മൂന്നാം മുന്നണി... വല്ലതും നടക്കുമോ?
ലോക്‌സഭ തിരഞ്ഞെടുപ്പിനെ കുറിച്ച് ചര്‍ച്ചകള്‍ തുടങ്ങിയപ്പോള്‍ ബിജെപിയുടെ നരേന്ദ്ര മോഡിയായിരുന്നു താരം. അന്ന് അദ്ദേഹം വെറും ഗുജറാത്ത് മുഖ്യമന്ത്രി മാത്രം ആയിരുന്നു.
ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണ സമിതി അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മോഡിയുടെ ജനപ്രീതി അങ്ങ് കൂടി. സോഷ്യല്‍ മീഡിയകളിലെ താരമായി. പക്ഷേ പിന്നീട് ഈ ഒരു ആവേശം നിലനിര്‍ത്താന്‍ മോഡിക്ക് കഴിഞ്ഞില്ല. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചെങ്കിലും പഴയൊരു കുതിപ്പില്ല.

ഇതിനിടെ ദില്ലിയില്‍ ആം ആദ്മി പാര്‍ട്ടി നേടിയ വിജയമായി പ്രധാന ചര്‍ച്ചാവിഷയം. എന്തായാലും കോണ്‍ഗ്രസിനെ കുറിച്ച് കാര്യമായ ചര്‍ച്ചകളൊന്നും നടക്കുന്നില്ല. രാഹുല്‍ ഗാന്ധി- അര്‍ണബ് ഗോസ്വാമി അഭിമുഖം മാത്രമാണ് അല്‍പമെങ്കിലും ചര്‍ച്ചക്ക് വഴിവച്ചത്.
കോണ്‍ഗ്രസും ബിജെപിയും ഇല്ലാത്ത ഒരു കിനാശ്ശേരി.... അങ്ങനെ ഒരു കിനാശ്ശേരി സ്വപ്‌നം കാണുന്ന കുറേ അണ്ണന്‍മാരുണ്ട് നമ്മുടെ ഇന്ത്യ മഹാരാജ്യത്ത്. കേരളത്തിലെ വല്യേട്ടന്‍ പാര്‍ട്ടിയുടെ കേന്ദ്രത്തിലെ വല്യേട്ടന്‍ പ്രകാശ് കാരാട്ടേട്ടന്‍ മുതല്‍ സമാജ് വാദി പാര്‍ട്ടിയുടെ ആശാന്‍ മുലായം സിങ് യാദവ് വരെ നീളുന്നു അണ്ണന്‍മാരുടെ പട്ടിക. ഇവരെല്ലാം ചേര്‍ന്ന് ഒരു ഫെഡറല്‍, മൂന്നാം മുന്നണി തുടങ്ങാനുള്ള പദ്ധതിയിലാണ് ഇവര്‍.
കുറച്ചുനാള്‍ മുമ്പ് ഒരു വര്‍ഗ്ഗീയ വിരുദ്ധ റാലി ഇക്കൂട്ടത്തിലെ ചിലരൊക്കെ കൂടി ദില്ലിയില്‍ നടത്തിയിരുന്നു. അതിന് അത്യാവശ്യം ആളെക്കിട്ടിയിരുന്നു എന്നാണ് അറിവ്. റാലിയില്‍ തുടങ്ങും മൂന്നാം മുന്നണി ചര്‍ച്ച എന്നൊക്ക പറഞ്ഞുകേട്ടിരുന്നെങ്കിലും പിന്നെ ആരും ഒന്നും മിണ്ടിയില്ല.
എന്നാല്‍ ഇപ്പോള്‍ കാര്യങ്ങളൊക്കെ ഏതാണ്ട് ഒത്തുവരുന്നുണ്ട്. ബിജെപിക്ക് പഴയപോലെ ഒരു ഗ്രിപ്പ് ഇല്ല. കോണ്‍ഗ്രസിനാണെങ്കില്‍ കഴിഞ്ഞ കുറേ നാളായി അങ്ങനെ ഒരു സാധനമേ ഇല്ല. പിന്നെ ആം ആദ്മി എന്നൊരു സാധനം പുതിയതായി ഇറങ്ങിയതും കൊള്ളാം. എല്ലാം കൂടി ഒരു അല്‍ക്കുലുത്ത്/മൂന്നാം/ഫെഡറല്‍ മുന്നണിക്ക് സാധ്യതയുണ്ടെന്ന് തന്നെയാണ് ചിലരുടെ കണക്കുകൂട്ടല്‍.
ഇതിനായി സമാജ് വാദി പാര്‍ട്ടിയും ജനതാ ദള്‍ യുണൈറ്റഡും മുന്നിട്ടിറങ്ങിയിട്ടുണ്ട്. കൂടെ നമ്മുടെ ഇടത് അണ്ണന്‍മാരും.
അഴിമതിക്കറ ഇത്തിരി പുരണ്ടിട്ടുണ്ടെങ്കിലും പുരട്ചി തലൈവി അമ്മ, ജയലളിതയെ എല്ലാവര്‍ക്കും ഇപ്പോ നല്ല പ്രിയമാണ്. അമ്മ ഇത്തവണ തമിഴകം മുഴുവന്‍ തൂത്തുവാരുമെന്നാണ് കേള്‍വി. നാല്‍പത് സീറ്റുള്ള തലൈവി കൂടെ ഉണ്ടെങ്കില്‍ അത്യാവശ്യം കളികളൊക്കെ കേന്ദ്രത്തില്‍ കളിക്കാമെന്ന് ആര്‍ക്കാ അറിയാത്തത്.
14 കുഞ്ഞിപ്പാര്‍ട്ടികളെ ഒരുമിച്ച് നിര്‍ത്തനാണത്രെ ഉദ്ദേശം . അതിന് അടുത്ത ദിവസം ഒരു യോഗവും വിളിച്ചിട്ടുണ്ട്. ദേവഗൗഡയുടെ ജനത ദളും ശരത് പവാറിന്റെ എന്‍സിപിയും ഒക്കെ ഇങ്ങ് പോരുമെന്നാണ് മൂന്നാം മുന്നണിക്കാരുടെ പ്രതീക്ഷ.
ദേവഗൗഡക്ക് ഇനി പ്രധാനമന്ത്രിയാകാന്‍ വലിയ പൂതിയില്ലെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. മുലായം സിങിന് പ്രധാനമന്ത്രി ആയാല്‍ കൊള്ളാമെന്ന് ആഗ്രഹമൊക്കെയുണ്ട്. നിതീഷ് കുമാറെങ്കില്‍ ഒരു പ്രധാനമന്ത്രി കുപ്പായം തയ്ക്കാന്‍ കൊടുത്തേല്‍പിച്ചിട്ട് കുറച്ചുനാളായി.
എന്നാല്‍ പുരട്ചി ചലൈവി ഇതൊന്നും കണ്ട് വെറുതേ ഇരിക്കുകയല്ല. പ്രധാനമന്ത്രി കുപ്പായം മൂന്നാലെണ്ണം തയ്പിച്ച് വച്ചിട്ട് മാസം കുറച്ചായെന്നാണ് കേള്‍വി. ആരെങ്കിലും വന്ന് വിളിച്ച് പ്രധാനമന്ത്രി ആക്കിയാല്‍ മതി. കുപ്പായമിട്ട് ഇറങ്ങിക്കോളും.












Click it and Unblock the Notifications