ഒരു കല്ലെറിയാന്‍ ആര്‍ക്കായാലും തോന്നില്ലേ?
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ വധിക്കാന്‍ ഉദ്ദേശിച്ച് തന്നെയായിരിക്കണം എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ അദ്ദേഹം സഞ്ചരിച്ചിരുന്ന കാറിന് നേരെ കല്ലെറിഞ്ഞത്. പേടിപ്പിക്കാന്‍ ആണെങ്കില്‍ സാധാരണ കണ്ണൂരിലെ സഖാക്കള്‍ വല്ല നാടന്‍ ബോംബോ മറ്റോ എറിയുകയാണ് പതിവ്. ഇത് ശരിക്കും കൊല്ലാന്‍ തന്നെ നോക്കിയതാണ്.
സിപിഎം സംസ്ഥാന സമിതി ചേര്‍ന്നോ, സംസ്ഥാന സെക്രട്ടേറിയറ്റ് ചേര്‍ന്നോ എടുത്ത തീരുമാനം കണ്ണൂരിലെ ഉശിരന്‍ സഖാക്കളിലൂടെ നടപ്പിലാക്കുകയാണ് യഥാര്‍ത്ഥത്തില്‍ ചെയ്തതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. എന്തായാലും പോലീസിനും ആഭ്യന്തര വകുപ്പിനും ഇക്കാര്യത്തില്‍ ഒരു സംശയവും ഇല്ല. സംഗതി വധ ശ്രമം തന്നെയെന്ന് കേസെടുത്ത് അവര്‍ ഉറപ്പിച്ച് കഴിഞ്ഞിരിക്കുന്നു.

വധ ശ്രമമോ വെറും കല്ലേറോ... എന്തോ ആയിക്കോട്ടെ. പുതുപ്പള്ളിയിലെ കുഞ്ഞൂഞ്ഞ് കേരള ചരിത്രത്തിന്റെ ഏടുകളില്‍ സുവര്‍ണ ലിപികളില്‍ എഴുതിച്ചേര്‍ക്കാവുന്ന ഒരു ഏടായി മാറിക്കഴിഞ്ഞിരിക്കുകയാണ്. എത്ര വലിയ സമരം നടന്നിട്ടും കല്ലേറ് കൊണ്ട കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി എന്ന ഖ്യാതി ഇനി ആര്‍ക്കും കിട്ടില്ലല്ലോ.
സംഗതി, ജനസന്പര്‍ക്കമൊക്കെ നടത്തി ജനത്തിന്റെ കണ്ണില്‍ പൊടിയിടുന്നുണ്ടെങ്കിലും ഈ മുഖ്യന്റെ ചില ഇടപാടുകള്‍ ആര്‍ക്കായാലും സംശയം തോന്നിപ്പിക്കില്ലേ. ഹൈക്കോടതി വരെ പറയുന്നു മുഖ്യന്റെ പഴയ ഗണ്‍മാന്‍ സലീം രാജ് അധികാര കേന്ദ്രമെന്ന്. പക്ഷേ മുഖ്യന് മാത്രം ഒരു കൂസലും ഇല്ല. സോളാര്‍ കേസില്‍ സലീം രാജിന്റെ പങ്കും കടകംപള്ളിയിലെ ഭൂമി തട്ടിപ്പും ഒന്നും മുഖ്യമന്ത്രിക്ക് പ്രതികരിക്കാന്‍പോലും താത്പര്യമില്ലാത്ത സംഭവങ്ങളാണ്. സലീം രാജ് മുഖ്യമന്ത്രിക്ക് ശരിക്കും ആരാണെന്ന് പലതവണ പലരും ചോദിച്ചുകൊണ്ടേ ഇരിക്കുകയാണ്.
കേരളത്തിലെ മിടുക്കരായ കള്ളന്‍മാരില്‍ ഒരാളായ ബിജു രാധാകൃഷ്ണനുമായി ഒരു മണിക്കൂര്‍ കുടുംബ പ്രശ്‌നങ്ങള്‍ സംസാരിച്ച മഹാനാണ് നമ്മുടെ മുഖ്യമന്ത്രി എന്ന് മറക്കരുത്. പക്ഷേ എന്താണ് സംഭവിച്ചതെന്ന് പുറത്ത് പറയാന്‍ അദ്ദേഹത്തിന് ബുദ്ധിമുട്ടുണ്ടത്രെ. മറ്റൊരാളുടെ കുടുംബ പ്രശ്‌നം , അതെന്തായാലും മുഖ്യമന്ത്രി എങ്ങനെ പുറത്തുപറയും അല്ലേ... എന്നാലും പിന്നേയും ഒരു സംശയം, ഇനി ബിജു രാധാകൃഷ്ണനും മുഖ്യമന്ത്രിയും കൂടി സംസാരിച്ചത് മുഖ്യമന്ത്രിയുടെ കുടുംബ കാര്യം വല്ലതും ആയിരിക്കുമോ. അതുകൊണ്ടും ആകാമല്ലോ മുഖ്യമന്ത്രിയുടെ ഈ അര്‍ത്ഥ ഗര്‍ഭമായ മൗനം!
