Get Updates
Get notified of breaking news, exclusive insights, and must-see stories!

The Straight Story (1999) - ഒറ്റ വാക്കില്‍ ഒതുങ്ങാത്ത ജീവിതങ്ങളെക്കുറിച്ച്

ടോണി തോമസ്‌

എത്രയോ മുഖങ്ങളാണ് നാം ഓരോ ദിവസവും കാണുന്നത്. അവയോരോന്നും എത്രയോ ഓര്‍മ്മകളും, സന്തോഷങ്ങളും, ദുഖങ്ങളും, സ്വപ്നങ്ങളും പേറുന്ന ഓരോ ജീവിതങ്ങളാണെന്ന് നാം ഓര്‍ക്കാറുണ്ടോ?

"An old man makes a long journey by lawn-mover tractor to mend his relationship with an ill brother."
ഈ സിനിമയുടെ കഥ പറയുകയാണെങ്കില്‍ മുകളില്‍ പറഞ്ഞ ഒറ്റ വാചകത്തിൽ തീരും. പക്ഷെ The Straight Story ഒരു ജീവചരിത്ര സിനിമയാണ്. ഒരു മനുഷ്യന്റെ മൊത്തം ജീവിതത്തിലെയ്ക്കുള്ള തിരിഞ്ഞു നോട്ടത്തിന്റെ കഥ. ഒപ്പം അയാളുടെ ചില തിരിച്ചറിവുകളുടെയും കടം വീട്ടലുകളുടെയും. സംവിധായകനായ ഡേവിഡ്‌ ലിഞ്ചിന്റെ അതുവരെയുള്ള സിനിമാ ജീവിതം വച്ച് ഒട്ടുമേ പ്രതീക്ഷിക്കാനാവാത്ത ഒരു കഥയും അവതരണ രീതിയുമാണ് ഈ സിനിമയില്‍.

1-poster

സംവിധായകന്റെ തന്നെ അഭിപ്രായത്തില്‍ തന്റെ ഏറ്റവും വലിയ പരീക്ഷണ ചിത്രമാണിത്. Blue Velvet (1986), Twin Peaks(1992), Lost Highway(1997) തുടങ്ങിയ അതിസങ്കീര്‍ണ്ണ സിനിമകള്‍ക്ക്‌ ശേഷമാണ് ഒറ്റ നോട്ടത്തില്‍ അതി ലളിതം എന്ന് തോന്നുന്ന ഈ സിനിമയുമായി ഡേവിഡ്‌ ലിഞ്ച് വരുന്നത്. ഡേവിഡ്‌ ലിഞ്ചിന്റെ സിനിമകള്‍ പലതും ഒറ്റ കാഴ്ചയില്‍ പിടി തരുന്നവയല്ല. ഒരു പാട് കുടുക്കുകളുള്ള, നമ്മള്‍ തന്നെ വായിച്ചും ചിന്തിച്ചും മനസ്സിലാക്കേണ്ടുന്ന ഒരു psychedelic dream പോലുള്ള സര്‍റിയലിസ്റ്റിക് സിനിമകളാണ് അവയില്‍ പലതും.

2-the-straight-story

Alvin Straight എന്ന മനുഷ്യന്‍ തന്റെ എഴുപത്തിമൂന്നാം വയസ്സില്‍ Iowaയില്‍ നിന്നും 210 മൈലുകള്‍ അകലെ Wisconsin ലേയ്ക്ക് ഒരു കൊച്ചു ട്രാക്ടര്‍ (John Deere 110 Lawn Tractor) പോലുള്ള പുല്ലുവെട്ടി യന്ത്രത്തില്‍ നടത്തിയ യാത്രയാണ് പ്രത്യക്ഷത്തില്‍ ഈ സിനിമ.

