കെ മുരളീധരന്‍ ഇടയുന്നു; കോണ്‍ഗ്രസിന് വീണ്ടും ശനി?

മദാമ്മയെയും മകനെയും ചീത്ത വിളിച്ച് പോയി കുറെക്കഴിഞ്ഞ് സമസ്താപരാധം ഏറ്റ് പറഞ്ഞ് മൂന്നുരൂപ അംഗത്വരസീറ്റ് വാങ്ങി തിരിച്ചുവന്ന മുരളിയല്ല ഇപ്പോഴത്തെ മുരളി. കോണ്‍ഗ്രസിന് തിക്കും പൊക്കും നോക്കി പണികൊടുക്കാനും മര്‍മത്തടിക്കാനും കഴിവുള്ള എം എല്‍ എയാണ് അദ്ദേഹം. മന്ത്രിസഭയില്‍ ഒരു സീറ്റ് കിട്ടാത്തത് പോട്ടെന്ന് വെക്കും, പക്ഷേ ഉള്ള മന്ത്രിമാര്‍ കൊള്ളരുതായ്മ കാണിക്കുന്നത് കെ മുരളീധരന് സഹിക്കുന്ന കാര്യമല്ല.
സോളാര്‍ തട്ടിപ്പ് കേസില്‍ പോലീസിന് വീഴ്ച പറ്റിയെന്നായിരുന്നു മുരളിയുടെ പ്രസ്താവന. ജോപ്പനെ അറസ്റ്റ് ചെയ്തു, പക്ഷേ ജിക്കുമോനെയും സലീം രാജിനെയും പിടിച്ചതുമില്ല. പഴുതടച്ച് വേണം അന്വേഷണം എന്ന മുരളീധരന്റെ ആവശ്യത്തില്‍ തെറ്റെന്തെങ്കിലുമുണ്ടോ, ഇല്ല. പക്ഷേ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അത് പിടിച്ചില്ല. അത് മാത്രമോ, വി എസിന് സമീപം ഗ്രനേഡ് വീണ് പൊട്ടിയതും ആറന്മുള വിമാനത്താവളവും അടക്കം പലതിലും കേറി ഹെഡ് ചെയ്തു കളഞ്ഞില്ലേ കെ മുരളീധരന്‍.
മുരളീധരന് ഫോണിലൂടെ കെ പി സി സി പ്രസിഡണ്ട് രമേശ് ചെന്നിത്തല താക്കീത് ചെയ്തത്രെ. രമേശ് ഇരിക്കുന്ന കസേരയുടെ വില അറിയാത്ത ആളൊന്നുമല്ല മുരളി. ഒന്നുമില്ലെങ്കിലും മന്ത്രിക്കസേരയ്ക്ക് വേണ്ടി ഒരു വ്യാഴവട്ടം മുന്‍പ് പുല്ലുപോലെ അദ്ദേഹം വലിച്ചെറിഞ്ഞ കസേരയല്ലേ അത്. എന്നാല്‍ രമേശ് ചെന്നിത്തല മാത്രമല്ല, എം എം ഹസനും ടി ശിവദാസന്‍ നായരും ബെന്നി ബഹനാനും എന്തിന് ടി സിദ്ദിഖ് വരെ മുരളിക്കെതിരെ എതിര്‍പ്പുമായി രംഗത്ത് വന്നിട്ടുണ്ട്.
ജോസഫ് വാഴക്കനെപ്പോലെ ചില ഐ ഗ്രൂപ്പ് നേതാക്കള്‍ മുരളീധരനെ അനുകൂലിച്ച് നോക്കിയെങ്കിലും സംഗതി ഏറ്റിട്ടില്ല. മുരളിക്കെതിരെ ഹൈക്കമാന്‍ഡിന് പരാതി കൊടുക്കാതെ അടങ്ങില്ല എന്നാണ് എ ഗ്രൂപ്പ് നേതാക്കളുടെ വാശി. സംഗതി സത്യമാണ്. മുളയിലേ അടക്കിവെക്കുന്നതാണ് നല്ലത്. മുരളീധരന്‍ ഒരുമ്പെട്ടാല്‍ എന്ത് തന്നെ നടക്കില്ല എന്ന് അറിയാത്തവരല്ല കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍.












Click it and Unblock the Notifications