സോളാര്‍ തട്ടിപ്പ് കേസില്‍ ഉമ്മന്‍ ചാണ്ടി കേട്ടതുപോലെ ഒരു ചീത്തപ്പേര് കേരള രാഷ്ട്രീയത്തില്‍ ഒരു മുഖ്യമന്ത്രിയും ആ സ്ഥാനത്തിരുന്നുകൊണ്ട് കേട്ടിട്ടുണ്ടാകില്ല. പ്രതിപക്ഷം എത്രയോ സമരങ്ങള്‍ നടത്തിയപ്പോഴും തെല്ലും കൂസലില്ലാതെ കസേര മാത്രം മുറുകേ പിടിച്ച ആളാണ് മുഖ്യന്‍. സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ വിമര്‍ശിച്ചപ്പോഴും അതൊക്കെ അതിവേഗം ബഹുദൂരം തള്ളിക്കളയുകയല്ലേ മുഖ്യമന്ത്രി ചെയ്തത്.
ഇതിനിടെ സമരം ചെയ്ത ഒരു എല്‍ഡിഎഫ് പ്രവര്‍ത്തകന്റെ ജനനേന്ദ്രിയം പോലും ഉമ്മന്‍ ചാണ്ടിയുടെ പോലീസ് തകര്‍ത്ത് തരിപ്പണമാക്കി. പക്ഷേ ആ പോലീസുകാരനെതിരെ കേസെടുക്കാനൊന്നും നമ്മുടെ സര്‍ക്കാര്‍ ധൈര്യപ്പെട്ടില്ല എന്നത് പ്രത്യേകം പ്രശംസനീയമാണ്.
നിയമത്തിന്റെ മുന്നില്‍ മുഖ്യമന്ത്രിയെന്നോ സാധാരണക്കാരനെന്നോ വ്യത്യാസം ഒന്നും ഇല്ല എന്നാണല്ലോ പൊതുവേ പറയപ്പെടുന്നത്. സാധാരണക്കാരന്റെ ജനനേന്ദ്രിയം തകര്‍ത്താല്‍ അതൊരു പ്രശ്‌നമേ അല്ല. മുഖ്യന്റെ കാറിന്റെ കണ്ണാടിച്ചില്ല് എറിഞ്ഞ് തകര്‍ത്താല്‍ അത് വധ ശ്രമം. ഇങ്ങനെയൊക്കെയാണ് കാര്യങ്ങളെങ്കില്‍ ആര്‍ക്കെങ്കിലും ഇനിയും കല്ലെറിയാന്‍ തോന്നിയാല്‍ വലിയ തെറ്റൊന്നും പറയാന്‍ പറ്റില്ല.
ഒരു സംശയം കൂടി ബാക്കിയുണ്ട്. കല്ലേറില്‍ 'ഗുരുതരമായി' പരിക്കേറ്റ മുഖ്യന്‍ പങ്കെടുക്കാന്‍ ഉദ്ദേശിച്ച പരിപാടികളൊക്കെ കഴിഞ്ഞാണ് ആശുപത്രിയില്‍ പോയി പരിശോധന നടത്തിയത്. അതും പോലീസിന്‍റെ നിര്‍ബന്ധം സഹിക്ക വയ്യാതെ. കണ്ണൂരിലെ ഡോക്ടര്‍ അത്യാവശ്യം പരിശോധനകളൊക്കെ നടത്തിയതാണത്രെ. നെഞ്ചിന്‍റെ എക്സ് റേയും സിടി സ്കാനും ഒക്കെ എടുത്ത് നോക്കിയപ്പോഴും പ്രശ്നങ്ങളൊന്നും കണ്ടില്ല. അവിടെ നിന്ന് യാത്ര തിരിച്ച ഉമ്മന്‍ ചാണ്ടി പുലര്‍ച്ചെ തിരുവനന്തപുരത്തെത്തിയപ്പോള്‍ വീണ്ടും ആശുപത്രിയില്‍ പോയി കിടക്കുന്നത് എന്തിനാണാവോ... ഇനി വരുന്ന വഴിക്ക് വേറേയും കല്ലേറ് നടന്നിട്ടുണ്ടോ ആവോ...












Click it and Unblock the Notifications