അഗസ്ത്യകൂടത്തെ മറ്റൊരു ശബരിമലയാക്കുന്നതാര്?

മീന കൂട്ടാല
കഴിഞ്ഞ വർഷം വനം വകുപ്പും മന്ത്രിയും നൽകിയ വാഗ്ദാനങ്ങൾ എല്ലാം കാറ്റിൽ പറത്തിയാണ് ഈ സീസണിലെയും അഗസ്ത്യകൂട ട്രക്കിങ് തുടങ്ങിയിരിക്കുന്നത്. ഈ വർഷം മുതൽ സ്ത്രീകൾക്കുള്ള നിരോധനം മാറ്റുമെന്നും ട്രക്കിങിനു അനുവദിക്കുമെന്നുമാണു വനം വകുപ്പും മന്ത്രി രാജുവും പറഞ്ഞിരുന്നത്. ഇത്തവണ ജനുവരി അഞ്ചിനു വനം വകുപ്പ് ട്രക്കിങിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചപ്പോൾ സ്ത്രീകൾക്കും ട്രാൻസ്ജെൻഡറിനുമുള്ള കോളങ്ങൾ ഉണ്ടായിരുന്നിട്ടും അപേക്ഷിക്കാനായില്ല.
അഗസ്ത്യമലയിലേക്കുള്ള യാത്രയിൽ സ്ത്രീകളെ വിലക്കുന്നതുമായി ബന്ധപ്പെട്ട് പെണ്ണൊരുമ, അന്വേഷി, വിംഗ്സ് കേരള തുടങ്ങിയ സ്ത്രീസംഘടനകളുടെ നേതൃത്വത്തിൽ കൂട്ടായ്മ ഉണ്ടാക്കുകയും യഥാർത്ഥപ്രശ്നത്തെപ്പറ്റി അന്വേഷിക്കുകയും ചെയ്തു. ക്യാമ്പ്ഷെഡായ അതിരുമലയിൽ സ്ത്രീകൾക്ക് താമസിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒന്നും ഇല്ലെന്നതു കൊണ്ടാണ് അഗസ്ത്യകൂടത്തേക്ക് സ്ത്രീകളെ കയറ്റിവിടാത്തതെന്നാണ് വനം വകുപ്പ് ആദ്യം പറഞ്ഞത്. പുരുഷന്മാർക്ക് നിലവിൽ ഉള്ളതിൽനിന്നു വ്യത്യസ്തമായ പ്രത്യേകസൗകര്യങ്ങൾ സ്ത്രീകൾക്ക് ആവശ്യമില്ലെന്ന് വ്യക്തമാക്കിയപ്പോൾ, ശാരീരികക്ഷമത സ്ത്രീകൾക്ക് കുറവാണെന്നും വന്യമൃഗങ്ങൾ ആക്രമിക്കാൻ സാധ്യതയുണ്ടെന്നും വകുപ്പ് മുടന്തൻ ന്യായം കണ്ടെത്തി.

ഈ വാദം ഹിമാലയം വരെ കൈയ്യടക്കിയ സ്ത്രീ സമൂഹത്തോട്!
ഹിമാലയം കീഴടക്കുകയും കന്യാകുമാരിമുതൽ കാശ്മീർവരെ ബുള്ളറ്റ് യാത്രകൾ തനിച്ച് നടത്തിക്കഴിഞ്ഞ സ്ത്രീസമൂഹത്തോടാണ് ഇത്തരത്തിലുള്ള വാദങ്ങൾ ഉന്നയിക്കുന്നതെന്നോർക്കണം! കൃത്യമായും ലിംഗവിവേചനം ആണ് ഇത്. ഇക്കാര്യം ബോധ്യപ്പെടുത്തി അഗസ്ത്യകൂടം യാത്രയ്ക്കുള്ള 51 പേർ അടങ്ങുന്ന സ്ത്രീകളുടെ ഒരു പട്ടിക കഴിഞ്ഞ വർഷംത്തന്നെ വനം വകുപ്പിനു നൽകിയെങ്കിലും യാത്രക്ക് രണ്ട് ദിവസം മുൻപ് അതിരുമലവരെ മാത്രമേ സ്ത്രീകളെ പ്രവേശിപ്പിക്കുകയുള്ളൂ എന്ന തീരുമാനമായി വനം വകുപ്പ് എത്തുകയായിരുന്നു. അതിരുമലവരെ എന്ന ‘സൗജന്യം' വേണ്ടെന്നും ലിംഗവിവേചനം പൂർണ്ണമായും എടുത്തുകളയണമെന്നും ട്രക്കിങ് ഗ്രൂപ്പ് ആവശ്യപ്പെടുകയും കോടതിയെ സമീപിക്കുകയും ചെയ്തു. ഈ വർഷം മുതൽ സ്ത്രീകളെയും മല കയറാൻ അനുവദിക്കണമെന്നും അതിനുള്ള മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കണമെന്നുമുള്ള ഹൈക്കോടതിയുടേ നിർദ്ദേശം ഇതുവരെ സർക്കാരും വനം വകുപ്പും ചെവിക്കൊണ്ടിട്ടില്ല.

