സി പി എം ഒരേ സമയം ചെന്നായയും ചെമ്മരിയാടുമാണ്

ഭരണകൂടത്തിന്റെ സ്വര്‍ത്ഥതാല്‍പര്യങ്ങള്‍ക്കെതിരെ ജനങ്ങളെ അണിനിരത്തേണ്ട ബാധ്യത പ്രതിപക്ഷത്തിനാണ്. ആ പക്ഷം കൂടി ജനത്തിനെതിരെ നില്‍ക്കുന്ന ദാരുണമായ അവസ്ഥയിലാണ് കൂടംകുളത്തെ സമരക്കാര്‍ നില്‍ക്കുന്നത്. ഊര്‍ജ്ജപ്രതിസന്ധിയുടെ പേരില്‍ തമിഴ്‌നാട്ടിലെ ഭരണപക്ഷവും പ്രതിപക്ഷവും ഒന്നടങ്കം ആണവനിലയത്തിന് വേണ്ടി നിലകൊള്ളുമ്പോള്‍ ആണവക്കരാറിന്റെ പേരില്‍ ഒരു കേന്ദ്രസര്‍ക്കാരിനുള്ള പിന്തുണ തന്നെ പിന്‍വലിച്ച സി പി എമ്മിനെയാണ് പ്രതീക്ഷയോടെ എല്ലാവരും ഉറ്റുനോക്കിയത്. എന്നാല്‍ തമിഴ്‌നാട് ഭരിക്കുന്ന ജയലളിതയെ പിണക്കാന്‍ സി പി എം ദേശീയ നേതൃത്വത്തിന് ധൈര്യം പോരാത്തതിനാല്‍ സി പി എം അതിന്റെ പ്രഖ്യാപിത ആശയങ്ങളില്‍ നിന്നും ലക്ഷ്യങ്ങളില്‍ നിന്നും അക്ഷരാര്‍ത്ഥത്തില്‍ മുഖം പൂഴ്ത്തി നില്‍ക്കാനാണ് തയ്യാറായത്. വി എസിന്റെ നാടകങ്ങള്‍ക്ക് മുന്നില്‍ വാലുംചുരുട്ടി നില്‍ക്കുക ദൈന്യാവസ്ഥയിലേക്ക് സി പി എം സംസ്ഥാന-ദേശീയ നേതൃത്വങ്ങളെ എത്തിച്ചതും നിലപാടുകളിലെ ഉറപ്പില്ലായ്മയും തത്വദീക്ഷയില്ലായ്മയും മൂലമാണ്.
മഹാരാഷ്ട്രയിലെ ജെയ്താപൂര്‍ ഉള്‍പ്പെടെയുള്ള ആണവനിലയങ്ങള്‍ക്കെതിരെ സമരമുഖത്ത് അണികളെ അണിനിരത്തുകയും അമേരിക്കയുടെ ആണവതാല്‍പര്യങ്ങള്‍ക്കെതിരെ രാജ്യമൊട്ടാകെ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുകയും ഒന്നാം യു പി എ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുകയും ഇതിന്റെ പേരില്‍ സോമനാഥ് ചാറ്റര്‍ജിയെന്ന മുതിര്‍ന്ന നേതാവിനെ തള്ളിക്കളയുകയും ചെയ്ത സി പി എം കൂടംകുളത്ത് ആണവനിലയം വേണമെന്ന നിലപാടെടുത്തതിന് പിന്നിലെ രാഷ്ട്രീയമെന്തെന്ന് അണികളെ പോലും ബോധ്യപ്പെടുത്താന്‍ കഴിയാത്ത സ്ഥിതിയില്‍ നില്‍ക്കുകയാണ്. ഈ അവസ്ഥയെയാണ് വി എസ് തനിക്കനുകൂലമാക്കി മാറ്റിയത്. സി പി എമ്മിന്റെ നയമില്ലായ്മയെ മുതലെടുത്താണ് തന്റെ കൂടംകുളം യാത്ര ഒരു മഹാസംഭവമാക്കി മാറ്റാന്‍ വി എസിന് കഴിഞ്ഞത്.
