അവസരവാദം, അഥവാ പോലിസ് രാഷ്ട്രീയം

ഇത്തവണ തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ 28 പോലിസ് ജില്ലകളില്‍ 27 എണ്ണവും യു ഡി എഫ് അനുകൂല പാനല്‍ പിടിച്ചെടുത്തു. അവശേഷിക്കുന്ന ഒരു പൊലീസ് ജില്ല എല്‍ ഡി എഫ് പിടിച്ചെടുത്തെന്ന് ധരിച്ചുകളയരുത്. ടെലികമ്യൂണിക്കേഷന്‍ വിഭാഗത്തില്‍ എല്ലാ ജില്ലയിലേയും വോട്ടുകള്‍ സമാഹരിച്ചശേഷം തിരുവനന്തപുരത്തു വച്ചു വോട്ടെണ്ണല്‍ നടക്കും. അവിടെയും നിശ്ചയമായും യു ഡി എഫിന്റെ പാനല്‍ ജിയിക്കും.
നിലവിലെ പാനലിലെ സംസ്ഥാന പ്രസിഡന്റ് പി ഡി ഉണ്ണി, ജനറല്‍ സെക്രട്ടറി ജി ആര്‍ അജിത്ത്, വൈസ് പ്രസിഡന്റ് വി.കെ ബാലകൃഷ്ണന്‍ എന്നിവര്‍ ജയിച്ച പ്രമുഖരില്‍പെടുന്നുണ്ട്. എല്‍ ഡി എഫ് അനുകൂല പാനലിലെ മുന്‍ സംസ്ഥാന ഭാരവാഹികളില്‍ ഭൂരിഭാഗവും തോറ്റു, അഥവാ തോറ്റുകൊടുത്തു. പ്രസിഡന്റ്, സെക്രട്ടറി തെരഞ്ഞെടുപ്പ് ഓഗസ്റ്റ് 24ന് നടത്തും. മിക്കവാറും നിലവിലുള്ളവര്‍ തന്നെ വീണ്ടും ജയിക്കും.
എന്താണ് പോലിസ് അസോസിയേഷനും ഭരണകക്ഷിയും തമ്മിലുള്ള ബന്ധമെന്ന് ചോദിച്ചാല്‍, വെറും സിമ്പിള്‍. അധികാരമുള്ളിടത്ത് ഏത് പൊലീസും തൊപ്പിയൂരും. ഇഷ്ടമുള്ള ലാവണത്തില്‍ പോസ്റ്റിംഗ്, ട്രാന്‍സ്ഫര്‍, രാഷ്ട്രീയ ശത്രുത ഒഴിവാക്കല്‍ തുടങ്ങിയ കലാപരിപാടികള്‍ നടക്കണമെങ്കില്‍ ഭരണകക്ഷിയും കൊടി പിടിക്കണം.
അധികാരത്തിന്റെ എല്ലാവിധ ദോഷവും ഗുണവും ഏറ്റവും കൂടുതല്‍ അനുഭവിക്കുന്ന ഒരു വിഭാഗം എന്ന നിലയ്ക്ക് പോലിസുകാര്‍ക്കും അഞ്ചുകൊല്ലം കൂടുമ്പോള്‍ കാലുമാറേണ്ടിവരും. ഇവരെ കരിങ്കാലികള്‍ എന്ന് വിളിക്കരുത്, ഗതികേടുകൊണ്ടാണ്. പോലിസ് എക്‌സൈസ്, ഫയര്‍ഫോഴ്‌സ്, ഫോറസ്റ്റ് സേനാവിഭാഗങ്ങളില്‍ ഓരോ സംഘടനകള്‍ക്കേ പ്രവര്‍ത്തന സ്വാതന്ത്ര്യമുള്ളൂ. എന്നാല്‍ ഈ അസോസിയേഷനുകളില്‍ വിവിധ രാഷ്ട്രീയ കക്ഷികളില്‍പെട്ടവര്‍ ഉണ്ടാകുമെന്നത് തര്‍ക്കമറ്റ കാര്യമാണ്.
എല്‍ ഡി എഫ് യു ഡി എഫ് അനുകൂല പാനലുകള്‍ മത്സരിക്കും. ഏത് കക്ഷിയാണോ ഭരിക്കുന്നത് ആ കക്ഷിയില്‍പ്പെട്ട നേതാക്കള്‍ക്ക് വോട്ട് കൂടുതല്‍ കിട്ടും. മറ്റ് പൊതു തെരഞ്ഞെടുപ്പുകളെപ്പോലെ തന്നെ അസോസിയേഷന്‍ തെരഞ്ഞെടുപ്പിലും വിജയികളെ നിശ്ചയിക്കുക കടുത്ത എല്‍ ഡി എഫുകാരോ കടുത്ത യു ഡി എഫുകാരോ അല്ല, മറിച്ച് കാറ്റുനോക്കി തൂറ്റുന്നവരാണ്. ഇത്തവണയും പതിവുപോലെ ഭരണകക്ഷിക്ക് അനുകൂലമായി പോലിസ് അസോസിയേഷന്‍ തെരഞ്ഞെടുപ്പ് നടന്നു.












Click it and Unblock the Notifications