രാജഗോപാല്‍ മത്സരിയ്ക്കുമ്പോള്‍ മാത്രം ബിജെപിയ്ക്ക് എവിടന്നാ ഇത്രയും വോട്ട്?
കേരളത്തില്‍ അടുത്ത കാലത്തെങ്ങാനും ബിജെപി അക്കൗണ്ട് തുറക്കുകയാണെങ്കില്‍ അത് ഒ രാജഗോപാലിലൂടെ ആയിരിക്കും എന്നാണ് ബിജെപിക്കാര്‍ തന്നെ വിശ്വസിയ്ക്കുന്നത്. അല്ലെങ്കില്‍ അദ്ദേഹം രാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ച് മാറി നില്‍ക്കുന്ന സാഹചര്യത്തില്‍ സുരേഷ് ഗോപിയ്‌ക്കോ മറ്റോ ഒരു സാധ്യതയുണ്ടെന്ന് പറയാം.
ഏറെ വര്‍ഷങ്ങളായി കേരളത്തില്‍ സാന്നിധ്യമുറപ്പിച്ച ബിജെപിയ്ക്ക് പക്ഷേ തിരഞ്ഞെടുപ്പുകളൊന്നും അത്ര ആശ്വാസകരമായിരുന്നില്ല. എന്നാല്‍ ഒ രാജഗോപാല്‍ എന്ന ആള്‍ സ്ഥാനാര്‍ത്ഥിയാകുമ്പോള്‍ ഒരു വല്ലാത്ത ആവേശം ആ പാര്‍ട്ടിയുടെ ഉള്ളില്‍ നിന്ന് വരുന്നുണ്ട്. അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണ ബിജെപി നേടിതിന്‍റെ നാലിരട്ടിയിലധികം വോട്ടുകള്‍ നേടിയത് ഒടുവിലത്തെ ഉദാഹരണം. വെറുതേ പറയുന്നതല്ല, ചരിത്രവും തെളിവുകളും നിരത്തി തന്നെ പറയാം...

നേമം നിയസഭ മണ്ഡലം
2006 ലെ തിരഞ്ഞെടുപ്പില്‍ നേമത്ത് മത്സരിച്ചത് ബിജെപിയുടെ എം രാധാകൃഷ്ണനായിരുന്നു. അദ്ദേഹത്തിന് അന്ന് അവിടെ കിട്ടിയത് 6,708 വോട്ടുകള്‍.

രാജേട്ടനെത്തിയപ്പോള്‍
2011 ലെ നിയമസഭയില്‍ മത്സരിയ്ക്കാനെത്തിയത് ഒ രാജഗോപാല്‍. അന്ന് ബിജെപിയ്ക്ക് കിട്ടിയത് 43,661 വോട്ടുകള്‍. ഏതാണ്ട് ഏഴ് ഇരട്ടി വോട്ടുകള്‍.

നെയ്യാറ്റിന്‍കര മണ്ഡലം
2011 തിരഞ്ഞെടുപ്പില്‍ നെയ്യാറ്റിന്‍കരയിലെ ബിജെപി സ്ഥാനാര്‍ത്ഥി എ ശ്രീകുമാര്‍ ആയിരുന്നു. ആകെ കിട്ടിയത് 6,730 വോട്ടുകള്‍.

രാജേട്ടനെത്തിയപ്പോള്‍
ശെല്‍വരാജിന്റ രാജിയെ തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് നടന്നപ്പോള്‍ വീണ്ടും രാജഗോപാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി. കിട്ടിയത് 30,661 വോട്ടുകള്‍. ഏതാണ്ട് അഞ്ചിരട്ടി വോട്ടുകള്‍.

ലോക്‌സഭയില്‍
ലോക്‌സഭ തിരഞ്ഞെടുപ്പുകളുടെ കണക്കെടുക്കുമ്പോഴാണ് ഒ രാജഗോപാലിന്റെ സ്വാധീനം ശരിയ്ക്കും വ്യക്തമാകുന്നത്. വേറെ ഏതൊരു ബിജെപി സ്ഥാനാര്‍ത്ഥിയേക്കാള്‍ ത്രയേറെ മികച്ചതാണ് രാജഗോപാലിന്റെ പ്രകടനം. തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തിലെ കണക്കുകള്‍ നോക്കാം.

കേരള വര്‍മ രാജ
1998 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേരള വര്‍മ രാജ ആയിരുന്നു ബിജെപി സ്ഥാനാര്‍ത്ഥി. അന്ന് അദ്ദേഹത്തിന് 80,566 വോട്ടുകള്‍ നേടാന്‍ കഴിഞ്ഞു.

1999, 2004
1999 ലെ തിരഞ്ഞെടുപ്പിലും 2004 ലെ തിരഞ്ഞെടുപ്പിലും ഒ രാജഗോപാല്‍ ആയിരുന്നു സ്ഥാനാര്‍ത്ഥി. 1999 ല്‍ 1,58,221 വോട്ടുകളാണ് അദ്ദേഹം നേടിയത്. 2004 ല്‍ 2,28,052 വോട്ടുകള്‍ നേടി അദ്ദേഹം വീണ്ടും ശക്തിതെളിയിച്ചു.

സികെ പത്മനാഭന്‍
2005ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് മത്സരിച്ചത് ബിജെപിയുടെ സമുന്ന നേതാവായ സികെ പത്മനാഭന്‍ ആയിരുന്നു. ഒ രാജഗോപാല്‍ രണ്ട് ലക്ഷത്തിലധികം വോട്ട് പിടിച്ച മണ്ഡലത്തില്‍ സികെപിയ്ക്ക് കിട്ടിയത് വെറും 36,690 വോട്ടുകള്‍.

പികെ കൃഷ്ണദാസ്
2009 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പികെ കൃഷ്ണദാസ് ആയിരുന്നു സ്ഥാനാര്‍ത്ഥി. സികെ പത്മനാഭനേക്കാള്‍ നില മെച്ചപ്പെടുത്താന്‍ കൃഷ്ണദാസിന് കഴിഞ്ഞു. 84,094 വോട്ടുകള്‍ നേടി.

വീണ്ടും രാജേട്ടന്‍
2014 ലോക്‌സഭ തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി വീണ്ടും രാഗോപാല്‍ എത്തി. കേരള ചരിത്രത്തില്‍ തന്നെ ആദ്യമായി ബിജെപി റെക്കോര്‍ഡ് വോട്ട് നേടി രണ്ടാം സ്ഥാനത്തെത്തി. രാജഗോപാല്‍ നേടിയത് 2,82,336 വോട്ടുകളായിരുന്നു.












Click it and Unblock the Notifications