വൈവിധ്യങ്ങളുടെയും രുചികളുടെയും പുതിയ ലോകം; മിഡിൽ ഈസ്‌റ്റിൽ ലുലു ഇന്ത്യ ഉത്സവിന് തുടക്കമായി
അബുദാബി: സ്വാതന്ത്ര്യദിന ആഘോഷത്തോടനുബന്ധിച്ച് ഇന്ത്യയുടെ സംസ്‌കാരിക വൈവിധ്യവും രുചിപ്പെരുമയും വിളിച്ചോതുന്ന ഇന്ത്യ ഉത്സവിന് മിഡിൽ ഈസ്‌റ്റിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ തുടക്കമായി. ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി, ഇന്ത്യൻ എംബസി ട്രേഡ് ആൻഡ് ഇൻവെസ്റ്റ്മെന്റ് കൗൺസിലർ രോഹിത് മിശ്ര, ഇക്കണോമിക് അഫേഴ്‌സ് ഫസ്‌റ്റ് സെക്രട്ടറി ധർമ്മ് സിംഗ് മീണ എന്നിവരുടെ സാന്നിധ്യത്തിൽ യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ ഇന്ത്യ ഉത്സവിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
വൈവിധ്യമാർന്ന ഇന്ത്യൻ ഉത്പന്നങ്ങളുടെ മികവ് ലോകത്തെ കൂടുതൽ അറിയിക്കുന്നതിൽ ലുലുവും എം.എ യൂസഫലിയും വഹിക്കുന്ന പങ്ക് പ്രശംസനീയമെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു. മേക്ക് ഇൻ ഇന്ത്യ ക്യാമ്പയിൻ അടക്കം കരുത്തുപകരുന്നതാണ് ലുലുവിന്റെ പ്രവർത്തനമെന്നും, ഇന്ത്യൻ ഉത്പന്നങ്ങൾക്ക് മികച്ച വിപണിയാണ് ലുലു ലഭ്യമാക്കുന്നതെന്നും അദേഹം വ്യക്തമാക്കി. സമഗ്ര വികസനത്തിനൊപ്പം പുതിയ തൊഴിലവസരങ്ങൾ കൂടി യാഥാർത്ഥ്യമാകുന്നതെന്നും സഞ്ജയ് സുധീർ കൂട്ടിചേർത്തു.

വൈവിധ്യമാർന്ന ഇന്ത്യൻ ഉത്പന്നങ്ങളുടെ ഗുണമേന്മ മിഡിൽ ഈസ്‌റ്റിൽ കൂടുതൽ ലഭ്യമാക്കുകയാണ് ലുലുവെന്നും, ഇന്ത്യ ഉത്സവിലൂടെ വിപുലമായ ഉത്പന്നങ്ങളുടെ ശേഖരമാണ് ഉറപ്പാക്കിയിട്ടുള്ളതെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി പറഞ്ഞു. 9130 കോടി രൂപയുടെ (1.1 ബില്യൺ ഡോളറിന്റെ) ഉത്പന്നങ്ങളുമായി, മിഡിൽ ഈസ്‌റ്റിലേക്ക് ഏറ്റവും കൂടുതൽ ഇന്ത്യൻ ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്ന ഗ്രൂപ്പികളിലൊന്നാണ് ലുലു. ഈ വർഷം 17000 കോടി രൂപയുടെ (2 ബില്യൺ ഡോളർ) ഉത്പന്നങ്ങൾ എന്ന ലക്ഷ്യത്തിലാണ് ലുലുവെന്നും യൂസഫലി പറയുന്നു.
ഗ്രോസറി, പഴം പച്ചക്കറി ഉത്പന്നങ്ങൾ, സ്പൈസസ്, റെഡി ടു കുക്ക് ഉത്പന്നങ്ങൾ എന്നിവയുടെ വൈവിധ്യമാർന്ന ശേഖരമാണ് ലുലു സ്‌റ്റോറുകളിൽ ഇന്ത്യ ഉത്സവിന്റെ ഭാഗമായി ഒരുക്കിയിട്ടുള്ളത്. ഓർഗാനിക് പ്രോഡക്റ്റുകൾ, മില്ലറ്റ്സ്, മധുരപലഹാരങ്ങൾ, ജ്യൂസുകൾ തുടങ്ങിയവയും ഉത്സവിന്റെ ഭാഗമായുണ്ട്. ഇന്ത്യയിലെ വിവിധ മേഖലകളിൽ നിന്നുള്ള ഉത്പന്നങ്ങളാണ് ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്. രാജ്യത്തിന്റെ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന ഡിസ്പ്ലേകളും പരിപാടികളും ഏവരുടെയും മനംകവരുന്ന കാഴ്‌ചകളാണ്.
ലുലു സിഇഒ സെയ്‌ഫി രൂപാവാല, എക്‌സിക്യൂട്ടീവ് ഡയറക്‌ടർ അഷറഫ് അലി എംഎ, ചീഫ് ഓപ്പറേറ്റിങ്ങ് ആൻഡ് സ്ട്രാറ്റജി ഓഫീസർ സലിം വിഐ, മാർക്കറ്റിങ്ങ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഡയറക്‌ടർ വി നന്ദകുമാർ, ലുലു ഇന്റർനാഷണൽ ഹോൾഡിങ്സ് ഡയറക്‌ടർ ആനന്ദ് എവി തുടങ്ങിയവരും ചടങ്ങിന്റെ ഭാഗമായി.












Click it and Unblock the Notifications