Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോക സിനിമയിലെ മൂന്ന് പുതിയ പരീക്ഷണങ്ങള്‍

ടോണി തോമസ്‌

സിനിമയെപോലെ സ്വയം നവീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന മറ്റൊരു കലാ രൂപവുമില്ല. ആശയത്തിലും അവതരണത്തിലും സാങ്കേതിക വിദ്യയുടെ ഉപയോഗത്തിലും ഇത്രമേല്‍ പരീക്ഷണങ്ങള്‍ക്ക് വിധേയമാകുന്ന മറ്റേതു കലാ രൂപമാണുള്ളത്? കഴിഞ്ഞ വര്‍ഷം പുറത്തുവന്ന മൂന്ന് പരീക്ഷണ സിനിമകളെ പരിചയപ്പെടുത്തുകയാണ്.

The Tribe

Director / Writer: Miroslav Slaboshpitsky
Actors: Grigoriy Fesenko, Yana Novikova, Rosa Babiy, Alexander Dsiadevich
Language: Russian Sign Language
Country: Ukraine, Netherlands

1-tribe

സിനിമാ ചരിത്രത്തിന്റെ തുടക്കത്തിലും പിന്നീടും നിശ്ശബ്ദ സിനിമകള്‍ ഉണ്ടായിട്ടുണ്ട്. അത് ആദ്യം സാങ്കേതിക വിദ്യയുടെ അഭാവം കൊണ്ടും പിന്നീട് പരീക്ഷണം എന്ന നിലയിലുമായിരുന്നു. ഇന്ത്യയില്‍ പോലും 'പുഷ്പക്' എന്ന ശിങ്കീതം ശ്രീനിവാസ റാവു സംവിധാനം ചെയ്ത് കമലഹാസന്‍ അഭിനയിച്ച ഒരു നിശബ്ദ സിനിമ ഉണ്ടായിട്ടുണ്ട്. എന്നാല്‍ പൂര്‍ണ്ണമായും ബധിതരും മൂകരുമായവരുടെ ജീവിതം പറയുന്ന ആംഗ്യ ഭാഷയില്‍ മാത്രം ആശയ വിനിമയം നടത്തുന്ന ഒരു സിനിമ ആദ്യമാണുണ്ടാകുന്നത്.

സിനിമയില്‍ ഒരിടത്തും വോയിസ്‌ ഓവറോ സബ്ടൈറ്റിലോ ഉപയോഗിക്കുന്നില്ല. ആംഗ്യ ഭാഷയില്‍ കൂടി തന്നെയാണ് നമ്മളുമായി ആശയ സംവേദനം നടക്കുന്നത്. ശബ്ദത്തില്‍ ജീവിക്കുന്ന, അതില്ലാത്തൊരു ലോകത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലുമാകാത്ത ഒരു സാധാരണ പ്രേക്ഷകന് തുടക്കത്തില്‍ ഇതൊരു ബുദ്ധിമുട്ടായി തോന്നും. സംവിധായകന്‍ മനപ്പൂര്‍വം ചെയ്ത സംഗതിയാണിത്. പ്രത്യേകിച്ചും സബ്ടൈറ്റില്‍ ഒഴിവാക്കാനുള്ള തീരുമാനം. പതിയെ നാം അവരുടെ ലോകത്തില്‍ എത്തിപ്പെടുന്നു, ഒന്നുമേ പറയാതെ തന്നെ അവരുടെ ചിന്താ ലോകത്തേയ്ക്ക് നാമും പങ്കാളി‍കളാകുന്നു.

ഉക്രയിനിലെ ഒരു മൂക-ബധിര ബോര്‍ഡിംഗ് സ്കൂളിലെ അന്തേവാസികളുടെ ജീവിതമാണ് സിനിമ പറയുന്നത്, അവിടെയെത്തിപ്പെടുന്ന ഒരു കൌമാരക്കാരന്റെയും അവരുടെ ഗോത്രത്തില്‍ അതിജീവിക്കാനുള്ള അവന്റെ ശ്രമങ്ങളെയും. നീളന്‍ ഷോട്ടുകളിലൂടെ സ്വാഭാവിക ശബ്ദങ്ങള്‍ മാത്രമുള്ളൊരു സൌണ്ട് ഡിസൈനിങ്ങിലൂടെ, അഭിനതാക്കളുടെ പ്രകടനങ്ങളിലൂടെ ഒക്കെയും ഈ സിനിമ നമ്മെ അത്ഭുതപ്പെടുത്തുന്നു.

