പടിയൂരില്‍ കുഴിയിൽ വാഹനങ്ങള്‍ താഴ്‌ന്നു പോകുന്നു! ചാവക്കാട്ടുകാര്‍ക്ക് ദേശീയപാത പേടിസ്വപ്‌നം!!
തൃശൂർ: പടിയൂര്‍-എടതിരിഞ്ഞി റോഡില്‍ വളവനങ്ങാടി മുതല്‍ ഒരു കിലോമീറ്റര്‍ ഭാഗം അത്യന്തം അപകടാവസ്‌ഥയിലാണ്. കുടിവെള്ള പദ്ധതിക്ക് പൈപ്പ് ഇടാന്‍ കുഴിച്ച കുഴികള്‍ കൃത്യമായി മൂടാത്തതു മൂലം വാഹനങ്ങള്‍ താഴ്‌ന്നു പോകുന്നത് പതിവാണ്. സ്‌കൂള്‍ വാഹനങ്ങള്‍ അടക്കം നൂറുകണക്കിന് വാഹനങ്ങള്‍ സ്‌ഥിരമായി പോകുന്ന റോഡിലാണ് ഈ ചതിക്കുഴികള്‍. കാല്‍നട യാത്രക്കാര്‍ക്ക് നടക്കാന്‍ പോലും പറ്റാത്ത അവസ്‌ഥയാണ്.
വാട്ടര്‍ അഥോറിറ്റിയും പി.ഡബ്ല്യു.ഡിയും തമ്മിലുള്ള ഏകോപനമില്ലായ്‌മയാണ് റോഡിന്റെ ദുരവസ്‌ഥക്ക് കാരണം. ജനപ്രതിനിധികള്‍ ആരും ഈ വിഷയത്തില്‍ ഇടപെടുന്നില്ല എന്ന് നാട്ടുകാര്‍ പറഞ്ഞു. നാലമ്പല തീര്‍ത്ഥാടനകാലത്ത് അയല്‍ സംസഥാനങ്ങളില്‍ നിന്നടക്കം ധാരാളം വാഹനങ്ങള്‍ വരുന്ന ഈ റോഡ് എത്രയും പെട്ടെന്ന് ഗതാഗത യോഗ്യമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

കുടിവെള്ള പദ്ധതിക്കായി പൊളിച്ച റോഡുകള്‍
കുടിവെള്ള പദ്ധതിക്ക് പൈപ്പിടുന്നതിനായി പൊളിച്ച ദേശീയപാത ചാവക്കാട്ടുകാര്‍ക്കിപ്പോള്‍ പേടിസ്വപ്‌നമാണ്. ചാവക്കാടുനിന്ന് ദേശീയപാതയിലൂടെ ചേറ്റുവയിലേക്കുള്ള റോഡാണ് തകര്‍ന്ന് തരിപ്പണമായത്. കുണ്ടും കുഴിയും നിറഞ്ഞ ദേശീയപാത മഴക്കാലം എത്തിയതോടെ ചെളിക്കുളമായ സ്‌ഥിതിയാണ്. ഏതാനും മീറ്റര്‍ ദൂരമല്ല ദേശീയപാത തകര്‍ന്നിരിക്കുന്നത്. നാലുകിലോമീറ്റര്‍ നീളത്തിലാണ് ദേശീയപാതയിലൂടെയുള്ള ദുരിതയാത്ര.
സംസ്‌ഥാനത്തെ തന്നെ പ്രധാന പാതയായ ഇതിലൂടെ ദിവസേന ആയിരക്കണക്കിന് വാഹനങ്ങളാണ് കടന്നുപോകുന്നത്. സ്വയം പഴിച്ചും വിധിയെ ശപിച്ചും ദേശീയപാതയിലൂടെ ഈ യാത്ര തുടങ്ങിയിട്ട് ഇപ്പോള്‍ ഒരു മാസത്തിലേറെയായി. ചാവക്കാട്, ഗുരുവായൂര്‍ നഗരസഭകളിലേക്ക് കുടിവെള്ളം എത്തിക്കുന്നതിനുള്ള കരുവന്നൂര്‍ പദ്ധതിക്കുവേണ്ടി പൈപ്പിടുന്നതിനായാണ് ദേശീയപാതയും ചാവക്കാട്ടെ തെക്കേ ബൈപ്പാസ് ജങ്‌ഷന്‍ മുതല്‍ പഞ്ചാരമുക്ക് വരെയുള്ള പൊതുമരാമത്ത് റോഡും പൊളിച്ചത്. പൈപ്പിടല്‍ പൂര്‍ത്തിയാകുന്നത് വൈകിയത് കാരണം പൊളിച്ച റോഡ് ടാര്‍ ചെയ്യാന്‍ കഴിഞ്ഞില്ല.

