യുഎഇയിൽ ശരത്കാലം തുടങ്ങി; കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് യെല്ലോ, റെഡ് അലർട്ടുകൾ, താപനില 45 ഡിഗ്രി വരെ
ദുബായ്: യുഎഇയിൽ മാസങ്ങളായി തുടരുന്ന കടുത്ത വേനലിന് ശേഷം ശരത്കാലത്തിന് തുടക്കമാകുന്നതിനാൽ ഇന്ന് ആകാശം പൊതുവെ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം. ബുധനാഴ്‌ച പുലർച്ചെ 4.05നാണ് ശരത്കാലം ആരംഭിച്ചതെന്നാണ് ജ്യോതിശാസ്ത്ര കേന്ദ്രങ്ങൾ വ്യക്തമാക്കുന്നത്.
ഇന്ന് പുലർച്ചെ കിഴക്കൻ ആകാശത്ത് ചില നക്ഷത്രസമൂഹങ്ങൾ ദൃശ്യമായിരുന്നു. ഉച്ചയ്ക്ക് ശേഷം രാജ്യത്തിന്റെ കിഴക്കൻ, തെക്കൻ മേഖലകളിൽ ചിലയിടങ്ങളിൽ മഴമേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ട്. രാത്രിയിലും വ്യാഴാഴ്‌ച രാവിലെയും പടിഞ്ഞാറൻ മേഖലകളിലെ ചില പ്രദേശങ്ങളിൽ അന്തരീക്ഷത്തിൽ ഈർപ്പം വർധിക്കും. ചിലയിടങ്ങളിൽ മൂടൽമഞ്ഞിനും സാധ്യതയുണ്ട്.

തീരപ്രദേശങ്ങളിലും ഉൾപ്രദേശങ്ങളിലുമുള്ള ചില മേഖലകളിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് കാലാവസ്ഥാ കേന്ദ്രം ചുവപ്പ്, മഞ്ഞ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. ബുധനാഴ്‌ച രാവിലെ 8.30 വരെ ദൂരക്കാഴ്‌ചയിൽ ഗണ്യമായ കുറവുണ്ടാകാൻ സാധ്യതയുണ്ട്. ചില സമയങ്ങളിൽ കാഴ്‌ചപരിധി വീണ്ടും കുറയാനും സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണം.
യുഎഇയിലെ ഉൾപ്രദേശങ്ങളിൽ താപനില 43 മുതൽ 45 ഡിഗ്രി സെൽഷ്യസ് വരെ ഉയരും. തീരപ്രദേശങ്ങളിലും ദ്വീപുകളിലും 37 മുതൽ 42 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും ഉയർന്ന താപനില. പർവതപ്രദേശങ്ങളിൽ താപനില 29 മുതൽ 35 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും. കാറ്റ് പൊതുവെ നേരിയതോ മിതമായതോ ആയിരിക്കും. ഉൾപ്രദേശങ്ങളിലും പർവത മേഖലകളിലും ഇടയ്ക്കിടെ കാറ്റിന്റെ വേഗം മണിക്കൂറിൽ 35 കിലോമീറ്റർ വരെ ഉയരാം.
വ്യാഴാഴ്‌ച താപനില വീണ്ടും ഉയരാൻ സാധ്യതയുണ്ട്. അന്നും കാലാവസ്ഥ പൊതുവെ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയിരിക്കും. രാത്രിയിലും വെള്ളിയാഴ്‌ച രാവിലെയും ചില തീരപ്രദേശങ്ങളിൽ അന്തരീക്ഷ ഈർപ്പം വർധിക്കും. ഇതിന്റെ ഭാഗമായി ചിലയിടങ്ങളിൽ മൂടൽമഞ്ഞിനും നേരിയ മഞ്ഞിനും സാധ്യതയുണ്ട്.
വെള്ളിയാഴ്‌ചയും ശനിയാഴ്‌ചയും കാലാവസ്ഥ പൊതുവെ തെളിഞ്ഞതായിരിക്കും. ഇടയ്ക്കിടെ ഭാഗികമായി മേഘാവൃതമായ അന്തരീക്ഷവും അനുഭവപ്പെടും. രാത്രിയിലും പുലർച്ചെയുമുള്ള ഉയർന്ന ഈർപ്പം കാരണം ചില തീരപ്രദേശങ്ങളിലും ഉൾപ്രദേശങ്ങളിലും മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ട്. കാറ്റിന്റെ വേഗം മണിക്കൂറിൽ 30 കിലോമീറ്റർ വരെ എത്തിയേക്കാം.
ഞായറാഴ്‌ചയും കാലാവസ്ഥ പൊതുവെ തെളിഞ്ഞതായിരിക്കും. കിഴക്കൻ മേഖലകളിൽ മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ട്. ഞായറാഴ്‌ച രാത്രിയിലും തിങ്കളാഴ്ച രാവിലെയും ചില തീരപ്രദേശങ്ങളിലും ഉൾപ്രദേശങ്ങളിലും മൂടൽമഞ്ഞിനും നേരിയ മഞ്ഞിനും സാധ്യതയുണ്ട്. ഈ കാലയളവിൽ അറേബ്യൻ ഉൾക്കടലിലും ഒമാൻ കടലിലും കടൽ പൊതുവെ ശാന്തമായിരിക്കും.


Click it and Unblock the Notifications
