കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോളാര്‍...ഒരു നനഞ്ഞ പടക്കം

  • By Soorya Chandran
Google Oneindia Malayalam News

Saritha S Nair
ഇപ്പോള്‍ മുഖ്യമന്ത്രിയെ രാജിവപ്പിച്ച് തരാം എന്ന് പറഞ്ഞ് തുടങ്ങിയതാണ് എല്‍ഡിഎഫിന്റെ സെക്രട്ടേറിയറ്റ് ഉപരോധം. കേന്ദ്ര സേനയെ ഇറക്കി എല്‍ഡിഎഫിനേക്കാള്‍ നന്നായി സര്‍ക്കാര്‍ തന്നെ സമരത്തിന് നല്ല പബ്ലിസിറ്റിയും ജനപിന്തുണയും വാങ്ങിക്കൊടുക്കുകയും ചെയ്തു. എന്നാല്‍ മലപോലെ വന്നത് വെറും എലിയായിപ്പോയ കാഴ്ചയാണ് പിന്നെ കണ്ടത്.

പതിനായിരങ്ങളെ അണി നിരത്തി, കാര്യമായ ആക്രമ സംഭവങ്ങളൊന്നുമില്ലാതെ നന്നായി ചെയ്ത സമരം സിപിഎമ്മിന്റേയും ഇടത് മുന്നണിയുടേയും പ്രതിച്ഛായ വര്‍ദ്ധിപ്പിച്ച് അങ്ങ് മാനംമുട്ടെ ഉയര്‍ത്തിയതായിരുന്നു. പക്ഷേ എന്ത് പറയാന്‍, വെറും ജുഡീഷ്യല്‍ അന്വേഷണ പ്രഖ്യാപനത്തോടെ സമരം പുകയായി മാറി. സമരം അവസാനിപ്പതിന് സംസ്ഥാന കമ്മിറ്റി മുതല്‍ ബ്രാഞ്ച് കമ്മിറ്റി വരെ സിപിഎമ്മിന് വിശദീകരണം നല്‍കേണ്ട ഗതികേടുമുണ്ടായി.

ഉപരോധം അവസാനിപ്പിച്ചെങ്കിലും മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭം തുടരുമെന്നായിരുന്നു ഇടത് പക്ഷത്തിന്റെ പ്രഖ്യാപനം. എന്നാല്‍ സമരം വെറുതെയായതോടെ അണികളുടെ ആത്മവീര്യമൊക്കെ ഏതാണ്ട് കെട്ട മട്ടാണ്. മാത്രമല്ല, അനുകൂല സാഹചര്യങ്ങള്‍ ഉപയോഗപ്പെടുത്താന്‍ പോലും സിപിഎമ്മിനോ ഇടത് പാര്‍ട്ടികള്‍ക്കോ കഴിയുന്നുമില്ല.

സരിത മൊഴിഞ്ഞത് 21 പേജോ നാല് പേജോ എന്നൊരു സംശയം ഇത്രയും നാളും ഉണ്ടായിരുന്നു. ബിജെപി നേതാവായ കെ.സുരേന്ദ്രന്‍, തനിക്കുള്ള വിവരത്തിന്റെ അവകാശം വച്ച് അത് 21 പേജ് മൊഴിതന്നെയെന്ന് കണ്ടെത്തി വിളിച്ച് പറഞ്ഞിട്ടും സിപിഎമ്മിന് പഴയ ആവേശമൊന്നും കാണാനില്ല. ചീറ്റിപ്പോയ സെക്രട്ടേറിയറ്റ് ഉപരോധത്തിന്റെ കേട് തീര്‍ക്കാന്‍ കിട്ടിയ നല്ല അവസരം ഏറ്റെടുക്കാന്‍ സിപിഎമ്മോ എല്‍ഡിഎഫോ തയ്യാറായില്ലെന്നതാണ് സത്യം.

മുഖ്യമന്ത്രി പോകുന്നിടത്തൊക്കെ കരിങ്കൊടിയുമായി സഖാക്കളെ അണി നിരത്തിയാലൊന്നും രാജിവക്കുന്ന കൂട്ടക്കാകരനല്ല ഉമ്മന്‍ ചാണ്ടി. സെക്രട്ടേറിയറ്റിന് രണ്ട് ദിവസം അവധി കൊടുത്ത് സമരത്തെ മരവിപ്പിക്കാന്‍ മാത്രം ബുദ്ധിയുള്ള കക്ഷിയാണ് മുഖ്യന്‍. സ്വന്തം പാര്‍ട്ടിക്കാരും ഘടകകക്ഷിക്കാരും നോക്കിയിട്ടും കസേരയില്‍ നിന്നിറങ്ങനൊക്കില്ല എന്ന തീര്‍ത്ത് പറഞ്ഞ രാഷ്ട്രീയ ചാണക്യനാണ് അദ്ദേഹം.

