10 പേർ പിരിവിട്ട് വാങ്ങിയ ലോട്ടറി, ഭാഗ്യം വന്ന വഴി ഇങ്ങനെ; അബുദാബി ബിഗ് ടിക്കറ്റിൽ 46 കോടി ഈ മലയാളിക്ക്
അബുദാബി: പ്രവാസി മലയാളികൾക്ക് ഏറെ സന്തോഷം നൽകുന്ന വാർത്തയാണ് അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ നിന്ന് ലഭിക്കുന്നത്. ഒരിക്കൽ കൂടി ഒരു മലയാളിക്ക് സമ്മാനത്തുക ലഭിച്ചുവെന്നതാണ് ഏറ്റവും ആഹ്ളാദകരമായ കാര്യം. 20 മില്യൺ ദിർഹം വരുന്ന, ഏകദേശം 46 കോടിയോളം രൂപയുടെ ബിഗ് ടിക്കറ്റ് ലോട്ടറിക്ക് അർഹനായത് പ്രിൻസ് സെബാസ്ററ്യൻ കോലശ്ശേരിയാണ്.
തന്റെ ഒൻപത് സുഹൃത്തുകൾക്ക് ഒപ്പം ഭാഗ്യപരീക്ഷണം നടത്തിയ പ്രിൻസിനെ തേടിയെടുത്തിയത് 46 കോടി രൂപയുടെ വമ്പൻ സമ്മാനമാണ്. നവംബർ മൂന്നിന് നടന്ന നറുക്കെടുപ്പിലാണ് പ്രിൻസിനെ ഭാഗ്യദേവത കടാക്ഷിച്ചത്. ആദ്യമൊന്നും തന്റെ നേട്ടം വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ലെന്ന് പ്രിൻസ് തന്നെ പറഞ്ഞതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

എന്താണ് പണം കൊണ്ട് ചെയ്യേണ്ടതെന്ന കാര്യത്തിൽ ഒരു എത്തും പിടിയുമില്ലെന്നും പ്രിൻസിനെ ഉദ്ധരിച്ച് മാധ്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ഒൻപത് വർഷമായി യുഎഇയിലാണ് തന്റെ ഉപജീവനത്തിനായി പ്രിൻസ് കഴിയുന്നത്. തന്റെ സ്വപ്‌ന നേട്ടത്തിൽ അതീവ സന്തോഷവാനാണ് ഫെസിലിറ്റി എഞ്ചിനീയറായി ജോലി നോക്കുന്ന പ്രിൻസ്.
സമ്മാനത്തുക പത്ത് പേർക്കുമായി വീതിക്കുമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. ഒരാൾ 100 ദിർഹം വീതമാണ് പത്ത് പേർ ലോട്ടറി എടുക്കാനായി നിക്ഷേപിച്ചത്. കഴിഞ്ഞ രണ്ട് വർഷത്തോളമായി അബുദാബി ബിഗ് ടിക്കറ്റിൽ ഭാഗ്യപരീക്ഷണം നടത്തിവരുന്ന പ്രിൻസിനെ തേടി ആദ്യമായാണ് ഇത്രയും വലിയൊരു നേട്ടം എത്തുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്.
ഒരാൾക്ക് 2 മില്യൺ ദിർഹം എന്ന കണക്കിൽ വീതിക്കാനാണ് തീരുമാനമെന്ന് പ്രിൻസ് പറയുന്നു, എന്ന വച്ചാൽ ഇന്ത്യൻ രൂപ നാലര കോടിയോളം ഒരാൾക്ക് ലഭിക്കും. രണ്ട് ടിക്കറ്റുകളാണ് ഈ സംഘം വാങ്ങിയത്. ഇതോടെ മൂന്നാമത്തെ ടിക്കറ്റ് ഫ്രീയായി ലഭിക്കുകയും ചെയ്‌തിരുന്നു. എന്നാൽ അപ്രതീക്ഷിതമായി തേടിയെത്തിയ ലോട്ടറി വിജയം ഉൾക്കൊള്ളാൻ പ്രിൻസിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നതാണ് യാഥാർഥ്യം.
എന്നാൽ ഈ പരിഭ്രമത്തിന് ഇടയിലും ചാരിറ്റിക്ക് പണം നൽകുമെന്നാണ് ഉറച്ച ശബ്‌ദത്തിൽ അദ്ദേഹം പറയുന്നത്. ആദ്യം തന്നെ സഹപ്രവർത്തകർ പറ്റിക്കുകയാണ് എന്നാണ് കരുതിയതെന്ന് പ്രിൻസ് പറയുന്നു. സുഹൃത്തുക്കളിൽ ഒരാൾ വിളിച്ചപ്പോൾ പ്രാങ്ക് ആണെന്ന് കരുതി, എന്നാൽ ബിഗ് ടിക്കറ്റ് ഷോയുടെ സംഘാടകർ നേരിട്ട് വിളിച്ചപ്പോഴാണ് വിശ്വാസമായതെന്നും പ്രിൻസ് പറയുന്നു.
നാട്ടിൽ വീടുപണി പുരോഗമിക്കുന്നതിന് ഇടയിലാണ് പ്രിൻസിനെ തേടി ഈ ഭാഗ്യമെത്തിയത്. തന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം മക്കളെ നാട്ടിലേക്ക് അയക്കേണ്ടി വന്നിരുന്നുവെന്ന് പ്രിൻസ് പറയുന്നു. എന്നാൽ ഇനി അവരെ തിരികെ യുഎഇയിൽ എത്തിക്കാനാണ് അദ്ദേഹത്തിന്റെ പദ്ധതി, അവരെ ഇവിടെ തന്നെ പഠിപ്പിക്കാമെന്നും പ്രിൻസ് പറയുന്നു.
നിലവിലെ ജോലി ഉപേക്ഷിക്കില്ലെന്നാണ് പ്രിൻസിന്റെ വാക്കുകളിൽ നിന്ന് വ്യക്തമാവുന്നത്. എന്നാൽ ഭാവിയിൽ ബിസിനസിലേക്ക് പണം ഇറക്കുന്നത് അദ്ദേഹം തള്ളിക്കളഞ്ഞിട്ടുമില്ല. നാട്ടിലുള്ള കുടുംബവും തന്റെ നേട്ടത്തിൽ ഞെട്ടിയിരിക്കുകയാണെന്ന് പ്രിൻസ് പറയുന്നു. താൻ തമാശ പറയുകയാണെന്ന് അവർ കരുതിയെന്നാണ് പ്രിൻസ് വ്യക്തമാക്കുന്നത്.












Click it and Unblock the Notifications