തിരുമൂഴിക്കുളം ശ്രീ ലക്ഷ്മണപ്പെരുമാൾ ക്ഷേത്രം: നാലമ്പല ദർശനത്തിലെ മൂന്നാമത്തേത്, അറിയാം സവിശേഷതകള്‍
കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്മണ ക്ഷേത്രങ്ങളിലൊന്നാണ് ഏറണാകുളം ജില്ലയിലെ മൂഴിക്കുളം പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന തിരുമൂഴിക്കുളം ശ്രീ ലക്ഷ്മണപ്പെരുമാൾ ക്ഷേത്രം. ശ്രീരാമന്റെ സഹോദരനായ ലക്ഷ്മണന്റെ പ്രതിഷ്ഠയുള്ള കേരളത്തിലെ ക്ഷേത്രങ്ങളിലൊന്നാണിത്. ലക്ഷ്മണപ്രതിഷ്ഠയാണെങ്കിലും വിഗ്രഹം ചതുർബാഹുവും ശംഖചക്രഗദാപദ്മധാരിയുമായ മഹാവിഷ്ണുവിന്റേതാണ് എന്നതാണ് തിരുമൂഴിക്കുളം ക്ഷേത്രത്തിന്റെ സവിശേഷത.
ഭാരതത്തിലെ 108 ദിവ്യദേശങ്ങളിൽ (തിരുപ്പതികൾ) പതിമൂന്ന് ക്ഷേത്രങ്ങൾ മലയാളനാട്ടിലാണ്, അതിൽ ഒരു തിരുപ്പതിയാണ് തിരുമൂഴിക്കുളം ക്ഷേത്രം. ഈ 108 വൈഷ്ണവ ക്ഷേത്രങ്ങളിൽ ലക്ഷ്മണസ്വാമിയുടെ സങ്കല്പത്തിലുള്ള പ്രതിഷ്ഠ ഇവിടെ മാത്രമാണ് ഉള്ളതെന്നതും തിരുമൂഴിക്കുളം ക്ഷേത്രത്തെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നു.

photo courtesy : Wikipedia
ഐതീഹ്യം
വനവാസക്കാലത്ത് പടയോടുകൂടി ഭരതൻ ശ്രീരാമനെ കാണാൻ വന്നപ്പോൾ തങ്ങളെ വധിച്ചു അയോദ്ധ്യ എന്നന്നേക്കുമായി കൈക്കലാക്കുവാൻ വന്നതാണെന്ന സംശയത്തോടെ യുദ്ധസന്നദ്ധനായ ലക്ഷ്മണനെ, ശ്രീരാമപാദങ്ങളിൽ നമസ്കരിച്ചു അയോധ്യയിൽവന്നു രാജ്യഭാരമേൽക്കണമെന്ന ഭരതൻറെ അപേക്ഷ പശ്ചാത്താപവിവശനാക്കി. പാപശാന്തിക്കായി പുറൈയാറിൻ തീരത്ത് . അഥവാ ചാലക്കുടിയാർ തീരത്ത് ഹരിതമഹർഷി മഹാവിഷ്ണുവിനെ പ്രത്യക്ഷപ്പെടുത്തിയ സ്ഥലത്ത് തപസ്സനുഷ്ടിക്കുകയും വിഷ്ണു സങ്കല്പത്തിൽ ഗോപുരം, മണ്ഡപം, ചുറ്റമ്പലം എന്നിവയോടുകൂടി ക്ഷേത്രം പണിയുകയുമായിരുന്നു.
പേര് വന്ന വഴി
ഹരിതമഹർഷി മഹാവിഷ്ണുവിൻറെ ദർശനത്തിനായി പുറൈയാറിൻ തീരത്ത് തപസ്സുചെയ്തിരുന്നു. തപസ്സിൽ സന്തുഷ്ടനായ മഹാവിഷ്ണു മഹർഷിക്കു ദർശനം നൽകുകയും പിറക്കാനിരിക്കുന്ന പത്താമത്തെ യുഗം സർവ്വനാശിയായ കലിയുഗമാനണെന്നും നിർദേശിച്ചു. ഭഗവാൻറെ തിരുമൊഴിയുണ്ടായ കളത്തിനു (സ്ഥലം) തിരുമൊഴിക്കളം എന്ന പേര് ലഭിച്ചു. ക്രമേണ തിരുമൂഴിക്കുളമായും മൂഴിക്കുളമായും തീർന്നു. തമിഴ് ഗ്രന്ഥങ്ങളിൽ ഇന്നും തിരുമൂഴിക്കളമെന്നാണ് ഈ പ്രദേശത്തെ രേഖപെടുത്തിയിരിക്കുന്നത്.
മറ്റൊരു ഐതിഹ്യം അനുസരിച്ച്, ഹരിത മഹർഷി പൂർണ്ണ നദിയുടെ തീരത്ത് മഹാവിഷ്ണുവിനോട് തപസ്സു ചെയ്തു. പ്രസാദിച്ച ഭഗവാൻ അവന്റെ മുമ്പിൽ പ്രത്യക്ഷപ്പെടുകയും കലിയുഗത്തിലെ പ്രയാസകരമായ സമയങ്ങളെ എങ്ങനെ തരണം ചെയ്യാമെന്നതിനെക്കുറിച്ചുള്ള ചില ഉപദേശങ്ങൾ നൽകുകയും ചെയ്തു. ഈ ജ്ഞാനവാക്കുകൾ 'തിരുമൊഴി' എന്ന് വിളിക്കപ്പെട്ടു, അവ നൽകിയ സ്ഥലം തിരുമൂഴി കളമായി. ഇതാണ് പിന്നീട് തിരുമൂഴിക്കുളമായി മാറിയത്.
