പൂട്ടിയ്ക്കാനാണെങ്കി എന്തിന് ഉമ്മച്ചാ ഈ ഫൈവ് സ്റ്റാര്‍ ലൈസന്‍സുകളൊക്കെ... പറ്റിയ്ക്കാനാ?
എന്താണ് യുഡിഎഫിന്റെ മദ്യ നയം? - ഈ ചോദ്യം കുറച്ച് കാലം മുമ്പ് ചോദിച്ചിരുന്നെങ്കില്‍ സുധീരനും ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലും എല്ലാം ചേര്‍ന്ന് ആകെ അങ്കലാപ്പിലാക്കിയേനെ. എന്നാല്‍ ഇപ്പോള്‍ ചോദിച്ചാല്‍ റെഡിമെയ്ഡ് ഉത്തരമാണ്- സമ്പൂര്‍ണ മദ്യ നിരോധനം!
അടുത്ത തവണ അധികാരത്തിലെത്തിയാല്‍ കേരളത്തില്‍ സമ്പൂര്‍ണ മദ്യ നിരോധനം നടപ്പിലാക്കും എന്നാണ് യുഡിഎഫിന്റെ പ്രകടന പത്രികയിലെ വാഗ്ദാനം. അഞ്ച് വര്‍ഷം കൊണ്ട് കേരളത്തിലെ ബീവറേജസ് ഔട്‌ലെറ്റുകളൊക്കെ പൂട്ടാനാകുമോ എന്നൊന്നും ചോദിയ്ക്കരുത്. മദ്യ നിരോധനമാണ് നയം.
പക്ഷേ അപ്പോഴാണ് ഒരു സംശയം. അധികാരത്തിലെത്തിയാല്‍ എല്ലാ ബാറുകളും ബീവറേജസ് ഔട്ട്‌ലെറ്റുകളും കള്ള് ഷാപ്പുകളും പൂട്ടിച്ച് കേരളത്തെ മദ്യവിമുക്ത കിനാശേരിയാക്കുമെന്ന് പറയുന്നവര്‍ ചെയ്യുന്നത് അത് വല്ലതും ആണോ? പൂട്ടിയ്ക്കും എന്ന് ഉറപ്പിച്ചുകൊണ്ട് ആറ് പാവപ്പെട്ട കോടീശ്വരന്‍മാര്‍ക്ക് പഞ്ചനക്ഷത്ര ബാറുകളല്ലേ അനുവദിച്ച് കൊടുത്തിരിയ്ക്കുന്നത്. ഇങ്ങനെയൊക്കെ ചെയ്യാമോ...!!!

സ്റ്റാറാണേ
പണ്ട് ഈ സ്റ്റാറിന്റെ പേരിലാണല്ലോ ബാറിന്റെ പേരില്‍ കോണ്‍ഗ്രസില്‍ അടിയുണ്ടായത്. നിലവാരമുള്ളതും നിലവാരമില്ലാത്തതും തമ്മിലുള്ള അന്തര്‍ധാര ശക്തമായപ്പോഴല്ലേ പ്രതിക്രിയാവാദികളും പിന്നെ ആരാണ്ടൊക്കെയും ചേര്‍ന്ന് പ്രശ്‌നമുണ്ടാക്കിയത്.

തുറക്കണം... തുറക്കണ്ട
എല്ലാ ബാറുകളും തുറക്കണം എന്ന് പറഞ്ഞ് ഒരു കൂട്ടര്‍. നിലവാരമില്ലാത്ത ഒന്നുപോലും തുറക്കരുതെന്ന് ആദര്‍ശധീരന്‍. എന്നിട്ടൊടുവില്‍ എന്തായി...!!

തുറക്കില്ലെങ്കില്‍ തുറക്കില്ല
ഒടുവില്‍ എല്ലാ ബാറുകള്‍ക്കും പൂട്ടുവീഴ്ത്തിയ പൂഴിക്കടകന്‍ അടവല്ലേ നമ്മുടെ മുഖ്യന്‍ പുറത്തെടുത്തത്. ആദര്‍ശം പറഞ്ഞ സുധീരന്‍ ശരിയ്ക്കും 'പ്ലിങ്' ആയി. നിലവാരമുള്ളത് പോലും തുറക്കേണ്ടെന്ന് പറഞ്ഞ ഉമ്മച്ചന്‍ ആദര്‍ശ ധീരനും ആയി.

ആരോപണമോ...
തുമ്മിയാല്‍ തെറിയ്ക്കുന്ന മൂക്കാണെങ്കില്‍ അതങ്ങ് പോട്ടെന്നേ... ഇതാണ് ഉമ്മന്‍ ചാണ്ടിയുടെ ലൈന്‍. പക്ഷേ എങ്ങനെ തുമ്മിയാലും മുഖ്യമന്ത്രിക്കസേരയുടെ മൂക്ക് ഉമ്മച്ചന്റെ അടുത്ത് നിന്ന് തെറിയ്ക്കില്ല.

നിരോധനം തന്നെ
സമ്പൂര്‍ണ മദ്യനിരോധനം ആണ് ഇനി ലക്ഷ്യം. അധികാരത്തില്‍ വീണ്ടും എത്തിയാല്‍ കേരളത്തെ മദ്യവിമുക്ത കിനാശ്ശേരി ആക്കിക്കളയും എന്നാണ് പ്രകടന പത്രികയിലെ ഭീഷണി.

നയത്തില്‍ നിന്ന് വിടില്ല
എന്തൊക്കെ സംഭവിച്ചാലും മദ്യ നയത്തില്‍ നിന്ന് അണുവിട മാറില്ലെന്നാണ് ഉമ്മന്‍ ചാണ്ടിയും കൂട്ടരും പറയുന്നത്. അത് സമ്പൂര്‍ണ മദ്യനിരോധനം തന്നെയാണത്രെ.

ആറ് ബാറും പിന്നെ അഞ്ച് സ്റ്റാറും
അപ്പോഴതാ വരുന്നൂ പുതിയൊരുപുകില്. തിരഞ്ഞെടുപ്പിന്റെ മൂലയ്ക്ക് ഒരു ആറ് ബാറുകള്‍. അതും ഫൈവ് സ്റ്റാറ്. ഇപ്പോ ഫൈവ് സ്റ്റാറുകള്‍ക്ക് മാത്രമല്ലേ ബാര്‍ പദവി കിട്ടൂ.

പൂട്ടിയ്ക്കുമെന്ന് ഉറപ്പല്ലേ
'വളരണം ഈ നാട്, തുടരണം ഈ ഭരണം' എന്നല്ലേ മുദ്രാവാക്യം. ജയിക്കുമെന്ന് ഉമ്മച്ചനും കൂട്ടര്‍ക്കും ഉറപ്പും ആണ്. അധികാരത്തില്‍ വന്നാല്‍ സമ്പൂര്‍ണ മദ്യ നിരോധനം നടപ്പിലാക്കുകയും ചെയ്യും.

പിന്നെന്തിനീ ലൈസന്‍സ്
ഭരണത്തില്‍ വന്നാല്‍ പൂട്ടിയ്ക്കും എന്ന് ഉറപ്പുള്ള സ്ഥിതിയ്ക്ക് ആ ആറ് ബാറുകള്‍ക്ക് ലൈസന്‍സ് കൊടുക്കേണ്ട വല്ല കാര്യവും ഉണ്ടോ?












Click it and Unblock the Notifications