സാഹിത്യവുമായി അല്പമെങ്കിലും പരിചയമുള്ളവര്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കുന്ന കഥയാണ് ഏണസ്റ്റ് ഹെമിങ്ങ് വേയുടെ Old man and the sea. മനുഷ്യന്റെ ആത്മവിശ്വാസത്തിന്റെയും പ്രതീക്ഷയുടെയും സാഹിത്യത്തിലെ മൂര്‍ത്ത രൂപം. ഒരു കൊച്ചു വള്ളത്തില്‍ ദിനങ്ങളോളം നീളുന്ന ജീവന്‍ മരണ പോരാട്ടങ്ങള്‍ക്കും പട്ടിണിക്കും ശേഷം താന്‍ പിടിച്ച വലിയ മീനിന്റെ അസ്ഥികൂടം മാത്രവുമായി കരയിലെത്തുന്ന വൃദ്ധനായ അയാള്‍ അന്ന് രാത്രി സ്വപ്നം കണ്ടുറങ്ങുന്നത് ആഫ്രിക്കയിലെ ബീച്ചില്‍ ഓടിക്കളിക്കുന്ന സിംഹങ്ങളെയാണ്. ഒരു പ്രതിസന്ധിക്കും തോറ്റു കൊടുക്കാത്ത കഥാപാത്രം, സാന്തിയാഗോ. ഈ സിനിമ കണ്ടപ്പോള്‍ ആല്‍വിന്‍ സ്ട്രെയിറ്റ് എന്ന മനുഷ്യനില്‍ എനിക്ക് കാണാനായത് അതെ സാന്തിയാഗോയെ ആയിരുന്നു.

3-the-straight-story

വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ മൂലം വടികുത്തി മാത്രം നടക്കാനാവുന്ന അവസ്ഥയില്‍ അവശനും ദുര്‍ബലനുമാണ് ആല്‍വിന്‍. തന്റെ സഹോദരന്‍ സ്ട്രോക്ക് വന്നു കിടപ്പിലാണ് എന്നറിയുന്ന ആല്‍വിന്‍ അയാളെ അവസാനമായൊന്നു കാണാന്‍ പോകാന്‍ തീരുമാനിക്കുന്നു. പത്തു വര്‍ഷമായി തമ്മില്‍ മിണ്ടാട്ടമില്ലാതെ പിണങ്ങി കഴിയുകയാണ് അവര്‍. ആല്‍വിന്റെ ഒപ്പമുള്ളത് ഒരല്പം മാനസിക പ്രശ്നങ്ങളുള്ള ഒരു മകള്‍ മാത്രമാണ്. ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാത്തത് കൊണ്ടും കണ്ണിന്റെ കാഴ്ച്ചയുടെ പ്രശ്നങ്ങള്‍ കൊണ്ടും ഒരു വലിയ വണ്ടി ഓടിച്ചു അയാള്‍ക്കവിടെ പോകാനാവില്ല. റോഡു മാര്‍ഗം തനിയെ പോകാനാണ് അയാളുടെ തീരുമാനം. അതിനയാള്‍ കണ്ട മാര്‍ഗ്ഗം മുറ്റത്തെ പുല്ലു വെട്ടുന്ന ട്രാക്ടര്‍ ആണ്. മണിക്കൂറില്‍ അഞ്ചു മൈല്‍ വേഗതയില്‍ മാത്രം ഓടുന്ന ഒന്ന്. എല്ലാവരുടെയും നിരുല്‍സാഹപ്പെടുത്തലുകളെയും തടസ്സങ്ങളെയും അതിജീവിച്ചു അയാള്‍ യാത്ര പോകുന്നു. ആദ്യ യാത്ര ഒരുപാട് ദൂരം പോകുന്നതിനു മുന്‍പു തന്നെ അവസാനിച്ചു. വണ്ടി കേടു വന്നതായിരുന്നു കാരണം. ആല്‍വിന്‍ നിരാശനാകുന്നില്ല. തന്റെ ബാക്കിയുള്ള സമ്പാദ്യം ഭൂരിഭാഗവും ചെലവു ചെയ്തു് അയാള്‍ ഒരു സെക്കന്റ്‌ ഹാന്‍ഡ്‌ പുല്ലു വെട്ടുന്ന ട്രാക്ടര്‍ വാങ്ങുന്നു. വീണ്ടും യാത്ര തുടരുകയാണ്. രാത്രിയില്‍ പുല്‍മേടുകളിലും വഴിയോരങ്ങളിലും താമസിച്ച്, സ്വയം ഭക്ഷണം പാകം ചെയ്തു ദിവസങ്ങളോളം നീളുന്ന യാത്ര.

