സൗദിയിലേക്കുള്ള സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യയും ഇൻഡിഗോയും; കാരണം ഹൂതികളുടെ ആക്രമണം
ന്യൂഡൽഹി: സൗദിയിലെ കിംഗ് ഖാലിദ് വിമാനത്താവളത്തിന് നേരെയുണ്ടായ മിസൈൽ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ റിയാദിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യയും ഇൻഡിഗോയും. സുരക്ഷാ സാഹചര്യം കണക്കിലെടുത്താണ് സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചത്. ഒക്ടോബർ 10 വരെ റിയാദ് സർവീസുകൾ ഉണ്ടാകില്ലെന്ന് വിമാനക്കമ്പനികൾ അറിയിച്ചു.
റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ മിസൈൽ ആക്രമണമുണ്ടായെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് വിമാന സർവീസുകളെ ബാധിക്കുന്ന നിയന്ത്രണങ്ങൾ ഉണ്ടായത്. ഇറാൻ പിന്തുണയുള്ള ഹൂതി വിമതരാണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. സൗദി നേതൃത്വത്തിലുള്ള സഖ്യസേന റിയാദിന് നേരെ എത്തിയ രണ്ട് ബാലിസ്‌റ്റിക് മിസൈലുകൾ തടഞ്ഞതായി അറിയിച്ചു.

ആക്രമണത്തെ തുടർന്ന് റിയാദ് വിമാനത്താവളത്തിലെ നിരവധി വിമാന സർവീസുകൾ വൈകുകയും റദ്ദാക്കുകയും ചെയ്‌തിട്ടുണ്ട്. വിമാനങ്ങളുടെ സമയക്രമത്തിൽ വലിയ മാറ്റങ്ങളുണ്ടായതിനാൽ യാത്രക്കാർ വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് യാത്രാ വിവരങ്ങൾ ഉറപ്പാക്കണമെന്ന് വിമാനത്താവള അധികൃതരും നിർദേശിച്ചു.
ഡൽഹിയിൽ നിന്ന് റിയാദിലേക്ക് പോയ എയർ ഇന്ത്യ വിമാനം യാത്രയ്ക്കിടെ തിരികെ ഡൽഹിയിലേക്ക് മടങ്ങുകയും ചെയ്‌തു. സുരക്ഷാ സാഹചര്യം വിലയിരുത്തിയ ശേഷമാണ് വിമാനം തിരിച്ചുവിട്ടത്. റിയാദിലേക്കും തിരിച്ചുമുള്ള സർവീസുകൾ ഒക്ടോബർ 10 വരെ നിർത്തിവെക്കുന്നതായി എയർ ഇന്ത്യയും എയർ ഇന്ത്യ എക്‌സ്പ്രസും അറിയിച്ചു.
യാത്ര മുടങ്ങിയവർക്ക് മുഴുവൻ തുകയും തിരിച്ചുനൽകുകയോ മറ്റൊരു ദിവസത്തേക്ക് സൗജന്യമായി യാത്ര മാറ്റിനൽകുകയോ ചെയ്യുമെന്ന് വിമാനക്കമ്പനികൾ അറിയിച്ചു. സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും സുരക്ഷിതമായ സാഹചര്യം ഉറപ്പായാൽ സർവീസുകൾ പുനരാരംഭിക്കുമെന്നും കമ്പനികൾ വ്യക്തമാക്കി.
കേരളത്തിൽ നിന്നുള്ള യാത്രക്കാരെയും ഇത് ബാധിച്ചു. കൊച്ചിയിൽ നിന്ന് റിയാദിലേക്ക് പോകേണ്ടിയിരുന്ന രണ്ട് വിമാന സർവീസുകൾ വ്യാഴാഴ്‌ച റദ്ദാക്കി. കൊച്ചി വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന അക്കാസ എയർ വിമാനവും സൗദിയ വിമാനവുമാണ് റദ്ദാക്കിയത്. യാത്രക്കാർ ബന്ധപ്പെട്ട വിമാനക്കമ്പനികളുടെ ഉപഭോക്തൃ സേവന കേന്ദ്രങ്ങളുമായി ബന്ധപ്പെടണമെന്ന് കൊച്ചി വിമാനത്താവള അധികൃതർ അറിയിച്ചു.
റിയാദിലെ വിമാനത്താവളത്തിന് പുറമെ സൗദിയിലെ അബ്ഹ അന്താരാഷ്ട്ര വിമാനത്താവളവും കഴിഞ്ഞ ദിവസങ്ങളിൽ ആക്രമണങ്ങൾക്ക് വിധേയമായിട്ടുണ്ട്. ഈ ആക്രമണങ്ങളിൽ സാധാരണക്കാർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി സൗദിയിലെ ഇന്ത്യൻ എംബസി അറിയിച്ചു.
ഇതിന് പിന്നാലെ സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളെ ഇന്ത്യ അപലപിക്കുകയും ചെയ്‌തു. മേഖലയിലെ സുരക്ഷാ സാഹചര്യം കൂടുതൽ രൂക്ഷമായതോടെയാണ് വിമാനക്കമ്പനികൾ മുൻകരുതൽ നടപടികൾ സ്വീകരിച്ചത്. റിയാദിലേക്ക് യാത്ര ചെയ്യാൻ തയ്യാറെടുക്കുന്നവർ വിമാനത്തിന്റെ പുതിയ സമയക്രമവും സർവീസ് നിലയും യാത്രയ്ക്ക് മുമ്പ് വിമാനക്കമ്പനിയിൽ നിന്ന് ഉറപ്പാക്കണം.


Click it and Unblock the Notifications