മറ്റേതൊരു ജീവിതത്തിലുമെന്നതു പോലെ അധികാരവും, പ്രണയവും, കാമവും, പ്രതികാരവും, അതിജീവനവും ഒക്കെ കൂടികുഴഞ്ഞ ഒരു ലോകം നാം അറിയുന്നു. പക്ഷെ അതറിയുന്നത് വ്യത്യസ്തമായൊരു രീതിയിലാണെന്ന് മാത്രം. അത് കൊണ്ട് തന്നെയാണ് 'Tribe' എന്നൊരു പേര് ഈ സിനിമയ്ക്ക് കൂടുതല്‍ ചേരുന്നത്.

ട്രെയിലര്‍ കാണാം:

Victoria
Director / Writer: Sebastian Schipper
Laia Costa, Frederick Lau, Franz Rogowski, Burak Yigit
Language: German, English, Spanish
Country: Germany

2-victoria

ഒറ്റ ടേക്കില്‍ ഒരു സിനിമ എന്ന ഇതുവരെ നാം കാണാത്തൊരു അനുഭവമാണ് വിക്ടോറിയ നമുക്ക് പകരുന്നത്. കഴിഞ്ഞ വര്‍ഷം ശ്രദ്ധേയമായ ബേര്‍ഡ് മാന്‍ അടക്കം പല സിനിമകളിലും വളരെ നീണ്ട ഷോട്ടുകള്‍ നാം കണ്ടിട്ടുണ്ട്. അവയില്‍ പലതും എഡിറ്റിംഗ് ടേബിളിലും ഡിജിറ്റല്‍ സാങ്കേതികതയിലും സൃഷ്ടിക്കപ്പെട്ടവയായിരുന്നു. എന്നാല്‍ 140 മിനിറ്റുള്ള ഈ സിനിമ ഒറ്റ ടേക്കില്‍ എടുത്ത ഒരു നീണ്ട ഷോട്ടാണ്.

ജര്‍മ്മന്‍ സിനിമകള്‍ പലതും യുദ്ധങ്ങളും വിഭജനങ്ങളും ഉണ്ടാക്കിയ മുറിവുകള്‍ പേറുന്ന അവരുടെ ചരിത്ര ബോധത്താലും രാഷ്ട്രീയത്താലും സമ്പന്നമാണ്. എന്നാല്‍ വിക്ടോറിയ അത്തരം ആകുലതകളോ രാഷ്ട്രീയമോ അല്ല പങ്കു വയ്ക്കുന്നത്. അത് തുടങ്ങുന്നത് തന്നെ ഒരു പബ്ബിലാണ്. പ്രത്യേകിച്ച് ആകുലതകളോ വ്യാകുലതകളോ അലട്ടാത്ത അഥവാ അവ മറന്നു കളയാന്‍ ശ്രമിക്കുന്ന ഒരിടത്ത് നിന്നും. അല്ലെങ്കില്‍ പണവും ആഘോഷവും മാത്രം അലട്ടുന്ന പുതിയ യുവത്വത്തിന്റെ കഥ.

പുതുതായി ബെര്‍ലിനില്‍ വന്ന, ഒരു ചെറിയ റെസ്റ്റോറന്റില്‍ ജോലി ചെയ്യുന്ന വിക്ടോറിയ എന്ന യുവതി പബ്ബില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ ഒരു കൂട്ടം യുവാക്കളുടെ കൂടെ കൂടുന്നു. പിന്നെ അവളറിയാതെ ഒരു കുറ്റകൃത്യത്തിനു കൂട്ട് ചേരേണ്ടി വരുന്നു. അടിസ്ഥാനപരമായി ഇതൊരു ത്രില്ലര്‍ സിനിമയാണ്.

