മാണിവരും, ഉമ്മന്‍ ചാണ്ടി വീഴും
കാള്‍ മാര്‍ക്‌സിന്റെ തൊഴിലാളിവര്‍ഗ്ഗ സിദ്ധാന്തങ്ങള്‍ ഒന്നും പോര എന്ന് പറയുന്ന ആധുനിക തത്വചിന്തകനാണ് കരിങ്ങൊഴക്കല്‍ മാണി മാണി എന്ന കെഎം മാണി. മാര്‍ക്‌സിയന്‍ തത്വശാസ്ത്രങ്ങള്‍ക്ക് ബദലായി പുതിയൊരു സിദ്ധാന്തം തന്നെ സൃഷ്ടിച്ച വ്യക്തിയാണ്. അദ്ധാന വര്‍ഗ്ഗ സിദ്ധാന്തം എന്ന ആ സിദ്ധാന്തം ആണ് അങ്ങ് ലണ്ടനില്‍ ഹൗസ് ഓഫ് കോമണ്‍സില്‍ പോയി അവതരിപ്പിച്ചത്. നാട്ടിലെ ദുഷ്ടന്‍മാര്‍ അതിനെപ്പറ്റി ഇല്ലാക്കഥകള്‍ പലതും പറയുന്നുണ്ട്. എന്നാല്‍ അതൊന്നും മാണിസാറിന് അല്‍പം പോലും പ്രശ്‌നമല്ല.
സിപിഎമ്മും അതിന്റെ പ്രത്യയ ശാസ്ത്രവും ഒന്നും മാണിക്ക് തീരെ ബോധ്യമില്ല. പക്ഷേ ഇപ്പോഴത്തെ സാഹചര്യത്തില്‍ ആ പ്രത്യയ ശാസ്ത്ര പ്രശ്‌നങ്ങളൊക്കെ വേണമെങ്കില്‍ ഒന്ന് മാറ്റിവക്കാമെന്ന ചിന്തയിലാണ് മാണിസാര്‍.

ഒറ്റക്ക് പാര്‍ട്ടി കൊണ്ടുനടന്ന സമയത്ത് ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ല. ഇപ്പോഴാണെങ്കില്‍ ആ പിസി ജോര്‍ജ്ജും പിജെ ജോസഫും ഒക്കെ കൂടെ വന്നതിന് ശേഷം ഒരു സമാധാനവും ഇല്ല. ജോര്‍ജ്ജിനെ പുറത്താക്കിയില്ലെങ്കില്‍ പാര്‍ട്ടിവിട്ട് പുറത്ത് പോകും എന്നാണ് ജോസഫിന്റെ ഭീഷണി. എന്നാല്‍ ജോര്‍ജ്ജാണെങ്കില്‍ തിരിച്ചൊരു ഭീഷണിയും മുഴക്കുന്നുമില്ല. ജോസഫ് പോയാല്‍ പാര്‍ട്ടിയില്‍ ആണ് കുറയുമെന്നേ ഉള്ളൂ. പക്ഷേ ജോര്‍ജ്ജിനെ പിണക്കിയാല്‍ ചിലപ്പോള്‍ മാനം തന്നെ പോയേക്കും.
ഈ ഭീഷണികള്‍ക്കിടയിലാണ് ഒന്ന് മറുകണ്ടം ചാടിയാലോ എന്ന് മാണിസാറിന് തന്നെ തോന്നിത്തുടങ്ങിയത് എന്നാണ് അരമന രഹസ്യം. ആ കോടിയേരിയാണെങ്കില്‍ ഒടുക്കത്തെ സുഖിപ്പിക്കലും. ഉമ്മന്‍ ചാണ്ടിയേക്കാള്‍ മുഖ്യനാകാന്‍ യോഗ്യന്‍ മാണിസാറാണ് എന്നാണ് കോടിയേരി പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ സിപിഎം പാര്‍ട്ടി പ്ലീനത്തിലെ സെമിനാറില്‍ പ്രബന്ധം അവതരിപ്പിക്കാനുള്ള ക്ഷണവും.
