മൂന്നാര്‍ കേരളത്തിലെ കാശ്മീരാകുമോ? തമിഴ് വിഘടനവാദം തലപൊക്കുന്പോള്‍ കേരളം പഠിയ്ക്കും?
ഇന്ത്യയില്‍ നിന്നും ജമ്മു കശ്മീരിനെ മോചിപ്പിച്ച് പാകിസ്താനോട് ചേര്‍ക്കാന്‍ ആഗ്രഹിയ്ക്കുന്ന കശ്മീര്‍ വിഘടനവാദികളെ രാജ്യദ്രോഹികളെന്ന് വിളിയ്ക്കാനാണ് ഭൂരിപക്ഷം ഇന്ത്യക്കാര്‍ക്കും താത്പര്യം. കശ്മീര്‍ എന്നും ഇന്ത്യയുടെ നീറുന്ന പ്രശ്‌നങ്ങളില്‍ ഒന്ന് തന്നെയാണ്. കശ്മീര്‍ പ്രശ്‌നം ഇന്ത്യയും പാകിസ്താനും തമ്മിലുള്ളതാണെങ്കില്‍ ഇങ്ങ് ഇന്ത്യയുടെ തെക്കേ അറ്റത്ത് മറ്റൊരു കശ്മീര്‍ സൃഷ്ടിയ്ക്കപ്പെടുകയാണോ?
സംശയിക്കേണ്ട അത് നമ്മുടെ കേരളത്തില്‍ തന്നെ. മൂന്നാറില്‍. മൂന്നാറില്‍ ടാറ്റ ടീ പ്ളാന്റേഷനിലെ തൊഴിലാളികള്‍ ബോണസും ശമ്പള വര്‍ധനയും ആവശ്യപ്പെട്ട് നടത്തുന്ന സമരം മറ്റൊരു വിഘടനവാദത്തിന്റെ തുടക്കമാകുമോ എന്ന് സംശയിക്കേണ്ടിയിരിയ്ക്കുന്നു. സമരത്തിനായി രംഗത്തിറങ്ങിയിരിയ്ക്കുന്നത് നാലായിരത്തോളം സ്ത്രീകളാണ്.ഇവരുടെ ആവശ്യങ്ങള്‍ ന്യായമുള്ളതുമാണ്. എന്നാല്‍ സമരത്തിന്റെ ആസൂത്രണ മികവാണ് പുതിയ സംശയങ്ങള്‍ക്ക് വഴി തെളിയ്ക്കുന്നത്.

തൊഴിലാളി നേതാക്കളെ പാടെ അവഗണിച്ച് തൊഴിലാളി വര്‍ഗം നടത്തുന്ന മൂന്നാര്‍ സമരം ഉയിര്‍ത്തെഴുനേല്‍പ്പിന്റെ സമരം തന്നെയാണ്. പക്ഷേ അതൊടാപ്പം തന്നെ ഭയപ്പെടേണ്ട ചില സംഗതികള്‍ കൂടി ഈ സമരത്തിന് പിന്നിലുണ്ട്.
കേരളത്തിലെ പ്രമുഖ തൊഴിലാളി യൂണിയനുകളേയും നേതാക്കളേയും ആട്ടിപ്പായിക്കുമ്പോഴും സമരത്തിനിറങ്ങിയവര്‍ക്ക് തമിഴ് സംഘടനകളുടെ പിന്തുണയുണ്ട്. ഇത്തരമൊരു പിന്തുണ ലഭിയ്ക്കുന്നതിനാല്‍ തന്നെ തമിഴ്‌നാടിന്റെ ഭാഗമായി നില്‍ക്കാനുള്ള ആഗ്രഹം തൊഴിലാളികള്‍ക്കിടയില്‍ ശക്തമാവുകയാണ്. ഒരു പക്ഷേ ഇത് കേരളത്തോടുള്ള കടുത്ത വിരോധത്തിന്റെയും തുടക്കമായേക്കാം.

ഇടുക്കി എന്ന ജില്ലയെ സംബന്ധിച്ചിടത്തോളം അതിന്റെ തമിഴ് നിറം മായ്ച്ച് കളയാനാകില്ല. ഇടുക്കിയില്‍ കാലാകാലങ്ങളായി ഇഴുകി ചേര്‍ന്ന ഒരു തമിഴ് സംസ്‌ക്കാരം ഉണ്ട്. നിലവിലെ സാഹചര്യം തുടര്‍ന്ന് പോയാല്‍ തമിഴര്‍ എന്ന വികാരത്തിന് കീഴില്‍ അവര്‍ ഒന്നിയ്ക്കാനും ഇടയുണ്ട്.
മൂന്നാറിലേയ്ക്ക് ഓടിപ്പായുകയും തൊഴിലാളികള്‍ക്ക് വേണ്ടി വാദിയ്ക്കാന്‍ ഒരുങ്ങുകയും ചെയ്യുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ ഉള്‍പ്പടെ ഇതേ ജില്ലയിലുള്ള മുല്ലപ്പെരിയാറിന്റെ കാര്യം വരുമ്പോള്‍ എന്ത് ചെയ്യും. തമിഴ്‌നാടിന്റെ ഭാഗമായി നില്‍ക്കാനുള്ള ഭൂരിപക്ഷം തൊഴിലാളികളുടേയും ആഗ്രഹത്തെ മറികടക്കാന്‍ ഇവര്‍ക്ക് എന്ത് ചെയ്യാന്‍ കഴിയും.
തമിഴ് ലോബികളുടെ പിന്തുണയോടെ നടക്കുന്ന വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളുള്ള ഒരു പക്ഷേ ഒരു സിനിമക്കഥ പോലെ വ്യക്തമായ ഷോട്ടുകളും സീനുകളും നിശ്ചയിച്ച ഒരു സമരം ആയിക്കൂടേ മൂന്നാറില്‍ നടത്തുന്നത് ? ആരുടേയും പിന്തുണയില്ലാതെ നടത്തുന്ന ഒരു സമരം എന്ന് അവകാശപ്പെടുമ്പോഴും ആ സമരത്തിന് അദൃശ്യമായ പിന്തുണകള്‍ ലഭിയ്ക്കുന്നുണ്ടെന്ന് പറയാതെ വയ്യ.
ഇതൊന്നും കണ്ടില്ലെന്ന് നടിയ്ക്കുന്ന സര്‍ക്കാര്‍ ചെയ്യുന്നതോ കേരളത്തില്‍ മറ്റൊരു 'കശ്മീരിനെ' സൃഷ്ടിയ്ക്കുകയാണ്. ഈ അവസ്ഥ തുടര്‍ന്നാല്‍ ഇടുക്കിയില്‍ നിന്നും തമിഴ് വിഘടനവാദത്തിന്‍റെ അലയൊലികള്‍ കേരളത്തില്‍ എങ്ങും ഉണ്ടാകുമെന്നതില്‍ സംശയിക്കേണ്ട .












Click it and Unblock the Notifications