ബ്രഹ്മചാരിയല്ല അഗസ്ത്യൻ
അഗസ്ത്യമുനിയുമായി ബന്ധപ്പെട്ടതാണ് അഗസ്ത്യകൂടത്തിന്റെ പുരാണം. ഋഗ്വേദത്തിലും വാല്മീകിരാമായണത്തിലും മഹാഭാരതത്തിലും മണിമേഖലയിലും എന്നു വേണ്ട മിക്ക ഭാരതീയ പൗരാണിക ഗ്രന്ഥങ്ങളിലും അഗസ്ത്യനുണ്ട്. മഹാവിഷ്ണുവിൽനിന്ന് അനുക്രമമായി ബ്രഹ്മാവ്- മരീചി- കശ്യപൻ- സൂര്യൻ- അഗസ്ത്യൻ ഇങ്ങനെയാണ് വംശാവലി. വിദർഭരാജാവിന്റെ പുത്രി ലോപമുദ്രയാണ് അഗസ്ത്യന്റെ ഭാര്യ. ലോകത്തിലുള്ള സകലജീവജാലങ്ങളുടെയും സ്വത്വം സ്വീകരിച്ച് അഗസ്ത്യൻ തന്നെ സൃഷ്ടിച്ച് വിദർഭരാജാവിനെ വളർത്താനേൽപ്പിച്ചതാണ് ലോപാമുദ്രയെ. അവർക്ക് ദൃഢസ്യു ( ഇധ്മവാഹൻ) എന്ന പുത്രനുമുണ്ടായിരുന്നതായി മഹാഭാരതം വിവരിക്കുന്നു.

തമിഴ് നാട്ടിൽ കുറു മുനി
ഹ്രസ്വകായനായ അഗസ്ത്യനെ തമിഴ് കൃതികളിൽ കുറുമുനി എന്നു വിളിക്കുന്നു. അഗസ്ത്യർ ദാനം ചെയ്ത സുന്ദരിയാണ് തമിഴ് ഭാഷയെന്ന് മഹാകവി വില്ലി പുത്തൂർ സൂചിപ്പിക്കുന്നു. തെക്കു കിഴക്കായി ഉദിക്കുന്ന ഒരു നക്ഷത്രത്തെ അഗസ്ത്യൻ എന്നു പേരിട്ടു വിളിക്കാറുണ്ട്. തമിഴിൽ അഗസ്ത്യകൂടത്തിനു പൊതിയം എന്നാണ് വിളിപ്പേർ. തമിഴ് വ്യാകരണഗ്രന്ഥമായ അകത്തിയത്തിന്റെ കർത്താവ് അഗസ്ത്യരാണ്. വ്യാകരണ പണ്ഡിതനായ തൊൽകാപ്യർ അഗസ്ത്യന്റെ ശിഷ്യനായിരുന്നു.