സിപിഎമ്മും കോടിയേരിയും ഒക്കെ മാണിസാറിനെ പുകഴ്ത്തിക്കൊണ്ടിരിക്കുകയാണല്ലോ എന്നാണ് മാധ്യമക്കോലങ്ങളുടെ ചോദ്യം. മണ്ടന്‍മാര്‍ സിപിഎംകാരും കോടിയേരിയും ഒക്കെ പറയുന്നത് പുകഴ്ത്തല്‍ അല്ല, ശരിക്കും ഉള്ള കാര്യങ്ങള്‍ തന്നെ അല്ലേ എന്നാണ് മാണിസാര്‍ ചോദിക്കുന്നത്. ഉള്ള കാര്യങ്ങള്‍ പറയുന്നതില്‍ വല്ല തെറ്റുമുണ്ടോ....
ഇനിയിപ്പം നല്ലൊരു ചാന്‌സ് വേറേയും വന്നു. കസ്തൂരിരംഗന്റെ പേരിലാണത്. ആ റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ ഭൂമി മലയാളം തകര്‍ന്നുപോകും എന്ന രീതിയിലല്ലേ ഇടത് വലത് ഭേദമില്ലാതെ നേതാക്കള്‍ പറയുന്നത്. സമരത്തിന്‌റെ പിതൃത്വം ആദ്യം തന്നെ പള്ളിക്കാരും ഇടതന്‍മാരും ഏറ്റെടുത്തു. നിലവിലെ സാഹചര്യത്തില്‍ രണ്ട് പേരും മാണിസാറിന് ഗുണം ചെയ്യുന്നവരാണ്. അപ്പോള്‍ പിന്നെ ഇടത് സമരത്തിന്റെ കൂടെ അങ്ങ് കൂടിക്കളയാം എന്ന് മാണി സാറും തീരുമാനിച്ചു.
ഒരു കുട്ടി ജനിക്കണമെങ്കില്‍ എന്തൊക്കെ സംഭവിക്കണം എന്ന് ഇന്ന് നഴ്‌സറി ക്ലാസ്സില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് പോലും അറിയാവുന്ന സംഗതിയാണ്. അതിനിടക്കാണ് ഈ പത്രക്കാരന്‍മാരുടെ ഒരു സംശയം.... മാണി സാര്‍ ഇടത്തോട്ട് പോകുമോ എന്ന് ? ഉടനടി കൊടുത്തില്ലേ മറുപടി; ജനിക്കാത്ത കുഞ്ഞിന്റെ ജാതകം നോക്കണോ എന്ന്...
അപ്പോള്‍ കുട്ടി ഉണ്ടാകില്ലെന്ന് മാണി സാര്‍ ഉറപ്പിച്ച് പറഞ്ഞിട്ടില്ല. കുട്ടി ഉണ്ടാകും എന്നും പറഞ്ഞിട്ടില്ല. ഇനിയെങ്ങാന്‍ ആ കുട്ടി ജനിച്ചാല്‍ അതിന്റെ അച്ഛന്‍ ആര്, അമ്മയാര് എന്ന് ചോദ്യം മാത്രമേ ബാക്കിയുണ്ടാവൂ.
പിണറായി വിജയനാണെങ്കില്‍ ലാവലിന്‍ കേസിന്റെ കെട്ട് വിട്ട് നടു നിവര്‍ത്തി ഇരിക്കുകയാണ്. കുടുംബ ഭരണം ഏറ്റെടുക്കാന്‍ സദാ സന്നദ്ധന്‍. നിലവിലെ കാര്‍ന്നോരെ ഏതാണ്ട് ഒരു മൂലക്കിരുത്തിയിട്ടുണ്ട്. കുറച്ച് മുമ്പാണെങ്കില്‍ മുന്നണിവിട്ട് വന്നാല്‍ മാണിസാറിന് മുഖ്യമന്ത്രി കസേരയില്‍ അങ്ങ് ഇരിക്കാമായിരുന്നു. ഇനിയിപ്പോള്‍ ധനവകുപ്പ് വച്ച് കൊണ്ട് തന്നെ ഇരിക്കേണ്ടി വന്നേക്കാം. പിണറായി മുഖ്യമന്ത്രി കസേരയിലും ഇരിക്കട്ടെ.












Click it and Unblock the Notifications