വാഗ്ദാനങ്ങൾ പാഴായി, പറയുന്നത് തൊടുന്യായം...
മഴ തുടങ്ങുന്നതിന് മുമ്പ് പൊളിച്ച റോഡുകള്‍ ടാറിട്ട് ഗതാഗതം സുഗമമാക്കുമെന്നാണ് ദേശീയപാത അധികൃതരും പൊതുമരാമത്തും അറിയിച്ചിരുന്നത്. പൈപ്പിടലും പൂര്‍ത്തിയായില്ല, റോഡും നാശമായി എന്നാണ് ഇപ്പോഴത്തെ സ്‌ഥിതി. ജൂണില്‍ പദ്ധതി കമ്മിഷന്‍ ചെയ്യുമെന്നൊക്കെയായിരുന്നു വാട്ടര്‍ അഥോറിറ്റിയുടെ വാഗ്‌ദാനം. തുടക്കം മുതല്‍ പൈപ്പിടല്‍ ജോലികള്‍ ഇഴഞ്ഞുനീങ്ങിയതു കാരണം പദ്ധതി കമ്മിഷന്‍ ചെയ്യാനായില്ലെന്നു മാത്രമല്ല, നഗരത്തിലേക്കുള്ള രണ്ട് പ്രധാന റോഡുകള്‍ തകരുകയും ചെയ്‌തു.
പ്രധാന റോഡുകളില്‍ പണി നടക്കുമ്പോള്‍ കൂടുതല്‍ ജോലിക്കാരെ വച്ച് പെട്ടെന്ന് ജോലികള്‍ തീര്‍ക്കേണ്ടതിന് പകരം പല ദിവസങ്ങളിലും ജോലികള്‍ നടക്കാതിരിക്കുന്ന സ്‌ഥിതി പോലും ഉണ്ടായി. ഇതിന്റെയെല്ലാം ദുരിതം പേറേണ്ടി വരുന്നത് ജനങ്ങള്‍ തന്നെ. മഴ മാറാതെ ഇനി ടാറിങ് നടത്താനാവില്ലെന്ന ന്യായം അധികാരികള്‍ നിരത്തിക്കഴിഞ്ഞു.

കടപ്പുറത്തെ ജനജീവിതം ദു:സ്സഹം
ദേശീയ പാത പൊളിച്ചത് കടപ്പുറത്തെ ജനജീവിതം ദു:സ്സഹമാക്കി. അത്യാവശ്യം നല്ല റോഡുകള്‍ ഉണ്ടായിരുന്നത് ിന്ന് തകര്‍ന്ന അവസ്‌ഥയിലാണ്. കരുവന്നൂര്‍ കുടിവെള്ള പദ്ധതിയുടെ വര്‍ക്കുമായി ബന്ധപ്പെട്ട് കണ്ടെയ്‌നര്‍ വാഹനങ്ങള്‍ അടക്കമുള്ള വലിയ വാഹനങ്ങള്‍ ഇതുവഴി തിരിച്ചു വിട്ടിരുന്നു. ഒരു മാസത്തേക്ക് എന്നു പറഞ്ഞായിരുന്നു ഗതാഗതക്രമീകരണം.
എന്നാല്‍ ഇപ്പോള്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും വാഹനങ്ങള്‍ കടപ്പുറം അഞ്ചങ്ങാടി വഴി തന്നെയാണ് ഇപ്പോഴും പോയിക്കൊണ്ടിരിക്കുന്നത്. ഹെവി വാഹനങ്ങളുടെ യാത്ര മൂലം കടപ്പുറത്തെ സാധാരണ റോഡും തകര്‍ന്നും. തികച്ചും ഗ്രാമീണ പശ്‌ചാത്തലത്തിലുള്ള പ്രദേശമായ കടപ്പുറത്ത് സ്‌ത്രീകളും കുട്ടികളും വൃദ്ധരുമടക്കമുള്ളവര്‍ വിവിധ ആവശ്യങ്ങള്‍ക്ക് റോഡുകള്‍ മുറിച്ചു കടക്കുന്നത് സാധാരണയാണ്.

