കേരള കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക്....?
മാണി സാറിന്റെ കേരള കോണ്‍ഗ്രസില്‍ ഇപ്പോള്‍ എന്താണ് നടക്കുന്നത്. ആന കരിമ്പിന്‍ കാട്ടില്‍ കയറിയത് പോലെയാണിപ്പോള്‍ പാര്‍ട്ടിയുടെ അവസ്ഥ. ആന കരിമ്പിന്‍ കാട്ടില്‍ കയറിയതുപോലെ എന്ന് പൂര്‍ണമായും പറയാന്‍ പറ്റില്ല. ചില പ്രത്യേക ഇനം കരിമ്പുകളെ മാത്രം ആണ് ചവിട്ടി മെതിക്കപ്പെട്ടത്.ചീഫ് വിപ്പും പാര്‍ട്ടിയുടെ വൈസ് ചെയര്‍മാനുംആയ പിസി ജോര്‍ജ്ജ് ആണ് മെതിക്കലിന്‍റെ ആള്. പാര്‍ട്ടി എന്താണ് ഉദ്ദേശിക്കുന്നതെന്നും പിസി ജോര്‍ജ്ജ് എന്താണ് ഉദ്ദേശിക്കുന്നതെന്നും ഇപ്പോള്‍ ആര്‍ക്കും വ്യക്തമല്ല.
ഈ സര്‍ക്കാരിനെ വീഴ്ത്താന്‍ മാണിസാറിന്റെ കേരള കോണ്‍ഗ്രസ് മാത്രം വിചാരിച്ചാല്‍ മതി. മാണിസാറിന്റെ പാര്‍ട്ടിയുടെ ഒരു പകുതി വിചാരിച്ചാല്‍ തന്നെ സംഗതി പ്രശ്‌നമാകും എന്നതാണ് ഏറ്റവും വലിയ പ്രശ്‌നം. ഈ പിസി ജോര്‍ജ്ജ് ഇങ്ങനെ പൊട്ടിത്തെറിച്ച് നടന്നാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന് മാണിസാറിന് ബോധ്യമായിട്ടുണ്ടോ ആവോ?

കേരള കോണ്‍ഗ്രസ് എമ്മിനെ പുകച്ച് പുറത്ത് ചാടിച്ച് സര്‍ക്കാരിനെ അട്ടിമറിക്കാമെന്ന പ്രതീക്ഷയിലാണ് സിപിഎം ഇത്രനാളും ഉണ്ടായിരുന്നത്. പിസി ജോര്‍ജ്ജ് പിണറായി വിജയനേയും വിഎസ് അച്യുതാനന്ദനേയും ഒരു വശത്ത് പുകഴ്ത്തിക്കൊണ്ടിരുന്നു. മറുവശത്ത് കോടിയേരി ബാലകൃഷ്ണന്‍ കെഎം മാണിയെ പ്രശംസിക്കുന്നു. കാര്യങ്ങള്‍ ഇങ്ങനെ അങ്ങ് പോയിക്കൊണ്ടിരിക്കുമ്പോഴാണ് പിസി അടുത്ത വെടിപൊട്ടിച്ചത്.
ഫ്രാന്‍സി ജോര്‍ജിനേയും പിജെ ജോസഫ് വിഭാഗത്തിലെ മറ്റ് നേതാക്കളേയും തിരഞ്ഞ്പിടിച്ച് വെടിവക്കുകയാിരുന്നു ജോര്‍ജ്ജ്. പാര്‍ട്ടിക്ക് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ അധിക സീറ്റ് വേണ്ടെന്ന് പോലും പറഞ്ഞു. കോണ്‍ഗ്രസാണ് കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കേണ്ടതെന്നുകൂടി ജോര്‍ജ്ജ് പറഞ്ഞുകളഞ്ഞു.
ഇത്രയും നാള്‍ കോണ്‍ഗ്രസിനെ കരിവാരി തേച്ച് നടന്ന ആള്‍ പെട്ടെന്ന് കോണ്‍ഗ്രസിന്റെ കൂടെ അങ്ങ് ഒട്ടി നില്‍ക്കുന്നത് കണ്ടപ്പോള്‍ ശരിക്കും ഞെട്ടിയത് സിപിഎം കാരാണ്. പ്രതീക്ഷയോടെ ഇരുന്നത് വെറുതെയാകുമോ?
