സൗദിയിൽ പ്രവർത്തനം വ്യാപിപ്പിച്ച് ആകാശ എയർ; പ്രവാസികൾക്ക് ആശ്വാസം, കൂടുതൽ സർവീസുകൾ
റിയാദ്: ഇന്ത്യയിലെ പുതിയ വിമാനക്കമ്പനിയായ ആകാശ എയർ തങ്ങളുടെ പ്രവർത്തനം കൂടുതൽ വിപുലീകരിക്കുന്നതിന്റെ അടുത്ത ഘട്ടമാണ് സൗദിയിൽ നിന്ന് സർവീസുകൾ പ്രഖ്യാപിച്ചു. ഈ നടപടികളുടെ ഭാഗമായി മുംബൈയിൽ നിന്നും അഹമ്മദാബാദിൽ നിന്നും ജിദ്ദയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിച്ചതായി കമ്പനി ബുധനാഴ്‌ച അറിയിച്ചു.
ആദ്യ വിമാനം ജൂലൈ 15ന് വൈകിട്ട് 7:35ന് മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട് രാത്രി 10:25ന് ജിദ്ദയിലെ കിംഗ് അബ്‌ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി ചേർന്നതായി എയർലൈൻ പുറത്തുവിട്ട പത്രക്കുറിപ്പിലൂടെ അറിയിച്ചു. ജിദ്ദയെയും മുംബൈയെയും ബന്ധിപ്പിക്കുന്ന നേരിട്ടുള്ള സർവീസുകൾ ഇപ്പോൾ കമ്പനി നടത്തുകയാണ്.

ജൂലൈ 21 മൂതൽ ആഴ്‌ചയിൽ 12 സർവീസുകൾ വരെ ഇത്തരത്തിൽ നടത്തുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്. ഇതിന് പുറമെ ജിദ്ദയെയും അഹമ്മദാബാദിനെയും ബന്ധിപ്പിക്കുന്ന വിമാനങ്ങൾ ജൂലൈ 20 മുതൽ സർവീസ് ആരംഭിക്കും, ഇത് ആഴ്‌ചയിൽ രണ്ട് സർവീസുകൾ എന്ന നിലയിലാവും നടത്തി വരിക എന്നാണ് അറിയിച്ചിട്ടുള്ളത്.
2024 മാർച്ചിലാണ് ആകാശ എയർ അന്താരാഷ്ട്ര സർവീസുകൾ ആരംഭിച്ചത്. അതിനുശേഷം വിപുലീകരണത്തിന്റെ പാതയിലാണ് കമ്പനി. എയർലൈൻ നിലവിൽ ദോഹ, റിയാദ്, അബുദാബി, ജിദ്ദ എന്നിവിടങ്ങളിലേക്ക് സർവീസുകൾ നടത്തി വരുന്നുണ്ട്. കൂടാതെ കുവൈറ്റ്, മദീന (കിംഗ്ഡം ഓഫ് സൗദി അറേബ്യ) എന്നിവിടങ്ങളിലേക്കുള്ള ട്രാഫിക് അവകാശങ്ങളും ഇവർക്ക് അനുവദിച്ചിട്ടുണ്ട്.
മുംബൈ, അഹമ്മദാബാദ്, ബംഗളൂരു, ചെന്നൈ, കൊച്ചി, ഡൽഹി, ഗുവാഹത്തി, അഗർത്തല, പൂനെ, ലഖ്‌നൗ, ഗോവ, ഹൈദരാബാദ്, വാരണാസി, ബാഗ്‌ഡോഗ്ര, ഭുവനേശ്വർ, കൊൽക്കത്ത, പോർട്ട് ബ്ലെയർ, അയോധ്യ, ഗ്വാളിയോർ, ശ്രീനഗർ, പ്രയാഗ്‌രാജ്, ഗോരഖ്‌പൂർ, ദോഹ (ഖത്തർ), ജിദ്ദ, റിയാദ് (സൗദി അറേബ്യ), അബുദാബി (യുഎഇ) എന്നിങ്ങനെ 22 ആഭ്യന്തര, നാല് അന്താരാഷ്‌ട്ര നഗരങ്ങളിൽ ആകാശ എയർ നിലവിൽ പ്രവർത്തിക്കുന്നുണ്ട്.
അതേസമയം, അടുത്തിടെ എയർ ഇന്ത്യ എക്‌സ്പ്രസ് മുംബൈയിൽ നിന്ന് മംഗലാപുരത്തേക്കും കുവൈത്തിലേക്കും രണ്ട് പുതിയ സെക്‌ടറുകളിൽ പ്രവർത്തനം ആരംഭിച്ചത് പ്രവാസികൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. ആഭ്യന്തര യാത്രക്കാർക്കും ഈ തീരുമാനം വലിയ രീതിയിൽ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ.
പുതിയ റൂട്ടുകൾ വന്നതോടെ എയർ ഇന്ത്യ എക്‌സ്പ്രസ് ഇപ്പോൾ മുംബൈയിൽ നിന്ന് 112 പ്രതിവാര സർവീസുകളാണ് നടത്തുന്നത്. അബുദാബി, ബംഗളൂരു, ഭുവനേശ്വർ, കൊച്ചി, ദമ്മാം, ഡൽഹി, ഗോവ, ജയ്‌പൂർ, കുവൈറ്റ്, ലഖ്‌നൗ, മംഗലാപുരം, മസ്‌കറ്റ്, റാഞ്ചി, ഷാർജ എന്നിവയുൾപ്പെടെ 14 ഇടങ്ങളാണ് എയർലൈൻ മുംബൈയുമായി ബന്ധിപ്പിക്കുന്നത്.












Click it and Unblock the Notifications