ഷൊർണൂരിൽ തുടർച്ചയായ മൂന്നാം തവണയും ചെങ്കൊടി പാറിക്കാൻ സിപിഎം; പതിവ് തെറ്റിക്കാൻ ബിജെപിയും കോൺഗ്രസും
ആ പതിവ് തെറ്റിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ഇത്തവണ കോൺഗ്രസും ബിജെപിയും
ഷൊർണൂർ: പാലക്കാട് ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളിലൊന്നായ ഷൊർണൂരിന് പറയാൻ വലിയ തിരഞ്ഞെടുപ്പ് ചരിത്രമൊന്നുമില്ല. 2008ലെ പുനർ നിർണയത്തോടെയാണ് ഷൊർണൂർ മണ്ഡലം നിലവിൽ വരുന്നത്. 201ലെ ആദ്യ തിരഞ്ഞെടുപ്പിലും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും മണ്ഡലത്തിൽ നിന്ന് നിയമസഭയിലെത്തിയത് സിപിഎം പ്രതിനിധികളായിരുന്നു. ആ പതിവ് തെറ്റിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ഇത്തവണ കോൺഗ്രസും ബിജെപിയും. മൂന്ന് മുന്നണികൾക്കായും ഷൊർണൂരിൽ മത്സരിക്കുന്നത് പ്രധാന പാർട്ടികളിലെ സ്ഥാനാർഥികളാണെന്നതും മണ്ഡലത്തെ ശ്രദ്ധേയമാക്കുന്നു.
Recommended Video
കോവിഡ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ട് ഒരു വര്‍ഷം, കാണാം കഴിഞ്ഞു പോയ ചിത്രങ്ങള്‍

സിപിഎം കോട്ട
2011ലെ തിരഞ്ഞെടുപ്പിൽ സിപിഎമ്മിനായി മത്സരിച്ചത് കെ.എസ് സലീഖയായിരുന്നു. അന്ന് കോൺഗ്രസിലെ ശാന്ത ജയറാമിനെ 13,493 വോട്ടുകൾക്കാണ് സലീഖ പരാജയപ്പെടുത്തിയത്. 2016ൽ പി.കെ ശശിയെ മണ്ഡലത്തിൽ സ്ഥാനാർഥിയാക്കി. കോൺഗ്രസിന്റെ സി സംഗീതയെ 24547 വോട്ടുകൾക്ക് പരാജയപ്പെടുത്തി ശശി മണ്ഡലം ഇടത്തോട്ട് ഒരിക്കൽകൂടി ചായിച്ചു.

പി മമ്മിക്കുട്ടി
ഇത്തവണയും പുതിയ സ്ഥാനാർഥിയുമായാണ് സിപിഎം മത്സരരംഗത്തേക്ക് എത്തുന്നത്. മുതിർന്ന നേതാവ് പി മമ്മിക്കുട്ടിയാണ് സിപിഎം സ്ഥാനാർഥി. സിറ്റിങ് എംഎൽഎയ്ക്ക് രണ്ടാമത് ഒരു അവസരം നൽകാതെ പാർട്ടി നൽകിയ ഉത്തരവാദിത്വം മികച്ചതാക്കാമെന്ന പ്രതീക്ഷയിലാണ് മമ്മിക്കുട്ടി. പിണറായി സർക്കാരിന്റെ ജനക്ഷേമ-വികസന പ്രവർത്തനങ്ങൾ പ്രചരണായുധമാക്കി മുന്നോട്ട് പോകുന്ന മമ്മിക്കുട്ടി തുടർച്ചയായ മൂന്നാം തവണയും സിപിഎമ്മിനുവേണ്ടി മണ്ഡലത്തിൽ ചെങ്കോടി പാറിക്കാമെന്ന് ഉറച്ച് വിശ്വസിക്കുന്നു.

ടി.എച്ച് ഫിറോസ് ബാബു
യുഡിഎഫിൽ ഇത്തവണ പുതുമുഖമാണ് സ്ഥാനാർഥി. മണ്ഡലം സ്വന്തമാക്കാൻ തദ്ദേശവാസിയായ യുവത്വം വേണമെന്ന ആവശ്യം പരിഗണിച്ചാണ് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ടി.എച്ച് ഫിറോസ് ബാബുവിന് കോൺഗ്രസ് അവസരം നൽകിയത്. പട്ടാമ്പിയിലും ഫിറോസിന്റെ പേര് സജീവമായിരുന്നെങ്കിലും ഒടുവിൽ ഷൊർണൂരിൽ തന്നെ സ്ഥാനാർഥിത്വം നൽകുകയായിരുന്നു. നാട്ടുകാരനായതിന്റെ പരിഗണന മണ്ഡലത്തിലെമ്പാടും ലഭിക്കുന്നുണ്ടെന്നാണ് ഫിറോസിന്റെ പക്ഷം. കാലങ്ങളായി ഇടതുഭരണമുളള മണ്ഡലത്തില്‍ കാര്യമായ വികസനമില്ലെന്ന് ആരോപമാണ് യുഡിഎഫ് ഉയർത്തികാട്ടുന്നത്.

സന്ദീപ് ജി വാര്യർ
ടെലിവിഷൻ സംവാദങ്ങളിലൂടെ സുപരിചിതനായി സന്ദീപ് ജി വാര്യരാണ് ബിജെപി സ്ഥാനാർഥി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിഡിജെഎസ് മത്സരിച്ച ഷൊർണൂർ സീറ്റ് ഇത്തവണ തിരിച്ചെടുത്ത ബിജെപി യുവമോർച്ചയിലെ ഏറ്റവും ശക്തനായ നേതാവിനെ തന്നെയാണ് മത്സരരംഗത്തേക്ക് എത്തിച്ചിരിക്കുന്നത്. ജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് പറയുന്ന സന്ദീപിന്റെ പ്രചരണം സംസ്ഥാന സർക്കാരിനെ കടന്നാക്രമിച്ചും കേന്ദ്ര സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ എടുത്തുകാട്ടിയുമാണ്.

പ്രതീക്ഷകൾ
ലോക്സഭ, തദ്ദേശ തിരഞ്ഞെടുപ്പുകൾ എൽഡിഎഫിനും ബിജെപിക്കും ആശ്വാസം നൽകുന്ന മണ്ഡലം കൂടിയാണ് ഷൊർണൂർ. 2014ൽ നടന്ന ലോക്‌സഭ തിരഞ്ഞെടുപ്പിൽ ഷൊർണൂരിയ നിന്ന് 25379 വോട്ടുകളുടെ ഭൂരിപക്ഷമാണ് എം.ബി രാജേഷിന് ലഭിച്ചത്. 2019ൽ പാലക്കാട് മണ്ഡലം രാജേഷിനെ കയ്യൊഴിഞ്ഞപ്പോഴും ഷൊർണൂരിൽ നിന്ന് 11092 വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ചിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിലും മികച്ച നേട്ടമുണ്ടാക്കാൻ മണ്ഡലത്തിലെ വാർഡുകളിൽ എൽഡിഎഫിന് സാധിച്ചു. ഷൊർണൂർ, വാണിയംകുളം ഉൾപ്പെടെ മേഖലകളിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിക്കും മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു.
ഗ്ലാമർ ലുക്കിൽ തിളങ്ങി നടി നോറ ഫടേഹി, ചിത്രങ്ങൾ കാണാം












Click it and Unblock the Notifications