സൗദിയിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ; ടിക്കറ്റ് വില കുതിച്ചുയരുന്നു, 3 ലക്ഷം രൂപ വരെയായി ഉയർന്നു
ന്യൂഡൽഹി: സൗദി അറേബ്യയിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് റിയാദ്, ദമാം, ജിദ്ദ എന്നിവിടങ്ങളിലേക്കും അവിടെ നിന്നുമുള്ള എല്ലാ വിമാന സർവീസുകളും ഒക്ടോബർ 20 വരെ റദ്ദാക്കി എയർ ഇന്ത്യ. രാജ്യത്തെ സിവിൽ വിമാനത്താവളങ്ങൾക്കും വ്യോമയാന അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. സുരക്ഷാ സാഹചര്യം നിരീക്ഷിച്ചു വരികയാണെന്നും സർവീസുകൾ സുരക്ഷിതമായി പുനരാരംഭിക്കാനുള്ള സാഹചര്യം വിലയിരുത്തുകയാണെന്നും വിമാനക്കമ്പനി അറിയിച്ചു.
സൗദി അറേബ്യയിലെ സിവിൽ വിമാനത്താവളങ്ങൾക്കും വിമാനങ്ങൾക്കും വ്യോമയാന അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുണ്ടായ ആക്രമണങ്ങളെ അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ കൗൺസിൽ ശക്തമായി അപലപിക്കുകയും ചെയ്‌തിട്ടുണ്ട്. സൗദി സർക്കാരിനും ജനങ്ങൾക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച കൗൺസിൽ, ആക്രമണത്തിൽ ഇരകളായവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ചു. ഒക്ടോബർ എട്ടിന് ഐസിഎഒ കൗൺസിലിന് മുന്നിൽ സൗദി അറേബ്യ നടത്തിയ പ്രസ്‌താവനയ്ക്ക് പിന്നാലെയാണ് ഈ പ്രതികരണം.

സൗദി അറേബ്യയിലെ സ്ഥിതിഗതികൾ സൂക്ഷ്‌മമായി നിരീക്ഷിച്ചുവരികയാണെന്ന് എയർ ഇന്ത്യ എക്‌സിലൂടെ പുറത്തിറക്കിയ പ്രസ്‌താവനയിൽ വ്യക്തമാക്കി. റിയാദ്, ദമാം, ജിദ്ദ എന്നിവിടങ്ങളിലേക്കും അവിടെ നിന്നുമുള്ള സർവീസുകൾ ഒക്ടോബർ 20 വരെ റദ്ദാക്കിയതായി കമ്പനി അറിയിച്ചു. റദ്ദാക്കിയ വിമാനങ്ങളിലെ യാത്രക്കാർക്ക് മുഴുവൻ തുകയും തിരികെ നൽകുമെന്നും യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് ഏറ്റവും ഉയർന്ന പരിഗണനയെന്നും എയർ ഇന്ത്യ വ്യക്തമാക്കി.
സിവിൽ വ്യോമയാന അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ വിമാന സർവീസുകളെ ബാധിക്കുന്നതായും വ്യോമയാന സുരക്ഷയ്ക്കും അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാകുന്നതായും ഐസിഎഒ കൗൺസിൽ ചൂണ്ടിക്കാട്ടി. ഇത്തരം ആക്രമണങ്ങൾ അന്താരാഷ്ട്ര തലത്തിൽ ആശങ്ക വർധിപ്പിക്കുന്നതായും സംഘടന വ്യക്തമാക്കി.
മേഖലയിലെ സുരക്ഷാ ആശങ്കകൾ വർധിച്ചതിനെ തുടർന്ന് ഇന്ത്യൻ വിമാനക്കമ്പനികളായ ഇൻഡിഗോയും ആകാശ എയറും നേരത്തേയും സർവീസുകൾ റദ്ദാക്കിയിരുന്നു. റിയാദ്, ജിദ്ദ, ദമാം, മദീന എന്നിവിടങ്ങളിലേക്കും അവിടെനിന്നുമുള്ള വിമാനങ്ങൾ ഒക്ടോബർ 17 വരെ റദ്ദാക്കിയതായി ഇൻഡിഗോ അറിയിച്ചിരുന്നു. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ തങ്ങളുടെ വിമാനത്തിന്റെ നിലവിലെ സ്ഥിതി പരിശോധിക്കണമെന്നും കമ്പനി നിർദേശിച്ചു.
അതേസമയം, സൗദി യാത്രയ്ക്ക് ചിലവേറുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. മുന്‍പ് 20,000 രൂപയില്‍ താഴെയുണ്ടായിരുന്ന കോഴിക്കോട്-ജിദ്ദ യാത്രയ്ക്ക് നിരക്ക് 3,19,884 രൂപ വരെയായി കൂടിയിരിക്കുകയാണ്. എമിറേറ്റ്‌സും ഖത്തര്‍ എയര്‍വേയ്‌സുമമാണ് കൂടിയ നിരക്ക് ഈടാക്കുന്നത്. ജിദ്ദയിലേക്ക് എമിറേറ്റ്‌സ് 2.82 ലക്ഷം മുതല്‍ 3.19 ലക്ഷം രൂപ വരെയും ഖത്തര്‍ എയര്‍വേയ്‌സ് 1.42 ലക്ഷം രൂപ വരെയുമാണ് ഈടാക്കിയത്.
നേരത്തെ ഒക്ടോബർ 10ന് റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി ഉയർന്നതായും റിപ്പോർട്ടുണ്ട്. ആക്രമണത്തിൽ പരിക്കേറ്റ ഇന്ത്യൻ പൗരൻ മരിച്ചതായി റിയാദിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചതിന് പിന്നാലെയാണ് മരണസംഖ്യ ഉയർന്നത്.
സൈനിക സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ സൗദി അറേബ്യയിലെ വ്യോമയാന കേന്ദ്രങ്ങൾ ഒഴിവാക്കണമെന്ന് ഹൂതികൾ അന്താരാഷ്ട്ര വിമാനക്കമ്പനികൾക്കും വിദേശ തൊഴിലാളികൾക്കും വാണിജ്യ യാത്രക്കാർക്കും മുന്നറിയിപ്പ് നൽകിയതായും റിപ്പോർട്ടുണ്ട്. മക്ക, മദീന എന്നീ വിശുദ്ധ നഗരങ്ങളെ ഒഴിവാക്കിയാൽ സൗദി വ്യോമമേഖല സുരക്ഷിതമല്ലെന്നായിരുന്നു അവരുടെ മുന്നറിയിപ്പ്.


Click it and Unblock the Notifications
