കോണ്‍ഗ്രസിലെ തലമുറമാറ്റം ആദ്യമല്ല; ഇതിന് മുമ്പ് എപ്പോള്‍? മാറിയത് ആരെല്ലാം? എന്ത് സംഭവിച്ചു...?
കേരള ചരിത്രത്തില്‍ കോണ്‍ഗ്രസ് നേരിട്ട ഏറ്റവും വലിയ പരാജയം ഏതായിരുന്നു? അത് 1967 ലെ തിരഞ്ഞെടുപ്പിലേതായിരുന്നു എന്ന് സീറ്റുകളുടെ കണക്ക് നോക്കിയാല്‍ പറയാം. എന്നാല്‍ മറ്റ് ചില കാര്യങ്ങള്‍ നോക്കിയാല്‍ 2021 ലെ തിരഞ്ഞെടുപ്പ് പരാജയം ആണ് കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ പരാജയം.
ഇപ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസില്‍ തലമുറ മാറ്റം സംഭവിച്ചിരിക്കുന്നു എന്നാണ് പൊതു അഭിപ്രായം. 64 വയസ്സുള്ള രമേശ് ചെന്നിത്തലയെ മാറ്റി പ്രതിപക്ഷ നേതാവിന്റെ പദവിയിലേക്ക് നിയോഗിച്ചിരിക്കുന്നത് 56 വയസ്സുള്ള വിഡി സതീശനെയാണ്. എങ്കിലും തലമുറമാറ്റം എന്ന് ഒരു പരിധിവരെ പറയുകയും ചെയ്യാം. കോണ്‍ഗ്രസിന്റെ തലമുറമാറ്റങ്ങളുടെ ചരിത്രം ഒന്ന് പരിശോധിക്കാം...

1965 ല്‍
1965 ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പ് ചരിത്രപരമായി തന്നെ ഏറെ പ്രാധാന്യമുള്ള ഒന്നാണ്. സിപിഐ പിളര്‍ന്ന് സിപിഐയും സിപിഎമ്മും ആയതിന് ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പാണിത്. കേരള കോണ്‍ഗ്രസ് രൂപം കൊണ്ടതിന് ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പും. ഒരുപാര്‍ട്ടിയ്ക്കും സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയാതിരുന്നതോടെ കേരളത്തില്‍ രാഷ്ട്രപതി ഭരണവും നിലവില്‍ വന്നു. ആദ്യ തിരഞ്ഞെടുപ്പില്‍ സിപിഎം നാല്‍പത് സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. കേരള കോണ്‍ഗ്രസ് ആദ്യ തിരഞ്ഞെടുപ്പില്‍ 23 സീറ്റും നേടി.

പ്രസിഡന്റ് ഭരണത്തിന് ശേഷം
രണ്ട് വര്‍ഷത്തെ രാഷ്ട്രപതി ഭരണത്തിന് ശേഷം 1967 ല്‍ നടന്ന തിരഞ്ഞെടുപ്പും ചരിത്രപരമായി പ്രാധാന്യം അര്‍ഹിക്കുന്നതാണ്. തെറ്റിപ്പിരിഞ്ഞെങ്കിലും സിപിഐയും സിപിഎമ്മും ഉള്‍പ്പെടെ ഏഴ് പാര്‍ട്ടികള്‍ ഒന്നിച്ചൊരു മുന്നണിയായി (സപ്തകക്ഷി മുന്നണി) മത്സരിച്ച തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും മാത്രം ഒറ്റയ്‌ക്കൊറ്റയ്ക്ക് തിരഞ്ഞെടുപ്പിനെ നേരിട്ടു.

ഒമ്പതില്‍ ഒതുങ്ങിയ കോണ്‍ഗ്രസ്
സപ്തകക്ഷി മുന്നണി വന്‍ ഭൂരിപക്ഷത്തില്‍ ഭരണത്തിലെത്തി. 1965 ലെ പരാജയത്തോടെ ആര്‍ ശങ്കര്‍ പിന്‍മാറ്റം തുടങ്ങിയിരുന്നു. 1967 ല്‍ കോണ്‍ഗ്രസ് ആകെ നേടിയത് 9 സീറ്റുകള്‍ ആയിരുന്നു. കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ പരാജയം. അന്ന് പ്രതിപക്ഷ നിര അതീവശുഷ്‌കമായിരുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

തലമുറമാറ്റം
ആര്‍ ശങ്കറിനെ പോലെ വന്‍നേതാക്കള്‍ അരങ്ങിലില്ലാതെ വന്നപ്പോള്‍ ആരായിരിക്കും പ്രതിപക്ഷ നേതാവ് എന്ന ചോദ്യമുയര്‍ന്നു. അങ്ങനെയാണ് 49-ാം വയസ്സില്‍ കെ കരുണാരന്‍ കേരള നിയമസഭയുടെ പ്രതിപക്ഷ നേതാവായി ചുമതലയേല്‍ക്കേണ്ടി വന്നു. അതായിരുന്നു തലമുറമാറ്റത്തിന്റെ തുടക്കം.

