വണ്‍, ടു, ത്രീ, ഫോര്‍... മണി വീണ്ടും സെക്രട്ടറി
ബൂര്‍ഷ്വാ കോടതികളില്‍ ഒന്നും വിശ്വസിക്കാത്ത ഒരു കൂട്ടരുണ്ട് നമ്മുടെ നാട്ടില്‍. തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യത്തിന്റെ നാളുകള്‍ വരുമ്പോള്‍ ഈ ബൂര്‍ഷ്വാ കോടതികളെ മുഴുവന്‍ തകര്‍ത്തെറിയാമെന്ന സ്വപ്‌നത്തില്‍ ജീവിക്കുന്ന കൂട്ടരാണ്. തുടക്കത്തില്‍ ജനാധിപത്യത്തിലും വലിയ വിശ്വാസം ഉണ്ടായിരുന്നില്ല. തോക്കിന്‍ കുഴലിലൂടെ വിപ്ലവം നടത്തി തൊഴിലാളിവര്‍ഗ്ഗ സര്‍വാധിപത്യം ഉണ്ടാക്കാമെന്നായിരുന്നു സ്വപ്നം. പക്ഷേ അതിത്തിരി റിസ്‌ക് ഉള്ള പരിപാടിയായതിനാല്‍ പിന്നീട് മാറ്റിവച്ചു.
സിപിഎമ്മിനെ കുറിച്ചാണ് പറഞ്ഞ് വരുന്നത്. പോലീസ് കേസും ആരോപണങ്ങളും ഞങ്ങള്‍ക്ക് ഒരു പുല്ലുമല്ലെന്ന് പാര്‍ട്ടി വീണ്ടും തെളിയിച്ചിരിക്കുകയാണ്. വണ്‍, ടു, ത്രീ, ഫോര്‍ എന്ന് പറഞ്ഞ് നാല് പേരെ തട്ടിയ കഥപറഞ്ഞ് കുരുക്കിലായ സഖാവ് എംഎം മണി. ജില്ലാ സെക്രട്ടറി സ്ഥാനം നഷ്ടപ്പെട്ട്, ജയില്‍വാസവും കഴിഞ്ഞ് നാട്ടില്‍ തിരിച്ചെത്തിയ മണി വീണ്ടും ജില്ലാ സെക്രട്ടറിയായി അവരോധിക്കപ്പെട്ടിരിക്കുന്നു.

രാമായണ കഥയാണ് ശരിക്കും ഓര്‍മ വരുന്നത്. പ്രസംഗത്തിന്റെ പേരില്‍ കേസില്‍ പെട്ട മണിയെ സംസ്ഥാന കമ്മിറ്റി ഇടപെട്ട് ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി. പിന്നെ കുറച്ച് നാള്‍ ഒളിവ് ജീവിതത്തില്‍ ആയിരുന്നു. അത് കഴിഞ്ഞപ്പോള്‍ ജയില്‍. അതും കഴിഞ്ഞ് ജാമ്യം കിട്ടിയപ്പോള്‍ സ്വന്തം ജില്ലയില്‍ കയറാന്‍ പോലും പറ്റാത്ത അവസ്ഥ. ഇപ്പോള്‍ പ്രശ്‌നങ്ങളൊക്കെ ഏതാണ്ട് അവസാനിച്ചിരിക്കുന്നു.
കാനന വാസം കഴിഞ്ഞ് അയോധ്യയില്‍ തിരിച്ചെത്തിയ രാമന് ഭരതന്‍ കിരീടം കൈമാറിയത് പോലെയാണ് ഇടുക്കിയിലും സംഭവിച്ചത്. തല്‍ക്കാലത്തേക്ക് സെക്രട്ടറി സ്ഥാനം ഏറ്റെടുത്ത കെ കെ ജയചന്ദ്രന്‍ തന്നെ മണിയാശാനെ വീണ്ടും ജില്ലാ സെക്രട്ടറിയായി അവരോധിക്കണം എന്ന് ജില്ലാ സെക്രട്ടേറിയറ്റില്‍ ആവശ്യപ്പെട്ടത്രെ. പക്ഷേ പാര്‍ട്ടി ഈ രാമായണത്തിലും മഹാഭാരതത്തിലും ഒന്നും വിശ്വസിക്കുന്നില്ല കെട്ടോ. സംഭവങ്ങളില്‍ ഉണ്ടായ സാദൃശ്യങ്ങള്‍ ആകസ്മികം മാത്രം.
പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി ശ്രീമാന്‍ പിണറായി വിജയന്‍ സഖാവിന്റ കാര്‍മികത്വത്തിലായിരുന്നു മണിയാശാന്റെ രണ്ടാം കിരീട ധാരണം. ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ ഇടത്മുന്നണിയുടെ കണ്‍വീനറും അടിയന്തരാവസ്ഥ പീഡിതരുടെ ജാഥാ നേതാവും ആയ സഖാവ് വൈക്കം വിശ്വനും ഉണ്ടായിരുന്നു.
ജില്ലാ കമ്മിറ്റിയില്‍ ഒരാളുപോലും മണിയെ വീണ്ടും സെക്രട്ടറിയാക്കുന്നതില്‍ ആക്ഷേപം ഉന്നയിച്ചില്ലത്രെ. ലോകസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ശക്തിപകരാന്‍ മണിയാശാന്റെ ചൂടന്‍ പ്രസംഗങ്ങള്‍ അത്യാവശ്യമെന്നും പാര്‍ട്ടി കരുതുന്നുണ്ട്. പിന്നെ കെകെ ജയചന്ദ്രന്‍ എംഎംഎല്‍ സെക്രട്ടറിയായി ഇരിക്കുന്നത് ജില്ലാ സെക്രട്ടേറിയറ്റിലെ തന്നെ പലര്‍ക്കും അത്ര പിടിക്കുന്നില്ലെന്നും കഥകളുണ്ട്.
മണിയാശാന്‍ എന്നാണ് എംഎം മണി ഇടുക്കി ജില്ലയില്‍ പൊതുവെ അറിയപ്പെടുന്നത്. 2012 മെയ് 25 ന് മണക്കാട് നടത്തിയ ഒരു പ്രസംഗത്തില്‍ നടത്തിയ ചില ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് മണിയാശാനെ കേരളം മുഴുവന്‍ 'ലോക' പ്രശസ്തനാക്കിയത്. 1980 കളില്‍ പാര്‍ട്ടി പ്രതിയോഗികളെ പട്ടിക തയ്യാക്കി കൊന്നിട്ടുണ്ടെന്നായിരുന്നു മണിയുടെ പ്രസംഗത്തിലെ വെളിപ്പെടുത്തല്‍. ടിപി ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സിപിഎം നേതാക്കള്‍ അറസ്റ്റിലായ സാഹചര്യത്തില്‍ ആയിരുന്നു മണിയാശാന്റെ വിവാദ പ്രസംഗം.












Click it and Unblock the Notifications