ഇന്ത്യയിൽ വിമാന യാത്രയ്ക്ക് പ്രിയമേറുന്നു; ഏപ്രിൽ-മെയ് മാസങ്ങളിൽ പ്രതിദിനം പറന്നത് 9.4 ലക്ഷം പേർ
ദില്ലി: രാജ്യത്തെ വിമാന യാത്രക്കാരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. മുൻ വർഷങ്ങളെ അപേക്ഷിച്ച് വേനലവധിക്ക് രാജ്യത്തിനകത്തും വിദേശരാജ്യങ്ങളിലേക്കും വിമാന സർവീസ് ഉപയോഗിച്ചവരുടെ എണ്ണത്തിൽ വൻ വർദ്ധവ് ആണെന്ന് ഇന്ത്യൻ എയർപോർട്ട് അതോരിറ്റിയാണ് വ്യക്തമാക്കിയത്. ഏപ്രിൽ മുതൽ മെയ് മാസം വരെ ദിവസേന ശരാശരി 9.4 ലക്ഷം പേരാണ് വിമാന യാത്രയെ ആശ്രയിച്ചത്.
മുൻ വർഷത്തേക്കാൾ 17.7 ശതമാനത്തിന്റെ വർദ്ധനവാണ് വിമാന യാത്രക്കാരുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്നത്. വിമാന യാത്രയെ ആശ്രയിക്കുന്നവരുടെ എണ്ണത്തിൽ വർദ്ധനവുണ്ടെന്നും യാത്രക്കാർക്ക് സുഗമമായ യാത്ര ഉറപ്പാക്കാനുള്ള പദ്ധതികൾ ആലോചനയിലുണ്ടെന്നും എയർപോർട്ട് അതോരിറ്റി ചെയർമാൻ ഗുരുപ്രസാദ് മഹോപാത്ര പറഞ്ഞു.

കുതിച്ചുചാട്ടം
ഏപ്രിൽ-മെയ് മാസങ്ങളിൽ ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തിൽ 20.3 ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. രാജ്യാന്തര സർവീസ് ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ 8.2 ശതമാനം വർദ്ധനവും ഉണ്ടായിട്ടുണ്ട്. ട്രെയിനുകളിൽ എസി കോച്ചുകളിൽ യാത്ര ചെയ്യുന്നവരുടെ എണ്ണത്തേക്കാൾ വിമാന സർവീസ് ആശ്രയിക്കുന്നവരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയിലെ കൂടുതൽ നഗരങ്ങളെ ബന്ധിപ്പിക്കുന്ന വിമാന സർവീസുകൾ ആരംഭിക്കാൻ വ്യോമയാന മന്ത്രാലയം പദ്ധതിയിടുന്നുണ്ട്.

നിരക്ക് കൂടുന്നു
വിമാനയാത്രക്കാരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ടെങ്കിലും ആഭ്യന്തര സർവീസുകളുടെ വളർച്ചാ നിരക്ക് പിന്നോട്ടാണ്. ഇന്ധന വില വർദ്ധനവിനെ തുടർന്ന് യാത്ര നിരക്ക് കൂട്ടുന്നതും ലഗ്ഗേജുകൾക്കടക്കം അമിത ചാർജ് ഈടാക്കുന്നതുമാണ് ഇതിന് കാരണം. മേയിൽ ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണത്തിൽ വാർഷികാടിസ്ഥാനത്തിൽ 16.53 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയിരുന്നത്. ഏപ്രിൽ മാസവുമായി താരതമ്യം ചെയ്യുമ്പോൾ മെയ് മാസത്തിൽ 3 ശതമാനം വർദ്ധനവാണ് യാത്രക്കാരുടെ എണ്ണത്തിൽ ഉണ്ടായിട്ടുള്ളത്.

ഇന്ത്യ മുന്നിൽ
വ്യോമ ഗതാഗതരംഗത്ത് ആഗോള തലത്തിൽ ഇന്ത്യ വലിയ കുതിച്ച് ചാട്ടമാണ് നടത്തുന്നതെന്ന് ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ പ്രതിനിധികൾ പറഞ്ഞു. ആഭ്യന്തര സർവീസുകളുടെ കാര്യത്തിൽ മുൻ വർഷങ്ങളെക്കാൾ 16 ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ചൈനയാണ് ഇന്ത്യയ്ക്ക് തൊട്ട് പുറകിൽ .11.9 ശതമാനം വർദ്ധനവാണ് ചൈനയ്ക്കുള്ളത്. റഷ്യ 8.6 ശതമാനവും, അമേരിക്ക് 5.5 ശതമാനവും ബ്രസിൽ 4.1 ശതമാനവും വളർച്ചാ നിരക്കാണ് കാണിക്കുന്നത്.

മലയാളികൾക്കും പ്രിയം
അവധിക്കാല വിനോദസഞ്ചാരത്തിൽ വിമാന യാത്ര കൂടി ഉൾപ്പെടുത്തുന്ന മലയാളികളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. വിദേശരാജ്യങ്ങളിലേക്ക് പോകുന്നവരുടെ എണ്ണത്തിലും വൻ വർദ്ധനവുണ്ട്. വിമാനത്തിൽ കേറുക എന്ന ലക്ഷ്യത്തോടെ ചെറിയ ആഭ്യന്തര സർവീസുകളെ ആശ്രയിക്കുന്നവരും കുറവല്ല. കൊച്ചിയിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കും തെക്ക് കിഴക്കൻ രാജ്യങ്ങളിലേക്കും വിമാന സർവീസുകൾ വർദ്ധിപ്പിച്ചിട്ടുണ്ട്. ഇവിടേക്കുള്ള യാത്രക്കാരിൽ 30 ശതമാനവും വിനോദ സഞ്ചാരികളാണെന്നാണ് കണക്ക്.












Click it and Unblock the Notifications