കരിങ്കൊടി കാട്ടിയും ബഹിഷ്‌കരിച്ചും ഒന്നും തന്നെ ആര്‍ക്കും തോല്‍പിക്കാനവില്ലെന്ന് മുഖ്യന്‍ നേരത്തേ പ്രഖ്യാപിച്ചതാണ്. എന്നാല്‍ ജുഡീഷ്യല്‍ അന്വേഷണത്തിന്റെ ടേംസ് ഓഫ് റഫറന്‍സിന്റെ കാര്യം മുഖ്യമന്ത്രിയുമായി ഒന്ന് ചര്‍ച്ച ചെയ്യാന്‍ പോലും പറ്റാത്ത അവസ്ഥയിലാണ് എല്‍ഡിഎഫ്. ബഹിഷ്‌കരിച്ച മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുന്നത് നാണക്കേടാണെന്ന് ഏത് സിപിഎമ്മ് കാരനും അറിയാവുന്നതുപോലെ പിണറായി വിജയനും അറിയാം. അതുകൊണ്ട് എല്‍ഡിഫ് വിളിച്ചുകൂട്ടി കുറേ ടേംസ് ഓഫ് റഫറന്‍സ് അങ്ങ് തീരുമാനിച്ചു. വിലയ പണിയൊന്നുമില്ലാത്ത എല്‍ഡിഎഫ് കണ്‍വീനറെക്കൊണ്ട് പത്രസമ്മേളനം വിളിപ്പിച്ച് എണ്ണമിട്ട് ആവശ്യങ്ങള്‍ അങ്ങ് ഉന്നയിച്ചു. ഇനി തീരുമാനിക്കേണ്ടത് സര്‍ക്കാരാണല്ലോ...

ഉമ്മന്‍ ചാണ്ടിയാണെങ്കില്‍ അതിലും മിടുക്കന്‍. തന്റെ പ്രിയപ്പെട്ട ജോപ്പനും ശാലുമേനോനും ജാമ്യം ഒപ്പിച്ച് കൊടുത്ത് അദ്ദേഹം സുഖമായിരിക്കുന്നു. കത്തിപ്പടരേണ്ട ഇടത് പ്രതിഷേധം ഇത്തിരി പുകമാത്രമായി ചാനല്‍ ചര്‍ച്ചകളില്‍ ഉയര്‍ന്നിരുന്നുവെന്ന് ആരോ പറയുന്നത് കേട്ടു.

21 പേജുള്ള സരിതയുടെ മൊഴി ചുരുങ്ങിച്ചുരുങ്ങി നാല് പേജായത് ഏത് നാട്ടുമരുന്ന് കൊടുത്തിട്ടാണെന്ന് ആര്‍ക്കും അറിയില്ല. കേട്ടുകേള്‍വിയനുസരിച്ച് സരിതയുടെ മൊഴി എങ്ങാനും പുറത്തുവന്നാല്‍ ഭരണത്തിലുള്ള പലരും തലയില്‍ മുണ്ടിട്ട് പുറത്തിറങ്ങേണ്ടി വരും. അങ്ങനെ മുഖം മറച്ച് പുറത്തിറങ്ങാന്‍ വയ്യ എന്ന് തീരുമാനിച്ച പലരും ഈ നാട്ടുമരുന്ന് പ്രയോഗത്തില്‍ വിദഗ്ധരാണത്രെ.

പത്ത് പൈസ കയ്യിലില്ല എന്നാണ് സരിത ആദ്യം പറഞ്ഞിരുന്നത്. എല്ലാം ആ ബിജുവും ശാലും കൂടി കൊണ്ടുപോയി എന്ന് പറഞ്ഞ സരിതയുടെ കയ്യില്‍ ലക്ഷങ്ങള്‍ ഇപ്പോഴുമുണ്ടത്രെ. പലകേസുകളും സരിത പൈസ കൊടുത്ത് ഒതുക്കുന്നുമുണ്ടെന്നാണ് അനൊദ്യോഗിക വിവരം. അപ്പോള്‍ ഈ പൈസ എവിടെ നിന്ന് വന്നതാവും. 21 പേജിന്റെ മൊഴി നാല് പേജാക്കി ചുരുങ്ങിയത് ഈ പൈസ മരുന്നുകൊണ്ടാണോ എന്ന് ആരെങ്കിലും സംശയിച്ചാല്‍ തെറ്റ് പറയാന്‍ പറ്റില്ല.

തിരഞ്ഞെടുപ്പ് അടുത്തടുത്ത് വരുമ്പോള്‍ സരിതക്ക പൈസ കൊടുത്തിട്ടാണെങ്കിലും മാനം രക്ഷിക്കണം എന്നായിരിക്കും പല മാന്യ ദേഹങ്ങളും കരുതിയിട്ടുണ്ടാകുക. മൊഴി ചുരുങ്ങിയതോടെ ആ രീതിയിലുള്ള പ്രശ്‌നങ്ങളൊന്നും അടുത്ത കാലത്ത് ഉണ്ടാകില്ലെന്ന് ഉറപ്പാക്കിയിട്ടുമുണ്ട്.

ഇനി ബാക്കിയുളളത് തട്ടിപ്പ് കേസാണ്. തട്ടിപ്പ് കേസുകൊണ്ടൊന്നും തങ്ങളെ തൊടാന്‍ പറ്റില്ലെന്ന് കോണ്‍ഗ്രസ്സുകാര്‍ക്ക് നന്നായി അറിയുകയും ചെയ്യാം.

English summary
Left Democratic Front and CPM failed to proceed with Solar Scam issue in Kerala. They failed to utilise the situation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X