ഐസിസുകാര്‍ സിപിഎമ്മിന്‍റെ അമ്മായിയുടെ മക്കളോ
മാങ്ങ ഒരു ചക്കയല്ല, ചക്ക ഒരു മാങ്ങയുമല്ല... ഐസിസുകാര്‍ ഭീകരരുമല്ല. പണ്ടേ പിടിവാശിയും മുന്‍കോപവും അല്‍പ്പം കൂടുതലായ സിപിഎമ്മുകാര്‍ മനപാഠമാക്കുകയും പറഞ്ഞു പഠിപ്പിയ്ക്കുകയും ചെയ്യുന്ന പാഠം ഇതാണ് .
എന്താണ് സഖാവേ എന്ന് ചോദിച്ചാല്‍ ഇതൊരു റാഡിക്കലായ മാറ്റമല്ലെന്ന് പറയുമായിരിയ്ക്കും. എന്നാലും ഇതെന്ത് പറ്റി ഈ ഐസിസുകാരെ അത്രയങ്ങ് പുകഴ്ത്താന്‍. ഐസിസുകാരുടെ ദയകൊണ്ടാണ് നഴ്സുമാര്‍ രക്ഷപ്പെട്ടതെന്ന് പിണറായി സഖാവ് പറഞ്ഞതിന് തൊട്ടു പിന്നാലെ ഐസിസുകാരെ തീവ്രവാദികളെന്ന് വിളിയ്ക്കരുതെന്ന് വിഎസും.

എന്താ വിളിച്ചാല് എന്ന് നാഗവല്ലി സ്റ്റൈലില്‍ ചോദിച്ചാല്‍ വിഎസ് കാരണവര്‍ പറയും ഇറാഖില്‍ നിന്ന് പാവം മലയാളി നഴ്‌സുമാരെ നാട്ടിലെത്തിച്ച പോരാളികളാണ് ഐസിസുകാര്‍. അവരെ തീവ്രവാദികളെന്ന് വിളിയ്ക്കരുത്. മനസിലായില്ല. അവര്‍ പോരാളികളല്ല പട്ടാളക്കാരാണെന്ന് വീണ്ടും വിഎസ്.
അല്ല സഖാവേ സ്വന്തം നാട്ടില്‍ സര്‍ക്കാരിനെതിരെ പ്രവര്‍ത്തിയ്ക്കുകയും ജനങ്ങളെ കൊന്നൊടുക്കയും ചെയ്യുന്നവരെ ഭീകരരെന്നല്ലേ സാധാരണ വിളിക്കാറ്. എല്‍ടിടിഇ യും കാശ്മീരിലെ വിഘടന വാദികളുമൊന്നും അപ്പോള്‍ തീവ്രവാദികളല്ലേ... അവരും പോരാളികളാണോ...?
ആ ഐസിസുകാര്‍ നിങ്ങളുടെ അമ്മായിയുടെ മക്കളെങ്ങാനും ആണോ പ്രിയപ്പെട്ട സിപിഎമ്മുകാരെ. തെറ്റിദ്ധരിയ്ക്കരുത് നിങ്ങളുടെ സ്നേഹം കണ്ടപ്പോള്‍ ഒരു സംശയം. പണ്ട് അമ്മയെ നിന്ദിച്ചതിന്‍റെ ശാപമാണ് ബേബി സഖാവിന് മേല്‍ പതിഞ്ഞതെന്ന് പറഞ്ഞ ആളുകളല്ലേ. അപ്പോ പിന്നെ ഐസിസിനെ പുകഴ്തത്തിയാല്‍ ചില വോട്ടെങ്കിലും കൈയ്യിലിരിയ്ക്കുമെന്ന പ്രതീക്ഷയിലാണോ?
എന്തൊക്കെയായാലുും മാവുള്ളത് കൊണ്ട് മാത്രം മാങ്ങയുണ്ടാകുന്നില്ല. തെങ്ങുള്ളത് കൊണ്ട് മാത്രം തേങ്ങയുണ്ടാകുന്നില്ല. മോദി സര്‍ക്കാരും ഉമ്മന്‍ ചാണ്ടിയും ശ്രമിച്ചത് കൊണ്ടല്ല നഴ്‌സുമാര്‍ നാട്ടിലെത്തിയത്. മനസിലായില്ല. നഴ്‌സുമാര്‍ നാട്ടിലെത്തിയത് പോരാളികളായഐസിസുകാരുടെ ദയ കൊണ്ട് മാത്രം.
എന്തായാലും ഇപ്പോ എല്ലാം മനസിലായല്ലോ. ദയയുള്ളവരാണ് ഐസിസുകാരെന്ന് പിണറായി പറഞ്ഞപ്പോള്‍ ഒരു കൗണ്ടര്‍ ഡയലോഗ് പ്രതീക്ഷിച്ചതാണ് വിഎസില്‍ നിന്ന്. അല്ല അതൊക്കെ പഴയകാലമല്ലേ ഇപ്പോള്‍ കഥയാകെ മാറിയില്ലേ.












Click it and Unblock the Notifications