യുഎഇയിൽ ഭിക്ഷാടകരെ കാത്തിരിക്കുന്നത് എട്ടിന്റെ പണി; പിടിച്ചാൽ പിഴ 1 ലക്ഷം ദിർഹം! ഓൺലൈനിലും പറ്റില്ല
ദുബായ്: റമദാൻ മാസത്തിൽ വർധിക്കുന്ന ദാനധർമ്മങ്ങൾക്കിടെ, ഭിക്ഷാടനത്തിനെതിരെ യുഎഇ അധികൃതർ ബോധവൽക്കരണം ശക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ്. ഫെഡറൽ നിയമപ്രകാരം എല്ലാത്തരം ഭിക്ഷാടനവും രാജ്യത്ത് ക്രിമിനൽ കുറ്റമാണ്. നാടിന്റെ അന്തസ് ഉയർത്താനും സംഭാവനകളെ യഥാർത്ഥ ഗുണഭോക്താക്കളിലേക്കെത്തിക്കുന്നതുമാണ് ഈ നടപടികളുടെ ലക്ഷ്യം.
2021-ലെ ഫെഡറൽ ഡിക്രി നിയമം (31) അനുസരിച്ച്, സാമ്പത്തിക നേട്ടങ്ങൾക്ക് ഭിക്ഷാടനം നടത്തുന്നവർക്ക് മൂന്ന് മാസം തടവും കുറഞ്ഞത് 5000 ദിർഹം പിഴയും ലഭിക്കും. ആർട്ടിക്കിൾ 475 പ്രകാരം നേരിട്ടുള്ളതോ അല്ലാത്തതോ ആയ ഏത് യാചനയ്ക്കും ഇത് ബാധകമാണ്. ജോലി ശേഷിയുണ്ടായിട്ടും, വരുമാനമുണ്ടായിട്ടും ഭിക്ഷാടനം നടത്തിയാൽ ശിക്ഷ കൂടുതൽ കടുക്കും.

പരിക്കേറ്റതായോ അംഗപരിമിതനായതായോ നടിക്കുകയോ, വ്യാജ സേവനങ്ങൾ വാഗ്ദത്വനം ചെയ്യുകയോ പോലുള്ള വഞ്ചനകൾക്ക് വർധിത ശിക്ഷയുണ്ടാകും. മാത്രമല്ല സംഘടിത ഭിക്ഷാടനത്തോട് നിയമം കർശന നിലപാട് പുലർത്തുന്നു. ആർട്ടിക്കിൾ 476 അനുസരിച്ച്, ഇത്തരം ശൃംഖലകൾക്ക് നേതൃത്വം നൽകുന്നവർക്കും നിയന്ത്രിക്കുന്നവർക്കും കുറഞ്ഞത് ആറുമാസം തടവും 100,000 ദിർഹൽ കുറയാത്ത പിഴയും ലഭിക്കും. ചൂഷണത്തിനായി റിക്രൂട്ട് ചെയ്യുന്നവർക്കും ഇതേ ശിക്ഷയാണ്.
സംഘടിത ഭിക്ഷാടനത്തിൽ പങ്കാളികളാകുന്നവർക്ക് ആർട്ടിക്കിൾ 477 പ്രകാരം മൂന്ന് മാസം തടവോ, കുറഞ്ഞത് 5000 ദിർഹം പിഴയോ, അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാനുള്ള സാധ്യതയും നിയമ പ്രകാരമുണ്ടെന്നതാണ് മറ്റൊരു കാര്യം. ഭിക്ഷാടകന്റെ രക്ഷിതാവോ അധികാരമുള്ളയാളോ കുറ്റവാളിയായാൽ ശിക്ഷ വർധിപ്പിക്കും.
മാത്രമല്ല ഓൺലൈൻ ഭിക്ഷാടനത്തിനെതിരെയും അധികൃതർ മുന്നറിയിപ്പ് നൽകി. 2021-ലെ ഫെഡറൽ ഡിക്രി നിയമം 34 (സൈബർ കുറ്റകൃത്യ നിയമം) ഇലക്ട്രോണിക് യാചന കുറ്റകരമാക്കുന്നു. ആർട്ടിക്കിൾ 51 അനുസരിച്ച്, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെ നിയമവിരുദ്ധ സഹായം തേടുകയോ തെറ്റായ വിവരങ്ങളിലൂടെ വഞ്ചിക്കുകയോ ചെയ്യുന്നവർക്ക് മൂന്ന് മാസം തടവും 10,000 ദിർഹൽ കുറയാത്ത പിഴയും ലഭിക്കും.
എന്നായിരിക്കും റമദാൻ ആരംഭം?
ഫെബ്രുവരി 17 ചൊവ്വാഴ്‌ച റമദാൻ മാസപ്പിറവി ചന്ദ്രൻ ഈ മേഖലയിൽ ദൃശ്യമാകാൻ സാധ്യതയില്ലെന്നാണ് ഇന്റർനാഷണൽ അസ്ട്രോണമി സെന്റർ അറിയിച്ചു. ഇസ്‌ലാമിക കലണ്ടറായ ഹിജ്‌റി കലണ്ടർ പ്രകാരം, ഒരു പുതിയ മാസം ആരംഭിക്കുന്നത് ചന്ദ്രക്കല കാണുന്നതിലൂടെയാണ്. ഇതിനാൽ, ചന്ദ്രനെ കാണുന്നതിലെ വ്യത്യാസങ്ങൾ കാരണം വിവിധ പ്രദേശങ്ങളിൽ മാസപ്പിറവി തീയതികളിൽ ചെറിയ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.
ശഅ്ബാൻ 29-ആം ദിവസമായ ഫെബ്രുവരി 17 ചൊവ്വാഴ്‌ച ചന്ദ്രനെ കാണാൻ സാധിക്കാതെ വന്നാൽ, റമദാൻ ആരംഭിക്കുന്നതിന് ഒരു അധിക ദിവസം കൂടി കാത്തിരിക്കേണ്ടിവരും. അങ്ങനെയാണെങ്കിൽ, 2026ലെ റമദാൻ ഫെബ്രുവരി 19 വ്യാഴാഴ്‌ച ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. റമദാൻ സമയത്ത് ഭിക്ഷാടകർക്ക് എതിരായ നടപടികൾ ശക്തമാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കർശനമായ പരിശോധനകൾ നടക്കാനും സാധ്യതയുണ്ട്.












Click it and Unblock the Notifications