യുഎഇയിൽ ഇനി ഡബിൾ എഞ്ചിൻ; റെയിൽ-വിമാന യാത്രയെ തമ്മിൽ ബന്ധിപ്പിക്കും, നിർണായക നീക്കം
അബുദാബി: യുഎഇയിലെ വിമാന യാത്രയും റെയിൽ യാത്രയും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കാൻ രാജ്യത്തെ ദേശീയ വിമാനക്കമ്പനിയായ ഇത്തിഹാദ് എയർവേസും ഇത്തിഹാദ് റെയിലും തമ്മിൽ നിർണായക ധാരണയിലെത്തി. അബുദാബിയിലെ സയിദ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് റെയിൽവേ സ്റ്റേഷനിലേക്ക് ഷട്ടിൽ സർവീസ് ആരംഭിക്കുന്നതും പദ്ധതിയുടെ ഭാഗമായി പരിഗണിക്കും.
അറേബ്യൻ ട്രാവൽ മാർക്കറ്റിനിടെ ഇരു കമ്പനികളും ഇതുസംബന്ധിച്ച് ധാരണാപത്രത്തിൽ ഒപ്പുവച്ചു. വിമാനവും റെയിലും സംയോജിപ്പിച്ചുള്ള യാത്രാ സംവിധാനങ്ങൾ, ടൂറിസം പദ്ധതികൾ, യാത്രാ സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ എന്നിവയെക്കുറിച്ച് പഠിക്കാനാണ് ധാരണ. സയിദ് ഇന്റർനാഷണൽ എയർപോർട്ടിനെയും മുഹമ്മദ് ബിൻ സയിദ് സിറ്റിയിലെ പാസഞ്ചർ റെയിൽ സ്റ്റേഷനെയും ബന്ധിപ്പിക്കുന്ന പ്രത്യേക ഷട്ടിൽ സർവീസുകൾ ആരംഭിക്കുന്നതും പരിശോധിക്കും.

ഇതിലൂടെ വിമാനത്താവളം യുഎഇയുടെ ദേശീയ റെയിൽ ശൃംഖലയുമായി നേരിട്ട് ബന്ധിപ്പിക്കാനാകും. വിമാനവും റെയിലും ഉൾപ്പെടുന്ന സംയോജിത ടിക്കറ്റ് ബുക്കിങ് സംവിധാനവും റെയിൽവേ സ്റ്റേഷനുകളിലെ യാത്രാ സൗകര്യങ്ങളും പരിശോധിക്കും. അബുദാബിയിലെത്തുന്ന വിദേശ സഞ്ചാരികൾക്ക് യുഎഇയിലെ മറ്റ് നഗരങ്ങളിലേക്കും പ്രദേശങ്ങളിലേക്കും എളുപ്പത്തിൽ യാത്ര തുടരാൻ സഹായിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
ടൂറിസം മേഖലയെ ശക്തിപ്പെടുത്തുന്നതിനൊപ്പം രാജ്യത്തിന്റെ സാമ്പത്തിക വൈവിധ്യവൽക്കരണത്തിനും പദ്ധതി സഹായിക്കുമെന്നാണ് പ്രതീക്ഷ. വിമാന യാത്രയെ യുഎഇയിലെ വിവിധ ലക്ഷ്യസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്നതിനുള്ള പുതിയ അവസരങ്ങൾ ഇത്തിഹാദ് റെയിലുമായുള്ള സഹകരണത്തിലൂടെ പരിശോധിക്കുമെന്ന് ഇത്തിഹാദ് എയർവേസിന്റെ ചീഫ് റവന്യൂ ആൻഡ് കൊമേഴ്സ്യൽ ഓഫീസർ പറഞ്ഞു.
ഇത്തിഹാദ് റെയിൽ ഈ വർഷം ആദ്യം യാത്രാ ട്രെയിൻ സർവീസ് ആരംഭിച്ചിരുന്നു. ഇതോടെ യുഎഇയിലെ വിവിധ നഗരങ്ങളെയും പ്രദേശങ്ങളെയും ബന്ധിപ്പിക്കുന്ന ദേശീയ റെയിൽ ശൃംഖലയുടെ പ്രാധാന്യം കൂടുതൽ വർധിച്ചു. യാത്രാ റെയിൽ സർവീസ് ആരംഭിച്ചതിന് ശേഷം രാജ്യത്തെ വിവിധ നഗരങ്ങളെയും പ്രദേശങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്നതിൽ ഇത്തിഹാദ് റെയിൽ കൂടുതൽ പ്രധാന പങ്ക് വഹിക്കുന്നതായി കമ്പനിയുടെ സിഇഒ അസ അൽ സുവൈദിയെ ഉദ്ധരിച്ച് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
യുഎഇയിലെ വിപുലമായ ഗതാഗത ശൃംഖലയിൽ റെയിൽ, വിമാന യാത്രകളെ കൂടുതൽ ഏകോപിപ്പിക്കാൻ ഈ സഹകരണം സഹായിക്കുമെന്ന് ഇരു കമ്പനികളും അറിയിച്ചു. എന്നാൽ നിർദേശിച്ച ഷട്ടിൽ സർവീസുകളോ സംയോജിത ടിക്കറ്റ് ബുക്കിങ് സംവിധാനമോ എന്ന് മുതൽ ആരംഭിക്കുമെന്ന് ധാരണാപത്രത്തിൽ ഇരുകൂട്ടരും വ്യക്തമാക്കിയിട്ടില്ല. ഇവ സംബന്ധിച്ച പഠനങ്ങൾ ഇപ്പോഴും തുടരുകയാണെന്നാണ് വിവരം.




Click it and Unblock the Notifications
