പുതുവർഷം എത്താൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി; യുഎഇ കാത്തിരിക്കുന്നത് വമ്പൻ മാറ്റങ്ങളെ, എന്തൊക്കെ?
ദുബായ്: പുതുവർഷം വിരുന്നെത്താൻ ഇനി അഞ്ച് നാളുകൾ മാത്രമാണ് ശേഷിക്കുന്നത്. ആഘോഷങ്ങൾക്കപ്പുറം യുഎഇയിൽ നിരവധി പുതിയ മാറ്റങ്ങൾക്ക് തുടക്കം കുറിക്കുന്ന സമയം കൂടിയാണിത്. 2026 ജനുവരി 1 മുതൽ രാജ്യത്ത് ഒട്ടേറെ പ്രധാനപ്പെട്ട നയപരമായ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. ആദ്യ ദിവസം മുതൽ തന്നെ പല പരിഷ്‌കാരങ്ങളും നടപ്പിലാകും എന്നാണ് റിപ്പോർട്ട്.
പുതുവർഷദിനം സ്വകാര്യ, പൊതുമേഖലാ ജീവനക്കാർക്ക് പൊതു അവധിയാണെങ്കിലും, യുഎഇയിലെ താമസക്കാരുടെ ദൈനംദിന ജീവിതത്തെ കാര്യമായി സ്വാധീനിക്കുന്ന സുപ്രധാന മാറ്റങ്ങൾക്കാണ് ഈ ദിവസം തുടക്കം കുറിക്കുന്നത്. അവയിലെ ചില പ്രധാന മാറ്റങ്ങളും അവ പ്രാബല്യത്തിൽ വരുന്ന തീയതികളും ആരെയെല്ലാം ബാധിക്കുമെന്നും അറിയാം.

രാജ്യവ്യാപകമായി വെള്ളിയാഴ്‌ച പ്രാർത്ഥനയുടെ സമയം മാറിയതിനെ തുടർന്ന് 2026 മുതൽ ദുബായിലെ മിക്ക സ്വകാര്യ സ്‌കൂളുകളിലും വെള്ളിയാഴ്ച നേരത്തെ ക്ലാസുകൾ അവസാനിക്കും. വെള്ളിയാഴ്‌ച പ്രാർത്ഥന ഉച്ചയ്ക്ക് 12.45-ന് നിശ്ചയിച്ച ഈ മാറ്റം, മുസ്ലീം വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും കൂട്ടായ പ്രാർത്ഥനയ്ക്കായി സമയത്തിന് വീട്ടിൽ എത്താൻ അവസരം നൽകുന്നു.
സ്‌കൂൾ സമയങ്ങളിലെ മാറ്റത്തിനൊപ്പം വെള്ളിയാഴ്‌ച പ്രാർത്ഥനയുടെ സമയക്രമത്തിൽ രാജ്യവ്യാപകമായ ഒരു ഏകീകരണവും വരുന്നുണ്ട്. ജനറൽ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്‌സ്, എൻഡോവ്‌മെന്റ്സ് ആൻഡ് സകാത്ത് സ്ഥിരീകരിച്ചത് പ്രകാരം, 2026 ജനുവരി 2 മുതൽ യുഎഇയിലുടനീളം വെള്ളിയാഴ്‌ച്ചയിലെ പ്രസംഗവും നമസ്‌കാരവും ഉച്ചയ്ക്ക് 12.45-ന് നടക്കും.
കൂടാതെ അടുത്ത വർഷം മുതൽ യുഎഇയിൽ പഞ്ചസാര ചേർത്ത പാനീയങ്ങൾക്ക് പുതിയ നികുതി സമ്പ്രദായം പ്രാബല്യത്തിൽ വരും. ഇത് ഉൽപ്പന്നങ്ങളുടെ വിലകളെ സ്വാധീനിച്ചേക്കാം. പഞ്ചസാര ചേർത്ത പാനീയങ്ങൾക്കുള്ള എക്സൈസ് നികുതിയിലെ പുതിയ മാറ്റങ്ങൾ 2026 ജനുവരി 1 മുതൽ നിയമപരമായി പ്രാബല്യത്തിൽ വരുമെന്ന് ധനകാര്യ മന്ത്രാലയം ഒക്ടോബറിൽ സ്ഥിരീകരിച്ചിരുന്നു.
ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർക്ക് അവരുടെ യാത്ര ഇനി കൂടുതൽ വേഗത്തിലാക്കാൻ കഴിഞ്ഞേക്കും എന്നതാണ് അടുത്ത മാറ്റം. നിലവിൽ ബിസിനസ് ക്ലാസ് യാത്രക്കാർക്ക് മാത്രമുള്ള 'റെഡ് കാർപ്പറ്റ്' സേവനം, ടെർമിനൽ 3-ലെത്തുന്ന യാത്രക്കാർക്കും ലഭ്യമാക്കാൻ ദുബായ് എയർപോർട്ട്സ് നവംബറിൽ പ്രഖ്യാപിച്ചു.
അടുത്ത രണ്ട് മാസത്തിനുള്ളിൽ, ഏകദേശം 2026 ജനുവരിഓടെ, ഇത് പ്രാബല്യത്തിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് തിരക്കേറിയ വിമാനത്താവളത്തിൽ യാത്രക്കാർക്ക് കൂടുതൽ സുഗമമായ ഒരു യാത്ര അനുഭവം നൽകും. വർഷത്തിൽ ലക്ഷകണക്കിന് യാത്രക്കാർ എത്തുന്ന ഈ വിമാനത്താവളങ്ങളിൽ കാര്യങ്ങൾ കൂടുതൽ സൗകര്യപ്രദമാകുവാൻ ഇത് സഹായിക്കും.
രാജ്യത്തിന്റെ സുസ്ഥിരതാ തന്ത്രത്തിന്റെ ഭാഗമായി, യുഎഇ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്‌റ്റിക് ഉൽപ്പന്നങ്ങൾക്കുള്ള നിരോധനം അടുത്ത വർഷം കൂടുതൽ വിപുലീകരിക്കും. 2022-ലെ മന്ത്രിതല തീരുമാനം നമ്പർ 380-ന്റെ രണ്ടാം ഘട്ടമെന്ന നിലയിൽ, 2026 ജനുവരി 1 മുതൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ നിരോധനം വ്യാപിപ്പിക്കുമെന്ന് കാലാവസ്ഥാ വ്യതിയാന, പരിസ്ഥിതി മന്ത്രാലയം സ്ഥിരീകരിക്കുകയും ചെയ്‌തിരുന്നു.












Click it and Unblock the Notifications