പ്രകൃതിസൗന്ദര്യത്തിന്റെ കലവറ
ആനമുടി കഴിഞ്ഞാൽ കേരളത്തിലെ ഏറ്റവും ഉയരം കൂടിയ പർവതമായ അഗസ്ത്യകൂടം, പശ്ചിമഘട്ട മലനിരകളിൽ ഏറ്റവും തെക്കേയറ്റത്ത് സ്ഥിതിചെയ്യുന്നു. തെക്ക് കന്യാകുമാരിയിലെ ആരുവാമൊഴിമുതൽ കൊല്ലം ജില്ലയിലെ ആര്യങ്കാവ് വരെയുള്ള ജൈവവൈവിദ്ധ്യമേഖലയാണിത്. 1868 മീറ്റർ ഉയരവും 3000 ചതുരശ്ര കിലോമീറ്റർ വിസ്ത്രൂതിയുമുള്ളാ ഈ പർവതം ലോകത്തിലെ തന്നെ സുപ്രധാന ബയോസ്ഫിയർ റിസർവുകളിൽ ഒന്നാണ്. ആയുർവേദമരുന്നുകളുടെയും മറ്റ് ഔഷധസസ്യങ്ങളുടെയും അപൂർവമായ കലവറയാണ് അഗസ്ത്യവനം. 3500 -ഓളം സ്പീഷിസുകളിലായി സസ്യജന്തുജീവിജാലങ്ങൾ ഇവിടെയുണ്ട്. 450മുതൽ 2000 ദശലക്ഷം വർഷംവരെ പഴക്കമുള്ളതാണ് ഈ വനമേഖലയിലെ പാറകൾ എന്നാണ് അഭ്യൂഹം. ഹ്രസ്വകായനായ അഗസ്ത്യന്റെ രൂപഘടനയെ പ്രാചീനഭാവന അഗസ്ത്യകൂടത്തിലെ സസ്യജാലങ്ങളിലേക്ക് സംക്രമിപ്പിച്ചിട്ടുണ്ട്. പൊങ്കാലപ്പാറയിലെ വൃക്ഷങ്ങളും ചെടികളും ഒരാൾപ്പൊക്കത്തിലുള്ളവയാണ്. ശക്തമായ കാറ്റും അന്തരീക്ഷമർദ്ദത്തിൽ അടിയ്ക്കടിയുണ്ടാവുന്ന വ്യതിയാനവുമാണ് ഈ പ്രതിഭാസത്തിനു കാരണം എന്ന് ശാസ്ത്രീയമായ നിഗമനമുണ്ട്. പൊക്കം കുറഞ്ഞ കല്ലാനകളെ ഈ പ്രദേശത്ത് കണ്ടതായുള്ള വാർത്തകളും ക്കുറച്ചുവർഷങൾക്കു മുൻപ് കേട്ടിരുന്നു. ഈ പ്രദേശങ്ങളിലെ നിത്യഹരിതപുൽമേടുകൾ ജൈവവൈവിധ്യത്തിലെ അപൂർവ പ്രത്യേകതകളായി കണക്കാക്കപ്പെടുന്നു. മൂന്ന് പ്രധാനനദികളാണ് അഗസ്ത്യകൂടത്തിൽനിന്നുത്ഭവിക്കുന്നത്. കേരളത്തിലേയ്ക്കൊഴുകുന്ന നെയ്യാറും കരമനയാറും തമിഴ്‌നാട്ടിലേക്ക് ഒഴുകുന്ന താമ്രപർണ്ണിയും.

അപൂർവവും പ്രകൃതിഭംഗിയുറ്റതുമായല ഭൂമേഖല
കൈയെത്തും ദൂരത്തിലുള്ള അപൂർവവും പ്രകൃതിഭംഗിയുറ്റതുമായ ഈ ഭൂമേഖലയിലേയ്ക്കുള്ള പ്രവേശനമാണ് പുരുഷന്മാർക്കുമാത്രമായി സർക്കാരും വനംവകുപ്പുദ്യോഗസ്ഥരും ചേർന്ന് പരിമിതപ്പെടുത്തിയിരിക്കുന്നത്. സ്ത്രീ വിവേചനത്തെ ന്യായീകരിക്കാൻ ഉരുവിടുന്ന തത്കാല കാരണങ്ങളാവട്ടെ യുക്തിക്കും കാലികയാഥാർത്ഥ്യങ്ങൾക്കും യോജിച്ചതുമല്ല. മുൻപ് പക്ഷാഭേദങ്ങളില്ലാതെ സ്തീകളുൾപ്പടെ അഗസ്ത്യമലയിലേക്ക് യാത്ര ചെയ്തിരുന്നു. വിലക്ക് അടുത്തകാലത്തുണ്ടായതാണെന്നതാണ് സത്യം. അതിന്റെ മതപരമായ അടിയൊഴുക്കുകൾ അത്ര നിഷ്കളങ്കമായിരിക്കണമെന്നില്ല.