ആ യാത്രയില്‍ അയാള്‍ കണ്ടു മുട്ടുന്ന ചില മനുഷ്യരിലൂടെയാണ് ആല്‍വിന്‍ എന്ന മനുഷ്യന്റെ ജീവിതം നാമറിയുന്നത്. എടുത്തു പറയാവുന്ന സവിശേഷതകള്‍ ഒന്നുമില്ലാത്ത തികച്ചും സാധാരണക്കാരനായ ഒരു മനുഷ്യന്‍. തന്റെ യൌവ്വനത്തില്‍ ഒരുപാട് ചപലതകളില്‍ കൂടി കടന്നു പോയ ഒരു മനുഷ്യന്‍. പക്ഷെ അയാള്‍ ഇന്നൊരു ജ്ഞാന വൃദ്ധനാണ്. അനുഭവങ്ങളും ജീവിതവും ഉരുക്കിയെടുത്ത ഒരു മനുഷ്യന്‍. ഓരോ മനുഷ്യന്റെയും ജീവിതവും ഓര്‍മ്മകളും എത്ര അമൂല്യമാണെന്നു നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട് സിനിമ. വിചിത്രം എന്ന് തോന്നിപ്പിക്കുന്ന ചില കഥാപാത്രങ്ങളെ ആല്‍വിന്‍ കണ്ടുമുട്ടുന്നുണ്ട്.

വീട് വിട്ടോടി പോകുന്ന ഒരു പെണ്‍കുട്ടി, ഒരേ വഴിയിലൂടെ തന്റെ ജോലി സംബന്ധമായി യാത്ര ചെയ്യേണ്ടി വരികയും ആ യാത്രയ്ക്കിടയില്‍ തന്റെ കാറിടിച്ച് 14 മാനുകളെ കൊല്ലേണ്ടി വരികയും ചെയ്യുന്ന ഒരു സ്ത്രീ. തന്റെ പതിനാലാമത്തെ അപകടത്തിലാണ് അവര്‍ ആല്‍വിനെ കണ്ടുമുട്ടുന്നത്. "എനിക്കീ റോഡിലൂടെ യാത്ര ചെയ്തേ പറ്റൂ... ഞാന്‍ എന്താണ് ചെയ്യുക?" എന്ന് അലറിക്കരഞ്ഞു കൊണ്ട് അവര്‍ പോകുമ്പോള്‍ നിസ്സഹായനായി നില്‍ക്കുകയാണയാള്‍. പക്ഷെ അടുത്ത ഷോട്ടില്‍ നാം കാണുന്നത് അന്ന് രാതി തന്റെ ഭക്ഷണത്തിനു മാനിറച്ചി കഴിക്കുന്ന ആല്‍വിനെയാണ്. അടുത്ത പകല്‍ അയാള്‍ യാത്ര തുടരുമ്പോള്‍ അയാളുടെ ട്രാക്കിന് മുന്‍പില്‍ ഒരു മാന്‍കൊമ്പു കൂടിയുണ്ട്.

4-deer

സൈക്കിളില്‍ ഒരുപാട് വേഗതയില്‍ തന്നെ കടന്നു പോകുന്ന ഒരുകൂട്ടം യുവാക്കളെ വണ്ടിയില്‍ നിന്നിറങ്ങി നിന്ന് അയാള്‍ നോക്കുന്ന ഒരുപാട് സിംബോളിക് ആയ ഒരു ഷോട്ട്. വേഗത്തില്‍ പായുന്ന പുതിയ കാലത്തെ നോക്കി നില്‍ക്കുന്ന മറ്റൊരു കാലത്തിന്റെ പ്രതിനിധി. പിന്നെ അന്ന് രാവില്‍ അയാള്‍ അവര്‍ക്കൊപ്പം കൂടുമ്പോള്‍ അവര്‍ അയാളോടെ ചോദിക്കുന്നു:
"So, what's the worst part about being old, Alvin?
The worst part of being old is, remembering when you was young."

മരണത്തിന്റെ വാക്കോളമെത്തുന്ന ഒരപകടത്തിലും അയാള്‍ ചെന്ന് പെടുന്നുണ്ട്. അയാളുടെ വാഹനം കേടാവുകയും ചെയ്യുന്നു. ആ നാട്ടുകാരില്‍ പലരും അയാളെ സഹായിക്കാന്‍ തുനിയുംമ്പോളും അതൊക്കെയും അയാള്‍ നിരസ്കരിക്കുകയാണ്. അയാള്‍ക്ക്‌ ആരുടേയും സഹായം വേണ്ട അയാള്‍ തന്നെ പറയുന്നുണ്ട്:
"You're a kind man talking to a stubborn man."