മൂന്ന് തവണ റീ ഷൂട്ട്‌ ചെയ്താണ് അവസാനം നാം കാണുന്ന സിനിമ ഉണ്ടായത്. വെളുപ്പിന് 4:30 മുതല്‍ 7:00 മണി വരെ സമയത്താണ് കഥ നടക്കുന്നത്. അഭിനേതാക്കളുടെ പ്രകടനങ്ങള്‍ എടുത്തു പറയേണ്ടതാണ്. വെറും 12 പേജു തിരക്കഥയില്‍ നിന്നും ഒരു സിനിമ ഉണ്ടാകുമ്പോള്‍ അതില്‍ അഭിനേതാക്കള്‍ക്ക് സംവിധായകന്റെ നിര്‍ദേശങ്ങള്‍ക്കപ്പുറത്തെയ്ക്ക് ഒരുപാട് ചെയ്യാനുണ്ടാകും. സിനിമയുടെ തുടക്കത്തിലെ പല സീനുകളും ഒരു റിച്ചാര്‍ഡ്‌ ലിങ്ക് ലേറ്റര്‍ സിനിമയെ ഓര്‍മ്മിപ്പിച്ചു. വളരെ സ്വാഭാവികമായി മുന്‍പോട്ടു പോകുന്ന ഒരു സിനിമ. ഒരുപാട് റിഹേര്‍സലുകള്‍ക്ക് ശേഷമാണ് ഷൂട്ടിംഗ് തുടങ്ങിയത്. ഫ്രെയ്മില്‍ നിന്നും ഒരു നിമിഷം പുറത്തു പോയാല്‍ ഭാവത്തിലോ പറയുന്ന കാര്യത്തിലോ ഒരു ചെറിയ വ്യത്യാസമുണ്ടായാല്‍ സിനിമ മുഴുക്കെ ആദ്യം മുതല്‍ തുടങ്ങേണ്ടി വരും.

അതുകൊണ്ട് തന്നെയാവണം സിനിമ തീരുമ്പോള്‍ സിനിമാട്ടോഗ്രാഫറുടെ പേരാണ് സംവിധായകന്റെ പേരിനു മുന്‍പെ എഴുതി കാണിക്കുന്നത്. കാരണം ആക്ഷന്‍ പറഞ്ഞു കഴിഞ്ഞാല്‍ പിന്നെ ഈ സിനിമയുടെ കാര്യം മുഴുക്കെ തീരുമാനമാകുന്നത് സിനിമാട്ടോഗ്രാഫറുടെയും അഭിനയിക്കുന്നവരുടെയും വിരുതിലാണല്ലോ. ഒറ്റ ടേക്കിലെ സിനിമ എന്ന ബോധം തുടക്കത്തില്‍ കാഴ്ചക്കാരന് ഒരു ബാധ്യതയാകുന്നുണ്ട്. അവര്‍ ഇപ്പോള്‍ ഫ്രെയ്മില്‍ നിന്നും പുറത്തു പോകുമോ സൈക്കിളില്‍ അവര്‍ പോകുമ്പോള്‍ അവര്‍ക്കൊപ്പം ഓടിയെത്താന്‍ ക്യാമാറാമാനു കഴിയുമോ എന്നിങ്ങനെയുള്ള ആകുലതകള്‍ നമ്മെ അലട്ടുന്നു. പക്ഷെ പതിയ സിനിമയുടെ രസച്ചരട് മുറുകി അത്തരം ബോധങ്ങളുടെ അപ്പുറത്തേയ്ക്ക് നാമെത്തുന്നു. 22 ലൊക്കേഷനുകളിലായാണ് കഥ നടക്കുന്നത്.

പുനരാലോചനയില്‍ തോന്നിയത് ഈ സിനിമയില്‍ ചില എഡിറ്റിങ്ങുകള്‍ക്ക് സ്ഥാനമുണ്ടായിരുന്നെങ്കില്‍ അവതരണത്തില്‍ കുറേക്കൂടി സ്വാതന്ത്ര്യം സംവിധായകനുണ്ടാകുമായിരുന്നു.
നിര്‍മ്മാതാക്കളുമായി കരാറുണ്ടാക്കിയപ്പോള്‍ പ്ലാന്‍ A നടക്കാതെ വന്നാല്‍ എഡിറ്റഡ് വേര്‍ഷന്‍ എന്ന ഒരു പ്ലാന്‍ B അയാള്‍ അംഗീകരിച്ചിരുന്നു. പക്ഷെ ഒറ്റ ടേക്കിലൊരു സിനിമ എന്നതായിരുന്നു സംവിധായകന്റെ സ്വപ്നം. ആ സ്വപ്നം അയാള്‍ മനോഹരമായി സാക്ഷാത്കരിച്ചു.