ദേശീയതലത്തില്‍ മൂന്നാം മുന്നണിയെന്ന സ്വപ്‌നത്തെ താലോലിക്കുന്ന സി പി എമ്മിന് ഇതേകാരണം കൊണ്ട് ജയലളിതയെ പിണക്കാനാവില്ല. ചരിത്രപരമായ മണ്ടത്തരം ഇനിയുമുണ്ടാകരുതെന്നും ഒരിക്കലെങ്കിലും കേന്ദ്രഭരണം ആസ്വദിക്കണമെന്ന മധുരമനോജ്ഞ ലക്ഷ്യത്തിന് വേണ്ടി കൂടംകുളത്ത് കൈവച്ച് പൊള്ളാന്‍ സി പി എം നേതൃത്വം തയ്യാറല്ല. അതിനാല്‍ ചെന്നായ്‌ക്കൊപ്പം ഓടുകയും ചെമ്മരിയാടിനൊപ്പം കിതയ്ക്കുകയുമാണ് സി പി എം ഇപ്പോള്‍. കൂടംകുളം പദ്ധതി രാജ്യത്തിന് അനിവാര്യമാണ്, എന്നാല്‍ കൂടംകുളം നിവാസികളുടെ ദൈന്യത സഹിക്കാനാവുന്നുമില്ല. അതായത് കൂടംകുളംത്ത് ആണവനിലയം വരണം, അതോടൊപ്പം കൂടംകുളത്തുകാര്‍ക്ക് നീതി ലഭിക്കുകയും വേണം. ഇതാണ് കകൂടംകുളത്ത് സി പി എമ്മിന്റെ നിലപാട്. വൈരുദ്ധ്യാത്മകഭൗതികവാദത്തിന്റെ പ്രായോജകര്‍ക്ക് സ്വന്തം അണികള്‍ക്കിടയില്‍ പോലും കൂടംകുളത്ത് പാര്‍ട്ടിയെടുന്ന വിരുദ്ധനിലപാടുകളെ വിശദീകരിക്കാനാവുന്നില്ല.
ജനകീയസമരങ്ങളുടെ സാധ്യതയും അതുണ്ടാക്കുന്ന പരിവേഷവും നല്ലതുപോലെ തിരിച്ചറിയാന്‍ കഴിവുള്ള വി എസ് ഇത്തവണയും തന്റെ പ്രഖ്യാപിതമായ നേതൃവിരുദ്ധ നിലപാട് പുറത്തെടുക്കുകയായിരുന്നു. അതിനൊപ്പം തലകുലുക്കേണ്ട ഗതികേടിലാണ് കാരാട്ടും പിണറായിയും. വി എസിന്റെ കൂടംകുളം യാത്ര കളിയിക്കാവിളയില്‍ അവസാനിക്കുമെന്ന് വി എസിനും സി പി എമ്മിനും കേരള-കര്‍ണാടക സര്‍ക്കാരുകള്‍ക്കും കേന്ദ്രസര്‍ക്കാരിനും പിന്നെ തലയ്ക്കകത്ത് ആള്‍താമസമുള്ള ആളുകള്‍ക്കും വ്യക്തമായിരുന്നു. എന്നാലും വി എസ് എന്ന ബ്രാന്റ്‌നെയിമിനെ കൂടംകുളവുമായി ബന്ധിപ്പിക്കാന്‍ സമരത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചവര്‍ക്കും കേരളത്തില്‍ നിന്ന് സമരത്തെ പിന്തുണയ്ക്കുന്നവര്‍ക്കും കഴിഞ്ഞത് വലിയൊരു വിജയം തന്നെയാണ്.












Click it and Unblock the Notifications