കരുണാകരന്റെ ഉദയം
എന്തായാലും സപ്തകക്ഷി മുന്നണി ഭരണത്തിന് രണ്ട് വര്‍ഷത്തെ ആയുസ്സേ ഉണ്ടായുള്ളു. അതിന് ശേഷം സി അച്യുതമേനോന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ വന്നു. 1970 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ കെ കരുണാകരന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായി. എന്നാല്‍ അത്തവ അച്യുതമേനോന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ പിന്തുണയ്ക്കുകയായിരുന്നു കോണ്‍ഗ്രസ് ചെയ്തത്. കരുണാകരന്‍ ആഭ്യന്തര മന്ത്രിയായി. ഈ കാലഘട്ടത്തിലാണ് അടിയന്തരാവസ്ഥയും രാജന്‍ കൊലക്കേസും എല്ലാം.

ആന്റണിയുടെ വരവ്
1977 ല്‍ കെ കരുണാകരന്‍ ആദ്യമായി കേരളത്തിന്റെ മുഖ്യമന്ത്രിയായി. 59-ാം വയസ്സില്‍ ആയിരുന്നു ഇത്. എന്നാല്‍ രാജന്‍ കേസിന്റെ കൊടുങ്കാറ്റില്‍ കരുണാകരന് രാജിവയ്‌ക്കേണ്ടി വന്നു. അങ്ങനെയാണ് എകെ ആന്റണി എന്ന പുതുയുഗത്തിന്റെ പിറവി. അങ്ങനെ 37-ാം വയസ്സില്‍ എകെ ആന്റണി കേരള മുഖ്യമന്ത്രിയായി. പിന്നീട് കോണ്‍ഗ്രസിന്റെ ചരിത്രം കേരളം കണ്ടതാണ്.

ഇപ്പോഴത്തെ തലമുറമാറ്റം
അന്ന് പട്ടം താണുപിള്ളയും ആര്‍ ശങ്കറും എല്ലാം കൊടുകുത്തിവാണിരുന്ന കോണ്‍ഗ്രസിലാണ് തലമുറമാറ്റത്തിലൂടെ കെ കരുണാകരനും എകെ ആന്റണിയും എല്ലാം വരുന്നത്. ഇപ്പോഴാണെങ്കില്‍ ഉമ്മന്‍ ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും മാറ്റി നിര്‍ത്തിയാണ് വിഡി സതീശന്‍ പാല്‍ലമെന്ററി നേതൃത്വത്തിലേക്ക് കടന്നുവരുന്നത്.

സാഹചര്യങ്ങളിലെ മാറ്റം
1967 ല്‍ ഏതെങ്കിലും പാര്‍ട്ടികള്‍ തുടര്‍ഭരണം നേടിയിരുന്നില്ല. അതിന് മുമ്പത്തെ സര്‍ക്കാര്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ളതായിരുന്നു. എന്നാല്‍ 2021 ലെ സ്ഥിതി അതല്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ തുടര്‍ഭരണം നേടിയിരിക്കുകയാണ്. അന്ന് കോണ്‍ഗ്രസിന് കേന്ദ്രത്തില്‍ ഭരണമുണ്ടായിരുന്നു. ഇന്ന് ദേശീയ തലത്തില്‍ കോണ്‍ഗ്രസ് അതിന്റെ ഏറ്റവും ഗതികെട്ട അവസ്ഥയിലും ആണ്.
Recommended Video

മൃഗീയ ഭൂരിപക്ഷം
1967 സപ്തകക്ഷി മുന്നണിയെ പോലെ അല്ല ഇപ്പോഴത്തെ എല്‍ഡിഎഫ് മുന്നണി. അന്ന് സപ്തകക്ഷി മുന്നണിയില്‍ അത്രയേറെ പ്രശ്‌നങ്ങളായിരുന്നു. എന്നാല്‍ ഇന്ന് സിപിഎമ്മിന് ഒറ്റയ്ക്ക് തന്നെ 68 സീറ്റുകളുണ്ട്. സിപിഐയ്ക്ക് 17 സീറ്റുകളും. അതുകൊണ്ട് തലമുറമാറ്റം നടന്നെങ്കിലും വിഡി സതീശന് ഈ സഭയില്‍ കാര്യങ്ങള്‍ എളുപ്പമാവില്ല.












Click it and Unblock the Notifications