ട്രെയിലര്‍ കാണാം:

Tangerine
Director: Sean Baker
Writer: Sean Baker, Chris Bergoch
Actors: Kitana Kiki Rodriguez, Mya Taylor, Karren Karagulian, Mickey O'Hagan
Language: English
Country: USA

3-tangerine

പൂര്‍ണ്ണമായും ഐഫോണ്‍-5 ല്‍ ചിത്രീകരിച്ച സിനിമ എന്നതാണ് ഇതിന്റെ ആദ്യ ആകര്‍ഷണം. പതിവ് കാസ്റ്റിംഗ് രീതികളെയൊക്കെ കാറ്റില്‍ പറത്തുന്നുണ്ടിത്. സമൂഹത്തിന്റെ പുറമ്പോക്കില്‍ ജീവിക്കുന്ന ഭിന്ന ലിംഗക്കാരുടെ കഥയാണ് സിനിമ പറയുന്നത്. നാം പലപ്പോളും കാണുകയും എന്നാല്‍ അവഗണിക്കുകയും ചെയ്യുന്ന അവരുടെ ജീവിതങ്ങളെ ഒരു കോമിക് സ്വഭാവത്തോടെ കാണിച്ചു തരികയാണ് സിനിമ. ഒരിടത്ത് പോലും ലോ ബജറ്റ് സിനിമയാണെന്ന തോന്നല്‍ അതുണ്ടാക്കുന്നതെയില്ല. അതുപോലെ തന്നെ അഭിനേതാക്കളുടെ മികച്ച പ്രകടനങ്ങളും.

ഒരു ക്രിസ്തുമസ് സന്ധ്യയിലാണ് കഥ നടക്കുന്നത്. തന്നെ പറ്റിച്ചു കടന്നു കളഞ്ഞ ഒരു പിമ്പിനെ അന്വേഷിച്ചുള്ള സിന്‍ഡീയുടെയും കൂട്ടുകാരിയുടെയും നഗര പ്രയാണങ്ങളാണ് നാം കാണുന്നത്. നഗരത്തിന്റെ ഭാഗമായി, എന്നാല്‍ മുഖ്യധാരയ്ക്ക് വെളിയിലായി ജീവിക്കുന്ന ഒരുപാട് മുഖങ്ങളെ, ജീവിതങ്ങളെ നാം അവര്‍ക്കൊപ്പം കാണുന്നു. നമ്മളും അവരോടൊപ്പം നടക്കുന്ന രീതിയിലാണ് സിനിമയുടെ ചിത്രീകരണം. അര്‍ദ്ധരാത്രിക്കപ്പുറം സിനിമ തീരുമ്പോള്‍ അവര്‍ എവിടെയോ വച്ച് നമ്മോടു കൂട്ട് കൂടിയിരിക്കുന്നു എന്ന് നാമറിയുന്നു.

ശ്രദ്ധേയമായി തോന്നിയ മറ്റൊരു കാര്യം ഇതിലെ പശ്ചാത്തല സംഗീതമാണ്. കാണുന്ന കാഴ്ചയുമായി യാതൊരു ബന്ധവുമില്ലാത്ത BGM. എന്നാല്‍ പതിയെ അത് സിനിമയുടെ മൊത്തം മൂഡിനെ തന്നെ മാറ്റി മറിക്കുന്ന സവിശേഷതായായി മാറുന്നു.

മാര്‍ട്ടിന്‍ സ്കോര്‍സ്സസി ഒരു അഭിമുഖത്തില്‍ പറഞ്ഞത് പോലെ ടെക്നോളജിയുടെ വളര്‍ച്ച മൂലം ആര്‍ക്കു വേണമെങ്കിലും ഒരു മൂവി നിര്‍മ്മിക്കാവുന്ന കാലമാണിത്. പക്ഷെ അതിനെ സിനിമ എന്ന കലയാക്കുന്നതിനു നിങ്ങള്‍ ഒരുപാട് പരിശ്രമിക്കെണ്ടിയിരിക്കുന്നു. ഇത് ആ പരിശ്രമത്തില്‍ വിജയിച്ച ഒരു സിനിമയാണ്.

ട്രെയിലര്‍ കാണാം:

മാന്ത്രികന്റെ കയ്യിലെ തൊപ്പി പോലെയാണ് സിനിമ. ഓരോ തവണ തൊപ്പിക്കുള്ളില്‍ പോയി ആ കൈ പുറത്തു വരുമ്പോളും എന്തൊക്കെ അത്ഭുതങ്ങളാവും ആ കയ്യിലുണ്ടാവുക?

ലോകത്തെല്ലായിടത്തു നിന്നും ഒരുപാട് പേര്‍ സിനിമാ സ്വപ്നങ്ങള്‍ കണ്ടുകൊണ്ടേയിരിക്കുന്നു. വിചിത്രമായ സ്വപ്നങ്ങലുണ്ടാകട്ടെ, മനോഹരമായ സ്വപ്നങ്ങലുണ്ടാകട്ടെ അവ ആസ്വാദനത്തിന്റെ പുതിയ ലോകങ്ങളിലെയ്ക്ക് നമ്മെ കൊണ്ട് പോകട്ടെ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+