പിണറായിയുടെ തേജസ് പ്രേമത്തിനു പിന്നില്‍
മുസ്ലീം ലീഗിലെ ഒരു ഉന്നത നേതാവ് പാന്റ്‌സും ടീഷര്‍ട്ടും ധരിച്ച് ഗള്‍ഫ് രാജ്യത്ത് ചെത്തി നടക്കുന്ന പടം ഓണ്‍ലൈന്‍ ലോകത്തെ ചൂടന്‍ ചര്‍ച്ചാവിഷയമായിരുന്നു. തങ്ങള്‍ കുടുംബാംഗമാണെങ്കിലും അയാള്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിയ്ക്കാനുള്ള അവകാശമുണ്ട്. പക്ഷേ, നാട്ടിലുടനീളം ആത്മീയകുപ്പായം ധരിച്ചു നടക്കുന്ന നേതാവിനെ പെട്ടെന്ന് നല്ല ടിപ്പ് ടോപ്പില്‍ കണ്ടപ്പോള്‍ എല്ലാവര്‍ക്കും എന്തോ ഒരു പന്തികേട് തോന്നിയിരുന്നു.
അത്തരമൊരു വികാരം തന്നെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെയും തേജസ് പത്രത്തിന്റെയും പ്രതിനിധികള്‍ക്കൊപ്പമിരിക്കുന്ന പടം സോഷ്യല്‍നെറ്റ്‌വര്‍ക്കിങ് സൈറ്റുകളില്‍ കാണുമ്പോഴും തോന്നുന്നത്. പിണറായിയുടെ ബഹ്‌റൈന്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഗള്‍ഫ് മാധ്യമം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലും ഈ 'അവിശുദ്ധ കൂടിക്കാഴ്ച'യെ കുറിച്ച് പരാമര്‍ശമുണ്ട്.

തീവ്രവാദികളെന്ന് മുദ്രകുത്തി നാട്ടില്‍ അകറ്റിനിര്‍ത്തിയവര്‍ ബഹ്‌റൈനിലെത്തുമ്പോള്‍ എങ്ങനെ പ്രിയപ്പെട്ടവരാകും? മറ്റു നിരവധി മാധ്യമങ്ങള്‍ അഭിമുഖത്തിനായി ശ്രമിച്ചെങ്കിലും എന്‍ഡിഎഫ്(ഇപ്പോള്‍ പോപ്പുലര്‍ ഫ്രണ്ട്) മൂലധന താല്‍പ്പര്യത്തോടെ പ്രവര്‍ത്തിക്കുന്ന തേജസ് പത്രത്തിനു മാത്രം അഭിമുഖം നല്‍കിയത് എന്തുകൊണ്ട്? പ്രമുഖ വ്യാപാരിയായ അനാറത്ത് അഹമ്മദിന്റെ വീട്ടിലെ വിരുന്ന് ഒഴിവാക്കാവുന്നതായിരുന്നില്ലേ? ബഹ്‌റൈനിലെ തേജസ് പത്രത്തിന്റെ അഭിമുഖത്തിനായെത്തിയവര്‍ അറിയപ്പെടുന്ന സംഘടനാപ്രവര്‍ത്തകര്‍ കൂടിയായിരിക്കുമെന്ന കാര്യം ഊഹിക്കാനുള്ള സാമാന്യബുദ്ധി പാര്‍ട്ടി സെക്രട്ടറിക്ക് ഇല്ലാതെ പോയോ?
സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളിലും മറ്റു ഓണ്‍ലൈന്‍ മേഖലയിലും എസ്ഡിപിഐ-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ശക്തമായ സാന്നിധ്യമാണ്. എങ്ങനെ ഓണ്‍ലൈന്‍ ലോകത്ത് പെരുമാറണമെന്ന് സിപിഎം പ്രവര്‍ത്തകരേക്കാള്‍ നന്നായി അവര്‍ക്ക് അറിയുക ചെയ്യാം. പിണറായിയും തേജസ് പ്രതിനിധികളും ചേര്‍ന്നിരിക്കുന്ന പടം 'സുഡാപ്പി' നെറ്റ്‌വര്‍ക്കുകളില്‍ ചൂടപ്പം പോലെ ഷെയര്‍ ചെയ്യപ്പെടുകയാണ്.
അതല്ല, ഇതെല്ലാം പതിവ് അടവ് നയത്തിന്റെ ഭാഗമാണോ? ലോകസഭാ തിരഞ്ഞെടുപ്പിന് മുമ്പ് മുസ്ലീം വിഭാഗത്തിലെ പ്രബല വിഭാഗമായി വളര്‍ന്നുവരുന്ന എസ്ഡിപിഐയെ സ്വന്തം കള്ളിയിലേക്ക് കൊണ്ടുവരാന്‍ സാധിച്ചാല്‍ ചില സീറ്റുകളെങ്കിലും സ്വന്തമാക്കാന്‍ സാധിക്കുമെന്ന് പിണറായി സ്വപ്‌നം കാണുന്നുണ്ടോ? കാരണം പിഡിപിയുടെയും ഐഎന്‍എല്ലിന്റെയും ശൗര്യം പണ്ടേ പോലെ ഫലിക്കുന്നില്ലെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. കാഡര്‍ സ്വാഭാവമുള്ള എസ്ഡിപിഐ വോട്ടുകള്‍ പാര്‍ട്ടി വോട്ടുപോലെ സുരക്ഷിതമാണെന്നും അടവ് നയത്തിന്റെ പ്രയോക്താവ് കണക്ക് കൂട്ടുന്നുണ്ടാവാം.












Click it and Unblock the Notifications