൂരുകാരെ വര്‍ഗവഞ്ചകരെന്നോ കുലംകുത്തികളെന്നോ വിളിച്ച് പുറത്താക്കാനുള്ള ആര്‍ജ്ജവം പാര്‍ട്ടി കാണിക്കണം. അല്ലെങ്കില്‍ മുണ്ടൂരുകാര്‍ മുന്നോട്ടുവച്ച ആവശ്യങ്ങള്‍ അംഗീകരിക്കണം. അല്ലാതെ പാര്‍ട്ടിയുടെ 'തരികിട' വേലകളൊന്നും ഇനി മുണ്ടൂരില്‍ നടക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു.

പാര്‍ട്ടിയുടെ പരമോന്നത കമ്മിറ്റിയായ പൊളിറ്റ് ബ്യൂറോയിലെ അംഗത്തെയാണ് മുണ്ടൂരുകാര്‍ കഴിഞ്ഞദിവസം കൂകിയോടിച്ചത്. സ്വഭാവികമായും ഇതില്‍ പ്രതികരിക്കേണ്ട ചുമതല പാര്‍ട്ടി നേതൃത്വത്തിനുണ്ട്, പാര്‍ട്ടി സെക്രട്ടറിക്കുണ്ട്. ഇത് പാര്‍ട്ടിക്കാര്യമാണ്, ഈ പാര്‍ട്ടിയെക്കുറിച്ച് നിങ്ങള്‍ക്കൊരു ചുക്കുമറിയില്ല, നിങ്ങള്‍ നിങ്ങളുടെ പണിനോക്കെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാന്‍ സി പി എം നേതാക്കള്‍ക്കാവില്ല. കാരണം മുണ്ടൂരില്‍ നടന്നത് രഹസ്യമായ കൂക്കുവിളിയല്ല. നാട്ടുകാരുടെയും മാധ്യമങ്ങളുടെയും മുന്നിലൂടെയാണ് കോടിയേരിയെ മുണ്ടൂരുകാര്‍ നാറ്റിച്ചുവിട്ടത്.

സിപിഎം എന്ന കേഡര്‍ പാര്‍ട്ടിക്ക് ചിന്തിക്കാന്‍ പോലുമാകാത്ത കാര്യമാണ് മുണ്ടൂരില്‍ സംഭവിച്ചത്. ഒരു ജില്ലാ സെക്രട്ടറിയുടെ കാറിന് കല്ലെറിഞ്ഞെന്ന കാരണത്താല്‍ ഒരു ചെറുപ്പക്കാരനെ പാര്‍ട്ടി കോടതി വിചാരണ നടത്തി ഇരുപത്തിനാലു മണിക്കൂറുകള്‍ക്കകം കുത്തിക്കൊന്ന നാടാണിത്. അപ്പോള്‍ പിന്നെ പാര്‍ട്ടിയുടെ പരമോന്നത സമിതിയുടെ നേതാവിനെ തടയുകയും കൂവുകയും ചെയ്തവരെ ഈ പാര്‍ട്ടി എന്താണ് ചെയ്യുക! കുറഞ്ഞത് ആ നാടൊന്നടങ്കം കത്തിച്ചുചാമ്പലാക്കുകയാണ് എം എം മണിയുടെ പാര്‍ട്ടി മിനിമമായെങ്കിലും ചെയ്യേണ്ടത്. ഇതെക്കുറിച്ചാണ് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചത്.

എന്നാല്‍ പിണറായിയില്‍ നിന്ന് യാതൊരു മറുപടിയുമുണ്ടായില്ല. കോടിയേരിക്ക് എതിരെ മാത്രമല്ല പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനെതിരെയും സെക്രട്ടേറിയറ്റ് അംഗം എ കെ ബാലനെതിരെയും ഗോകുല്‍ദാസ് അനുകൂലികള്‍ മുദ്രാവാക്യം മുഴക്കിയത് പരസ്യമായി തന്നെയായിരുന്നു. ഇത്തരുണത്തില്‍ മുണ്ടൂരിലെ വിഷയത്തെക്കുറിച്ച് പരസ്യമായി പ്രതികരിക്കാന്‍ പിണറായിക്കും പാര്‍ട്ടിക്കും ചുമതലയുണ്ട്.

മുണ്ടൂരിന് സമാനമായ വിമതപ്രവര്‍ത്തനം നടന്ന ഒഞ്ചിയത്തെ സ്ഥിതിഗതികള്‍ ഓര്‍ക്കുമ്പോഴാണ് സി പി എം മുണ്ടൂരില്‍ വെറും കുഞ്ഞാടുകളാകുന്നുവെന്ന തോന്നലുണ്ടാകുന്നത്. ഒഞ്ചിയംകാര്‍ സിപിഎം വിട്ട കാലത്ത് പിണറായി വിജയനും ഇ പി ജയരാജനും പി ജയരാജനും അടക്കമുള്ള നേതാക്കള്‍ കണ്ണൂരിലേക്ക് പോകുന്ന വഴിക്ക് ഒഞ്ചിയത്തിറങ്ങി വെല്ലുവിളി മുഴക്കുന്നത് പതിവ് കാഴ്ചയായിരുന്നു. മുണ്ടൂരില്‍ ഒഞ്ചിയം ആവര്‍ത്തിച്ചപ്പോള്‍ ഇക്കാര്യം പിണറായി വിജയനോ കണ്ണൂര്‍ നേതാക്കളോ അറിഞ്ഞമട്ടേയില്ല. മുണ്ടൂരിലെ പാര്‍ട്ടിക്കുള്ളില്‍ എന്തൊക്കെയോ നടക്കുന്നുണ്ടെന്ന് ആരോ പറഞ്ഞറിഞ്ഞ് കോടിയേരി ബാലകൃഷ്ണന്‍ അവിടം വരെ പോയതാണെന്ന മട്ടിലാണ് പിണറായി വിജയന്‍ അടക്കമുള്ള നേതാക്കള്‍ ഈ വിഷയത്തില്‍ സ്വീകരിച്ച മൗനം വ്യക്തമാക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+