നടക്കാൻ പോലും സൗകര്യമില്ലാത്ത റോഡുകൾ
കൂടാതെ കടപ്പുറം -അഞ്ചങ്ങാടി റോഡിനോട് ചേര്‍ന്ന് ഇരുപത്തഞ്ചിലധികം ഉപറോഡുകളാല്‍ ബന്ധപ്പെട്ടു കിടക്കുന്നതും നടന്ന് പോകാന്‍ സൗകര്യമില്ലാത്ത റോഡിലൂടെ വലിയ വാഹനങ്ങള്‍ ചീറിപ്പാഞ്ഞു പോകുന്നതിനാലും സ്‌കൂള്‍ കുട്ടികള്‍ അടക്കമുള്ള വിദ്യാര്‍ഥികള്‍ക്കും മറ്റു വഴി നടക്കാര്‍ക്കും ഏറെ ഭീതിയാണ് സൃഷ്‌ടിച്ചു കൊണ്ടിരിക്കുന്നത്. ഉയരമുള്ള വാഹനങ്ങള്‍ പോകുന്നതിനാല്‍ കേബിള്‍, ഇലക്‌ട്രിസിറ്റി ലൈനുകള്‍ പൊട്ടിവീഴുന്നതും പതിവായിരിക്കുന്നു.
മാത്രമല്ല വളരെ മനോഹരമായി ബിറ്റുമിന്‍ ഉപയോഗിച്ച് ടാറിങ് ചെയ്‌തിട്ടുള്ള റോഡുകളിലൂടെ അമിതഭാരം കയറ്റിയ വലിയ വാഹനങ്ങള്‍ പോകുന്നതിനാല്‍ പലയിടങ്ങളിലും റോഡുകള്‍ തകര്‍ന്നു കിടക്കുകയാണ്. കൂടാതെ റോഡിലുള്ള കല്‍വെര്‍ട്ടുകളുടെ അടിഭാഗത്ത് വിള്ളലുകള്‍ കാണപ്പെടുന്നതും വലിയ അപകടങ്ങള്‍ക്കുള്ള സാധ്യത വര്‍ധിപ്പിക്കുകയുമാണ്.

റോഡുകളുടെ തകര്‍ച്ച.. കലക്‌ടര്‍ക്ക് പരാതി നല്‍കി
ചേറ്റുവ ദേശീയപാത, ചാവക്കാട് -ഏനാമാവ് റോഡ്, ഗുരുവായൂരിലെ റോഡുകള്‍ എന്നിവ മാസങ്ങളായി തകര്‍ന്ന് കിടന്ന് യാത്രക്കാര്‍ ദുരിതത്തിലായ സാഹചര്യത്തില്‍ ജില്ലാ ഭരണാധികാരിയെന്ന നിലയില്‍ വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ഗുരുവായൂര്‍, ചാവക്കാട് പൗരാവകാശ വേദി പ്രസിഡന്റ് നൗഷാദ് തെക്കുംപുറം ജില്ലാ കലക്‌ടര്‍ ടി.വി. അനുപമക്ക് പരാതി നല്‍കി. മാസങ്ങളായി തകര്‍ന്ന റോഡുകള്‍ പുനര്‍ നിര്‍മിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് നിരവധി നിവേദനങ്ങളും പരാതികളും ദേശീയ പാത അഥോറിറ്റി മുതല്‍ ബന്ധപ്പെട്ട എല്ലാവര്‍ക്കും നല്‍കിയിട്ടും ഒരു നടപടിയുമില്ലാത്ത സാഹചര്യത്തിലാണ് കലക്‌ടറെ സമീപിച്ചത്.
തകര്‍ന്നുകിടക്കുന്ന റോഡുകളില്‍ വിദ്യാര്‍ഥികളടക്കം നിരവധി യാത്രക്കാരാണ് അപകടത്തില്‍പ്പെട്ടുകൊണ്ടിരിക്കുന്നത്. ജനങ്ങള്‍ സ്വയം സംഘടിച്ച് സമരരംഗത്തിറങ്ങാന്‍ തീരുമാനിച്ച ഈ സാഹചര്യത്തില്‍ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചു ചേര്‍ത്ത് പ്രശ്‌ന പരിഹാരത്തിന് കലക്‌ടര്‍ മുന്‍കൈയെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.