ഈ യാത്ര ആല്‍വിനു ഇനിയൊരിക്കലും തനിക്ക് തിരിച്ചെടുക്കാനാവാത്ത ഭൂതകാലത്തിലെയ്ക്കുള്ള യാത്രയാണ്. ആരോടും ഇതുവരെ പറയാത്ത പലതും താന്‍ കണ്ടുമുട്ടുന്ന തീര്‍ത്തും അപരിചിതരായ മനുഷ്യരോട് അയാള്‍ പറയുന്നു. രണ്ടാം ലോക മഹായുദ്ധത്തില്‍ പങ്കെടുത്തപ്പോള്‍ തന്റെ കൈപ്പിഴ കൊണ്ടാണ് ഒരു സുഹൃത്ത് മരിച്ചതെന്ന, ഇതുവരെ ആരോടും പറയാത്ത രഹസ്യവും, അമിത മദ്യപാനം തനിക്കും കുടുംബത്തിനുമിടയില്‍ തീര്‍ത്ത പിണക്കങ്ങളെക്കുറിച്ചും ഒരു കുമ്പസാരത്തില്‍ എന്ന പോലെ അയാള്‍ വിവരിക്കുന്നു. സിനിമ ഡേവിഡ്‌ ലിഞ്ചിന്റെയായത് കൊണ്ട് തന്നെ വരികള്‍ക്കിടയില്‍ നിന്നും നാം വായിച്ചെടുക്കെണ്ടുന്ന ചിലത് കൂടിയുണ്ടെന്ന് തോന്നുന്നു. ആരോ കൊളുത്തിയ തീയില്‍ പെട്ടാണ് തന്റെ മകളുടെ കുഞ്ഞു മരിച്ചതെന്നും അതാണ്‌ അവളുടെ ജീവിതമിങ്ങനെ ദുരിതമാക്കിയതെന്നും അയാള്‍ പറയുന്നുണ്ട്. ആരാവാം ആ തീ കൊളുത്തിയ ആരോ ഒരാള്‍? അതയാള്‍ തന്നെ ആവാനാണ് സാധ്യത.

എന്തിനാണ് ഇത്ര കഷ്ടപ്പെട്ടിങ്ങനെ ഈ യാത്ര ?
എനിക്ക് എന്റെ സഹോദരനോടൊപ്പമിരുന്നു ആകാശത്തിലെ നക്ഷത്രങ്ങളെ കാണണം, ഞങ്ങളുടെ കുഞ്ഞുന്നാളിലേത് പോലെ.

ഈ സിനിമയില്‍ നാം കാണുന്ന മുഖങ്ങള്‍ നോക്കുക, ജീവിതത്തിന്റെ ചുളിവുകള്‍ വീണവയാണത്. ആ ഓരോ ചുളിവുകളും ഓരോ ഓര്‍മ്മകളും ഓര്‍മ്മപ്പെടുത്തലുകളും ആണ്.

അവസാനം ഒരുപാട് മെലോഡ്രമാറ്റിക്ക് ആക്കാമായിരുന്ന ആ യാത്ര അവസാനിക്കുന്നതാവട്ടെ ഒരൊറ്റ ചോദ്യത്തിലാണ്. പിന്നെ... വാചാലമാകുന്ന മൌനം മാത്രം. അതില്‍ എല്ലാമുണ്ട്, ഡേവിഡ്‌ ലിഞ്ചിന്റെ പ്രതിഭയത്രയും. അവസാനത്തെ ഷോട്ടില്‍ ആകാശത്തിലെ നക്ഷത്രങ്ങള്‍ തിളങ്ങുകയാണ്. തങ്ങളെ കാത്തു ദൂരെ ദൂരെ ആരൊക്കെയോ ഇരിപ്പുണ്ടെന്ന് അവര്‍ക്കറിയാം.