എന്തായാലും സംഭവം സിപിഎമ്മിന് കുറച്ച് കൂടി പ്രതീക്ഷ നല്‍കുന്നുണ്ടെന്നാണ് സൂചന. ജോര്‍ജ്ജിനെതിരെ പാര്‍ട്ടി നടപടി ഒന്നും എടുത്തില്ലെങ്കില്‍ കേരള കോണ്‍ഗ്രസ് വീണ്ടും പിളര്‍ന്നേക്കും. പാര്‍ട്ടിയും മുന്നണിയും ഒന്നുമല്ല പ്രശ്‌നം, പിജെ ജോസഫ് ആത്മാഭിമാനം വിട്ട് കളിക്കില്ല എന്നാണ് അദ്ദേഹത്തോട് അടുപ്പമുള്ള നേതാക്കള്‍ പറയുന്നത്.
ഇടത്പക്ഷവുമായുള്ള പഴയ തെറ്റൊക്കെ മറക്കാന്‍ ചിലപ്പോള്‍ ഈ ആത്മാഭിമാന പ്രശ്‌നം ഉപകരിച്ചേക്കുമെന്നും ചില വിലിരുത്തലുകള്‍ ഉണ്ട്. അങ്ങനെയാണെങ്കില്‍ സിപിഎമ്മിന് വന്‍ ലാഭവും ആകും. കെഎം മാണിയെ മുഖ്യമന്ത്രിയായി ചുമക്കേണ്ടതില്ല. ജോസഫിന് വല്ല ജലവകുപ്പോ, കൃഷിവകുപ്പോ കൊടുത്ത് ഇരുത്തിയാല്‍ മതി.
പിന്നെ ആര് മുഖ്യമന്ത്രിയാകും എന്നൊരു പ്രശ്‌നമുണ്ട്. ലാവലിന്‍ കേസില്‍ തീരുമാനമാകാതെ തിരഞ്ഞെടുപ്പിനില്ല എന്ന വാശിയുമായി നില്‍ക്കുകയാണ് സഖാവ് പിണറായി വിജയന്‍. വിഎസിനെ ഇനി മുഖ്യമന്ത്രിയാക്കുന്ന കാര്യം പാര്‍ട്ടിക്ക് ചിന്തിക്കാനേ വയ്യ. പിന്നെ ഒരു സാധ്യതയുള്ളത് കോടിയേരി ബാലകൃഷ്ണനാണ്. പോളിറ്റ് ബ്യോറോ അംഗവും പ്രതിപക്ഷ ഉപനേതാവും ഒക്കെ അല്ലേ....
പക്ഷേ കേരള കോണ്‍ഗ്രസിലെ അവസാന വാക്ക് മാണിസാറിന്റേത് തന്നെയാണ്. അടുത്തിടവരെ ആ വാക്ക് പിസി ജോര്‍ജ്ജ് ആയിരുന്നു പറഞ്ഞ് കൊടുത്തിരുന്നത് എന്ന് മാത്രം. എന്നാല്‍ ഇത്തവണ കളി മാറിയിട്ടുണ്ട്. ജോര്‍ജ്ജിനെ അങ്ങനെ കെട്ടഴിച്ച് വിടാന്‍ പറ്റില്ലെന്ന് മാണിസാര്‍ തീരുമാനിച്ചിട്ടുണ്ടത്രെ. പെരുമാറ്റച്ചടവും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പിസി ജോര്‍ജ്ജിനെ പാര്‍ട്ടി വൈസ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും ചീഫ് വിപ്പ് സ്ഥാനത്ത് നിന്നും പുറത്താക്കണം എന്നാണ് ജോസഫ് വിഭാഗത്തിന്റെ ആവശ്യം. ഇപ്പോള്‍ പഴയ മാണി ഗ്രൂപ്പിലെ ചിലരും ഈ ആവശ്യം ഉന്നയിച്ച് കത്ത് നല്‍കിയിട്ടുണ്ടന്നും വാര്‍ത്തകള്‍ ഉണ്ട്.
കേരള കോണ്‍ഗ്രസ് ആണ് പാര്‍ട്ടി. മാണി സാര്‍ ആണ് നേതാവ്. എന്തും സംഭവിക്കാം. ചിലപ്പോള്‍ ഇതെല്ലാം തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ സീറ്റിന്റെ കാര്യത്തില്‍ ചര്‍ച്ച തുടങ്ങിവക്കാനുള്ള ഒരു നാടകം പോലും ആകാന്‍ സാധ്യതയുണ്ട്.












Click it and Unblock the Notifications