തകര്‍ന്ന റോഡില്‍ `വാഴ' നട്ടു
ദേശീയപാത 17 ല്‍ തിരുവത്രയില്‍ വലിയ കുഴികളില്‍ വീണ് ഉണ്ടാകുന്ന അപകടങ്ങളില്‍ നവയുവ തിരുവത്ര ഗാന്ധിനഗര്‍ കൂട്ടായ്‌മയുടെ നേതൃത്വത്തില്‍ റോഡിലെ വലിയ കുഴിയില്‍ വാഴയും തെങ്ങുംനട്ട് പ്രതിഷേധിച്ചു. പ്രതിഷേധത്തിന് എ.എസ്. ശിവജി, കെ.കെ. ശ്രീകുമാര്‍, എം.എന്‍. സുബീഷ്, കെ.ബി. ജിബിന്‍, ജിത്തു മോഹന്‍, പ്രജീഷ് എം.പി, ശ്രീരാഗ് എം.ഡി., ദീപക്ക് എ.ഡി, സി.കെ. മജീഷ് ദാസ് എന്നിവര്‍ നേതൃത്വം നല്‍കി.
ദേശീയപാത 17 ല്‍ തിരുവത്രയില്‍ വലിയ കുഴികളില്‍ വീണ് ഉണ്ടാകുന്ന അപകടങ്ങളില്‍ പ്രതിഷേധിച്ച് നവയുവ തിരുവത്ര ഗാന്ധിനഗര്‍ കൂട്ടായ്‌മയുടെ നേതൃത്വത്തില്‍ റോഡിലെ വലിയ കുഴിയില്‍ വാഴയും തെങ്ങുംനട്ട് പ്രതിഷേധിക്കുന്ന ചിത്രമാണ് ഇത്.

പൊതുമരാമത്തിന് ഫണ്ടില്ല
പുതുക്കാട് ബസാര്‍ റോഡിലെ അനധികൃത കൈയേറ്റം ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ വൈകുന്നത് പൊതുമരാമത്ത് വകുപ്പിന് ഫണ്ടില്ലാത്തതു മൂലമെന്ന് റിപ്പോര്‍ട്ട്. റോഡ് വികസനവുമായി ബന്ധപ്പെട്ട് പുറമ്പോക്ക് കൈയേറ്റം ഒഴിപ്പിക്കുന്നതിനായി പുതുക്കാട് ഗ്രാമപഞ്ചായത്ത് ഭരണസമിതി ഐക്യകണ്‌ഠേന തീരുമാനമെടുത്തിരുന്നു.
ഇതിന്റെ അടിസ്‌ഥാനത്തില്‍ അനധികൃത കൈയേറ്റം കണ്ടെത്തുന്നതിനായി പഞ്ചായത്ത് പൊതുമരാമത്ത് വകുപ്പിന് അപേക്ഷ നല്‍കിയിരുന്നു. എത്രയും വേഗം കൈയേറ്റം ഒഴിപ്പിച്ച് റോഡ് വികസനം പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കലക്‌ടറും നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഭൂമി അളന്നു തിട്ടപെടുത്തേണ്ട സര്‍വേ വിഭാഗത്തിന്റെ ചെയിന്‍മാന് കൂലി കൊടുക്കാനുള്ള ഫണ്ട് പൊതുമരാമത്ത് വകുപ്പിന്റെ കൈവശമില്ലെന്നാണ് കൊടകര സെക്ഷന്‍ അസിസ്റ്റന്‍റ് എഞ്ചിനീയര്‍ ഇ.കെ. ദേവകുമാര്‍ അറിയിച്ചത്.

അനധികൃത കൈയേറ്റം ഒഴിപ്പിക്കല്‍ വൈകുന്നു
ബസാര്‍ റോഡിലെ കൈയേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പൊതു പ്രവര്‍ത്തകരായ വിജു തച്ചംകുളം, ജോയ് മഞ്ഞളി എന്നിവര്‍ സമര്‍പ്പിച്ച വിവരാവകാശരേഖക്ക് നല്‍കിയ മറുപടിയിലാണ് പൊതുമരാമത്ത് വകുപ്പ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. നാട്ടുക്കാരുടെ കാലങ്ങളായുള്ള ആവശ്യമാണ് പുതുക്കാട് ബസാര്‍ റോഡ് വികസനം.
നാട്ടുകാരുടെ പ്രതിഷേധം ശക്‌തമായതോടെ പഞ്ചായത്ത് മുന്‍കയ്യെടുത്ത് പുറമ്പോക്ക് തിരിച്ചുപിടിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കുകയായിരുന്നു. തിരക്ക് കുറക്കുന്നതിനായി ബസാര്‍ റോഡില്‍ വണ്‍വേ സംവിധാനം ഏര്‍പ്പെടുത്തിയെങ്കിലും അതും അധികകാലം നീണ്ടു നിന്നില്ല.
വൺഇന്ത്യ മലയാളം അന്വേഷണ റിപ്പോർട്ടിന്റെ ആദ്യഭാഗം ഇവിടെ:












Click it and Unblock the Notifications