നാലമ്പലം
മധ്യകേരളത്തിലെ പ്രസിദ്ധങ്ങളായ നാലമ്പലങ്ങളിൽ മൂന്നാമത്തെ ക്ഷേത്രവുമാണ് തിരുമൂഴിക്കുളം ക്ഷേത്രം. തൃപ്രയാർ ശ്രീരാമസ്വാമിക്ഷേത്രം, കൂടൽമാണിക്യം ഭരതസ്വാമിക്ഷേത്രം, പായമ്മൽ ശത്രുഘ്ന ക്ഷേത്രം എന്നിവയാണ് നാലമ്പലങ്ങളിലെ മറ്റ് ക്ഷേത്രങ്ങള്‍. രാമായണമാസമായ കർക്കടകത്തിൽ ഉച്ചപ്പൂജയ്ക്കുമുമ്പ് ഈ ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നത് അതിവിശേഷമായിട്ടാണ് വിശ്വാസികള്‍ കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ഈ ദിവസങ്ങളില്‍ ഇവിടെ വലിയ തിരക്ക് അനുഭവപ്പെടാറുമുണ്ട്.
ക്ഷേത്രം നിർമ്മിച്ചത് ആര്
ക്ഷേത്രം ആരാണ് നിർമ്മിചത് എന്നതിന് ചരിത്രപരമായ രേഖകള്‍ ഇല്ലെങ്കിലും ഇതിഹാസ ശിൽപിയായ പെരുന്തച്ചൻ രൂപകല്പന ചെയ്തതാണെന്നാണ് വിശ്വാസം. കേരളത്തിൽ കാണപ്പെടുന്ന ദ്രാവിഡ ശൈലിയിലുള്ള വാസ്തുവിദ്യയുടെ ഉത്തമ ഉദാഹരണം കൂടിയാണ് തിരുമൂഴിക്കുളം ക്ഷേത്രം. ചേരരാജാക്കന്മാരുടെ കാലത്ത് പ്രസക്തമായിരുന്ന ഈ ക്ഷേത്രത്തിൽ നാലാം ശതകത്തിൽ കുലശേഖരവർമ്മൻ കൊടിമരം പ്രതിഷ്ഠിച്ചതായും പിന്നീട് ഭാസ്കരവർമ്മന്റെ കാലത്ത് ക്ഷേത്രം പുതുക്കി പണിതതായും ചരിത്രമുണ്ട്.
1790-ൽ ടിപ്പു സുൽത്താന്റെ അധിനിവേശത്തിനിടെ ക്ഷേത്രം അഗ്നിക്കിരയാക്കിയതായും ചരിത്രം പറയുന്നു. പിന്നീട് തിരുവിതാംകൂർ രാജാക്കന്മാരായ ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെയും ശ്രീ ചിത്തിരൈ തിരുനാൾ മഹാരാജാവിന്റെയും കാലത്താണ് ക്ഷേത്രം നവീകരിക്കുന്നത്. ക്ഷേത്രത്തിന്റെ കാലപ്പഴക്കം സ്ഥിരീകരിക്കുന്ന വട്ടെഴുത്ത് ലിഖിതങ്ങൾ വടക്കുഭാഗത്തും പ്രണാളത്തിന് താഴെയും വള്ളിയമ്പലത്തിന്റെ പടിഞ്ഞാറുഭാഗത്തും ഇപ്പോഴും കാണാവുന്നതാണ്.
മറ്റ് സവിശേഷതകള്‍
ദക്ഷിണാമൂർത്തി, ഗണപതി, ശ്രീരാമൻ, സീത, ഹനുമാൻ, അയ്യപ്പൻ, കൃഷ്ണൻ, ഭഗവതി എന്നീ പ്രത്യേക പ്രതിഷ്ഠകളും ഇവിടെയുണ്ട്. അഞ്ചേക്കറോളം വിസ്തൃതിയുള്ള നാല് നടയിലേക്കും ഗോപുരമുള്ള, ക്ഷേത്രമതിൽക്കെട്ടിനുള്ളിൽ മദ്ധ്യഭാഗത്തായി വ്യാളികൾ കാവൽ നിൽക്കുന്ന വിളക്കുമാടത്തോടുകൂടിയ ബൃഹത്തായ ചുറ്റമ്പലത്തോട് കൂടിയാണ് ഇന്ന് ക്ഷേത്രം നിലനില്‍ക്കുന്നത്. കേരളത്തിലെ ചുരുക്കം ചില ക്ഷേത്രങ്ങളിൽ മാത്രം കാണുന്ന രണ്ടുനിലയിൽ ചെമ്പുമേഞ്ഞ വട്ടശ്രീകോവിലാണ് ഇവിടെയുള്ളത്.












Click it and Unblock the Notifications