വിപ്ളവ മണ്ണിൽ വൈറലാണ് ഈ മുണ്ട്...! കാരണം വോട്ടു വരും, പിന്നെയോ...?
വെള്ളമുണ്ടും തിരഞ്ഞടുപ്പും തമ്മിൽ എന്താണ് ബന്ധം? ആലപ്പുഴയിലെ സഖാക്കളോടാണ് ഈ ചോദ്യമെങ്കിൽ അവർക്ക് ഒരൊറ്റ ഉത്തരമേയുള്ളൂ. മുണ്ട് വോട്ടു കൊണ്ടു വരും. അരിവാൾ ചുറ്റിക നക്ഷത്രം അടയാളം പതിച്ച മുണ്ടുകളാണ് വിപ്ളവ മണ്ണിൽ ഇപ്പോൾ വൈറൽ.
സഖാക്കൻമാരെല്ലാം പാർട്ടി ചിഹ്നംപതിച്ച മുണ്ടിലേക്ക് മാറിക്കഴിഞ്ഞു. വോട്ടഭ്യർത്ഥിച്ച് സ്ഥാനാർത്ഥികൾക്കൊപ്പം പോകുന്നവരെല്ലാം ഇപ്പോൾ ഈ മുണ്ടാണ് ഉടുക്കുന്നത്. പണ്ടുകാലത്ത് തൊപ്പിയിലും ബനിയനിലും മാത്രമായിരുന്നു വോട്ടുപിടിക്കാനുള്ള ഈ പരീക്ഷണങ്ങൾ. അത് മുണ്ടിലെത്തിയതിന് പിന്നിൽ ഒരു ചെറിയ കഥയുണ്ട്.

സിപിഐയിലെ ഒരു പ്രമുഖ നേതാവിന് ആലപ്പുഴയിൽ ഒരു മുണ്ട് കടയുണ്ട്. നേതാവ് മുണ്ട് കട തുടങ്ങിയത് അത്ര നല്ല സമയത്ത് അല്ലായിരുന്നു. അതിനാൽ കച്ചവടം കുറവായിരുന്നു. ഒടുവിൽ കട പൂട്ടിയാലോ എന്ന് വരെ ആലോചിച്ചത്രേ!
സഖാക്കന്മാരെല്ലാവരും മുണ്ട് വാങ്ങിയിരുന്നെങ്കിൽ നേതാവിന് കട പൂട്ടുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടി വരുമയിരുന്നോ? ആരോ നേതാവിന്റെ കാതിൽ മന്ത്രിച്ചു.പിന്നെ നേതാവ് ഒന്നും ആലോചിച്ചില്ല. മുണ്ടുകളിൽ ചുവന്ന നിറത്തിൽ പാർട്ടി ചിഹ്നം ഡിസൈൻ ചെയ്തു. ഇപ്പോൾ നേതാവിന്റെ കടയിൽ മുണ്ട് വാങ്ങാൻ സഖാക്കൾ ക്യൂവാണ്. ഒരുമുണ്ടിലൂടെ വോട്ടും വരും, പിന്നെ കാശും വരും. നേതാവ് ഇപ്പോൾ ഹാപ്പിയാണ് കേട്ടോ!












Click it and Unblock the Notifications