സുരേഷ് ഗോപിയെ കൊന്നു തിന്നാന്‍ വരട്ടെ!
വിഴിഞ്ഞം തുറമുഖത്തിന്റെ കാര്യത്തില്‍ സുരേഷ് ഗോപിയെ തിന്നു തീര്‍ക്കാനുള്ള തിക്കും തിരക്കുമാണ് സോഷ്യല്‍ മീഡിയയിലൂടെ നടക്കുന്നത്. അഹങ്കാരത്തിന്റെ ആള്‍രൂപമായ സുരേഷ് ഗോപി കേരള തൊഗാഡിയയാണെന്നു വരെ കോണ്‍ഗ്രസ് മുഖപത്രം പറഞ്ഞു വെച്ചു. വാസ്തവത്തില്‍ സുരേഷ് ഗോപിയെ ഇങ്ങനെ തേജോവധം ചെയ്യേണ്ട കാര്യമുണ്ടോ?
തന്റെ പ്രസ്താവനയ്ക്ക് വര്ഗീയസ്വരം നല്കിയവര് ദുഖിക്കും: സുരേഷ് ഗോപി

എന്താണ് സുരേഷ് ഗോപി പറഞ്ഞത്?
വിഴിഞ്ഞം പദ്ധതി നടപ്പാക്കാന്‍ പ്രദേശത്തെ ഹിന്ദുസമൂഹം മുന്നോട്ടു വരണം.

എന്തായിരുന്നു പരിപാടി?
വിഴിഞ്ഞം പദ്ധതി അട്ടിമറിക്കരുതെന്ന് ആവശ്യപ്പെട്ട് വിഴിഞ്ഞം ഇടവക പാരീഷ് ആക്ഷന്‍ കൗണ്‍സില്‍ മുന്‍കൈയെടുത്ത് സെക്രട്ടറിയേറ്റിനു മുന്നില്‍ നടത്തിയ പ്രതിഷേധം. ഇതില്‍ മറ്റു നേതാക്കളും പങ്കെടുത്തിരുന്നു.

എവിടെയാണ് സുരേഷ് ഗോപിക്ക് പിഴച്ചിട്ടുണ്ടാവുക?
സുരേഷ് ഗോപിയെ ക്ഷണിച്ചതും സ്വീകരിച്ചതും പാരിഷ് കൗണ്‍സില്‍ ഭാരവാഹികളാണ്. തീര്‍ച്ചയായും വിഴിഞ്ഞം സംസ്ഥാനത്തിന്റെ മൊത്തം വികസനപ്രശ്‌നമാണെന്നും പാരീഷ് കൗണ്‍സില്‍ മാത്രമല്ല, ഭൂരിപക്ഷം വരുന്ന ഹിന്ദു സമൂഹവും ഇതില്‍ പങ്കാളികളാവണമെന്നുമായിരിക്കും ആക്ഷന്‍ ഹീറോ ആഹ്വാനം ചെയ്തിട്ടുണ്ടാവുക. അങ്ങനെ തന്നെയാണ്.
തീര്‍ച്ചയായും ഏതുപരിപാടിയാണെന്നു പറയാതെ സുരേഷ് ഗോപിയുടെ ഡയലോഗ് മാത്രം പറഞ്ഞാല്‍ അതു വര്‍ഗ്ഗീയമാണ്. എന്നാല്‍ പാരിഷ് കൗണ്‍സില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഹിന്ദു സമൂഹത്തോട് ഈ പ്രക്ഷോഭത്തില്‍ പങ്കെടുക്കാന്‍ ആഹ്വാനം ചെയ്യുന്നതില്‍ വലിയ തെറ്റൊന്നും കാണുന്നില്ല. ഇത് ജനകീയ പ്രശ്‌നമാണെന്നും എല്ലാവരും ഇതില്‍ പങ്കാളികളാവണമെന്നും ഒരു വിഭാഗത്തിന്റെ പ്രശ്‌നമല്ലെന്നും ഭൂരിഭാഗം ഇതിന്റെ ഭാഗമാകേണ്ടതുണ്ടെന്നും സമര്‍ത്ഥിക്കാനായിരിക്കും നടന്‍ ശ്രമിച്ചിട്ടുണ്ടാവുക.

ഹിന്ദു സമൂഹത്തെ ആഹ്വാനം ചെയ്യാന്‍ ഇയാള്‍ ആരാണ്?
സുരേഷ് ഗോപിയുടെ മോദി ഭക്തിയും അടുത്ത കാലത്തുള്ള ചില പ്രസ്താവനകളും കൂട്ടി വായിക്കുമ്പോള്‍ 'സോഷ്യല്‍ മീഡിയാ വധത്തില്‍' അദ്ഭുതപ്പെടേണ്ട കാര്യമില്ല. പിന്നെ ഹിന്ദു സമൂഹം മറ്റു മതങ്ങളെ പോലെ ആര്‍ക്കും കുത്തക പതിച്ചു നല്‍കിയിട്ടില്ലാത്തതിനാല്‍ ഇതു പറയാനുള്ള അവകാശം തീര്‍ച്ചയായും സുരേഷ് ഗോപിക്കുണ്ട്. അതുകൊണ്ടു തന്നെയാണ് ഈ യോഗത്തില്‍ പങ്കെടുത്തവര്‍ ഉദ്ഘാടന പ്രസംഗത്തിനുശേഷം ഇതേ കുറിച്ച് ഒന്നും പറയാതിരുന്നത്. എന്നാല്‍ പ്രസംഗത്തിന്റെ നാലു വരി എവിടെ നിന്നോ കേട്ട ഏതോ ഒരാള്‍ക്ക് വര്‍ഗ്ഗീയത കത്തിയപ്പോള്‍ അതു സംഭവമായി.












Click it and Unblock the Notifications