ദില്ലിയില്‍ കോണ്‍ഗ്രസിന് രണ്ടാം സ്ഥാനം നഷ്ടപ്പെട്ടത് വെറും മൂന്ന് സീറ്റിന്!!!
സത്യത്തില്‍ രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും അജയ് മാക്കനും നമ്മുടെ പിസി ചാക്കോയും ഒന്നും വിഷമിക്കേണ്ട കാര്യമില്ല. ഒരു മത്സരമാകുമ്പോള്‍ എല്ലാവര്ക്കും ഒന്നാം സ്ഥാനത്തെത്താനൊന്നും കഴിയില്ല. ഒന്നാമതായില്ലെങ്കില് പിന്നെ രണ്ടോ മൂന്നോ സ്ഥാനം കൊണ്ടങ്ങ് തൃപ്തിപ്പെടുക തന്നെ.
ഒരു ഓട്ട മത്സരം നടത്തിയാല്‍ എല്ലാവരും ജയിക്കില്ലല്ലോ. രണ്ടാമനും മൂന്നാമനും ഒക്കെ സമ്മാനം കിട്ടും. അപ്പോള്‍ ദില്ലിയിലെ ഓട്ടത്തില്‍ ബിജെപിക്കും കോണ്‍ഗ്രസിനും ഉണ്ടാവും സമ്മാനം.
ഇന്ത്യ കോണ്‍ഗ്രസ് മുക്തമാക്കും എന്നൊക്കെയായിരുന്നു മോദിയാശാനും കൂട്ടരും ഒക്കെ പറഞ്ഞ് നടന്നത്. എന്നിട്ടിപ്പോ എന്തായി. താമരയില്ലാത്ത കുളം പോലെ ആകുമായിരുന്നില്ലേ ദില്ലിയിലെ സ്ഥിതി. പിന്നെ വെറും മൂന്ന് സീറ്റ് കിട്ടിയതുകൊണ്ട് ചീത്തപ്പേരൊഴിവായി എന്ന് മാത്രം.
എന്തായാലും കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തുണ്ട് എന്നതാണ് സോണിയാജിയുടേയും രാഹുല്‍ജിയുടേയും ആശ്വാസം. വെറും മൂന്ന് സീറ്റിനാണല്ലോ തങ്ങള്‍ മൂന്നാം സ്ഥാനത്തായി പോയതെന്നാണത്രെ ഇപ്പോള്‍ എഐസിസി ആസ്ഥാനത്തെ അടക്കം പറച്ചില്. പക്ഷേ ഓട്ടം പൂര്‍ത്തിയാക്കാതെ പൂജ്യരായി മടങ്ങിയോ എന്ന കാര്യത്തില്‍ ഇപ്പോഴും ചിലര്‍ക്കൊക്കെ ഉറപ്പ് വന്നിട്ടില്ലത്രെ.
ദില്ലി തിരഞ്ഞെടുപ്പ് ചിത്രങ്ങള്‍
ഇതൊന്നും അല്ല തമാശ. ആം ആദ്മി പാര്‍ട്ടി ദില്ലി തൂത്തുവാരിയപ്പോള്‍ കേരളത്തിലെ സിപിഎമ്മുകാരുടെ നെഞ്ചളവ് കൂടിയിട്ടുണ്ടെന്നാണ് രഹസ്യാന്വേഷണ വിവരം. പ്രകാശ് കാരാട്ട് പ്രഖ്യാപിച്ച പിന്തുണ ഒന്ന് കൊണ്ടുമാത്രമാണ് ഇത്രയും സീറ്റ് കിട്ടിയതെന്നാണ് സഖാക്കളുടെ വിലയിരുത്തല്‍.
ദില്ലിയില്‍ ഞങ്ങള്‍ സഹായിച്ച സ്ഥിതിക്ക് കേരളത്തിലും പശ്ചിമ ബംഗാളിലും തിരിച്ച് സഹായിക്കണം എന്നാവശ്യപ്പെട്ട് ചില പിബിക്കാര് കെജ്രിയദ്ദേഹത്തിന് കത്ത് തയ്യാറാക്കുന്നതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.