യുഎഇയിൽ ഇന്ന് തെളിഞ്ഞ കാലാവസ്ഥ, ആശ്വാസം; ദുബായിൽ പരമാവധി താപനില 43 ഡിഗ്രി വരെ മാത്രം
ദുബായ്: യുഎഇയിൽ ഇന്ന് പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻസിഎം) അറിയിച്ചു. രാജ്യത്തിന്റെ കിഴക്കൻ തീരപ്രദേശങ്ങളിൽ നേരിയ മേഘാവൃത സാഹചര്യം അനുഭവപ്പെടാൻ സാധ്യതയുണ്ടെങ്കിലും മഴയ്ക്ക് സാധ്യതയില്ലെന്നാണ് പ്രവചനം. കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട ഉയർന്ന ചൂട് ഇന്നും തുടരുമെന്നും രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും വരണ്ടതും അതീവ ചൂടേറിയതുമായ കാലാവസ്ഥയായിരിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ജൂലൈ 3 മുതൽ ആരംഭിച്ച വേനലിന്റെ ഏറ്റവും തീവ്രമായ ഘട്ടങ്ങളിലൊന്നായ 'ജമ്രത്ത് അൽ ഖൈത്ത്' ഓഗസ്‌റ്റ് 10 വരെ തുടരുമെന്നാണ് വിദഗ്‌ധർ പറയുന്നത്. ഈ കാലയളവിൽ സൂര്യന്റെ തീവ്രത ഗണ്യമായി വർധിക്കുന്നതിനാൽ ഉൾനാടൻ പ്രദേശങ്ങളിൽ അസാധാരണമായ ചൂട് അനുഭവപ്പെടുന്നത് സാധാരണമാണ്. അതിനാൽ പകൽ സമയങ്ങളിൽ പുറത്തുള്ള ജോലികൾ ചെയ്യുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

ഇന്ന് രാജ്യത്ത് കുറഞ്ഞ താപനില 25 ഡിഗ്രി സെൽഷ്യസും ഉയർന്ന താപനില 47 ഡിഗ്രി സെൽഷ്യസും വരെ എത്തുമെന്നാണ് പ്രവചനം. ദുബായിൽ പരമാവധി 43 ഡിഗ്രി സെൽഷ്യസും അബുദാബിയിൽ 41 ഡിഗ്രി സെൽഷ്യസും പ്രതീക്ഷിക്കുന്നു. ഷാർജ, അജ്‌മാൻ, റാസൽ ഖൈമ, ഉമ്മുൽ ഖുവൈൻ, അൽ ഐൻ, ഫുജൈറ എന്നിവിടങ്ങളിലും 40 ഡിഗ്രിക്ക് മുകളിലുള്ള ചൂട് അനുഭവപ്പെടും. മരുഭൂമി മേഖലകളിൽ ചിലയിടങ്ങളിൽ താപനില 47 ഡിഗ്രിയിലോ അതിന് മുകളിലോ എത്താൻ സാധ്യതയുണ്ടെന്നും എൻസിഎം അറിയിച്ചു.
താപനില ഉയരുന്നതിനൊപ്പം അന്തരീക്ഷ ഈർപ്പവും വർധിക്കും. തീരപ്രദേശങ്ങളിൽ രാത്രിയിലും അതിരാവിലെയും ഈർപ്പനിരക്ക് 90 ശതമാനം വരെ ഉയരാൻ സാധ്യതയുണ്ട്. ഉയർന്ന ചൂടും ഈർപ്പവും ചേർന്നാൽ ശരീരത്തിന് അനുഭവപ്പെടുന്ന യഥാർത്ഥ ചൂട് അതിലും കൂടുതലാകുന്നതിനാൽ നിർജലീകരണം, ചൂടുമൂലമുള്ള ക്ഷീണം, സൂര്യതപം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകാനുള്ള സാധ്യത വർധിക്കും. പ്രത്യേകിച്ച് നിർമാണ തൊഴിലാളികൾ, ഡെലിവറി ജീവനക്കാർ, കർഷകർ, പുറംജോലികളിൽ ഏർപ്പെടുന്നവർ, കുട്ടികൾ, ഗർഭിണികൾ, പ്രായമായവർ, ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ രോഗങ്ങളുള്ളവർ എന്നിവർ ശ്രദ്ധിക്കണമെന്നാണ് നിർദ്ദേശം.
വടക്കുപടിഞ്ഞാറ് മുതൽ തെക്കുപടിഞ്ഞാറ് ദിശയിലേക്കുള്ള നേരിയതോ മിതമായതോ ആയ കാറ്റ് മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വരെ വേഗത്തിൽ വീശും. ചില സമയങ്ങളിൽ കാറ്റിന്റെ വേഗം മണിക്കൂറിൽ 40 കിലോമീറ്റർ വരെ ഉയരാൻ സാധ്യതയുള്ളതിനാൽ മരുഭൂമി പ്രദേശങ്ങളിൽ പൊടിക്കാറ്റ് രൂപപ്പെടാനും തുറസായ റോഡുകളിൽ ദൂരക്കാഴ്‌ച കുറയാനും സാധ്യതയുണ്ട്. വാഹനമോടിക്കുന്നവർ പ്രത്യേക ജാഗ്രത പാലിക്കണമെന്നും വേഗപരിധി കർശനമായി പാലിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.
അറബിക്കടലിൽ കടൽ പൊതുവെ നേരിയതോ മിതമായതോ ആയിരിക്കുമെന്നും ഒമാൻ ഉൾക്കടലിൽ കടൽ ശാന്തമായിരിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എന്നിരുന്നാലും ശക്തമായ കാറ്റ് അനുഭവപ്പെടുന്ന സമയങ്ങളിൽ ചെറുവള്ളങ്ങളിൽ മത്സ്യബന്ധനത്തിനും വിനോദയാത്രകൾക്കും പോകുന്നവർ ഏറ്റവും പുതിയ കാലാവസ്ഥാ മുന്നറിയിപ്പുകൾ ശ്രദ്ധിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
അതിശക്തമായ വേനൽച്ചൂട് തുടരുന്ന സാഹചര്യത്തിൽ മതിയായ അളവിൽ വെള്ളം കുടിക്കുക, ദാഹം തോന്നാത്തപ്പോഴും ഇടയ്ക്കിടെ വെള്ളം കഴിക്കുക, ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 3 വരെ കഴിയുന്നത്ര നേരിട്ട് സൂര്യപ്രകാശത്തിൽ ജോലി ചെയ്യുന്നത് ഒഴിവാക്കുക, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക, തൊപ്പി, സൺഗ്ലാസ്, കുട എന്നിവ ഉപയോഗിക്കുക.
വാഹനങ്ങളിൽ കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ ഒറ്റയ്ക്ക് വിടാതിരിക്കുക തുടങ്ങിയ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ആരോഗ്യ വിദഗ്‌ധർ നിർദേശിക്കുന്നു. കഠിനമായ തലവേദന, തലകറക്കം, അമിത ക്ഷീണം, ശരീര താപനില ഉയരുക, ബോധക്ഷയം തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ഉടൻ തണലുള്ള സ്ഥലത്തേക്ക് മാറി ആവശ്യമായ വൈദ്യസഹായം തേടണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.














Click it and Unblock the Notifications