സ്ത്രീകളെ മാറ്റി നിർത്തുന്നത് തികഞ്ഞ അനീതി
പൊതുവഴികളിൽ സഞ്ചരിക്കാനുള്ള അവകാശത്തിനുവേണ്ടി സമരം ചെയ്ത നവോത്ഥാനപാരമ്പര്യമുള്ള കേരളത്തിലാണ് വനം വകുപ്പ് നടത്തുന്ന ട്രക്കിങിൽനിന്ന് സുരക്ഷാകാരണം പറഞ്ഞ് സ്ത്രീകൾക്ക് വിലക്ക് ഏർപ്പെടുത്തുന്നത്. ഏതെങ്കിലും തരത്തിൽ സുരക്ഷാപ്രശ്നങ്ങൾ ഉണ്ടെങ്കിൽത്തന്നെ അതു പരിഹരിക്കേണ്ടത് സർക്കാരിന്റെയും വനം വകുപ്പിനെറ്റും ജോലിയാണ്. പൊതുഖജനാവിലെ പണം ഉപയോഗിച്ച് സർക്കാർ അധീനതയിലുള്ള ഒരു പ്രദേശത്തേക്ക് ട്രക്കിങ് അനുവദിക്കുമ്പോൾ സ്ത്രീകളെ അതിൽനിന്ന് മാറ്റി നിർത്തുന്നത് തികഞ്ഞ അനീതിയാണ്. ഭരണകൂടത്തിന്റെയും ബ്യൂറോക്രസിയുടെയും സ്തീവിരുദ്ധമായ മുഖത്തെയാണത് വെളിവാക്കുന്നത്. ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന സമത്വമെന്ന മൂല്യത്തിന്റെ പച്ചയായ ലംഘനമാണത്. സ്ത്രീവിരുദ്ധനിയമങ്ങൾ തിരുത്തിയെഴുതി ലോകം മുഴുവൻ മുന്നേറുന്ന കാലത്തിലാണ്കേരളം നൂറ്റാണ്ടുകൾ പിന്നിലേക്ക് പൊയ്ക്കൊണ്ടിരിക്കുന്നത്.

പച്ചയായ നിയമലംഘനം
നിലവിൽ മകരം ഒന്ന് മുതൽ ശിവരാത്രിവരെയാണ് സീസണൽ ട്രക്കിങ് വനം വകുപ്പ് നടത്തിക്കൊണ്ടിരിക്കുന്നത്. വനത്തിൽ ഏതെങ്കിലും തരത്തിലുള്ള ആചാരാനുഷ്ഠാനങ്ങൾ നടക്കുന്നില്ലെന്നാണ് കഴിഞ്ഞ വർഷം സർക്കാറും വനം വകുപ്പും ആവർത്തിച്ചു പറഞ്ഞുകൊണ്ടിരുന്നത്. എന്നാൽ ശബരിമലപോലെ അഗസ്ത്യകൂടവും തീർത്ഥാടനകേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണ്. വനം വകുപ്പിന്റെ ഒത്താശയോടെ ട്രക്കിങ് സീസണിൽ പൂജകളും വിഗ്രഹാരാരാധനയും അവിടെ നടന്നുവരികയാണു. സംരക്ഷിതനിത്യഹരിതവനപ്രദേശത്ത് ഇത്തരം മതാചാര അനുഷ്ഠാനങ്ങൾ നടത്തുന്നത് പച്ചയായ നിയമലംഘനമാണ്. മതേതരസർക്കാരെന്ന് അവകാശപ്പെടുമ്പോഴും ഇടതുമുന്നണി മതപ്രീണനപരമായ നയങ്ങൾ പിന്തുടരുന്നു എന്ന് അഗസ്ത്യമലയിലെ വിഗ്രഹപൂജ തെളിവു തരുന്നു.












Click it and Unblock the Notifications