മതം മാറാം.. പക്ഷേ എന്റെ മതത്തിലേക്ക് മാത്രം
ആര്‍ക്ക് വേണമെങ്കിലും മതം മാറാം... അതില്‍ ഒരു തെറ്റുമില്ല. പക്ഷേ മതം മാറുന്നത് എന്റെ മതത്തിലേക്കായിരിക്കണം. എന്റെ മതത്തില്‍ നിന്ന് ആരെങ്കിലും മതം മാറ്റത്തിന് ശ്രമിച്ചാല്‍ അതിത്തിരി പുളിക്കും...
ഇതാണ് ഇപ്പോള്‍ കാണുന്ന ഒരു പ്രതിഭാസം. ആരെങ്കിലും മതംമാറാന്‍ കാത്തിരിക്കുകയാണ്. ഏത് മതത്തിലേക്കാണോ പരിവര്‍ത്തനം ചെയ്തത്, പിന്നെ ആ മതത്തിന്‍റെ വക്താക്കള്‍ ചമഞ്ഞ് ഫേസ്ബുക്കിലും ട്വിറ്ററിലും കുറേ പേര്‍ ചാടിയിറങ്ങും. എന്നിട്ട് പറയും.. കണ്ടോ ഞങ്ങടെ മതത്തിന്റെ ഗുണം കണ്ടോ...

നമ്മുടെ ഭാരതം ഇപ്പോള്‍ ഒരു സമ്പൂര്‍ണ്ണ ജനാധിപത്യ സോഷ്യലിസ്റ്റ് രാഷ്ട്രമയതിനാല്‍ വലിയ കുഴപ്പമില്ല. സ്വന്തം ഇഷ്ടപ്രകാരം മതം മാറുന്നതിന് ഒരു തടസ്സവുമില്ല. എന്നാല്‍ ഇന്ത്യക്ക് പുറത്ത് പലയിടത്തും കാര്യങ്ങള്‍ അത്ര എളുപ്പമല്ല കെട്ടോ...
കഴിഞ്ഞ ദിവസം സുഡാനില്‍ നിന്ന് കേട്ട വാര്‍ത്ത മതത്തിനപ്പുറത്തേക്ക് കാര്യങ്ങള്‍ ചിന്തിക്കുന്നവരെ ഏറെ വേദനിപ്പിക്കുന്നതായിരുന്നു. അല്ലാത്തവര്‍ക്ക് അത് എന്ത് തോന്നിപ്പിക്കും എന്ന് അറിയില്ല. പ്രണയിച്ച പുരുഷനൊപ്പം ജീവിക്കാന്‍ ക്രിസ്തുമതം സ്വീകരിച്ച മുസ്ലീം പെണ്‍കുട്ടിയെ വധശിക്ഷക്ക് വിധിച്ച സംഭവമായിരുന്നു അത്. ആ തീരുമാനം പിന്‍വലിക്കാന്‍ അധികൃതര്‍ തീരുമാനിച്ചിട്ടുണ്ടെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം.
ചിലയിടങ്ങളില്‍ ആ രാജ്യത്തെ ഔദ്യോഗിക മതത്തിലേക്ക് ആളുകള്‍ക്ക് പരിവര്‍ത്തനം ചെയ്യാന്‍ അവകാശമുണ്ട്. എന്നാല്‍ അവിടത്തെ പൗരന്‍മാര്‍ മറ്റ് മതങ്ങളിലേക്ക് പോകുന്നത് നിയമവിരുദ്ധമാണ്. ജയിലില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ മതം മാറിയാല്‍ ശിക്ഷ ഇളവ് നല്‍കുന്ന രാജ്യങ്ങള്‍ പോലും ഉണ്ട്.
എത്ര പേര്‍ ശരിക്കും തിരിച്ചറിഞ്ഞുകൊണ്ടുള്ള മത പരിവര്‍ത്തനത്തിന് മുതിരുന്നുണ്ടെന്നാണ് സംശയം. പഠിച്ചും, തിരിച്ചറിഞ്ഞും ഉള്ള പരിവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്ന് പറയാം.കാരണം ഇത്രനാളും ജീവിച്ച സാഹചര്യങ്ങളെ അടിമുടി മാറ്റി പ്രതിഷ്ഠിക്കാനുള്ള ഊര്‍ജ്ജവും അറിവും സംഭരിച്ചുകൊണ്ടുള്ള ഒരു മാറ്റമാണ്. അല്ലാത്തവ, ഭൗതികമായ ചില നേട്ടങ്ങള്‍ക്ക് വേണ്ടിയുള്ളവയും.
എങ്ങനെയായാലും തങ്ങളുടെ മതത്തിലേക്ക് പുതിയൊരാള്‍ വരുന്നതിനെ എല്ലാ മതങ്ങളും രണ്ട് കൈയ്യും നീട്ടി സ്വീകരിക്കുന്നുണ്ട്. അതിനെ പ്രകീര്‍ത്തിക്കുകയും ചെയ്യും. എന്നാല്‍ തങ്ങളുടെ മതത്തില്‍ നിന്ന് ഒരാള്‍ പോയാല്‍ പിന്നെ അവന്‍ പാപിയായി, വെറുക്കപ്പെട്ടവനായി...












Click it and Unblock the Notifications