യുഎഇ യാത്രക്കായി തയ്യാറെടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ആരോഗ്യ ഇൻഷുറൻസ് എടുക്കണമെന്ന മുന്നറിയിപ്പുമായി ഇന്ത്യ
ദുബായ്: യുഎഇയിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യൻ പൗരന്മാരോട് യാത്ര ആരംഭിക്കുന്നതിന് മുമ്പ് മതിയായ ആരോഗ്യ ഇൻഷുറൻസ് എടുക്കണമെന്ന് മുന്നറിയിപ്പ് നൽകി എംബസി. അപ്രതീക്ഷിതമായ അസുഖങ്ങളോ അടിയന്തിര സാഹചര്യങ്ങളോ കാരണം ഇന്ത്യക്കാർ വലിയ മെഡിക്കൽ ബില്ലുകൾ നേരിടുന്ന സംഭവങ്ങൾ ഉദ്ധരിച്ച് കൊണ്ടാണ് ഇന്ത്യ പ്രധാനപ്പെട്ട മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
സന്ദർശനത്തിനോ വിനോദസഞ്ചാര ആവശ്യങ്ങൾക്കോ വേണ്ടി യുഎഇയിലേക്ക് പോകുന്ന എല്ലാ ഇന്ത്യൻ പൗരന്മാരും യാത്ര ആരംഭിക്കുന്നതിന് മുമ്പ് മതിയായതും ഉചിതവുമായ മെഡിക്കൽ ഇൻഷുറൻസ് എടുക്കാൻ ഇതിനാൽ നിർദ്ദേശിക്കുന്നുവെന്നാണ് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ സോഷ്യൽ മീഡിയ പോസ്‌റ്റിൽ പറഞ്ഞത്. കഴിഞ്ഞ ദിവസമാണ് ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് ഇന്ത്യൻ എംബസി പങ്കുവച്ചത്.

അബുദാബിയിലെ ഇന്ത്യൻ എംബസി, ദുബായിലെ കോൺസുലേറ്റ് ജനറലിനും നോർത്തേൺ എമിറേറ്റ്‌സിനും ഇന്ത്യൻ പൗരന്മാർക്ക് മെഡിക്കൽ അത്യാഹിതങ്ങൾ നേരിടേണ്ടി വന്നതുമായി ബന്ധപ്പെട്ട നിരവധി സംഭവങ്ങളെ കുറിച്ച് സൂചിപ്പിച്ചിട്ടുണ്ട്. ഇത് വലിയ ബില്ലുകൾക്ക് കാരണമായതായി ഇന്ത്യൻ എംബസി അറിയിച്ചു. ഈ ബില്ലുകൾ ചിലപ്പോൾ രോഗിയുടെയോ അവരുടെ കുടുംബാംഗങ്ങളുടെയോ പരിധിക്ക് അപ്പുറമായിരുന്നുവെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
തൊഴിൽ വിസയിലോ ആശ്രിതരായോ യുഎഇയിൽ താമസിക്കുന്ന ഇന്ത്യക്കാരോട് അവരുടെ മെഡിക്കൽ ഇൻഷുറൻസ് പരിരക്ഷയിൽ രാജ്യത്തെ എല്ലാ മെഡിക്കൽ ചെലവുകളും ഇന്ത്യയിലേക്കുള്ള മെഡിക്കൽ ആവശ്യത്തിനുള്ള യാത്രകൾ ഉൾപ്പെടെ മതിയായ രീതിയിൽ ഉൾക്കൊള്ളുന്നുവെന്ന് പരിശോധിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. നിലവിൽ ഇൻഷുറൻസ് എടുക്കാത്തവർ അത് എത്രയും പെട്ടെന്ന് എടുക്കണമെന്നും എംബസി ആവശ്യപ്പെടുന്നു.
ജൂലൈയിൽ, ഇന്ത്യ-യുഎഇ കോൺസുലർ കാര്യങ്ങളുടെ (ജെസിസിഎ) 7-ാമത് മീറ്റിംഗിൽ, ഇരു രാജ്യങ്ങളിലായി വിവിധ പ്രദേശങ്ങളിൽ താമസിക്കുന്ന തങ്ങളുടെ പൗരന്മാരുടെ സുരക്ഷയും അന്തസ്സും ക്ഷേമവും സംരക്ഷിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത ഇന്ത്യയും യുഎഇയും ആവർത്തിച്ചു പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ മെഡിക്കൽ ഇൻഷുറൻസിന്റെ പ്രാധാന്യം എംബസി ഊന്നിപ്പറയുന്നത്.
നിലവിൽ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ ചികിത്സാ ചിലവിനെ അപേക്ഷിച്ച് വളരെ കൂടുതലാണ് യുഎഇയിൽ. മെഡിക്കൽ ഇൻഷുറൻസ് കൂടാതെ ഇവിടെ നിന്ന് യാത്ര ചെയ്യുന്നവർ പലപ്പോഴും വൻ തുക ചികിത്സക്കായി മുടക്കേണ്ടി വരുന്നത് പതിവാണ്. പ്രവാസികൾ മാത്രമല്ല യുഎഇയിൽ എത്തുന്ന വിനോദ സഞ്ചാരികൾ പോലും ഇത്തരത്തിൽ ബുദ്ധിമുട്ടിലായ സംഭവങ്ങൾ സമീപകാലത്തായി കൂടി വന്നിരുന്നു. ഇതോടെയാണ് ഇക്കാര്യത്തിൽ മാർനിർദേശവുമായി എംബസി നേരിട്ടെത്തിയത്.


Click it and Unblock the Notifications