5-david-lynch

ആദ്യമായാണ്‌ തിരക്കഥയില്‍ പങ്കാളിയാകാതെ ഡേവിഡ്‌ ലിഞ്ചിന്റെ ഒരു സിനിമ പുറത്തു വന്നത്. യഥാര്‍ത്ഥ ജീവിതത്തില്‍ ആല്‍വിന്‍ സഞ്ചരിച്ച അതേ വഴിയില്‍, സംഭവങ്ങള്‍ നടന്ന അതെ ക്രമത്തില്‍ തന്നെയാണ് സിനിമ ചിത്രീകരിച്ചത്. ആല്‍വിന്‍ ആയി അഭിനയിച്ച Richard Farnsworth, പ്രോസ്റ്റെറ്റ് കാന്‍സര്‍ കൊണ്ട് വിഷമിക്കുന്ന വേളയിലാണ് ഈ സിനിമയില്‍ അഭിനയിച്ചത്. ഇരിക്കാന്‍ ബുദ്ധിമുട്ടുള്ളത് കൊണ്ട് ട്രാക്ടറിന്റെ സീറ്റ് പ്രത്യേകം ഉണ്ടാക്കുകയായിരുന്നു. ഇത്ര ശക്തമായ കഥാപാത്രത്തെ അഭിനയിപ്പിച്ചു ഫലിപ്പിച്ച ആ മനുഷ്യന്‍ സിനിമ റിലീസ്സായതിന്റെ അടുത്ത വര്‍ഷം 2000 ഒക്ടോബറില്‍ വെടിവച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. സന്ദര്‍ഭവശാല്‍ മറ്റൊന്ന് കൂടി ഓര്‍ത്ത്‌ പോയി. Old man and sea യിലെ കഥാപാത്രത്തിന്റെ സൃഷ്ടാവായ ഹെമിങ്ങ് വേയും ഇതുപോലെ ഒരു തോക്ക് കൊണ്ട് ജീവനൊടുക്കുകയായിരുന്നു.

ജീവിതം എപ്പോളും രണ്ടാമതൊരു അവസരം കൂടി കാത്തു വച്ചിട്ടുണ്ട്, ഉടഞ്ഞു പോയവ ഒട്ടിച്ചു ചേര്‍ക്കാനും, നഷ്ടപ്പെട്ടു പോയവ വീണ്ടെടുക്കാനും. നിരാശയുടെ അഗാതങ്ങളില്‍ മുങ്ങിത്താഴുന്ന ചില സുഹൃത്തുക്കളുണ്ട്. ഇല്ല ഒന്നും അവസാനിച്ചിട്ടില്ല, തിരികെ കണ്ടെത്താനാവാത്ത അകലങ്ങളിലേയ്ക്ക് ഒന്നും കൈവിട്ടു പോയിട്ടില്ല. അതിനായുള്ള പരിശ്രമങ്ങള്‍ നാം തുടരുന്നില്ല എന്നേയുള്ളു. ആല്‍വിന്റെ കഥ, അതുപോലെ ഒറ്റ വാക്കില്‍ ഒതുങ്ങാത്ത ഒരുപാട് പേരുടെ കഥകള്‍ അത് നമ്മെ ഓര്‍മ്മിപ്പിച്ചു കൊണ്ടേയിരിക്കുന്നു.

സിനിമയില്‍ ഒരിടത്ത് ആല്‍വിന്‍ പറയുന്നുണ്ട്: "എന്റെ കുട്ടികളുടെ ചെറുപ്പത്തില്‍ ഞങ്ങള്‍ ഒരു കളി കളിക്കുമായിരുന്നു. ഞാന്‍ അവര്‍ക്കൊരോരുത്തര്‍ക്കും ഓരോ കമ്പുകള്‍ കൊടുത്ത് ഒടിച്ചു കളയാന്‍ പറയും. അവര്‍ക്കത്‌ എളുപ്പത്തില്‍ ഒടിച്ചു കളയാനാകുമായിരുന്നു.
പിന്നെ ഞാനാ കമ്പുകള്‍ ഒന്നിച്ചു കെട്ടിയിട്ട് അവരോടു ഒടിക്കാന്‍ പറയും, അപ്പോള്‍ അവര്‍ക്കതിനു കഴിയുമായിരുന്നില്ല. ആ ഒന്നിച്ചു കെട്ടിയ ആ കമ്പുകള്‍, അതാണ്‌ കുടുംബം."

Directed by: David Lynch
Written by: Mary Sweeney, John Roach

ട്രെയിലര്‍ കാണാം...

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+